വിമർശനങ്ങൾ നല്ലതാണ്, എന്നാൽ അത് കേൾക്കുമ്പോൾ വിഷമം തോന്നാൻ പാടില്ല, ഉർവശി

Follow Us :

തെന്നിന്ത്യൻ സിനിമയിൽ അന്നും ഇന്നും തന്റേതായ ഒരിടമായുള്ള താരമാണ് ഉർവശി . വർഷങ്ങളായി സിനിമാ രം​ഗത്ത് തുടരുന്ന ഉർവശി കരിയറിൽ പല ഘട്ടങ്ങൾ കണ്ടു. അന്നും ഇന്നും ഉർവശിയെ തേടി മികച്ച കഥാപാത്രങ്ങൾ എത്തുന്നു. ഉർവശിയുടെ അഭിനയ മികവിനെ നിരവധി പേർ പ്രശംസിച്ചിട്ടുണ്ട്. ഇന്ന് അവരും അഭിനയ പ്രതിഭയെന്ന് പറഞ്ഞ് പുകഴ്ത്തുന്നുണ്ടെങ്കിലും വ്യക്തി ജീവിതത്തിലെ ചില സംഭവങ്ങളുടെ പേരിൽ ഒരു കാലത്ത് ഉർവശി ഏറെ വിഷമാം അനുഭവിച്ചിരുന്നു. മനോജ് കെ ജയനുമായി വിവാഹ മോചനം നേടുന്ന ഘട്ടത്തിൽ ഉർവശിക്കെതിരെ ഒന്നിലധികം ആരോപണങ്ങൾ വന്നു. അന്ന് കടുത്ത ആക്ഷേപങ്ങൾ ഉർവശിക്ക് കേൾ‌ക്കേണ്ടി വന്നു. ഇതിനിടെ ഉർവശി സഹോദരിമാരുമായും അകന്നു. ഇത്രയധികം പ്രശ്നങ്ങൾ ഉണ്ടായിട്ടും ജീവിതത്തിലെ ഏറ്റവും വിഷമമേറിയ കാലഘട്ടത്തിലും ഒരിക്കൽ പോലും മറ്റൊരാളെ കുറ്റപ്പെടുത്തി ഉർവശി സംസാരിച്ചില്ല. മനോജ് കെ ജയൻ മറ്റൊരു വിവാഹം കഴിച്ചു, മറ്റൊരു സ്ത്രീയുടെ ഭർത്താവാണ്. കുറ്റപ്പെടുത്തുന്നത് മര്യാദയല്ലെന്നാണ് ഒരിക്കൽ ഉർവശി പറഞ്ഞത്.

അതേസമയം ഉർവശിക്ക് നേരെ മനോജ് കെ ജയൻ ചില ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്തു. ഈ വിഷയത്തിന് പുറമെ തന്നെ ക്കുറിച്ച് വന്ന ഒരു വിവാദത്തിലും ഉർവശി അധികം പ്രതികരിച്ചിട്ടില്ല. ഇപ്പോഴിതാ ചില കാര്യങ്ങളിൽ വ്യക്തത വരുത്താത്തത് തന്നെ ബാധിച്ചതിനെക്കുറിച്ച് സംസാരിക്കുകയാണ് ഉർവശി. പറയേണ്ട സമയത്ത് പറയാത്തതിന്റെ പേരിൽ ഒരുപാട് അനുഭവിച്ച ആളാണ് താനെന്നും പറഞ്ഞിരുന്നെങ്കിൽ ക്ലാരിറ്റി കിട്ടുമായിരുന്നു. ആരെയും വേദനിപ്പിക്കുന്ന തരത്തിൽ പബ്ലിക്കായി ഒന്നും പറയരുതെന്ന് അമ്മ നിരന്തരം ഉപദേശിച്ചിരുന്നുവെന്നും ഉർവശി പറയുന്നു. ഒരാളെ വിഷമിപ്പിക്കാൻ എളുപ്പമാണ്. പക്ഷെ ഒരാളെ സന്തോഷിപ്പിക്കാൻ ഭയങ്കര ബു​ദ്ധിമുട്ടാണ് എന്നും ഉർവശി കൂട്ടിച്ചേർത്തു. എന്നാൽ ആ വ്യക്തിക്ക് കുറ്റബോധം തോന്നുന്ന രീതിയിൽ അവരെ സ്നേഹിക്കണം എന്ന് പറയും. ഓരോ സമയത്തും നമ്മൾ അത് ആലോചിക്കും. ഒരു കാലഘട്ടം കടന്ന് കഴിയുമ്പോൾ ഇത് നമ്മുടെ വ്യക്തിത്വം ഇല്ലാതാക്കുന്നു എന്ന ബോധം വരുമെന്നും എന്തും സഹിക്കുന്ന ഒരാളാണെന്ന് കരുതി അടിച്ചമർത്താൻ താൽപര്യമുള്ളവർ അതിന് ശ്രമിക്കുമെന്നും ഉർവശി പറഞ്ഞു. ഇതിന് ഉദാഹരണവും ഉർവശി ചൂണ്ടിക്കാറ്റുന്നു. പുരുഷൻമാർ ആരായാലും അവരെ ബഹുമാനിക്കണം, ഏത് പ്രായക്കാരായാലും നമ്മളുടെ റൂമിലേക്ക് വന്നാൽ എഴുന്നേറ്റ് നിൽക്കണം എന്ന് പഠിപ്പിച്ചിട്ടുണ്ട് കുടുംബത്തിൽ ആണുങ്ങൾ വരുമ്പോഴൊക്കെ ഇപ്പോഴും എഴുന്നേറ്റ് നിൽക്കുമെന്നും അത് ഒരു ബുദ്ധിമുട്ടായി തോന്നാറില്ല.

സാധാരണ സംഭവം പോലെ ചെയ്ത് ശീലിച്ച് വന്നതാണ് എന്നുമാണ് ഉർവശി പറയുന്നത് . ഇളയ ആങ്ങളയ്ക്ക് മീശ വെച്ചപ്പോൾ മക്കളേ ഒന്ന് അനങ്ങിയേച്ചെങ്കിലും ഇരിക്ക്, അവനൊരു ആൺ ചെറുക്കനല്ലേ എന്ന് ‘അമ്മ പറയും. അതൊക്കെ നമ്മുടെ മനസിൽ പതിഞ്ഞ് പോയ കാര്യങ്ങളാണ്. എന്നാൽ ബഹുമാനിക്കേണ്ടവരെ മാത്രമേ ബഹുമാനിക്കാവൂ എന്ന് കൂടെ പഠിപ്പിക്കണമായിരുന്നു. അടിച്ചമർത്തുന്നവനെയും ഉപദ്രവിക്കുന്നവനെയും നിങ്ങൾ ബഹുമാനിക്കേണ്ട കാര്യം ഇല്ല എന്ന് പഠിപ്പിക്കണമായിരുന്നു. അത് പഠിപ്പിക്കാൻ ആ തലമുറ മറന്നു. പാർവതി തിരുവോത്തിനെ പോലെ സ്വന്തം അഭിപ്രായം പറഞ്ഞ് സമാധാനമായി കിടന്ന് ഉറങ്ങുകയെന്ന് പറയുന്നത് വലിയ കാര്യമാണെന്നും ഉർവശി വ്യക്തമാക്കി. അതേസമയം ആദ്യ സിനിമയുടെ ഷൂട്ടിനിടെ തന്നെക്കുറിച്ച് സിനിമാവാരികയിൽ വന്ന വാർത്തയെക്കുറിച്ച് താരം പറഞ്ഞു. ആദ്യ സിനിമയുടെ ഷൂട്ടിനിടയിൽ ഒരു സിനിമാ വാരികയിൽ നാല് വരി ​ഗോസിപ്പ് എഴുതി വന്നു. എ വി എം ന്റെ ബാനറിൽ ഒരു സ്കൂൾ കുട്ടി അഭിനയിക്കാൻ വരുന്നുണ്ട്. ഒരു വകയും പറഞ്ഞാൽ അനുസരിക്കില്ല. ഡയറക്ടർ ഒന്ന് ദേഷ്യപ്പെട്ടാൽ അന്ന് വീട്ടിൽ പോകും എന്ന് പറഞ്ഞ് പേടിപ്പിക്കും, എന്നായിരുന്നു ആ ഗോസിപ്പ് . പക്ഷേ അത് ​ഗോസിപ്പായിരുന്നില്ല. അന്ന് തനിക്ക് പതിമൂന്ന് വയസ്സാണ്. പ്രായത്തിന്റെ പക്വതയില്ലായ്മയെന്നും ഉർവശി പറയുന്നു. വിമർശനങ്ങൾ നല്ലതാണെന്നും അത് കേൾക്കുമ്പോൾ വിഷമം തോന്നാൻ പാടില്ലെന്നും ഉർവശി പറയുന്നു