എന്റെ അമ്മ ഒരു ഫെമിനിസ്റ്റാണ്!!!

അമ്മ ഒരു ഫെമിനിസ്റ്റാണ്!!! എന്‍റെ അമ്മ ഫേസ്ബുക്കോ, വാട്ട്സാപ്പോ, മറ്റു സമൂഹ മാധ്യമങ്ങളൊന്നും തന്നെ ഉപയോഗിക്കാത്തൊരാളാണ്. ഇന്ന് അമ്മ എന്നോടൊരു കാര്യം ചോദിച്ചു, കേരളത്തിലെ ചില സംഭവ വികാസങ്ങളില്‍ അസ്വസ്ഥയായിട്ടാവണം, അമ്മയ്ക്ക് പറയാനുള്ള കുറച്ചു…

അമ്മ ഒരു ഫെമിനിസ്റ്റാണ്!!!

എന്‍റെ അമ്മ ഫേസ്ബുക്കോ, വാട്ട്സാപ്പോ, മറ്റു സമൂഹ മാധ്യമങ്ങളൊന്നും തന്നെ ഉപയോഗിക്കാത്തൊരാളാണ്. ഇന്ന് അമ്മ എന്നോടൊരു കാര്യം ചോദിച്ചു, കേരളത്തിലെ ചില സംഭവ വികാസങ്ങളില്‍ അസ്വസ്ഥയായിട്ടാവണം, അമ്മയ്ക്ക് പറയാനുള്ള കുറച്ചു കാര്യങ്ങള്‍ ഒരു കുറിപ്പായി ഏതെങ്കിലും ഒരു പോതുവിടത്തില്‍ ഇടാമോന്നു. ഒരു മാറ്റവും കൂടാതെ അമ്മയുടെ കുറിപ്പ് അതേപടി ഇവിടെ എഴുതുന്നു.

“പത്താംക്ലാസ് വരെ മാത്രം പഠിച്ച ഒരു സാധാരണ വീട്ടമ്മയാണ് ഞാന്‍. പക്ഷെ ഒന്നു ഞാന്‍ തീര്‍ത്തു പറയാം ആര്‍ത്തവം വിശുദ്ധമല്ല. ആര്‍ത്തവത്തിനു മുന്‍പുള്ള സ്ത്രീയുടെ ശാരീരികാവസ്ഥയാണ് വിശുദ്ധം. അടുത്ത തലമുറയെ ഉല്‍പാദിപ്പിക്കാനായി സ്ത്രീ ശരീരം തയ്യാറെടുത്തിരിക്കുന്ന സമയം. അത് നടക്കാതെ വരുമ്പോള്‍ അതിനായി തയ്യാറെടുത്തിരുന്ന ഭാഗം ശരീരത്തില്‍ നിന്ന് വേര്‍പെട്ട് നശിച്ചു അശുദ്ധ രക്തത്തോടൊപ്പം പുറത്തുപോകുന്നതാണ് ആര്‍ത്തവം. ശരീരം പുറന്തള്ളുന്നതെന്തും വിസര്‍ജ്ജ്യമാണ്.

ഈ വിസ്സര്‍ജ്ജ്യം പൊതിഞ്ഞുകെട്ടി അതിനുമുകളില്‍ ജീന്‍സും ടോപ്പുമിട്ട് വരുന്ന ഇവരെ തട്ടാതെയോ മുട്ടാതെയോ വ്രതമെടുത്തുവരുന്ന ഒരു ഭക്തനും ദര്‍ശനം നടത്താനാകില്ല. ആ ഭക്തനുണ്ടാകുന്ന മാനസികാഘാതമോ (മീ ടൂ പിന്നാലെ വരും). പമ്പയില്‍ കുളിക്കുമ്പോള്‍ ഇവരീ വിസ്സര്‍ജ്ജ്യം പൊതിഞ്ഞുകെട്ടി കൊണ്ടു വരുന്ന നാപ്കിന്‍സ് എന്തു ചെയ്യും? പമ്പയില്‍ ഉപേക്ഷിക്കുമോ? അതോ അതും പൊതിഞ്ഞു കെട്ടി ഇരുമുടികെട്ടില്‍ വയ്ക്കുമോ? അവരതും അതിലപ്പുറവും ചെയ്യും. അവര്‍ക്കിത് ഭക്തിയുടെയോ വിശ്വാസത്തിന്‍റെയോ പ്രശ്നമല്ല.

പ്രതിഷേധം മാത്രമാണ്. തുല്യതയ്ക്കു വേണ്ടിയുള്ള പ്രതിഷേധം. വിസ്സര്‍ജ്ജ്യം വിശുദ്ധമാണെന്ന് പറഞ്ഞ് തെരുവില്‍ കൊണ്ടാടുന്നവരോടും അതിനു കുടപിടിക്കുന്ന ഭരണാധികാരികളോടും ന്യായാധിപന്മാരോടും സഹതാപമാണുള്ളത്. വിസ്സര്‍ജ്ജന വ്യവസ്ഥയും പ്രത്യുല്‍പാദന വ്യവസ്ഥയും എട്ടിലോ ഒന്‍പതിലോ പഠിക്കുന്നതാണ്.

സ്ത്രീയും പുരുഷനും ദൈവത്തിന്‍റെ മുന്‍പില്‍ തുല്യരല്ല. സ്ത്രീ ശ്രേഷ്ഠയാണ്. അതുകൊണ്ടാണ് ജീവന്‍റെ തുടിപ്പിനെ ഏറ്റുവാങ്ങാനും ഒരു പോറല്‍പോലുമേല്‍പ്പിക്കാതെ ചുമന്നുനടക്കാനും നൊന്തു പ്രസവിച്ച് മുലയൂട്ടി വളര്‍ത്താനും സ്ത്രീയെ ഏല്‍പ്പിച്ചത്. ഒരു പുരുഷനും അതിനുള്ള ക്ഷമയും സഹനശക്തിയുമില്ലെന്ന് ദൈവത്തിനറിയാം. ഇനി അഥവാ ദൈവമല്ല സൃഷ്ടിച്ചതെങ്കില്‍, ശാസ്ത്രം എന്തിനീ വിവേചനം സ്ത്രീയോടുകാട്ടി?

ജീവന്‍റെ കണികയില്‍നിന്ന് കോടാനുകോടി വര്‍ഷങ്ങളിലൂടെയുള്ള മാറ്റത്തിലൂടെ ജീവി വര്‍ഗ്ഗം ഇന്നീ കാണുന്ന രൂപത്തിലെത്തി എന്ന് ശാസ്ത്രം പറയുന്നു. ഒരേ ജീവന്‍റെ കണികയില്‍ നിന്ന് ഉണ്ടായി ഒരേ ആവാസവ്യവസ്ഥയില്‍ ജീവിക്കുന്ന ജീവിവര്‍ഗ്ഗങ്ങളില്‍ എന്തിനു ആണ്‍-പെണ്‍ വ്യത്യാസം. എന്തുകൊണ്ട് എല്ലാ മനുഷ്യ ജീവികള്‍ക്കും പ്രസവിക്കാനും ഗര്‍ഭം ധരിക്കാനും കഴിയുന്നില്ല. സ്ത്രീ പുരുഷ തുല്യത വരണമെങ്കില്‍ സ്ത്രീ മൂന്നുപടി താഴ്ന്നുകൊടുക്കണം.

ഗര്‍ഭധാരണം, പ്രസവം, മുലയൂട്ടല്‍. അല്ലെങ്കില്‍ പുരുഷന്‍ ഈ മൂന്നുപടി മുകളിലേക്ക് കയറണം. അങ്ങിനെയൊരു കാലം ശാസ്ത്രമോ ദൈവമോ തന്നാല്‍ അന്ന് നമുക്കും പുരുഷനോടൊപ്പം മലകയറാം. ആര്‍ക്കും ഒരു ദ്രോഹവും ചെയ്യാതെ കാട്ടില്‍ തപസ്സു ചെയ്യുന്ന മുനിമാരുടെ ഹോമകുണ്ഡത്തില്‍ വിസ്സര്‍ജ്ജ്യങ്ങളും ചത്തമൃഗങ്ങളെയും മറ്റും കൊണ്ടിടുന്ന അസുരജന്മങ്ങളെക്കുറിച്ച് പുരാണങ്ങളില്‍ പറയുന്നുണ്ട്. വിസ്സര്‍ജ്ജ്യവും കൊണ്ട് ദേവാലയങ്ങളില്‍ പോകുന്നവരും അത്തരക്കാരാണ്.
അയ്യപ്പാ നിന്നെ നീ തന്നെ കാത്തോളണേ!”

വാല്‍ക്കഷണം: കാഴ്ചപാടുകളിലെ സമാനതകളെയും വൈരുദ്ധ്യങ്ങളെയും പൂര്‍ണമായും മാറ്റി നിര്‍ത്തികൊണ്ട് പറയട്ടെ, മേല്‍ പറഞ്ഞ ‘പത്താംക്ലാസ് വരെ മാത്രം പഠിച്ച’ (ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ചേറ്റവും സാമാന്യ വിവരമുള്ള, വായനാ ശീലമുള്ള) സ്ത്രീയാണ് എന്‍റെ ശരീരത്തിനും ജീവനും പുറമേ, ഒരു മനുഷ്യനെന്ന നിലയില്‍ എന്‍റെ വ്യക്തിത്വവും സ്വഭാവും രൂപപെടുത്തുന്നതില്‍ പ്രധാന പങ്കു വഹിച്ചതെന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു. അമ്മ സ്വന്തം കൈപ്പടയിലെഴുതിയ കുറിപ്പും ഇതോടൊപ്പം വയ്ക്കുന്നു.

കടപ്പാട് :

https://m.facebook.com/akhilkrishnanz/posts/2386389894710034