തമിഴ് നിര്‍മാതാവ് രവീന്ദര്‍ ചന്ദ്രശേഖരനും നടിയും അവതാരകയുമായ മഹാലക്ഷ്മിയും വിവാഹിതരായി. രണ്ടുപേരുടെയും രണ്ടാം വിവാഹമാണിത്. ഇരുവരുടേതും പ്രണയവിവാഹമാണ്.
രവീന്ദര്‍ നിര്‍മിക്കുന്ന വിടിയും വരൈ കാത്തിര് എന്ന ചിത്രത്തില്‍ മഹാലക്ഷ്മിയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഈ സിനിമയുടെ സെറ്റില്‍ വച്ചാണ് ഇരുവരും പ്രണയത്തിലാകുന്നത്.
തിരുപ്പതിയില്‍ വച്ച് നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്. രണ്ടു പേരും വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. നിന്നെ ലഭിച്ചതില്‍ ഞാന്‍ ഭാഗ്യവതിയാണെന്നാണ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് മഹാലക്ഷ്മി കുറിച്ചത്.
തമിഴിലെ പ്രശസ്ത നിര്‍മാണ കമ്പനിയായ ലിബ്ര പ്രൊഡക്ഷന്റെ ഉടമസ്ഥനാണ് രവീന്ദര്‍. സുട്ട കഥൈ, നളനും നന്ദിനിയും, നട്പെന്നാ എന്നാന്നു തെരിയുമാ എന്നിവയാണ് രവീന്ദര്‍ നിര്‍മിച്ച ചിത്രങ്ങള്‍.