ഇതങ്ങേരല്ലെ, ഇങ്ങേരല്ലെ എന്നൊന്നും ചോദിക്കരുത്..! ഫോട്ടോ പങ്കുവെച്ച് ശ്രീരാമന്‍

മലയാള സിനിമയുടെ താരരാജാവ് മമ്മൂട്ടിയുമൊത്തുള്ള ഒരു രസകരമായ അനുഭവം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ എല്ലാവരുമായും പങ്കുവെച്ചിരിക്കുകയാണ് നടന്‍ വികെ ശ്രീരാമന്‍. മമ്മൂട്ടിയുമൊത്ത് ഉദ്യാനത്തിലൂടെ നടന്നക്കുന്നതിനെ കുറിച്ചും ഫോട്ടോ എടുക്കരുത് എന്ന് മുന്നറിയിപ്പ് നല്‍കിയിട്ടും ഒളിക്യാമറ വെച്ച് താന്‍ ആ ചിത്രം പകര്‍ത്തി എന്നും ശ്രീരാമന്‍ കുറിക്കുന്നു. ഇതങ്ങേരല്ലെ.. ഇങ്ങേരല്ലെ.. ഇന്നയാളല്ലേ എന്നൊന്നും എന്നോട് ചോദിക്കരുതെന്നും എനിക്ക് ആളെ നിശ്ചയമില്ലെന്നും ഇതുവരെ മുഖം കാണാത്ത ആ വ്യക്തിയുടെ ശബ്ദം മാത്രമാണ് ഞാന്‍ കേട്ടിട്ടുള്ളത് എന്നും മമ്മൂക്ക തിരിഞ്ഞ് നടക്കുന്ന ഫോട്ടോ പങ്കുവെച്ച് ശ്രീരാമന്‍ കുറിക്കുന്നു..

കുറിപ്പിലെ വാക്കുകള്‍ ഇങ്ങനെയായിരുന്നു..

ചെടികളുടെയും മരങ്ങളുടേയും കിളികളുടെയും പൂമ്പാറ്റകളുടെയും നാടന്‍ പേരുകളും ശാസ്ത്രീയ നാമങ്ങളും പറഞ്ഞു തന്നു കൊണ്ട് വനചാരി മുമ്പെ നടന്നു. ഫോട്ടോഗ്രഫി നിരോധിച്ചിരിക്കുന്നു എന്ന മുന്നറിയിപ്പുള്ളതുകൊണ്ട് പിന്നില്‍ നിന്ന് ഒളിക്കാമറ വെച്ചാണ് വന്യന്റെ ഫോട്ടം പിടിച്ചത്. എന്നിട്ടും ജ്ഞാനദൃഷ്ടിയാല്‍ അതു കണ്ടു തിരിഞ്ഞു നിന്ന് എന്നെ നോക്കി ഭസ്മമാക്കാന്‍ ശ്രമിച്ചു.
ഞാന്‍ വടുതലവടാശ്ശേരി ഉണ്ണിമാക്കോതയേയും കണ്ടര് മുത്തപ്പനേയും സേവിച്ചുപാസിച്ച ആളായ കാരണം ഇന്നെ ഒന്നും ചെയ്യാന്‍ പറ്റീല്ല. ന്നാലും വെറുതെ വിടാന്‍ പറ്റില്ലല്ലോ? ഞാനൊരു പാരിസ്ഥിതിക പ്രശ്‌നം ഉന്നയിച്ചു.’ ബടെ ഇങ്ങളെന്തിനാ ഇങ്ങനെ കോങ്ക്രീറ്റം ഇട്ടത്. സ്വാഭാവിക റെയിന്‍ഫോറസ്റ്റിന്റെ ഇക്കോളജിക്കല്‍ ബാലന്‍സ്‌പോവില്ലെ?’ ആ ചോദ്യത്തിലെ എന്റെ ജ്ഞാനപ്പെരുമ കേട്ട് ഞ്ഞെട്ടിയിട്ടുണ്ടാവുമെന്ന് ഉറപ്പ്. എന്നാല്‍ അതു പുറത്തു കാണിക്കാതെ ഇങ്ങനെ പറഞ്ഞു. ചെളിപ്പറ്റുള്ള മണ്ണാണ്‍ഡാ.

കോണ്‍ക്രീറ്റിട്ടില്ലെങ്കി നടന്നാ ബാലന്‍സുപോയി മലര്‍ന്നു വീഴും. ‘ എന്നാല്‍ പിന്നെ മറ്റൊരു വഴി ചിന്തിക്കായിരുന്നു ‘
എന്തു വഴി? ‘ തോടുണ്ടാക്കി, രണ്ടു സൈഡിലും കണ്ടല്‍കാടു വെച്ചു പിടിപ്പിക്കുക. എന്നിട്ട് ആ തോട്ടിലൂടെ കൊതുമ്പുവള്ളത്തില്‍ വീട്ടിലേക്കു വരാലോ? പിന്നെ ആ പാട്ടും പാടാം’ ഏതു പാട്ട്? ‘ആകാശപ്പൊയ്കയിലുണ്ടൊരു പൊന്നും തോണീ’ അത് ഫിമെയ്ല്‍ വോയ്‌സല്ലേ? ‘ ഡ്യുവെറ്റായും കേട്ടിട്ടുണ്ട് ‘ ഉത്തരം ഒന്നുമുണ്ടായില്ല. അപ്പാേള്‍ ഞാന്‍ ചോദിച്ചു. ‘എന്താ ഒന്നും മുണ്ടീലാ എന്താ ങ്ങള് ചിന്തിക്കണത്?’ ഏത് നാശം പിടിച്ച നേരത്താണ് ഞാന്‍ നിന്നെ ഇങ്ങോട്ട് ക്ഷണിച്ചതെന്ന് ചിന്തിയ്ക്കായിരുന്നു. അത്രയും പറഞ്ഞ് അല്പനേരത്തിനു ശേഷം വീണ്ടും വന്യമായ വിവരണം തുടര്‍ന്നു. സൂര്‍ത്തുക്കളേ ഇതങ്ങേരല്ലെ ഇങ്ങേരല്ലെ ഇന്നയാളല്ലേ എന്നൊന്നും എന്നോട് ചോദിക്കരുത്. ഇയ്ക്ക് ആളെ നിശ്ശല്ല. ഞാനിതുവരെ മുഖം ശരിക്കു കണ്ടിട്ടില്ല. സൗണ്ട് മാത്രേ കേട്ടിട്ടുള്ളൂ.

Nikhina