‘ഭ്രമയുഗം’ വിജയത്തുടർച്ചയാകുമോ ; 5 ഭാഷകളിലായി റിലീസ്

പതിറ്റാണ്ടുകൾ നീണ്ട തന്റെ അഭിനയ ജീവിതത്തിൽ എന്നും പുതുമകൾ തേടുന്ന സൂപ്പർ താരമാണ് മമ്മൂട്ടി. പൊന്തൻമാട, മൃ​ഗയ തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് മുൻകാലങ്ങളിൽ മമ്മൂട്ടി പ്രേക്ഷകനെ ത്രസിപ്പിച്ചതെങ്കിൽ സമീപകാലത്ത് റോഷാക്ക്, നൻപകൽ നേരത്ത് മയക്കം, തുടങ്ങി ഒരുപിടി മികച്ച സിനിമകളിലൂടെയാണ് അദ്ദേഹം കാണികളെ അമ്പരപ്പിക്കുന്നത്. ഇക്കൂട്ടത്തിലേക്ക് മറ്റൊരു സിനിമ കൂടി എത്തുകയാണ് പേര് ‘ഭ്രമയു​ഗം’. രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഇതുവരെ കാണാത്ത മറ്റൊരു മമ്മൂട്ടി കഥാപാത്രം കാണാൻ സാധിക്കുമെന്ന് പ്രൊമേഷൻ മെറ്റീരിയലുകളിൽ നിന്നും വ്യക്തമാണ്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ പുത്തൻ അപ്ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ഭ്രമയു​ഗം വിജയകരമായി പൂർത്തിയാക്കിയതായി പ്രൊഡക്ഷൻ ഹൗസ് ആയ നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് അറിയിച്ചു. ഓഗസ്റ്റ് 17ന് ചിത്രീകരണം ആരംഭിച്ച ചിത്രം കൊച്ചിയിലും ഒറ്റപ്പാലത്തും ആതിരപ്പള്ളിയിലുമായാണ് പൂർത്തീകരിച്ചത്. നിലവിൽ ഭ്രമയു​ഗത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ നടക്കുകയാണ്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലായി 2024ന്റെ തുടക്കത്തിൽ ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ ചിത്രം റിലീസ് ചെയ്യാനാണ് അണിയറ പ്രവർത്തകർ ശ്രമിക്കുന്നത്. ചിത്രത്തിന്റെ മാർക്കറ്റിംഗ് ക്യാമ്പെയ്‌ൻ നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് ഉടൻ ആരംഭിക്കും. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു ബഹുഭാഷാ സിനിമയാണ് ‘ഭ്രമയുഗം’. സെപ്റ്റംബറിൽ മമ്മൂട്ടിയുടെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങിയത് മുതൽ ആരാധകർ ആവേശത്തിലാണ്. ബ്ലോക്ക്ബസ്റ്റർ ചിത്രം ‘കണ്ണൂർ സ്ക്വാഡ്’ ഉൾപ്പെടെയുള്ള മമ്മൂട്ടിയുടെ വിജയ ചിത്രങ്ങളുടെ തുടർച്ചയായാണ് പ്രേക്ഷകർ ‘ഭ്രമയുഗം’ത്തെ നോക്കിക്കാണുന്നത്. ഹൊറർ ത്രില്ലർ വിഭാഗത്തിലുള്ള സിനിമകൾ നിർമ്മിക്കുന്നതിനായി നിർമ്മിച്ച പ്രൊഡക്ഷൻ ഹൗസായ നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്റെ ബാനറിൽ, രാഹുൽ സദാശിവൻ രചനയും സംവിധാനവും നിർവ്വഹിച്ച മലയാളം ഫീച്ചർ ഫിലിമാണ് ‘ഭ്രമയുഗം’. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോയും YNOT സ്റ്റുഡിയോയും ചേർന്നാണ് ‘ഭ്രമയുഗം’ അവതരിപ്പിക്കുന്നത്. ചക്രവർത്തി രാമചന്ദ്രയും എസ്.ശശികാന്തും ചേർന്ന് നിർമ്മിച്ച ‘ഭ്രമയുഗം’ത്തിൽ അർജുൻ അശോകൻ, സിദ്ധാർത്ഥ് ഭരതൻ, അമൽദ ലിസ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഷെഹ്‌നാദ് ജലാൽ ഛായാഗ്രഹണം, ജോതിഷ് ശങ്കർ പ്രൊഡക്ഷൻ ഡിസൈനർ, ഷഫീഖ് മുഹമ്മദ് അലി എഡിറ്റർ, സംഗീതം: ക്രിസ്റ്റോ സേവ്യർ, സംഭാഷണങ്ങൾ: ടി ഡി രാമകൃഷ്ണൻ, മേക്കപ്പ്: റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം: മെൽവി ജെ, പിആർഒ: ശബരി എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. അതേസമയം 20 ദിവസങ്ങൾ കൊണ്ട് 75 കോടി രൂപയാണ് മമ്മൂട്ടി നായകനായ കണ്ണൂർ സ്ക്വാഡ് സ്വന്തമാക്കിയത്. എന്നാൽ നിലവില്‍ തിയറ്ററുകളിലുണ്ടായിരുന്ന മലയാള ചിത്രം കണ്ണൂര്‍ സ്ക്വാഡിന്‍റെ മുന്നോട്ടു പോക്കിന് ഇന്ന് റിലീസിനെത്തിയ വിജയ് നായകൻ ആയി ലോകേഷ് കനകരാജ് സംവിധാനം ചെയ്‌ത ലിയോ എന്ന ആക്ഷൻ ചിത്രം തടസം സൃഷ്ടിക്കുമോ എന്നത് സിനിമാ പ്രേമികള്‍ക്കിടയിൽ ഒരു വലിയ ചര്‍ച്ചയായിരുന്നു. ലിയോ വരുമ്പോള്‍ കണ്ണൂര്‍ സ്ക്വാഡിന് ഇപ്പോഴുള്ള തിയറ്ററുകളുടെ എണ്ണം സ്വാഭാവികമായും കുറയുമെന്നും എന്നാല്‍ നാലാം വാരത്തിലേക്ക് കടക്കുന്ന ഒരു ചിത്രത്തിന് അത്രയും തിയറ്ററുകള്‍ മതിയാവുമെന്നും ചിത്രത്തിന്റെ വിതരണക്കാർ പറഞ്ഞിരുന്നു. റിലീസ് സമയത്ത് മള്‍ട്ടിപ്ലെക്സുകളില്‍ മൂന്നും നാലും സ്ക്രീനുകളില്‍ കളിച്ച  കണ്ണൂർ സ്‌ക്വാഡിന  ഇപ്പോള്‍ ഒരു സ്ക്രീന്‍ മതിയാവും. അത്രയും ആളേ ഉണ്ടാവൂ. പണ്ട് അറുപതും എഴുപതും തിയറ്ററുകളിലായിരുന്നു റിലീസ് എങ്കില്‍ ഇന്ന് 250- 300 തിയറ്ററുകളിലാണ്. അപ്പോള്‍ അത്രയും പ്രേക്ഷകര്‍ സിനിമ കണ്ടുകഴിഞ്ഞു. മറ്റൊരു കാര്യം ഈ വാരം ലിയോ റിലീസ് ആയാലും കാണാന്‍ പുതിയ മലയാള സിനിമയൊന്നും എത്തുന്നില്ല എന്നതും കണ്ണൂർ സ്‌ക്വാഡിന് ആശ്വാസമാണ്.

Sreekumar R