Film News

‘വിവേക് ​​- ഐശ്വര്യ ബന്ധം’ ; ‘മകന്റെ പ്രേമത്തെപ്പറ്റി മറ്റുള്ളവർ പറഞ്ഞറിഞ്ഞെന്ന് സുരേഷ് ഒബ്‌റോയ്

ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറുകളിൽ സൽമാൻ ഖാനും ഐശ്വര്യ റായിയും തമ്മിലുള്ള ബന്ധം ബോളിവുഡിൽ മാത്രമല്ല ഇങ്ങ് കേരളത്തിലും  ഏറെ വാർത്തകൾ സൃഷ്ടിച്ചിരുന്നു. എന്നാൽ അവരുടെ പ്രണയത്തെക്കാൾ കൂടുതൽ ചർച്ച ചെയ്യപ്പെട്ടത് അവരുടെ വേർപിരിയലാണ് എന്ന് വേണം പറയാൻ. സൽമാൻ ഖാനുമായി പ്രണയബന്ധം വേർപെടുത്തിയ ഐശ്വര്യ റായ് പിന്നീട് വിവേക് ഒബ്‌റോയുമായി പ്രണയത്തിലായി.ഇപ്പോഴിതാ ഐശ്വര്യ റായ് വിവേക് ഒബ്റോയ് പ്രണയത്തെ കുറിച്ച് തനിക്ക് അറിവില്ലായിരുന്നുവെന്നും ഇപ്പോഴും ഐശ്വര്യ റായുടെ മുൻ കാമുകനായ  സൽമാൻ ഖാന്റെ കുടുംബവുമായി തനിക്ക് നല്ല ബന്ധമാണുള്ളതെന്നും പറയുകയാണ് വിവേക് ഒബ്റോയിയുടെ പിതാവും നടനുമായ സുരേഷ് ഒബ്റോയ്. അടുത്തിടെ രൺബീർ കപൂർ നായകനായ ആനിമൽ എന്ന ചിത്രത്തിലൂടെ സുരേഷ് ഒബ്‌റോയ്  അഭിനയത്തിലേക്ക് വലിയൊരു തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. നിരവധി പുരസ്‌കാരങ്ങളും അംഗീകാരങ്ങളും സിനിമാ മേഖലയിൽ നേടിയിട്ടുള്ള സുരേഷ് ഒബ്‌റോയ് അഭിനയ രംഗത്ത് മാത്രമല്ല രാഷ്ട്രീയ രംഗത്തും നേട്ടങ്ങൾ കൊയ്തിട്ടുണ്ട്. ബിജെപി അംഗം കൂടിയാണ് സുരേഷ് ഒബ്‌റോയ്. ഇപ്പോഴിതാ ആനിമൽ സിനിമയുടെ വിജയത്തിന്റെ ഭാ​ഗമായി ബോളിവുഡിലെ ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ തന്റെ വിശേഷങ്ങൾ പങ്കുവെക്കുന്നതിനൊപ്പം വിവേക് ഒബ്‌റോയ് ഐശ്വര്യ റായ്  ബന്ധത്തെ കുറിച്ചും അന്ന് നടന്ന സംഭവങ്ങളെ കുറിച്ചും സുരേഷ് ഒബ്റോയ് സംസാരിച്ചു.

സംവിധായകൻ രാം ഗോപാൽ വർമയിലൂടെയാണ് തന്റെ മകന്റെ വ്യക്തി ജീവിതത്തിലെ ഈ അധ്യായത്തെക്കുറിച്ച് താൻ മനസിലാക്കിയതെന്നാണ് സുരേഷ് ഒബ്‌റോയ് പറഞ്ഞത്. ‘മിക്ക കാര്യങ്ങളും എനിക്കറിയില്ലായിരുന്നു. വിവേക് എന്നോട് പറഞ്ഞിട്ടില്ല.രാം ഗോപാൽ വർമ്മ എന്നോട് പറഞ്ഞാണ് പലതും ഞാൻ‌ അറിഞ്ഞത്. രാമുവിന് മുമ്പ് മറ്റാരോ കൂടി എന്നോട് ഇക്കാര്യങ്ങൾ പറഞ്ഞിരുന്നു. ഞാൻ ഒരിക്കലും അമിതാഭ് ബച്ചന്റെ സുഹൃത്തായിരുന്നില്ല. ഞാൻ അദ്ദേഹത്തിന്റെ സഹനടനായിരുന്നു. സിനിമയുടെ കാര്യങ്ങളുമായി ബന്ധപ്പെട്ട് ഞങ്ങൾ തമ്മിൽ ബന്ധമുണ്ടായിരുന്നു. മാത്രമല്ല മിക്ക കാര്യങ്ങളും അ​ദ്ദേഹം ആളുകളെ അറിയിക്കുമായിരുന്നില്ല. എന്നാൽ ഞങ്ങൾ കണ്ടുമുട്ടുമ്പോഴെല്ലാം ഞങ്ങൾ പരസ്പരം വളരെ നല്ല സൗഹൃദത്തിൽ സംസാരിക്കാറുണ്ട്. അതുപോലെ തന്നെ അന്നും ഇന്നും ഞാൻ സൽ‌മാൻ  ഖാനുമായി സൗഹൃദത്തിലാണ്. സൽമാൻ ഖാൻ എന്നെ കാണുമ്പോഴെല്ലാം സിഗരറ്റ് മറയ്ക്കുകയും ബഹുമാനത്തിന്റെ ഭാഗമായി എന്നോട് സംസാരിക്കുകയും ചെയ്യും. സലിംജിയുടെ കാലിൽ തൊട്ട് അനു​ഗ്രഹം വാങ്ങാൻ ഞാൻ എപ്പോഴും വിവേകിനോട് പറയാറുണ്ട്. സലിം ഭായിയെയും ഞാൻ ബഹുമാനിക്കുന്നു’, എന്നാണ് സുരേഷ് ഒബ്റോയ് പറഞ്ഞത്. പ്രണയത്തിലായിരുന്ന സമയത്തും ഒറ്റപ്പെടല്‍ അനുഭവപ്പെട്ടിരുന്നുവെന്ന് മുമ്പ് ഒരിക്കൽ വിവേക് ഒബ്‌റോയ് പറഞ്ഞിരുന്നു. പ്രണയത്തെക്കുറിച്ച് പറയുമ്പോള്‍ നിരാശയാണ് ആദ്യം തോന്നാറുള്ളതെന്നും നടന്‍ വ്യക്തമാക്കിയിരുന്നു.

എനിക്ക് വളരെയധികം നിരാശ തോന്നിപ്പിക്കുന്ന കാര്യമാണ് പ്രണയം. മറ്റുള്ളവരെ വെറുക്കാനും വഴക്കിടാനുമൊക്കെ കാരണമായത് പ്രണയമായിരുന്നുവെന്നായിരുന്നു മുമ്പ് വിവേക് ഒബ്‌റോയ് പറഞ്ഞതും ഏറെ  ചർച്ചകൾക്ക് വഴി വെച്ചിരുന്നു. അതേസമയം 1999ൽ പുറത്തിറങ്ങിയ ഹം ദിൽ ചുകേ സനം എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് ഐശ്വര്യ റായും സൽമാൻ ഖാനും അടുക്കുന്നത്. എന്നാൽ  2001ൽ ഇരുവരും വേർ പിരിഞ്ഞു. സൽമാൻ ഖാനുമായുള്ള ബന്ധം എത്രത്തോളം ദുസ്സഹമായിരുന്നുവെന്നത് ഐശ്വര്യ റായ് പിന്നീട് പരസ്യമായി പറയുകയും ചെയ്തിരുന്നു. സൽമാൻ ഖാനുമായുള്ള ബന്ധം വേർപെടുത്തിയതിന് ശേഷം നടൻ വിവേക് ​​ഒബ്‌റോയിയുമായി ഐശ്വര്യ റായി പ്രണയത്തിലായി. ക്യോം ഹോ ഗയാ നാ എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് ഇരുവരും അടുത്തത്. എന്നാൽ ഇതിൽ ദേഷ്യം വന്ന സൽമാൻ ഖാൻ  വിവേക് ഒബ്‌റോയ്‌യെ അധിക്ഷേപിക്കുകയും വധ ഭീഷണി മുഴക്കുകയുംഒക്കെ ചെയ്‌തിരുന്നു. ഒരു രാത്രി സൽമാൻ ഖാൻ തുടർച്ചയായി  വിളിച്ച് തന്നെയും കുടുംബാംഗങ്ങളെയും അധിക്ഷേപിച്ചുവെന്ന് വിവേക് ​​ഒബ്‌റോയ് പത്രസമ്മേളനത്തിൽ വെളിപ്പെടുത്തിയിരുന്നു. എന്നാൽ പത്രസമ്മേളനത്തിന് വിവേക് ഒബ്‌റോയ്‌ക്ക് വലിയ വില നൽകേണ്ടി വന്നു. ഈ സംഭവത്തിന് ശേഷം വിവേക് ഒബ്‌റോയ്‌ക്ക് സിനിമകൾ ലഭിക്കാതെ വന്ന സാഹചര്യമടക്കമുണ്ടായി.

Sreekumar R