പെൺകുട്ടികൾ വളരുമ്പോൾ കെട്ടിച്ചയക്കുവല്ല വേണ്ടത്, പകരം അവർക്ക് ചെയ്ത് കൊടുക്കേണ്ട ചില കാര്യങ്ങൾ ഉണ്ട് …!! വൈറൽ കുറിപ്പ്

പെൺകുട്ടികളെ പഠിപ്പിക്കേണ്ടതും അത് വഴി കുട്ടികളെ ജീവിക്കാൻ പ്രാപ്തമാക്കേണ്ടതും ഒക്കെ പറഞ്ഞു കൊണ്ട് ഒരമ്മ പങ്കുവെച്ച കുറിപ്പാണു ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്
കുറിപ്പിന്റെ പൂർണരൂപം :
എനിക്ക് ഒമ്പതു വയസ്സുള്ളപ്പോഴാണ് എന്റെ അച്ഛൻ ഈ ലോകത്ത് നിന്ന് പോകുന്നത് . അവിടുന്നു തൊട്ട് വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അമ്മ പറയാത്ത ഒരുദിനം പോലും കടന്നുപോയിട്ടില്ല. അമ്മ വളരെ പുരോഗമന കാഴ്ച്ചപ്പാടുള്ളയാളായിരുന്നു. 1940കളിൽ തന്നെ ബിരുദം പൂർത്തിയാക്കിയിരുന്നു. ഞാൻ പഠനത്തിൽ മിടുക്കിയായിരുന്നു. ബിരുദം പൂർത്തിയായതോടെ ഞാൻ മാസ്റ്റേഴ്സ് ചെയ്യാൻ തീരുമാനിച്ചു. അന്നത്തെക്കാലത്ത് സ്ത്രീകൾ ഇത്രയും പഠിക്കുന്നതൊക്കെ കുറവായിരുന്നു. അവസാനവർഷത്തിലാണ് എന്റെ വിവാഹം ഉറപ്പിക്കുന്നത്. ഭർത്താവ് ഡൽഹിയിൽ നിന്നായിരുന്നു. പക്ഷേ അങ്ങോട്ടു പോവുംമുമ്പ് ബിരുദം പൂർത്തിയാക്കാനായി അമ്മയ്ക്കൊപ്പം നിൽക്കുന്ന കാര്യം തീരുമാനിച്ചിരുന്നു.
ഒരുസ്വകാര്യ സ്ഥാപനത്തിലെ മാനേജരായിരുന്നു ഭർത്താവ്. ഇടത്തരം കുടുംബമായിരുന്നു ഞങ്ങളുടേത്. സാമ്പത്തികമായി സഹായിക്കണമെന്ന ചിന്ത വന്നപ്പോഴാണ് വിദ്യാസമ്പന്നയായ എനിക്ക് എന്തുകൊണ്ട് ജോലിക്ക് പൊയ്ക്കൂടാ എന്നു ചിന്തിക്കുന്നത്. അങ്ങനെ ജോലി തേടി നടക്കുകയും വൈകാതെ ഒരു സ്കൂളിൽ അധ്യാപികയായി ജോലി ലഭിക്കുകയും ചെയ്തു. പക്ഷേ 1960കളിൽ ഒരു വിവാഹിതയായ പെൺകുട്ടി ജോലിക്ക് പോകുന്നതിനെ അയൽക്കാരും മറ്റും അത്ഭുതത്തോടെയാണ് നോക്കിക്കണ്ടത്. ബന്ധുക്കളൊക്കെ അടക്കം പറഞ്ഞത് കേട്ടു. ഭർതൃമാതാവ് പോലും ചില സമയങ്ങളിൽ അപമാനിച്ചു. എല്ലാ വീട്ടുജോലികളും അവരുടെ ചുമലിലായതിന്റെ പേരിൽ. പക്ഷേ എനിക്കിഷ്ടമുള്ളത് ചെയ്തോളൂ, പിന്തുണയുമായി കൂടെയുണ്ട് എന്നാണ് ഭർത്താവ് പറഞ്ഞത്. ഞാനെന്റെ ജോലിയെ ഇഷ്ടപ്പെട്ടിരുന്നു. മക്കളെ ഗർഭം ധരിച്ചപ്പോൾ പോലും ഞാൻ ജോലി തുടർന്നു. രണ്ട് പെൺമക്കളും ഒരു മകളുമാണുള്ളത്. ഞാൻ നേരത്തേ ജോലിക്ക് പോകുമായിരുന്നു. മക്കൾക്കു വേണ്ട ഭക്ഷണം തയ്യാറാക്കി അവരെ ഒരുക്കി സ്കൂളിലേക്ക് വിടുന്നത് ഭർത്താവായിരുന്നു.
ഞങ്ങളെ സംബന്ധിച്ചിടത്തോളം ഓരോ രൂപയും മൂല്യമുള്ളതായിരുന്നു. സ്കൂൾ വിട്ടാൽ നാൽപതു മിനിറ്റ് നടന്നാണ് വീട്ടിലെത്തുക, അപ്പോൾ 50 പൈസ ഓട്ടോറിക്ഷയ്ക്ക് കൊടുക്കേണ്ടല്ലോ. എന്റെ മക്കൾക്ക് നല്ല വിദ്യാഭ്യാസം കൊടുക്കാനാണ് സമ്പാദിച്ചത്. എന്റെ പെൺമക്കളും സാമ്പത്തികമായി സ്വതന്ത്രരായിരിക്കണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. അതാണ് എനിക്കുണ്ടായിരുന്ന ഒരേയൊരു സമ്പത്ത്. മകൻ എഞ്ചിനീയറിങ്ങിന് പഠിക്കുന്ന സമയത്ത് അവന് സ്വസ്ഥമായി പഠിക്കാൻ ഉടമയോട് പ്രത്യേകമുറി വേണമെന്ന് ഞാൻ കെഞ്ചിയിരുന്നു. മകൾ ആരതിയും അവസാന വർഷ വിദ്യാർഥിയായിരിക്കെയാണ് വിവാഹം കഴിഞ്ഞത്. ശേഷം ന്യൂയോർക്കിലേക്ക് പോകാനിരിക്കുകയായിരുന്നു. അമ്മയുടെ അതേ വാക്കുകൾ തന്നെ ഞാൻ അവളോടും ആവർത്തിച്ചു. കറങ്ങിത്തിരിഞ്ഞോളൂ, പക്ഷേ പഠനം പൂർത്തിയാക്കണം എന്നതായിരുന്നു അത്. അങ്ങനെ ഗർഭകാല വിശ്രമസമയത്ത് ആരതി മാസ്റ്റേഴ്സ് പൂർത്തിയാക്കി. അവളുടെ മകൾ രാധികയോടും ഇതേകാര്യം പറഞ്ഞു.
ഇന്ന് ആരതി ഡൽഹിയിലെ ഒരു സ്കൂളിലെ പ്രിൻസിപ്പൽ ആണ്. രാധിക ഒരു മ്യൂച്വൽ ഫണ്ട് സ്ഥാപനത്തിലെ സിഇഒയും. മുപ്പത്തിയാറ് വർഷം ജോലി ചെയ്തതിനു ശേഷം 2000ത്തിലാണ് ഞാൻ വിരമിക്കുന്നത്. ഞാനൊരിക്കലും ചെയ്യാതിരുന്ന ചെറിയ കാര്യങ്ങളിൽ ഇന്ന് ആസ്വാദനം കണ്ടെത്തുന്നുണ്ട്. പുതിയ വിഭവങ്ങൾ പരീക്ഷിക്കുക, കൊച്ചുമക്കൾക്ക് കഥകൾ പറഞ്ഞുകൊടുക്കുക അങ്ങനെയങ്ങനെ. അടുത്തിടെയാണ് എനിക്ക് എൺപതു വയസ്സ് പൂർത്തിയായത്. പക്ഷേ ഇപ്പോഴും ഞാൻ സ്കൂളിലെ കാര്യങ്ങളിൽ സജീവമായി പങ്കുകൊള്ളാറുണ്ട്. ആഗ്രഹിക്കുന്നതെന്തും ചെയ്യാനും നേടിയെടുക്കാനും കഴിയുമെന്ന് പെൺമക്കളെ പഠിപ്പിക്കലാണ് ഒരു സ്ത്രീയെന്ന നിലയ്ക്ക് കൈമാറാൻ കഴിയുന്ന ഏറ്റവും വലിയ സ്വത്ത്. ഇന്നത്തെ പെൺകുട്ടികളാണ് നാളത്തെ സ്ത്രീകൾ. അവരെക്കൊണ്ട് എന്തിനും കഴിയുമെന്ന് തിരിച്ചറിയിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്.

Krithika Kannan