‘അങ്കമാലി’ താരങ്ങള്‍ക്ക് സുവര്‍ണ കാലം, അപ്പാനി രവി തമിഴിലേക്ക്!

  മലയാള സിനിമയ്ക്ക് ഒരു പിടി യുവതാരങ്ങളെ സമ്മാനിച്ച സിനിമയാണ് അങ്കമാലി ഡയറീസ്. 86 പുതുമുഖങ്ങളെ അണിനിരത്തി ലിജോ ജോസ് പല്ലിശേരിയായിരുന്നു ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തിലെ താരങ്ങളെല്ലാവരും സിനിമ ലോകത്ത് സാന്നിദ്ധ്യം ഉറപ്പിച്ചു…

 

മലയാള സിനിമയ്ക്ക് ഒരു പിടി യുവതാരങ്ങളെ സമ്മാനിച്ച സിനിമയാണ് അങ്കമാലി ഡയറീസ്. 86 പുതുമുഖങ്ങളെ അണിനിരത്തി ലിജോ ജോസ് പല്ലിശേരിയായിരുന്നു ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തിലെ താരങ്ങളെല്ലാവരും സിനിമ ലോകത്ത് സാന്നിദ്ധ്യം ഉറപ്പിച്ചു കഴിഞ്ഞു. വില്ലനായ അപ്പാനി രവി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ശരത് കുമാറാണ് അങ്കമാലി ഡയറീസില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത്. മോഹന്‍ലാലിനൊപ്പം വെളിപാടിന്റെ പുസ്തകത്തിലും ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ച ശരത് കുമാറിന്റെ കൈയില്‍ ഒരു പിടി മികച്ച ചിത്രങ്ങളുണ്ട്.
മലയാളത്തില്‍ മാത്രമല്ല ശരത് തമിഴിലേക്കും അരങ്ങേറുകയാണ്. വിശാല്‍ ചിത്രത്തിലൂടെയാണ് ശരത്തിന്റെ തമിഴ് അരങ്ങേറ്റം. വിശാല്‍ നായകനായി 2005ല്‍ പുറത്തിറങ്ങിയ ശണ്ടക്കോഴി എന്ന ലിംഗുസ്വാമി ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലാണ് ശരത് വിശാലിനൊപ്പം വേഷമിടുന്നത്. ആദ്യ ഭാഗത്തില്‍ മലയാളി താരം ലാല്‍ ആയിരുന്നു വില്ലന്‍. രണ്ടാം ഭാഗത്തില്‍ വരലക്ഷ്മി ശരത്കുമാറാണ് വില്ലന്‍ വേഷത്തില്‍ എത്തുന്നത്. വിശാലിന്റെ നിര്‍മാണ കമ്പനിയായ വിശാല്‍ ഫിലിം ഫാക്ടറിയാണ് ചിത്രം നിര്‍മിക്കുന്നത്. കീര്‍ത്തി സുരേഷാണ് ചിത്രത്തില്‍ നായികയാകുന്നത്. മീര ജാസ്മിനും ചിത്രത്തിന്റെ ഭാഗമാകുമെന്ന് സ്ഥിരീകരിക്കാത്ത് റിപ്പോര്‍ട്ടുണ്ട്.മിഷ്‌കിന്‍ സംവിധാനം ചെയ്ത തുപ്പരിവാലന്‍ ആണ് വിശാല്‍ നായകനായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. സണ്ണി വെയ്‌നൊപ്പം ശരത് കുമാര്‍ പ്രധാന കഥാപാത്രമായി എത്തിയ പോക്കിരി സൈമണ്‍ വെള്ളിയാഴ്ച റിലീസ് ചെയ്തിരുന്നു. നീരജ് മാധവിനൊപ്പം പൈപ്പിന്‍ ചുവട്ടിലെ പ്രണയം, സഫീര്‍ തൈലന്‍ സംവിധാനം ചെയ്യുന്ന അമല എന്നിവയാണ് ശരത് കുമാറിന്റെ പുതിയ ചിത്രങ്ങള്‍.