Film News

വേദിയില്‍ ഒരുമിച്ചു പാടുവാന്‍ അവസരം ചോദിച്ച് വിദ്യാര്‍ഥികള്‍ക്കൊപ്പം പാടി വിജയ് യേശുദാസ്!! വൈഷ്ണവിന് സിനിമയില്‍ പാടാനും ക്ഷണം

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ ചിന്മയി നായര്‍ ആദ്യമായി സംവിധായികയാവുന്ന ചിത്രമാണ് ക്ലാസ് ബൈ എ സോള്‍ജിയര്‍. ഗായകനും നടനുമായ വിജയ് യേശുദാസ് ആണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്. പട്ടാളക്കാരനായിട്ടാണ് വിജയ് യേശുദാസ് എത്തുന്നത്. പുതുമുഖം ഐശ്വര്യ, മീനാക്ഷി അനൂപ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളാവുന്നത്.

ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടിയുടെ വീഡിയോയാണ് സോഷ്യലിടത്ത് നിറയുന്നത്. ക്ലാസ് ബൈ എ സോള്‍ജിയര്‍ സിനിമയുടെ പ്രമോഷന്റെ ഭാഗമായി പാമ്പാടി രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജില്‍ എത്തിയ വിജയ് യേശുദാസിന്റെ വീഡിയോയാണ് ശ്രദ്ധേയമാകുന്നത്.

വിജയ് യേശുദാസിനോട് വേദിയില്‍ ഒരുമിച്ചു പാടുവാന്‍ അവസരം ചോദിച്ചു വാങ്ങിയ വിദ്യാര്‍ഥിയ്ക്ക് സിനിമയില്‍ പാടാനും അവസരം നല്‍കിയിരിക്കുകയാണ് വിജയ് യേശുദാസ്. കോഴിക്കോട് സ്വദേശിയും നാലാം വര്‍ഷ ബിടെക് വിദ്യാര്‍ഥിയുമായ വൈഷ്ണവ് ജി രാജിനാണ് ഭാഗ്യം ലഭിച്ചത്.

വൈഷ്ണവിനെ വിജയ് യേശുദാസ് വേദിയിലേക്ക് ക്ഷണിക്കുകയും തുടര്‍ന്ന് ഒരുമിച്ച് പാട്ടുപാടുകയും ചെയ്തു. പാട്ട് ഇഷ്ടപ്പെട്ടതിനെ തുടര്‍ന്ന് വിജയ് വൈഷ്ണവിനെ അഭിനന്ദിച്ചു. ക്ലാസ് ബൈ എ സോള്‍ജിയര്‍ സിനിമ നിര്‍മ്മിച്ച സാഫ്നത്ത് ഫ്നെയാ ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ അടുത്ത സിനിമയില്‍ വൈഷ്ണവ് ജി രാജിനു പാടാന്‍ അവസരം ഒരുക്കുമെന്നും വിജയ് യേശുദാസ് പറഞ്ഞു. മ്യൂസിക് ഡയറക്ടര്‍ എസ് ആര്‍ സൂരജ് അടുത്ത ചിത്രത്തില്‍ വൈഷ്ണവിന് അവസരം ഒരുക്കുമെന്നും അറിയിച്ചു

കഴിഞ്ഞ ദിവസം രാജഗിരി കോളേജില്‍ നടന്ന പ്രോഗ്രാമിലും വിജയ് യേശുദാസ് വിദ്യാര്‍ഥിനിയ്ക്ക് പാടാന്‍ അവസരം നല്‍കിയിരുന്നു. പാടാന്‍ അവസരം ചോദിച്ച വിദ്യാര്‍ഥിനിയെ സ്‌റ്റേജിലേക്ക് വിളിയ്ക്കുകയും ഒന്നിച്ചു പാടുകയും ചെയ്തിരുന്നു. ഇതിന്റെ വീഡിയോയും സോഷ്യലിടത്ത് വൈറലായിരിക്കുകയാണ്.

ഹിറ്റ് ചിത്രം ജോസഫിലെ വിദുരേ നിലാതാരമായി നീ മിഴി ചിമ്മി നിന്നീടുമോ? എന്ന പാട്ട് ആണ് വിജയ് യേശുദാസിനൊപ്പം സൈക്കോളജി വിദ്യാര്‍ഥിനിയായ ഷെറോണ്‍ പാടിയത്. ഹൃദ്യമായ പാടിയ ശേഷം വിദ്യാര്‍ഥിനെ വിജയ് അഭിനന്ദിക്കുകയും ചെയ്തിരുന്നു.

കലാഭവന്‍ ഷാജോണ്‍, ശ്വേതാ മേനോന്‍, സുധീര്‍, കലാഭവന്‍ പ്രജോദ്, ഗായത്രി വിജയലക്ഷ്മി, ഡോ. പ്രമീളാദേവി, വിമല്‍ രാജ്, ഹരി പത്തനാപുരം, ബ്രിന്റ ബെന്നി, ജിഫ്‌ന, റോസ് മരിയ, ജെഫ് സാബു, കുരുവിള, ഐശ്വര്യ, മരിയ ജെയിംസ്, സജിമോന്‍ പാറയില്‍, അനുദേവ് പാറയില്‍, അനുദേവ് പാറയില്‍ കൃഷ്ണ അടിമാലി, ജയന്തി നരേന്ദ്രനാഥ്, മേഘ ഉത്തമന്‍, ലിജോ മധുരവേലി, ധനലക്ഷ്മി എന്നിവരാണ് മറ്റ് പ്രധാന താരങ്ങളാവുന്നത്.

Anu B