Categories: Current Affairs

അവളുടെ മുഖത്തുള്ളത് നാല് ബലൂണുകള്‍ തന്നെയാണ്…അത് എന്തിനെന്ന് അറിയണ്ടേ?!

ചൈനയിലെ ഗ്യാന്‍സ്യൂ സ്വദേശിനിയായ സിയാ യാന്‍ എന്ന 23-കാരിയെ പണ്ടുമുതലേ ആരു കണ്ടാലും ഒന്നുകൂടെ ഒന്നുനോക്കുമായിരുന്നു. കാരണം അവളുടെ മുഖത്തിന്റെ പാതിയിലേറെയും മൂടിയിരുന്നത് ഒരു മറുക് ആയിരുന്നു.പക്ഷേ ഇപ്പോള്‍ അവളെ കാണുന്നവരുടെ മുഖത്ത് പഴയ കൗതുകമല്ല, അമ്പരപ്പാണ് ഉണ്ടാകുന്നത്. കാരണം ഒരു ബലൂണ്‍ വീര്‍പ്പിച്ചാല്‍ എങ്ങനെയുണ്ടാകും അങ്ങനെയാണ് ഇന്ന് അവളുടെ മുഖം. ആ ബലൂണുമായി ഈ പെണ്‍കുട്ടി ജീവിതത്തിനും മരണത്തിനും ഇടയിലെ പോരാട്ടത്തിലാണ് എന്നതാണ് സത്യം.

സിയാ യാന്‍ ജനിച്ചത് മുഖത്തൊരു വലിയ മറുകുമായായിരുന്നു. സിയാ യാന്‍ വളര്‍ന്നതോടെ അവള്‍ക്കൊപ്പം മുഖത്തെ കലയും വളര്‍ന്നു. ജന്മനാതനിക്ക് ലഭിച്ച ഈ മറുകുമായി ബാക്കി ജീവിതം സന്തോഷത്തോടെ കഴിയാന്‍ അവള്‍ ഒരുക്കവുമായിരുന്നു. എന്നാല്‍ കാര്യങ്ങള്‍ തകിടം മറിയാന്‍ തുടങ്ങിയത് കഴിഞ്ഞ മാര്‍ച്ച് മാസത്തോടെയായിരുന്നു.

500,000ത്തില്‍ ഒരാള്‍ക്ക് ബാധിക്കുന്ന കോണ്‍ജിനീറ്റല്‍ മെലാനോസൈറ്റിക്ക് നീവസ് (congenital melanocytic nevus ) ആയിരുന്നു സിയായുടെ പ്രശ്‌നം. മറുകില്‍ ശക്തമായ വേദന അനുഭവപ്പെടാന്‍ തുടങ്ങിയതോടെ ചൈനയിലെ ഷാങ്ഹായി പീപ്പിള്‍ ആശുപത്രിയില്‍ എത്തി. മറുകിലെ കോശങ്ങളില്‍ കാന്‍സര്‍ കോശങ്ങള്‍ വളരാന്‍ സാധ്യതയുള്ളതായി പരിശോധനയില്‍ കണ്ടെത്തി. സിയയുടെ അവസ്ഥയുള്ള 5-10 ശതമാനം ആളുകള്‍ക്കും ഇത്തരത്തില്‍ കാന്‍സര്‍ സാധ്യത ഉണ്ടാകാറുണ്ടെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

ഇതിനു പരിഹാരമായായി സിയയുടെ മുഖത്തു ബലൂണ്‍ ചികിത്സ ആരംഭിച്ചു. മുഖത്ത് പുതിയ കോശങ്ങള്‍ വളരാന്‍ വേണ്ടി നാലു ബലൂണുകളാണ് ഇംപ്ലാന്റ് ചെയ്തിരിക്കുന്നത്. ഇതുവഴി മുഖം വികസിപ്പിച്ച് പുതുകോശങ്ങള്‍ വളര്‍ത്തി എടുക്കാം. ശേഷം മറുക് നീക്കം ചെയ്യുമ്പോള്‍ ആ സ്ഥാനത്ത് ഈ കോശങ്ങള്‍ വച്ചുപിടിപ്പിക്കാം.

ബാല്യകാലം മുതല്‍ താന്‍ നിരവധി പരിഹാസങ്ങള്‍ കേട്ടാണ് വളര്‍ന്നതെന്ന് സിയ പറയുന്നു. കുടുംബം എന്നും തനിക്കൊപ്പം ഉണ്ടായിരുന്നു എന്നും അതാണ് തന്റെ ഊര്‍ജ്ജമെന്നും അവള്‍ പറയുന്നു. ചികിത്സയ്ക്ക് ശേഷം തന്റെ ‘പുതിയ മുഖ’ത്തിനു വേണ്ടി കാത്തിരിക്കുകയാണ് സിയാ യാന്‍.

source:malayali vartha

Devika Rahul