Categories: Film News

അരങ്ങ് കീഴടക്കാൻ വിക്കി കൗശല്‍ എത്തുന്നു ; ആരാണ് ‘സാം ബഹദൂർ’ ?

ബോളിവുഡില്‍ പ്രകടനത്തില്‍ വിസ്‍മയിപ്പിക്കുന്ന ഒരു താരമാണ് വിക്കി കൗശല്‍. അതിനാലാണ്  അഭിനയ ജീവിതം ആരംഭിച്ച് ചുരുങ്ങിയ കാലം കൊണ്ട് തന്നെ വിക്കി കൗശലിന്  മികച്ച നടനുള്ള ദേശീയ പുരസ്‍കാരം വരെ ലഭിച്ചതും. സാം ബഹദുര്‍ എന്ന പുതിയ ചിത്രമാണ് വിക്കി കൗശലിന്റേതായി ഇനി റിലീസ് ചെയ്യാനുള്ളത്. വിക്കി കൗശലിന്റ സാം ബഹദുറിന്റെ ട്രെയിലറിന്റെ അപ്‍ഡേറ്റ് ആരാധകരെ ആവേശഭരിതരാക്കുകയാണ്. നവംബര്‍ ഏഴിനായിരിക്കും സാം ബഹദുര്‍ ട്രെയിലര്‍ പുറത്തു വിടുക എന്നാണ് റിപ്പോര്‍ട്ട്. ദില്ലിയില്‍ ഒരു സെപ്‍ഷല്‍ ഗസ്റ്റ് ട്രെയിലര്‍ പുറത്തിറക്കും എന്നാണ് റിപ്പോര്‍ട്ട്.  സാം മനേക്ഷാ ആയാണ് പുതിയ ചിത്രത്തില്‍ വിക്കി കൗശല്‍ വേഷമിട്ടിരിക്കുന്നത്. സാന്യ മല്‍ഹോത്ര നായികയായും എത്തുന്ന ചിത്രത്തില്‍ ഫാത്തിമ സന ഷെയ്‍ക്ക്, ജസ്‍കരൻ സിംഗ് ഗാന്ധി, നീരജ് കബി, റിച്ചാര്‍ഡ്, എഡ്വാര്‍ഡ് രോഹൻ വര്‍മ, ജെഫ്രീ, രാജീവ്, എഡ് റോബിൻസണ്‍, റിച്ചാര്‍ഡ് മാഡിസണ്‍, അരവിന്ദ് കുമാര്‍, ബോബി അറോറ, അഷ്‍ടൻ, ടഷി, നീരജ്, വികാസ് ഹൃത്, അലക്സാണ്ടര്‍ ബോബ്‍കോവ് തുടങ്ങി ഒട്ടേറെ താരങ്ങളും മേഘ്‍ന ഗുല്‍സാറിന്റെ സംവിധാനത്തില്‍ വേഷമിടുന്നു. ജയ് ഐ പട്ടേലിന്റെ ഛായാഗ്രാഹണത്തിലുള്ള ചിത്രത്തിൻ ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയായിട്ടാണ് ഫാത്തിമ സന ഷെയ്‍ഖ് വേഷമിടുന്നത്. റോണി സ്‍ക്ര്യൂവാല നിര്‍മിക്കുന്ന പുതിയ ചിത്രത്തിന്റെ ലൈൻ പ്രൊഡ്യൂസര്‍ അങ്കിത്, ബന്റൂ ഖന്ന, വിക്കി മഖു, അമിത് മേഹ്‍ത, ക്രീയേറ്റീവ് പ്രൊഡ്യൂസര്‍ പഷണ്‍ ജാല്‍, പോസ്റ്റര്‍ പ്രൊഡ്യൂസര്‍ സഹൂര്‍, എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍ പ്രഫുല്‍ ശര്‍മ, രവി തിവാരി എന്നിവരാണ്. വിക്കി കൗശലിന്റെ പുതിയ ചിത്രത്തിന്റെ സംഗീതം ശങ്കര്‍ മഹാദേവൻ, ലോയ്, ഇഷാൻ എന്നിവരാണ്.

ആരാണ് ഈ സാം മനേക്ഷാ എന്ന് നോക്കാം. 1914 ഏപ്രിൽ 3നാണ് സാം ബഹദൂർ എന്നറിയപ്പെടുന്ന സാം ഹോർമുസ്ജി ജംഷെഡ്ജി മനേക്‌ ഷാ ജനിക്കുന്നത്. ഇന്ത്യൻ കരസേനയുടെ ഫീൽഡ് മാർഷലായ ആദ്യത്തെ വ്യക്തിയാണ് സാം മനേക്ഷാ. ഇന്ത്യയുടെ എക്കാലത്തെയും തന്ത്രശാലിയായ സൈനികനായി അറിയപ്പെടുന്ന വ്യക്തി കൂടിയാണ് സാം മനേക്ഷാ. പാഴ്‌സികളായ ഹോര്‍മുസ്ജി മനേക്ഷായുടെയും ഹീരാബായിയുടെയും മകനായി അമൃത്‌സറിലായിരുന്നു സാം ജനിച്ചത്. പഞ്ചാബ് ആന്റ് ഷെര്‍വുഡ് കോളേജില്‍നിന്ന് സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് പരീക്ഷ പാസായി. ഡിസ്റ്റിങ്ഷനോടെയാണ് പരീക്ഷ പാസായത്. പിന്നീട് ലണ്ടനില്‍ പോയി മെഡിസിന്‍ പഠിക്കാന്‍ ആയിരുന്നു തീരുമാനം. എന്നാല്‍ സ്വന്തമായി വിദേശത്ത് തങ്ങി പഠിക്കാന്‍ പ്രായമായില്ലെന്ന് പറഞ്ഞ് അച്ഛന്‍ അദേഹത്തിന്റെ ആഗ്രഹം നിരസിച്ചു. ഡോക്ടറാവാന്‍ ആഗ്രഹിച്ച വ്യക്തി പിന്നീട് സൈന്യത്തിലൂടെ രാജ്യ സേവനത്തിന്‍റെ പാതയില്‍ എത്തി.
ഇന്ത്യന്‍ മിലിട്ടറി അക്കാദമിയുടെ പ്രവേശന പരീക്ഷയെഴുതിയ സാം വിജയിച്ചു. 1932 ഒക്‌ടോബര്‍ 1 ന് ഡെറാഡൂണില്‍ 40 കേഡറ്റുകളുടെ ആദ്യബാച്ചില്‍ അങ്ങനെ സാം തന്‍റെ സൈനിക ജീവിതം ആരംഭിച്ചു. ഡെറാഡൂണിലെ ഇന്ത്യൻ മിലിട്ടറി അക്കാദമിയിലും ക്യൂറ്റയിലെ മിലിട്ടറി സ്റ്റാഫ് കോളേജിലുമായിരുന്നു പഠനം. 1934 ഫെബ്രുവരിയിൽ പട്ടാളത്തിൽ ചേർന്ന മനേക് ഷാ രണ്ടാം ലോകമഹായുദ്ധത്തിൽ പങ്കെടുത്തു. 1969 ല്‍ രാജ്യത്തിന്‍റെ 8-ാമത് കരസേനാ മേധാവിയായി ചുമതലയേറ്റു. മിലിട്ടറി സ്റ്റാഫ് കോളേജ് ഡയറക്ടർ, ബ്രിഗേഡിയർ , മേജർ , ജനറൽ എന്നീ പദവികൾ വഹിച്ചിട്ടുണ്ട്‌. 1965ല്‍ പാക്കിസ്ഥാനുമായുണ്ടായ യുദ്ധത്തില്‍ ഭാരതത്തിന് നിര്‍ണായക വിജയം ഉറപ്പാക്കിയത് സാം ബഹദൂറിന്‍റെ തന്ത്രങ്ങളായിരുന്നു. കര, നാവിക, വ്യോമ വിഭാഗങ്ങളെ ഒറ്റക്കെട്ടായി നിര്‍ത്തി അന്ന് അദ്ദേഹം നയിച്ച യുദ്ധം പാക്കിസ്ഥാനെ ഞെട്ടിച്ചത് തെല്ലെന്നും അല്ല. ധീരതയുടെ പര്യായമായിരുന്നു സാം മനേക്ഷാ. സിതാങ് പാലത്തിനു വേണ്ടിയുള്ള പോരാട്ടത്തില്‍ ജപ്പാനെതിരെ സൈന്യത്തെ നയിച്ചത് ഇദ്ദേഹമായിരുന്നു. മുന്നില്‍നിന്ന് നയിച്ച സാമിന് ഏഴുതവണ വെടിയേറ്റു. എന്നിട്ടും പിന്മാറാതെ സൈനികര്‍ക്ക് പ്രചോദനമേകി അദ്ദേഹം കൂടെ നിന്നു. അവസാനം വരെ പേരാടി പാലത്തിന്‍റെ നിയന്ത്രണം ഇയാള്‍ സ്വന്തമാക്കി. അന്ന് മനേക്ഷായെ അംഗീകരിക്കാന്‍ ഡിവിഷണല്‍ കമാണ്ടര്‍ നേരിട്ട് യുദ്ധമേഖലയില്‍ എത്തിയിരുന്നു. 7 വെടിയുണ്ടകളുമായി ആശുപത്രിയിലെത്തിയ അദ്ദേഹം തന്‍റെ കമാന്‍റിനോട് പറഞ്ഞ വാക്കുകള്‍ അന്ന് വലിയ ചര്‍ച്ചയായിരുന്നു. തന്നെയൊരു കഴുത തൊഴിച്ചുവെന്നായിരുന്നു അദ്ദേഹത്തിന്‍റെ വാക്കുകള്‍.

1971ലെ യുദ്ധത്തില്‍ ഇന്ത്യയെ പാക്കിസ്ഥാന് എതിരെ വിജയത്തിലേക്ക് നയിച്ചത് മനേക് ഷായാണ്.  13 ദിവസം കൊണ്ട് സൈനികരെ ഉപയോഗിച്ച് ബംഗ്ലാദേശിനെ മോചിപ്പിച്ച മുഖ്യ സൂത്രധാരനായിരുന്നു സാം മനേക്ഷാ. നാലുദശാബ്ദം നീണ്ട സൈനിക സേവനത്തിനിടയില്‍ ഇന്ത്യക്ക് വേണ്ടി നിരവധി യുദ്ധങ്ങളിലാണ് അദ്ദേഹം പങ്കെടുത്തത്. പട്ടാളക്കാരുടെ പട്ടാളക്കാരനെന്നും ബംഗ്ലാദേശിന്റെ വിമോചകനെന്നും അറിയപ്പെടുന്ന അദ്ദേഹത്തിന് സഹപ്രവർത്തകരുടെ സ്നേഹം പിടിച്ചു പറ്റുന്നതിൽ പ്രത്യേക കഴിവു തന്നെയുണ്ടായിരുന്നു. ഇന്ത്യയുടെ പ്രഥമ ഫീൽഡ് മാർഷലായ മനേക് ഷായ്ക്ക്‌ 1968-ൽ പത്മഭൂഷൺ പുരസ്കാരവും 1972-ൽ പത്മവിഭൂഷൺ പുരസ്കാരവും നൽകി രാജ്യം ആദരിച്ചു. 1973ല്‍ ഫീല്‍ഡ് മാര്‍ഷല്‍  പദവിയും ലഭിച്ചു. സൈന്യത്തിൽ നിന്നും വിരമിച്ചതിന് ശേഷം ഊട്ടിയിലാണ് സാം മനേക് ഷാ താമസമാക്കിയത്. വെല്ലിങ്‌ടണിനടുത്തായുള്ള ‘സ്റ്റാവ്ക’ എന്ന ബംഗ്ലാവിലാണ് സാം മനേക് ഷാ തൻറെ വിശ്രമ ജീവിതം നയിച്ചു വന്നിരുന്നത്. നീലഗിരിക്കുന്നിൽ അന്ത്യവിശ്രമം കൊള്ളുന്ന സാം  മനേക്‌ ഷായുടെ ഊട്ടി ബന്ധം തുടങ്ങുന്നത് 1950-കളിലാണ് എന്ന് പറയാം. വെല്ലിങ്‌ടണിലെ ഡിഫൻസ് സർവീസസ് സ്റ്റാഫ് കോളേജിലെ കമാൻഡന്റ്‌ ആയി വന്നതു മുതൽ ആയിരുന്നു. 2008 ജൂൺ 27-ന്‌ തമിഴ്‌നാട്ടിലെ വെല്ലിങ്ടണിലുള്ള സൈനികാശുപത്രിയിൽ വച്ച് ധീരനായ ആയ സൈനികൻ  മരണമടഞ്ഞു. മരണസമയത്ത് അദ്ദേഹത്തിന്‌ 94 വയസുണ്ടായിരുന്നു. എന്തായാലും സാം മനേക്ഷായുടെ ജീവിതം സിനിമയില്‍ എങ്ങനെയായിരിക്കും ചിത്രീകരിക്കുക എന്നതിന്റെ ആകാംക്ഷയിലാണ് ആരാധകര്‍.

Sreekumar R