52ാം വയസ്സില്‍ സിനിമാ അരങ്ങേറ്റം! ആരാണ് ‘ദ് ലെജന്‍ഡ്’ ശരവണന്‍ അരുള്‍..!!

വന്‍ വ്യവസായിയില്‍ നിന്നും താരത്തിലേക്ക്…52ാം വയസ്സില്‍ നായകനായി ദ ലെജന്‍ഡ് എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിയ്ക്കുകയാണ് ശരവണന്‍ അരുള്‍. സ്വന്തം സ്ഥാപനത്തിന്റെ മോഡലായി അഭിനയിച്ച് തന്നെ ശരവണന്‍ അരുള്‍ ശ്രദ്ധേയനായിരുന്നു. ശരവണ സ്റ്റോഴ്സിന്റെ പരസ്യത്തില്‍ താരസുന്ദരിമാരായ ഹന്‍സികയ്ക്കും തമന്ന ഭാട്ടിയയ്ക്കും ഒപ്പം എത്തിയ പോലത്തന്നെയാണ് ആദ്യ സിനിമയിലും അദ്ദേഹം പതിവ് തെറ്റിച്ചില്ല.

ജെഡി-ജെറി ജോഡിയൊരുക്കിയ ദ് ലെജന്‍ഡിലൂടെയാണ് ശരവണന്റെ സിനിമാ പ്രവേശനം. ശാസ്ത്രജ്ഞനായാണ് ചിത്രത്തില്‍ അദ്ദേഹം എത്തുന്നത്. ശരവണന്റെ സ്വപ്ന പദ്ധതിയാണ് ദ് ലെജന്‍ഡ്. ചിത്രം നിര്‍മാണവും ശരവണന്‍ തന്നെയാണ്.

2015 മിസ് യൂണിവേഴ്സ് മത്സരത്തിലെ ഇന്ത്യന്‍ പ്രതിനിധിയായിരുന്ന ഉര്‍വശി റൗട്ടേല, ഗീതിക തിവാരി എന്നിവരാണ് ചിത്രത്തില്‍ നായികമാര്‍. ഹാരിസ് ജയരാജ് സംഗീത സംവിധാനം. ചിത്രമിറങ്ങും മുന്‍പേ പാട്ടുകള്‍ വലിയ തരംഗമായിരുന്നു. വൈരമുത്തു, കബിലന്‍, മദന്‍ കാര്‍ക്കി, പാ. വിജയ്, സ്നേഹന്‍ എന്നിവരാണ് പാട്ടെഴുതിയിരിക്കുന്നത്. പ്രഭു, യോഗി ബാബു, തമ്പി രാമയ്യ, വിജയകുമാര്‍, നാസര്‍, മയില്‍സാമി, കോവൈ സരള, മന്‍സൂര്‍ അലിഖാന്‍ എന്നിങ്ങനെ വലിയ താരനിര തന്നെയാണ് ചിത്രത്തിലുള്ളത്.

ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം അഞ്ചുഭാഷകളിലാണ് റിലീസ് ചെയ്യുന്നത്.
നാഷ്ണല്‍ സിനിമ എന്നാണ് അരുള്‍ വിശേഷിപ്പിച്ചത്. സിനിമയുടെ പ്രമോഷനുമായി അദ്ദേഹം കേരളത്തിലെത്തിയിരുന്നു. വന്‍ തുകയാണ് പ്രമോഷനായി അദ്ദേഹം മുടക്കുന്നത്. കൊച്ചിയില്‍ ശരവണന്‍ വിമാനമിറങ്ങി പുറത്തേക്ക് വന്നത് വലിയ കാഴ്ചയായിരുന്നു. താരസുന്ദരിമാര്‍ക്കൊപ്പമുള്ള മാസ് എന്‍ട്രി വൈറലായിരുന്നു. അദ്ദേഹം സഞ്ചരിച്ച ആഡംബര കാറിന് അകമ്പടിയായി ലെജന്‍ഡ് പോസ്റ്റര്‍ അണിഞ്ഞ ടീഷര്‍ട്ട് ധരിച്ച് ബുള്ളറ്റില്‍ യുവാക്കളുമുണ്ടായിരുന്നു.

2019ല്‍ ഷൂട്ടിങ്ങ് തുടങ്ങിയ ചിത്രത്തിന് കോവിഡ് വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കിയത്. കോടിക്കണക്കിന് രൂപ മുടക്കി ഉണ്ടാക്കിയ സെറ്റുകളിലും വിദേശരാജ്യങ്ങളിലും തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിലുമായിരുന്നു സിനിമ ചിത്രീകരിച്ചത്.

ചെന്നൈയിലെ പ്രശസ്തമായ വ്യവസായ ശൃംഖലയാണ് ശരവണ സ്റ്റോഴ്സ്. തലമുറകളായി വ്യവസായികളാണ് ശരവണന്റെ കുടുംബം. 1970 കളില്‍ സെല്‍വരത്നം, യോഗരത്നം, രാജരത്നം എന്നീ സഹോദരന്‍മാര്‍ ടി നഗര്‍ രംഗനാഥന്‍ തെരുവില്‍ ‘ഷണ്‍മുഖാ സ്റ്റോഴ്സ്’ എന്ന പേരില്‍ ചെറിയൊരു പാത്രക്കട തുടങ്ങി. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ശരവണ സ്റ്റോഴ്സ് എന്ന പേരില്‍ തുണിക്കടയും ആരംഭിച്ചു. സെല്‍വരത്നത്തിന്റെ മകനാണ് ശരവണന്‍ അരുള്‍.

സ്വത്ത് ഭാഗം വച്ച ശേഷം ചെന്നൈയിലെ പ്രധാന സ്റ്റോറുകളുടെ ഉടമ ശരവണന്‍ ആയി മാറി. ഇന്ന് ദ ന്യൂ ലെജന്‍ഡ് ശരവണന്‍ സ്റ്റോര്‍ എന്ന പേരില്‍ സ്വന്തമായി ബ്രാന്‍ഡുമായി മാറി. മാത്രമല്ല കോടികള്‍ വാരിയെറിഞ്ഞ് ആദ്യ ചിത്രം കൊണ്ടുതന്നെ സൂപ്പര്‍ത്താര പദവി നേടാനുള്ള ശ്രമത്തിലാണ് ശരവണന്‍.

Anu B