ഇത്ര നല്ലൊരു ഭാര്യയെ ആര്‍ക്കും കിട്ടില്ല, അത്രയ്ക്ക് നല്ലവളാണ്…’ ഭാര്യയെ വെട്ടിക്കൊല്ലുന്നതിന് തൊട്ടു മുമ്പ് റഫീക്ക് എഴുതി വച്ച കുറിപ്പിലെ വരികളാണിത്…!!

ഉറങ്ങിക്കിടന്ന ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭര്‍ത്താവ് തൂങ്ങിമരിച്ചു. രാമേശ്വരം ലെയ്‌നിലുള്ള ഇവരുടെ വീട്ടില്‍ ബെഡ് റൂമില്‍ ഉറങ്ങിക്കിടന്ന നാസിയയെയാണ് റഫീക്ക് ആദ്യം വെട്ടിയത്. ഇടതു ചെവിയുടെ താഴെ കഴുത്തിലും കവിളിലുമായിരുന്നു വെട്ട്. തുടര്‍ന്ന് മക്കള്‍ കിടക്കുന്ന…

ഉറങ്ങിക്കിടന്ന ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭര്‍ത്താവ് തൂങ്ങിമരിച്ചു.

രാമേശ്വരം ലെയ്‌നിലുള്ള ഇവരുടെ വീട്ടില്‍ ബെഡ് റൂമില്‍ ഉറങ്ങിക്കിടന്ന നാസിയയെയാണ് റഫീക്ക് ആദ്യം വെട്ടിയത്. ഇടതു ചെവിയുടെ താഴെ കഴുത്തിലും കവിളിലുമായിരുന്നു വെട്ട്. തുടര്‍ന്ന് മക്കള്‍ കിടക്കുന്ന മുറിയിലെത്തി മൂത്ത മകന്‍ ജെഫ്‌റിനെ വെട്ടി. മകന്‍ ചാടിയെഴുന്നേല്‍ക്കുന്നതിനിടെ രണ്ടാമത്തെ മകനായ ഷെഫിനെ വെട്ടി. മുറിയില്‍ വെളിച്ചമില്ലായിരുന്നു. പുറത്തു നിന്നെത്തിയ ആളാണ് ആക്രമണം നടത്തിയതെന്ന് കരുതിയ മക്കള്‍ ഇയാളെ കയറിപ്പിടിച്ചു.

ഇതിനിടയില്‍ ഇളയ മകള്‍ സാനിയയ്ക്കും വെട്ടേറ്റു. ഉമ്മയെ തിരക്കി നിലവിളിച്ചു കൊണ്ട് മക്കള്‍ മുറിയിലേക്ക് ഓടിയ സമയത്താണ് റഫീക്ക് സ്വീകരണ മുറിയില്‍ തൂങ്ങിമരിച്ചത്. തൂങ്ങാനുള്ള കയര്‍ ഫാനിന്റെ കൊളുത്തില്‍ ഒരുക്കി വെച്ച ശേഷമാണ് ഇയാള്‍ ആക്രമണം നടത്തിയതെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു. കയറില്‍ തൂങ്ങിയ ഇയാളെ രക്ഷപ്പെടുത്താന്‍ മക്കള്‍ ശ്രമിച്ചെങ്കിലും വിഫലമായി. തങ്ങളുടെ ദേഹത്ത് നിന്ന് ചോര ഒഴുകിക്കൊണ്ടിരുന്നപ്പോഴാണ് മക്കള്‍ പിതാവിനെ രക്ഷിക്കാന്‍ ശ്രമിച്ചത്.

ഇതിനിടയില്‍ മക്കളിലൊരാള്‍ വാതില്‍ തുറന്ന് പുറത്തെത്തി നിലവിളിച്ച് അയല്‍ വീട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. ഉടന്‍ പൊലീസും സ്ഥലത്തെത്തി. പൊലീസാണ് പരിക്കേറ്റ കുട്ടികളെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. കൊച്ചി കരുവേലിപ്പടിയിലെ ചുമട്ടുതൊഴിലാളിയാണ് മരിച്ച റഫീക്ക്.

മകന്‍ ജെഫ്‌റിന്‍ സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരനാണ്. ഷെഫിന്‍ മഹാരാജാസ് കോളെജില്‍ ഡിഗ്രി വിദ്യാര്‍ഥിയും. സാനിയ എട്ടാം ക്ലാസില്‍ പഠിക്കുന്നു. സ്വന്തം വീട് വിറ്റ റഫീക്ക് കുടുംബത്തോടൊപ്പം കരുവേലിപ്പടി രാമേശ്വരത്തുള്ള വാടക വീട്ടിലാണ് താമസിച്ചു വന്നത്. നാലു മാസമേ ആയുള്ളൂ ഇവിടേക്ക് എത്തിയിട്ട്.

കൊലപാതകത്തിന് കാരണം കുടുംബ വഴക്കല്ലെന്ന് പൊലീസ് പറഞ്ഞു. സ്‌നേഹത്തോടെയും ഒരുമയോടെയും ജീവിക്കുന്ന കുടുംബമാണിതെന്ന് അയല്‍വാസികളും ബന്ധുക്കളും പറയുന്നു. കുടുംബ വീട് വിറ്റതും സ്വന്തമായി എന്തെങ്കിലും സമ്പാദിക്കാന്‍ കഴിയാത്തതും മാനസികമായി ബുദ്ധിമുട്ടുണ്ടാക്കിയെന്നും അതുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നതെന്നും റഫീക്ക് ആത്മഹത്യാ കുറിപ്പില്‍ എഴുതിയിട്ടുണ്ട്.

മദ്യപാനമോ മറ്റ് ദുശ്ശീലങ്ങളോ ഇല്ലാത്ത ഇയാള്‍ക്ക് വീട് നഷ്ടപ്പെട്ടപ്പോഴുണ്ടായ അഭിമാനക്ഷതവും കുടുംബത്തോടുള്ള അമിത സ്‌നേഹവുമാണ് കൊലപാതകത്തിനു കാരണമെന്നാണ് ആത്മഹത്യാ കുറിപ്പില്‍ നിന്ന് വ്യക്തമാകുന്നതെന്ന് പൊലീസ് പറയുന്നു.

മട്ടാഞ്ചേരി അസിസ്റ്റന്റ് പൊലീസ് കമ്മിഷണര്‍ എസ്. വിജയന്‍, ഫോര്‍ട്ട്‌കൊച്ചി സി.ഐ. പി. രാജ്കുമാര്‍, തോപ്പുംപടി എസ്.ഐ. സി. ബിനു എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു. ഉറങ്ങിക്കിടക്കുമ്പോഴാണ് റഫീക്ക് ഭാര്യ നാസിയയെ കൊലപ്പെടുത്തിയതെന്നാണ് തെളിവുകള്‍ വ്യക്തമാക്കുന്നതെന്ന് പൊലീസ് പറഞ്ഞു.

ഇടതു ചെവിയുടെ ഭാഗത്ത് കഴുത്തിലായിരുന്നു ആഴത്തിലുള്ള വെട്ട്. കവിളിന്റെ ഭാഗത്ത് മറ്റൊരു വെട്ടുമുണ്ട്. കിടക്കയില്‍ ഇവര്‍ ചരിഞ്ഞു കിടക്കുകയായിരുന്നു. രക്തം വാര്‍ന്നൊഴുകി. എല്ലാം കൃത്യമായി റഫീക്ക് ആസൂത്രണം ചെയ്തിരുന്നു. മൂന്നു ദിവസം മുമ്പ് ഇയാള്‍ പുതിയ വെട്ടുകത്തി വാങ്ങി. സംഭവ ദിവസം രാത്രി 11.30 ന് കുട്ടികള്‍ ഉറങ്ങിയെന്ന് ഉറപ്പുവരുത്താനായി റഫീക്ക് മുറിയിലെത്തി.

മൂത്തയാള്‍ സിനിമ കാണുകയായിരുന്നു. മകനോട് ഉറങ്ങാന്‍ പറഞ്ഞ ശേഷം മുറിയിലേക്ക് പോയി. എല്ലാവരും ഉറങ്ങിയ ശേഷമാണ് ഭാര്യയെ ആക്രമിച്ചത്. ഭാര്യ നിലവിളിച്ചതായി ആരും കേട്ടില്ല. ഇതിനുശേഷം മക്കള്‍ കിടന്ന മുറിയിലെത്തി മൂത്ത മകനായ ജെഫ്രിയെയാണ് ആദ്യം വെട്ടിയത്. മുറിയിലെ ലൈറ്റ് അണച്ച ശേഷമായിരുന്നു ആക്രമണം. വെട്ടേറ്റ മകന്‍ ഒച്ചയുണ്ടാക്കി എഴുന്നേല്‍ക്കുന്നതിനിടയില്‍ രണ്ടാമത്തെ മകന്‍ ഷെഫിന് വെട്ടേറ്റു. കൈകളിലാണ് വെട്ടേറ്റത്. ഇളയ കുട്ടി സാനിയയ്ക്ക് തലയുടെ പിന്‍ഭാഗത്തും കൈവിരലുകള്‍ക്കുമാണ് വെട്ടേറ്റത്. ഇതിനിടയില്‍ മൂത്ത മകന്‍ ലൈറ്റിട്ടു.

അപ്പോഴാണ് ആക്രമണം നടത്തുന്നത് പപ്പയാണെന്ന് അവര്‍ തിരിച്ചറിഞ്ഞത്. ‘പപ്പാ എന്താണ് ഈ ചെയ്യുന്നതെ’ ന്ന് കുട്ടികള്‍ ഉച്ചത്തില്‍ ചോദിച്ചു. അതോടെ റഫീക്ക് ഇടറി. കുട്ടികളെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ മൂത്തയാളോട് പറഞ്ഞു. ഇതിനിടയില്‍ കുട്ടികള്‍ അമ്മയുടെ മുറിയിലേക്ക് ഓടി. ഈ സമയത്താണ് സ്വീകരണ മുറിയില്‍ നേരത്തെ തയ്യാറാക്കി വച്ചിരുന്ന കയറില്‍ റഫീക്ക് തൂങ്ങിയത്. കുട്ടികള്‍ പുറത്തേക്ക് വന്നപ്പോള്‍ റഫീക്ക് കയറില്‍ തൂങ്ങുന്നതാണ് കണ്ടത്.

ഉടനെ അവര്‍ അയാളെ പൊക്കാന്‍ ശ്രമിച്ചു. കുട്ടികളുടെ മുറിവില്‍ നിന്നുള്ള ചോര മുറിയില്‍ തളംകെട്ടി നിന്നിരുന്നു. ഈ രക്തത്തില്‍ തെന്നി കുട്ടികളിലൊരാള്‍ വീണു. ഇതോടെ റഫീക്കിനെ രക്ഷിക്കാനുള്ള ശ്രമം വിഫലമായെന്നും പൊലീസ് പറയുന്നു. ആത്മഹത്യാ കുറിപ്പ് ഇയാള്‍ നേരത്തെ തയ്യാറാക്കിയതാവാമെന്ന് പൊലീസ് പറയുന്നു. ആത്മഹത്യാ കുറിപ്പിനൊപ്പം വിവാഹ സര്‍ട്ടിഫിക്കറ്റും വച്ചിരുന്നെന്നും പൊലീസ് പറഞ്ഞു. മരണ ശേഷം മറ്റ് ചടങ്ങുകള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാനാകും ഇങ്ങനെ ചെയ്തതെന്ന് പൊലീസ് കരുതുന്നു.

‘ഇത്ര നല്ലൊരു ഭാര്യയെ ആര്‍ക്കും കിട്ടില്ല, അത്രയ്ക്ക് നല്ലവളാണ്…’ ഭാര്യയെ വെട്ടിക്കൊല്ലുന്നതിന് തൊട്ടു മുമ്പ് റഫീക്ക് എഴുതി വച്ച കുറിപ്പിലെ വരികളാണിത്. ഭാര്യയെയും മക്കളെയും അത്രമേല്‍ സ്‌നേഹിച്ചിരുന്നയാള്‍ തന്നെ അവരെ വെട്ടി നുറുക്കിയ സംഭവം പ്രദേശവാസികളെ ഞെട്ടിച്ചു. കൊച്ചി കരുവേലിപ്പടി രാമേശ്വരം ലെയ്‌നിലെ റഫീക്കിന്റെ വീട്ടില്‍ ചൊവ്വാഴ്ച വൈകീട്ടും ആഹ്ലാദച്ചിരികളാണുയര്‍ന്നത്. ഭാര്യക്കും മക്കള്‍ക്കും ഇഷ്ടപ്പെട്ട മസാല ദോശയുമായാണ് റഫീക്ക് വൈകീട്ട് വീട്ടിലെത്തിയത്. ഇറച്ചിക്കറിയും വാങ്ങിയിരുന്നു.

‘അവര്‍ക്കിനി മസാലദോശ കഴിക്കാനാവില്ലല്ലോ. അതുകൊണ്ട് എല്ലാവര്‍ക്കുമായി മസാലദോശ വാങ്ങി…’ കുറിപ്പില്‍ റഫീക്ക് എഴുതുന്നു. ക്രിസ്ത്യന്‍ സമുദായക്കാരിയായിരുന്നു നാസിയ. എന്നാല്‍, മതം മാറിയതിനുള്ള രേഖകള്‍ തയ്യാറാക്കിയിരുന്നു. ‘ഇനി രേഖകളില്ലാത്ത സ്ഥലത്തേക്ക് പോകുകയാണ്’ – റഫീക്ക് കുറിപ്പില്‍ പറയുന്നു.

22 വര്‍ഷം മുമ്പാണ് റഫീക്ക് നാസിയയെ വിവാഹം കഴിച്ചത്. പിന്നീട് രണ്ടുപേരുടെ വീട്ടുകാരും ഇവരോട് സഹകരിക്കുന്നുണ്ട്. എല്ലാവരോടും സ്‌നേഹത്തോടെ ഇടപെടുന്ന റഫീക്ക്, കരുവേലിപ്പടിയില്‍ ചുമട്ടുതൊഴിലാളിയും സി.പി.എം. പ്രവര്‍ത്തകനുമായിരുന്നു. ഫിഷറീസ് ഹാര്‍ബറിലും ഇടയ്ക്കിടെ റഫീക്ക് ജോലി ചെയ്തിരുന്നു. സഹോദരന്മാര്‍ക്കൊപ്പം കുടുംബ വീട്ടിലാണ് റഫീക്കും കുടുംബവും താമസിച്ചിരുന്നത്.

ഭാഗം വയ്ക്കുന്നതിനായി വീടും സ്ഥലവും അടുത്ത കാലത്താണ് വിറ്റത്. ഇതില്‍ റഫീക്കിന്റെ പങ്കായി ഏഴു ലക്ഷം രൂപ ലഭിച്ചതായി പൊലീസ് പറയുന്നു. ഇതോടൊപ്പം രണ്ട് ലക്ഷം രൂപ വായ്പ വാങ്ങിയാണ് ഇപ്പോള്‍ താമസിക്കുന്ന വീട് പണയത്തിനെടുത്തതെന്നും പൊലീസ് പറഞ്ഞു. കുടുംബ വീട് വിട്ട് വാടകവീട്ടില്‍ താമസം തുടങ്ങിയതില്‍ റഫീക്ക് അസ്വസ്ഥനായിരുന്നെന്നാണ് പൊലീസിനു ലഭിച്ച വിവരം.

രണ്ടാഴ്ചയായി കുറച്ച് ടെന്‍ഷന്‍ അദ്ദേഹത്തിനുള്ളതായി കുട്ടികള്‍ പൊലീസിനോട് പറഞ്ഞു. ഭക്ഷണം സാധാരണ പോലെ കഴിക്കാതായി. മക്കളെ വേണ്ട രീതിയില്‍ ശ്രദ്ധിക്കാതായി. കുട്ടികള്‍ക്ക് ഒരു വീട് ഉണ്ടാക്കിക്കൊടുക്കാനായില്ലെന്നും അവര്‍ക്കു വേണ്ടി ഒന്നും കരുതിവയ്ക്കാനായില്ലെന്നും റഫീക്ക് കുറിപ്പില്‍ സങ്കടപ്പെടുന്നുണ്ട്.

തന്റെ മരണ ശേഷം ഭാര്യയും മക്കളും ബുദ്ധിമുട്ടരുതെന്ന ചിന്തയിലാണ് ഇയാള്‍ എല്ലാവരെയും കൊല്ലാന്‍ തീരുമാനിച്ചതെന്നാണ് കുറിപ്പില്‍ നിന്ന് വ്യക്തമാകുന്നതെന്ന് ഫോര്‍ട്ട്‌കൊച്ചി സി.ഐ. പി. രാജ്കുമാര്‍ പറയുന്നു. എല്ലാവരും മരിക്കുന്നതായുള്ള സൂചനയാണ് കുറിപ്പിലുള്ളത്.