‘വര്‍ഷങ്ങള്‍ക്കു ശേഷം’ പുതിയ അപ്‌ഡേറ്റുമായി വിനീത് ശ്രീനിവാസന്‍!!

സൂപ്പര്‍ഹിറ്റ് ചിത്രം ഹൃദയത്തിന് ശേഷം വിനീത് ശ്രീനിവാസന്‍, പ്രണവ് മോഹന്‍ലാല്‍, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വര്‍ഷങ്ങള്‍ക്കു ശേഷം’. ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തിനായി ആരാധകലോകം കാത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ സിനിമയുടെ ട്രെയ്ലര്‍ ആരാധകലോകം ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരുന്നു.

ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ അപ്‌ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ്. സിനിമയുടെ ഫൈനല്‍ മിക്‌സിങ് പൂര്‍ത്തിയായ സന്തോഷമാണ് വിനീത് പങ്കുവച്ചിരിക്കുന്നത്. സിനിമ എത്രയും വേഗം തിയേറ്ററുകളില്‍ എത്തിക്കാനായി കാത്തിരിക്കുകയാണെന്നും ചിത്രം ഏറെ പ്രിയപ്പെട്ടതാണെന്നും വിനീത് പറയുന്നു.

ചിത്രത്തില്‍ പ്രണവിനും ധ്യാനിനുമൊപ്പം ചിത്രത്തില്‍ നിവിന്‍ പോളിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കല്യാണി പ്രിയദര്‍ശന്‍, അജു വര്‍ഗീസ്, ബേസില്‍ ജോസഫ്, നീരജ് മാധവ്, വൈ ഗീ മഹേന്ദ്ര, ഷാന്‍ റഹ്‌മാന്‍, നീത പിള്ള തുടങ്ങിയവരും ചിത്രത്തില്‍ ശ്രദ്ധേയമായ വേഷത്തിലെത്തുന്നുണ്ട്.

ഏപ്രില്‍ 11നാണ് ‘വര്‍ഷങ്ങള്‍ക്ക് ശേഷം’ ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ എത്തുന്നത്. മെറിലാന്റ് സിനിമാസിന്റെ ബാനറില്‍ വൈശാഖ് സുബ്രഹ്‌മണ്യം ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ബോംബൈ ജയശ്രീയുടെ മകന്‍ അമൃത് രാംനാഥ് ആണ് സംഗീതം നിര്‍വഹിക്കുന്നത്.