ഒരുപാട് സന്തോഷം തന്ന ദിനം!! ബാലികാ സദനത്തിലെ കുട്ടികളോടൊപ്പം ചെലവിട്ട് വിനോദ് കോവൂര്‍

മലയാളത്തിന്റെ പ്രിയ താരമാണ് നടന്‍ വിനോദ് കോവൂര്‍. മിനിസ്‌ക്രീനിലൂടെ ആരാധകമനസ്സില്‍ ഇടംപിടിച്ച താരം സിനിമാ ലോകത്തും ശ്രദ്ധേയനാണ്. ‘എം 80 മൂസ’ എന്ന ഹാസ്യ പരിപാടിയാണ് വിനോദിനെ ജനപ്രിയനാക്കി മാറ്റിയത്. ഇപ്പോഴിതാ താരത്തിന്റെ പുതിയ പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്.

അവധി ദിവസം ബാലികാ സദനത്തിലെ കുട്ടികളോടൊപ്പം ആഘോഷമാക്കിയിരിക്കുകയാണ് താരം. കോഴിക്കോട് സേവാഭാരതി ബാലികാ സദനത്തിലെ കുട്ടികളെ കാണാനാണ് താരം എത്തിയത്. ഒരുപാട് സന്തോഷം തന്ന ദിനമെന്ന് പറഞ്ഞ് കുട്ടികളോടൊപ്പമുള്ള ചിത്രവും വിനോദ് പങ്കുവച്ചു.

തന്റെ കുടുംബത്തിനെ കുറിച്ചെല്ലാം വിനോദ് സോഷ്യലിടത്ത് പങ്കിടാറുണ്ട്. വിനോദിനും പ്രിയതമ ദേവുവിനും കുട്ടികളില്ല. താനും ഭാര്യയും നാല് തവണ വിവാഹം കഴിച്ചിട്ടുണ്ടെന്നും താരം പറഞ്ഞിരുന്നു. ആദ്യ വിവാഹം ആഗ്രഹിച്ച പോലെ ആയിരുന്നില്ല. പിന്നീട് ഒരു സ്വാമിജി പറഞ്ഞതനുസരിച്ച് വെഡിങ് ആനിവേഴ്‌സറിക്ക് ഗുരുവായൂരില്‍ പോയി വിവാഹം കഴിച്ചു. പിന്നീട് രാമേശ്വരത്ത് പോയപ്പോള്‍ ഇതുപോലെ വിവാഹം കഴിച്ചു. പിന്നീട് മൂകാംബികയില്‍ വെച്ച് വീണ്ടും വിവാഹം കഴിച്ചെന്നും വിനോദ് കോവൂര്‍ മുന്‍പ് പറഞ്ഞിരുന്നു.