ഒരുപാട് നാളത്തെ ആഗ്രഹം…ശ്രീവിദ്യയായി ഒരുങ്ങി വീണാ നായര്‍!! കണ്ണുനിറഞ്ഞ് ആരാധകര്‍

മലയാള സിനിമയുടെ ശ്രീയായിരുന്നു നടി ശ്രീവിദ്യ. ശ്രീത്വം തുളുമ്പുന്ന മുഖവും അഭിനയത്തികവും മലയാളത്തിലെ എക്കാലത്തെയും മികച്ച നടിയാക്കി താരത്തിനെ മാറ്റി. മലയാള സിനിമയുടെ തീരാ നഷ്ടമാണ് ശ്രീവിദ്യയുടെ അകാല വിയോഗം.

ഇപ്പോഴിതാ താരത്തിനെ അനുകരിച്ച് എത്തിയിരിക്കുകയാണ് നടി വീണാ നായര്‍. വീണയുടെ കിടിലന്‍ മേക്കാവറാണ് സോഷ്യലിടത്ത് വൈറലാകുന്നത്. എന്റെ സൂര്യപുത്രിയ്ക്ക് എന്ന ചിത്രത്തിലെ ആലാപാനം എന്ന് പാട്ടിന്റെ രംഗമാണ് വീണ റീക്രിയേറ്റ് ചെയ്തിരിക്കുന്നത്. വീഡിയോയില്‍ വീണ ഒറ്റ നോട്ടത്തില്‍ ശ്രീവിദ്യയെ പോല തന്നെയുണ്ട്. മഞ്ഞയില്‍ കറുപ്പ് ബോര്‍ഡറുള്ള അതേ സാരിയിലാണ് വീണയും എത്തിയിരിക്കുന്നത്.

‘ശ്രീവിദ്യാമ്മയുടെ ഒരു കഥാപാത്രത്തെ പുനരാവിഷ്‌കരിക്കണമെന്നത് ഒരുപാട് നാളത്തെ ആഗ്രഹമായിരുന്നു, അതില്‍ അഭിനയിക്കാന്‍ ഞാന്‍ ആഗ്രഹിച്ചു, ഞങ്ങളുടെ പരിധിക്കുള്ളില്‍ നിന്ന് ഒരു നല്ല ടീമിനെ വെച്ചാണ് ഇത് ചെയ്തത്’ എന്നു പറഞ്ഞാണ് വീണ നായര്‍ വീഡിയോ പങ്കുവച്ചിരിക്കുന്നത്. നല്ല ഒരു ടീമിനെ കിട്ടിയതുകൊണ്ടാണ് ഏറെ കാലത്തെ തന്റെ ഈ ആഗ്രഹം സഫലീകരിക്കാന്‍ സാധിച്ചതെന്നും വീണ പറയുന്നു.

അബി ഫൈന്‍ ഷൂട്ടേഴ്‌സ് ആണ് വീഡിയോയുടെ ഡിഒപിയും എഡിറ്റിങും നിര്‍വഹിച്ചിരിക്കുന്നത്. മഞ്ജു കല്ലൂന, നിഥിന്‍ സുരേഷ് തുടങ്ങിയവര്‍ ചേര്‍ന്നാണ് വീണയെ ശ്രീവിദ്യയെ പോലെ ഒരുക്കിയത്. ശ്രീവിദ്യയുടെ അതേ സാരി ഡിസൈന്‍ ചെയ്തത് ശോഭ വിശ്വനാഥിന്റെ വീവേഴ്‌സ് വില്ലേജാണ്.

ചുവന്ന വട്ടപ്പൊട്ടും, അഴിച്ചിട്ട മുടിയും, വട്ടമുഖവും എല്ലാം കൂടി ചേരുമ്പോള്‍ വീണ ശരിക്കും ശ്രീവിദ്യാമ്മയെ പോലെ തന്നെയുണ്ട് എന്ന് ആരാധകരും പറയുന്നു. വിദ്യാമ്മയെ ഓര്‍ത്ത് പലരും കണ്ണീരും വാര്‍ക്കുന്നുണ്ട്. നടിമാരായ ബീന ആന്റണി, ധന്യ മേരി വര്‍ഗീസ്, അനുമോള്‍, ദീപ്തി വിധുപ്രതാപ്, ശ്രുതി രജിനികാന്ത് എന്നിവരൊക്കെ വീഡിയോയ്ക്ക് കമന്റ് ചെയ്തിട്ടുണ്ട്.