ഒരു കോടി ഹിന്ദി പ്രേക്ഷകരിലേയ്ക്ക് മൂന്ന് ആഴ്ചകള്‍ക്കുള്ളില്‍ ഒടിയന്‍ എത്തിയ സന്തോഷം പങ്കുവെച്ച് ശ്രീകുമാര്‍

മോഹന്‍ലാല്‍ പ്രധാന വേഷത്തിലെത്തിയ ഒടിയന്‍ ഹിന്ദി പതിപ്പ് ഒരു കോടി ആളുകളിലെത്തിയ സന്തോഷം പങ്കുവച്ച് സംവിധായകന്‍ വി.എ. ശ്രീകുമാര്‍. മോഹന്‍ലാലിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് എഴുതിയ കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. ‘ആര്‍ആര്‍ആര്‍’ സിനിമയുടെ ഹിന്ദി വിതരണാവകാശം ഏറ്റെടുത്ത പെന്‍ മൂവിസാണ് ‘ഒടിയന്‍’ ഹിന്ദി പതിപ്പിന്റെ വിതരണാവകാശവും നേടിയിരിക്കുന്നത്. ‘ഒരു കോടി ഹിന്ദി പ്രേക്ഷകരിലേയ്ക്ക് മൂന്ന് ആഴ്ചകള്‍ക്കുള്ളില്‍ ഒടിയന്‍ എത്തിയ സന്തോഷം പങ്കുവയ്ക്കുന്നു.

മൊഴിമാറ്റിയ ഹിന്ദി ഒടിയന്‍ യുട്യൂബില്‍ വീക്ഷിച്ച പ്രേക്ഷകര്‍ ലാലേട്ടന്റെ അതുല്യ പ്രതിഭയെ അഭിനന്ദിക്കുകയാണ് കമന്റ് ബോക്‌സ് നിറയെ. ആര്‍ആര്‍ആര്‍ ഹിന്ദിയില്‍ വിതരണം ചെയ്യുകയും കഹാനി, ഗംഗുഭായ് തുടങ്ങിയ സൂപ്പര്‍ഹിറ്റുകള്‍ നിര്‍മ്മിക്കുകയും ചെയ്ത പെന്‍മൂവിസാണ് ഒടിയന്‍ ഹിന്ദി പ്രേക്ഷകരില്‍ എത്തിച്ചത്. 1,00,00,000 പിറന്നാള്‍ ആശംസകള്‍ ലാലേട്ടാ.’ എന്നാണ് ശ്രീകുമാര്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറഞ്ഞത്. ‘ഒടിയന്‍’ ചിത്രത്തിന്റെ അവകാശം പെന്‍ സിനിമാസ് ഏറ്റെടുത്തതില്‍ വളരെ സന്തോഷമുണ്ടെന്നും സിനിമയുടെ ക്രിയാത്മകതയ്ക്ക് കോട്ടം തട്ടാതെ തന്നെ അത് അവതരിപ്പിക്കാന്‍ അവര്‍ക്ക് സാധിക്കട്ടെയെന്നും നേരത്തെ വി.എ ശ്രീകുമാര്‍ പറഞ്ഞിരുന്നു.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച ചിത്രം, വടക്കന്‍ കേരളത്തില്‍ മാത്രം കേട്ടിട്ടുള്ള ഒടിയന്‍ എന്ന സങ്കല്‍പത്തെ ആധാരമാക്കിയാണ്. മോഹന്‍ലാലിനെക്കൂടാതെ പ്രകാശ് രാജ്, മഞ്ജു വാര്യര്‍ തുടങ്ങിയവരും ഒടിയനില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നരേന്‍ , സിദ്ദിഖ്, ഇന്നസെന്റ്, നന്ദു, മനോജ് ജോഷി, കൈലാസ് തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ‘ഒടിയന്‍ മാണിക്യന്‍’ എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ ചിത്രത്തിലെത്തുന്നത്. പീറ്റര്‍ ഹെയ്‌നാണ് ആക്ഷന്‍ കൊറിയോഗ്രഫി. 12 മിനിറ്റ് ദൈര്‍ഘ്യമുള്ള ക്ലൈമാക്സ് രംഗം ചിത്രീകരിക്കുവാന്‍ 25 ദിവസം വേണ്ടിവന്നു. 14 ഡിസംബര്‍ 2018-ലാണ് ഒടിയന്‍ റിലീസ് ചെയ്തത്.

ചിത്രം ആദ്യ 14 ദിവസം കൊണ്ടുതന്നെ 54 കോടി രൂപ ആഗോളതലത്തില്‍ നേടി. ഇതോടെ മലയാളത്തിലെ എക്കാലത്തെയും മികച്ച ബോക്‌സോഫീസ് ഹിറ്റ് ചിത്രമായി ഒടിയന്‍ ഇടം നേടിയിരുന്നു. ഉത്തര്‍ പ്രദേശിലെ വാരണാസിയിലാണ് ഒടിയന്റെ ചിത്രീകരണം ആരംഭിച്ചത്. പാലക്കാട്, തസ്രാക്ക്, ഉദുമലൈപ്പേട്ടൈ, പൊള്ളാച്ചി, ഹൈദരാബാദ് എന്നിവിടങ്ങളിലും ഒടിയന്റെ ചിത്രീകരണം നടന്നു.

Gargi