Film News

‘എന്റെ അനിയന്മാര്‍, അനിയത്തിമാര്‍, ചേട്ടന്മാര്‍, ചേച്ചിമാര്‍, അമ്മമാര്‍, എല്ലാ മലയാളികള്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി’!! ആരാധകര്‍ക്കൊപ്പം സെല്‍ഫിയെടുത്ത് വിജയ്

തമിഴകത്തിന്റെ ഇളയ ദളപതി വിജയ് രണ്ട് ദിവസമായി കേരളത്തിലുണ്ട്. നീണ്ട 14 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് താരം കേരളത്തിലെത്തുന്നത്. ആ സ്‌നേഹം മുഴുവന്‍ ആരാധകര്‍ താരത്തിന് നല്‍കുന്നുണ്ട്. തിരുവനന്തപുരം വിമാനത്താവളത്തില്‍ താരം വന്നിറങ്ങിയ സമയം മുതല്‍ ആരാധകര്‍ സ്‌നേഹം കൊണ്ട് മൂടുകയാണ് ദളപതിയെ. ഹയാത്ത് റസിഡന്‍സിയിലാണ് താരം താമസിക്കുന്നത്. താരം സഞ്ചരിക്കുന്നിടത്തെല്ലാം ജനസാഗരമാണ് താരത്തിനെ വരവേല്‍ക്കുന്നത്.

അതേസമയം, പ്രതീക്ഷയോടെ തന്നെ കാണാനെത്തിയ ആരാധകരെ താരം ഒട്ടും നിരാശരാക്കിയിട്ടില്ല. വാഹനത്തിന്റെ മുകളിലേറി വിജയ് ആരാധകരോട് തന്റെ സ്‌നേഹവും അറിയിച്ചു. ആരാധകരോട് സംസാരിക്കുകയും അവരോടൊപ്പമുള്ള സെല്‍ഫിയും താരം പങ്കുവച്ചു.

‘എന്റെ അനിയന്മാര്‍, അനിയത്തിമാര്‍, ചേട്ടന്മാര്‍, ചേച്ചിമാര്‍, അമ്മമാര്‍, എല്ലാ മലയാളികള്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി’ എന്നാണ് സെല്‍ഫി വീഡിയോ പങ്കുവച്ച് വിജയ് കുറിച്ചത്. കഴിഞ്ഞ ദിവസവും താരം ആരാധകരോട് സംസാരിച്ചിരുന്നു.

കഴിഞ്ഞ ദിവസം ബസിന് മുകളില്‍ കയറി നിന്ന് വിജയ് ആരാധകരോട് പറഞ്ഞതിങ്ങനെ, ‘ഏന്‍ അനിയത്തി, അനിയന്‍, ചേച്ചി, ചേട്ടന്മാര്‍, എന്റെ അമ്മ അപ്പന്മാര്‍.. നിങ്ങളെ എല്ലാവരെയും കാണുന്നതില്‍ ഒരുപാട് ഒരുപാട് സന്തോഷം. ഓണം ആഘോഷത്തില്‍ നിങ്ങള്‍ എത്രത്തോളം സന്തോഷത്തോടെ ഇരിക്കുമോ അതുപോലത്തെ സന്തോഷമാണ് നിങ്ങളെ എല്ലാവരെയും കാണുമ്പോള്‍ എനിക്ക് ഉള്ളത്. എല്ലാവര്‍ക്കും കോടാനു കോടി നട്രികള്‍. തമിഴ്‌നാട്ടിലെ എന്റെ നന്‍പന്‍, നന്‍പികള്‍ മാതിരി നിങ്ങളും വേറെ ലെവലിങ്കേ. നിങ്ങള്‍ നല്‍കുന്ന സ്‌നോഹത്തിന് വീണ്ടും കോടാനു കോടി നന്ദി അറിയിക്കുന്നു. മലയാള മണ്ണില്‍ വന്നതില്‍ വളരെയധികം സന്തോഷം’ എന്നായിരുന്നു.

വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന ഗോട്ടി’ന്റെ (ദി ഗ്രേറ്റസ്റ്റ് ഓഫ് ആള്‍ ടൈം) ക്ലൈമാക്‌സ് രംഗത്തിന്റെ ഷൂട്ടിനാണ് താരം തിരുവന്തപുരത്ത് എത്തിയത്. 14 വര്‍ഷം മുന്‍പ് കാവലന്‍ സിനിമയുടെ ചിത്രീകരണത്തിനാണ് താരം കേരളത്തിലെത്തിയിരുന്നത്.

Anu B