എന്‍റെ ലക്ഷ്മി അമ്മ

ചില ഓര്‍മ്മകള്‍ അങ്ങനെയാണ് ഒരിക്കലും മായില്ല അത് മരണം വരെ കൂടെ ഉണ്ടാകും അങ്ങനെ ഉള്ള ഒരു ഓര്‍മ്മ ഞാന്‍ നിങ്ങളുമായി പങ്കു വെക്കട്ടെ ഉമ്മയുടെയും ഉപ്പയുടെയും ജീവിത തിരക്കിനിടയില്‍ എനിക്ക് ലാളനയോ സ്നേഹമോ…

ചില ഓര്‍മ്മകള്‍ അങ്ങനെയാണ് ഒരിക്കലും മായില്ല അത് മരണം വരെ കൂടെ ഉണ്ടാകും അങ്ങനെ ഉള്ള ഒരു ഓര്‍മ്മ ഞാന്‍ നിങ്ങളുമായി പങ്കു വെക്കട്ടെ
ഉമ്മയുടെയും ഉപ്പയുടെയും ജീവിത തിരക്കിനിടയില്‍ എനിക്ക് ലാളനയോ സ്നേഹമോ കൂടുതല്‍ നല്‍കാന്‍ അവര്‍ക്ക് സാധിച്ചിരുന്നില്ല അതില്‍ എനിക്ക് പരിഭവമോ പരാതിയോ ഇല്ല കാരണം എന്‍റെ വീടിനു ചുറ്റും ഉള്ള വീടുകളിലെ അമ്മമാര്‍ തന്നെയാണ്, അവരാണ് എന്നെ കൂടുതല്‍ സ്നേഹിച്ചതും വളര്‍ത്തിയതും, ചെറു പ്രായത്തില്‍ അവരുടെ അടുക്കളയില്‍ കയറി എടുത്തു കഴിച്ചതുമാണ് എന്‍റെ ശരീരം, അത് കൊണ്ട് തന്നെ ഈ ശരീരം അവര്‍ക്ക് വേണ്ടി വല്ലപ്പോഴും ഉപയോഗിക്കാറും ഉണ്ട് അതില്‍ ഞാന്‍ സന്തോഷവാന്‍ ആണ് എന്നതിലപ്പുറം എനിക്ക് വേറെ ഒരു സന്തോഷവും ഇല്ല, ഈ അമ്മമാര്കിടയില്‍ എനിക്ക് ഏറെ പ്രിയപ്പെട്ട ഒരമ്മ ആയിരുന്നു എന്‍റെ ലക്ഷ്മി അമ്മ

ലക്ഷ്മി അമ്മ ,,,,എന്‍റെ വീടിനു തൊട്ട് മുപുള്ള റോഡ്‌ സൈഡില്‍ ഒരു അരയേക്കര്‍ സ്ഥലത്ത് വീട് വച്ച് താമസിക്കുന്ന ഒരു പാവം ഭ്രാന്തി, അവര്‍ ഒരിക്കലും ഒരു ഭ്രാന്തി ആയിരുന്നില്ല എന്നിട്ടും എല്ലാവരും ലക്ഷ്മിയെ അങ്ങനെ വിളിച്ചു നാല് മക്കള്‍ രണ്ട് ആണും രണ്ട് പെണ്ണും ഭര്‍ത്താവ് കടത്തില്‍ പെട്ട് സ്വയം ജീവന്‍ ഒടുക്കുമ്പോള്‍ ലക്ഷ്മി അമ്മക്ക് വയസു നാല്പതില്‍ താഴെ അന്ന് ഞാന്‍ ഒരു എട്ടും പൊട്ടു തിരിയാത്ത ഒരു കുട്ടി
ഞാന്‍ വളര്‍ന്നു എന്നോടൊപ്പം ലക്ഷ്മി അമ്മയുടെ വയസ്സും വളര്‍ന്നു മൂത്തത് ഒരു മകന്‍ അവനു അടി പിടിയും തമ്മില്‍ തല്ലും കേസും കൂടിയപ്പോള്‍ നാട്ടുകാര്‍ അവനെ തെമ്മാടി എന്ന് നാമകരണം ചെയ്തു വീട്ടില്‍ എന്നും ബഹളം പെങ്ങന്മാരെ എടുത്തിട്ട് ഇടിക്കും വീട്ടിലെ സാധന സമഗ്രഗികള്‍ തല്ലി തകര്‍ക്കുക അവന്റെ ഒരു ഹോബി പിന്നെ രണ്ടു പെങ്ങന്മാര്‍ രണ്ടു ഒന്നിന് ഒന്ന് മെച്ചം വായാടികള്‍ വീട്ടില്‍ ഇരുത്തം കൊള്ളാത്ത ജന്മങ്ങള്‍
ലക്ഷ്മി അമ്മയ്ക്ക് എന്ന് ആശ്രയം ഞങ്ങളുടെ വീട് ആയിരുന്നു എന്നും രാത്രി വീട്ടില്‍ വരും ഉമ്മയുമായി ദീര്‍ഘനേരം സംസാരിക്കും അവരുടെ താളം പിഴച്ചു പോയ ജീവിതം ഒരു ഏറ്റു പറച്ചില്‍ പോലെ പിന്നെ ഒരു കരച്ചില്‍ ആയിരിക്കും കരഞ്ഞു കരഞ്ഞു തളര്‍ന്ന ദിനങ്ങള്‍ എത്രയോ കടന്നു പോയിട്ടുണ്ട് എന്നിലൂടെ വയറു നിറച്ച ആഹാരം കൊടുത്ത ശേഷം മാത്രമാണ് എന്നോട് ഉമ്മയുടെ കല്പന ഉണ്ടാകുക ,നാച്ചി ലക്ഷ്മി അമ്മയെ വീട്ടില്‍ കൊണ്ടാക്കി വാ ..ആ അമ്മയുടെ കൈയും പിടിച്ചു കൊണ്ട് ഞാന്‍ നടക്കും റോഡിനപ്പുറം ഉള്ള അവരുടെ ആ ഭവനത്തിലേക്ക്‌ ,എന്‍റെ മനസില്‍ അന്നും ഇന്നും ആ ഓര്‍മ്മകള്‍ ഒരു വിങ്ങല്‍ ആയി ഇന്നും തുടരുന്നത് എന്നത് ഒരു നന്ഗ്ന സത്യം മാത്രം
ദിനങ്ങള്‍ കൊഴിഞ്ഞു കൊണ്ടേ ഇരുന്നു ,,നാഴിക ചക്രങ്ങള്‍ക്ക് തീ പിടിച്ച പോലെ കറങ്ങാന്‍ തുടങ്ങി മൂത്ത മകന്‍ ഇരിക്കുമ്പോള്‍ രണ്ടാമത്തെ മകളുടെ കല്യാണം കഴിഞ്ഞു അവള്‍ക്കു ഇഷ്ടപെട്ട ഒരുത്തന്‍റെ കൂടെ ഒരു ഒളിച്ചോട്ടം എന്ന് പറയാം ..ആ അമ്മ തളര്‍ന്നില്ല ,അവരെ വിളിച്ചു കൊണ്ട് വന്നു കല്യാണം കഴിപ്പിച്ചു കൊടുത്തു അരയേക്കര്‍ കാല്‍ ആയി മാറി
വീണ്ടും ജീവിതപാതയിലേക്ക് ,മൂത്തമകന് കള്ള് കുടിക്കാനും കഞ്ചാവ് വലിക്കാനും പറമ്പിലെ തേങ്ങയും കശുവണ്ടിയും തുണയായപ്പോള്‍
ഇളയ രണ്ട് വയര്‍ നിറക്കാന്‍ ആ അമ്മ പിന്നെയും കഷ്ടപെടെണ്ടി വന്നു ഒരു ഉന്ത് വണ്ടി വലിച്ചു കൊണ്ടുപോകുമ്പോള്‍ പുറകില്‍ നിന്നും ഒരു തള്ള് തളളാന്‍ മക്കള്‍ കൈ മറച്ചു പിടിച്ചു
ഒരു നാള്‍ ഒരു ആംബുലന്‍സ് മുറ്റം അടുപ്പിച്ചുള്ള റോഡില്‍ വന്നു നിന്നപ്പോള്‍ ആ അമ്മയും മുറ്റത്ത്‌ വന്നു നോക്കി ആരാ എന്ന പോലെ
വണ്ടിയില്‍ നിന്നും ആ ചേതനയറ്റ ശരീരം വലിച്ചു പുറത്തു എടുക്കുമ്പോള്‍ ആ അമ്മ അറിഞ്ഞിരുന്നില്ല അത് സ്വന്തം നൊന്ത് പെറ്റ തന്‍റെ ചോര ആകുമെന്ന് ,,,കൂക്കിയും ബഹളവും അട്ടഹാസവും കൂട്ട കരച്ചിലും എന്‍റെ വീടിന്‍റെ ഉമ്മറത്ത്‌ നിന്നും കേള്‍ക്കുമ്പോള്‍ ഞാന്‍ സ്വയം വിശ്വസിക്കാന്‍ ശ്രമിക്കുകയായിരുന്നു ഇന്ന് ആ വെള്ള തുണിയില്‍ പൊതിഞ്ഞു കൊണ്ട് വന്നത് എന്‍റെ കളികൂട്ടുകാരനെ ആയിരുന്നു എന്ന സത്യം ലക്ഷ്മി അമ്മയ്ക്ക് ഒരു ചോര കൂടി നഷ്ടപെട്ടിരിക്കുന്നു ടൌണില്‍ എന്തോ സാധനം വാങ്ങാന്‍ പോയ എന്‍റെ കളികൂട്ടുകാരന് മുകളില്‍ മരണം ഒരു മിന്നല്‍ രൂപത്തില്‍ വന്നു എന്നാണ് അറിയാന്‍ കഴിഞ്ഞത് ഇളയകുട്ടി ആണ് മരിച്ചത് ആ മൂത്ത സന്ധാനം ആണ് പോയതെങ്കില്‍ ഒരു കുഴപ്പവും ഇല്ല എന്ന് എന്‍റെ മനസ്സില്‍ തോന്നി …അത്രയ്ക്ക് തോന്ന്യാസി ആണ് മൂത്തവന്‍
ലക്ഷ്മി അമ്മയ്ക്ക് ഇപ്പോള്‍ ആ പഴയ പ്രസരിപ്പ് ഇല്ല കണ്ണുകള്‍ കുഴിഞ്ഞു കൊണ്ടിരിക്കുന്നു ശരീരം വലിയാതെ ആയിരിക്കുന്നു മരുന്നും മന്ത്രവുമായി ദിനരാത്രങ്ങള്‍ കഴിഞു കൂടുന്നു ഇതിനിടയില്‍ രണ്ടാമത്തെ പെണ്ണിനും ഒരു ആലോചന വന്നിരിക്കുന്നു പെണ്ണ് കുറച്ചു അഴക്‌ ഉള്ളത് കൊണ്ട് മറ്റുള്ളവരുടെ കഴിവും കഴിവ്കേടും ശ്രദ്ധിക്കാന്‍ വരന്‍ ആകാന്‍ പോകുന്ന ചെക്കന്‍ ശ്രദ്ധിച്ചില്ല
പക്ഷെ അവരുടെ കണ്ണ് ആ പറമ്പില്‍ ആയിരുന്നു ഇരുപത്തി അഞ്ചു സെന്‍റ് സ്ഥലത്തില്‍ നല്ല വിളവ് ഉള്ളത് കൊണ്ട് തന്നെ ആയിരിക്കണം എന്ന് എനിക്ക് ഇന്നും തോന്നുന്നത് .അങ്ങനെ ആ കല്യാണവും അല്ലല്‍ ഇല്ലാതെ നടന്നു എന്‍റെ ഉപ്പയും നാട്ടുകാരും കൂടി അത് നടത്തി കൊടുത്തു സന്തോഷം മനസിന്‌ അല്ലാതെ എന്ത്

ദിനരാത്രങ്ങള്‍ വീണ്ടും കൊഴിയുകയാണ് എന്നും നഷ്ടങ്ങള്‍ മാത്രം സഹിച്ച ആ അമ്മയും ജീവിക്കുന്നു എപ്പോഴും സങ്കടകടല്‍ ആയ ആ അമ്മയുടെ മനസിന്‌ ഇത്തിരിയെങ്കിലും ആശ്വാസം എന്ന നിലയില്‍ ഒരു സന്തോഷം പൊട്ടി മുളച്ചു മൂത്ത മകള്‍ പ്രസവിച്ചിരിക്കുന്നു ,പെണ്‍കുട്ടി ആണ് ആ കുട്ടിയേയും കൊണ്ട് ലക്ഷ്മി അമ്മ വീട്ടില്‍ വരും കളിതമാശക്ക് ഞാനും ഒപ്പം കൂടും അപ്പോഴുള്ള ആ അമ്മയുടെ മനസ്സിലെ സന്തോഷത്തിനു ഞാനും ഒരു കാരണമാണല്ലോ എന്ന് ഓര്‍ത്ത് ഈ വരി എഴുതുമ്പോഴും ഒരു പിടി കണ്ണുനീര്‍ തുള്ളി പൊടിഞ്ഞിരിക്കുന്നു (ഒന്ന് തുടക്കട്ടെ )

ഒരു വൈകുന്നേരം ആറുമണി ആയിക്കാണും ആ വീട്ടില്‍ വലിയ ഒച്ചപ്പാട് എന്താണ് എന്ന് അറിയാന്‍ ഞാനും ഉമ്മയും ഓടി അവിടെ എത്തിയപ്പോഴേക്കും വലിയ ഗുലുമാല്‍ തന്നെ കള്ള് കുടിച്ചു വന്ന മൂത്ത സന്തതി അവന്‍റെ ഇളയവളുടെ ഭര്‍ത്താവിനെ എന്തോ ഒന്നും രണ്ടും പറഞ്ഞു വഴക്കായി, വഴക്ക് മൂത്തപ്പോള്‍ തല്ലായി തല്ലിനിടയില്‍ മൂത്ത പെങ്ങള്‍ അവന്‍റെ തലമണ്ടക്ക് വിറകു കൊള്ളി കൊണ്ട് ഒന്ന് കൊടുത്തത്രേ .തലപൊട്ടി ചോരയൊലിപ്പിച്ചു നില്‍ക്കുന്ന മൂത്തവനെ ഞാനും എന്‍റെ മറ്റൊരു കൂട്ടുകാരനും കൂടി ആശുപത്രിയില്‍ കൊണ്ട് പോയി
തല തുന്നി കെട്ടി പുറത്ത് ഇറങ്ങിയപ്പോള്‍ തന്നെ അവന്‍ വേറൊരു ഓട്ടോയില്‍ മദ്യത്തിനു വേണ്ടി ബാറിലേക്ക് പോയി ഞങ്ങള്‍ രണ്ട് പേരും തിരിച്ചു വീട്ടിലേക്കും.
പിന്നെയും ആ അമ്മയ്ക്ക് പരീക്ഷണങ്ങള്‍ തന്നെ ആയിരുന്നു ഒരുക്കി വച്ചത്
രണ്ട് ദിവസം കൂടി കഴിഞ്ഞപ്പോള്‍ വീണ്ടും ഒരു വെള്ള വണ്ടി വീടിനു മുമ്പില്‍ എല്ലാം പഴയപോലെ മൂത്തവനും പരലോകത്തേക്കു പോയിരിക്കുന്നു ബ്രാണ്ടിയില്‍ വിഷം ചേര്‍ത്ത് കഴിച്ചായിരുന്നു മരണമത്രേ ,പക്ഷെ അവനു വേണ്ടി നിലവിളിക്കാന്‍ ആരും ഉണ്ടായില്ല ആ അമ്മ അല്ലാതെ അന്ന് അവന്‍റെ ശരീരത്തിന് മുന്‍പില്‍ ആ അമ്മയുടെ നിര്‍ജീവമായ അവസ്ഥയെ ഞാന്‍ എങ്ങനെയാണു നിങ്ങള്‍ക്ക് പറഞ്ഞു തരേണ്ടത്‌
മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ പെണ്മക്കള്‍ വന്നു വീട്ടില്‍ അവരവരുടെ ഭാഗം അവര്‍ക്ക് വീതം വച്ച് നല്‍കാന്‍ വേണ്ടി അവര്‍ ഒക്കത്ത് ഓരോ കുഞ്ഞുങ്ങളുമായി (തികച്ചും ന്യായമായത് )വീതം നടന്നു അപ്പോഴും ഒരു ചോദ്യം ബാക്കി ആ അമ്മ എവിടെ കിടക്കും ?എന്ത് കഴിക്കും?മക്കള്‍ രണ്ടും രണ്ട് തരത്തില്‍ ആയതു കൊണ്ടും ഒന്നിന് മറ്റൊന്നിനേക്കാള്‍ വാശി ഉള്ളത് കൊണ്ടും ആ അമ്മയ്ക്ക് കിടക്കാന്‍ ഒരിടം ഇല്ലാതെ പോയി .ഒടുവില്‍ മക്കളുടെ ഭാഗത്തുള്ള വാദം അമ്മയെ ഏതെങ്കിലും അനാഥാലയത്തില്‍ ആക്കാം എന്നായിരുന്നു ഇടയ്ക്കു ഇടയ്ക്കു ഞങ്ങള്‍ പോയി നോക്കുമല്ലോ ,,ഒരു മകളുടെ വാക്ക് ,എന്നെ വല്ലാതെ തളര്‍ത്തി കളഞ്ഞു,
പറ്റില്ല പറ്റില്ല എന്ന് എന്‍റെ ഉപ്പ ആ മക്കളോട് പറഞ്ഞപ്പോള്‍ മക്കളുടെ നിറം മാറുന്നത് എനിക്ക് കാണാന്‍ സാധിച്ചു ഉപ്പയുടെ വാദം ഇങ്ങനെ ആയിരുന്നു തല്‍ക്കാലം അമ്മ നിങ്ങളില്‍ ഒരാളുടെ വീട്ടില്‍ നില്‍ക്കട്ടെ രണ്ട് മൂന്നു മാസം കഴിഞ്ഞിട്ട് ചെറിയ മകളുടെ അടുത്തും നില്‍ക്കട്ടെ അങ്ങനെ അങ്ങനെ മാറി മാറി അമ്മയെ നിങ്ങള്‍ നോക്ക് ..അത് ആ മക്കള്‍ക്ക്‌ സമ്മതം ആണ് എന്ന് എനിക്ക് തോന്നി പക്ഷെ അവരുടെ ഭര്‍ത്താക്കന്മാര്‍ ഒരു തടസമായി മാറി ,,ചര്‍ച്ച അവിടെ നിന്നു .മക്കള്‍ രണ്ട് പേരും രണ്ട് വഴിക്ക് പിരിഞ്ഞു ആ വീതം നടന്ന വീട്ടില്‍ ലക്ഷ്മി അമ്മ തനിച്ചായി

വീട്ടില്‍ ഇത് തന്നെ സംസാരം ഇതിനിടയില്‍ ഉപ്പ ഉമ്മയോടായി ആ സ്ഥലം നമുക്ക് വാങ്ങിയാലോ തല്‍കാലം ലക്ഷ്മി അമ്മക്ക് തലചായ്ക്കാന്‍ വേറെ ഒരിടം നോക്കണ്ടല്ലോ ആ ഉപ്പയുടെ മനസു അന്നാണ് ഞാന്‍ അറിഞ്ഞത് ,എന്‍റെ ഉപ്പയെ ഒരുപാട് ഉമ്മകള്‍ കൊണ്ട് ഞാന്‍ മൂടിയിരുന്നു ആ രാത്രി ,
പിറ്റേന്ന് തന്നെ കാര്യം മക്കളോട് അവതരിപ്പിച്ചു മക്കള്‍ നോക്കാം എന്നും പറഞ്ഞു പോയി അന്ന് മുതല്‍ ഞാന്‍ ആണ് ലക്ഷ്മി അമ്മയ്ക്ക് കൂട്ട് കിടക്കാന്‍ പോകാര്. ‍ വീട്ടില്‍ നിന്നും ഉമ്മ തരുന്ന ചോറും കറിയും ഒരു ടിപ്പിയില്‍ ആക്കി പുതപ്പും എടുത്തു കൊണ്ട് ഞാന്‍ ലക്ഷ്മി അമ്മയുടെ വീട് ലക്ഷ്യമാക്കി നീങ്ങും എല്ലാ രാത്രിയും
ആഴ്ചകള്‍ കഴിഞ്ഞപ്പോള്‍ ഞാന്‍ ആ അമ്മയുടെ ശരിക്കും മകന്‍ ആയി മാറി എന്ന് തോന്നി പോയി ,ഒരു ദിവസം അമ്മയെ കാണാന്‍ മൂത്ത മകള്‍ എത്തിയപ്പോള്‍ വീട്ടില്‍ വന്നു .അവരുടെ സ്ഥലകാര്യങ്ങള്‍ സംസാരിക്കാന്‍ ആയിരുന്നു ഇളയ മകള്‍ സമ്മതിച്ചില്ല മൂത്ത മകളുടെ ഓഹരിയാണ് വില്‍ക്കുന്നത് വീടും പുരയിടവും കൂടി ഇര്പതി അഞ്ചു സെന്‍റ് സ്ഥലം എന്‍റെ ഉപ്പ സെന്റിന് ആറായിരം രൂപ വച്ച് കൊടുത്തു പിന്നെയും രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ പണവും വാങ്ങി ആധാരവും രേഖയും തയാര്‍ ആക്കി ഉപ്പയെ ഏല്‍പ്പിച്ചു എന്‍റെ ഉപ്പ അതില്‍ അഞ്ചു സെന്റ്‌ സ്ഥലം വീടുള്ളത് (ലക്ഷ്മി അമ്മയുടെ പേരില്‍ എഴുതി കൊടുത്തു )എന്‍റെ മനസും നിറഞ്ഞു ഉപ്പയ്ക്കും ഉമ്മയ്ക്കും )കാരണം അത്രയ്ക്ക് ഒരു ബന്ധം ആയിരുന്നു ഞങ്ങളും ലക്ഷ്മി അമ്മയുമായി )ആ അമ്മയ്ക്കും സന്തോഷം ,
ഞാന്‍ ലക്ഷ്മി അമ്മയുടെ വീട്ടിലെ സ്ഥിരം താമസകാരന്‍ ആയി മാറി തീറ്റിയും കുടിയും വീട്ടില്‍ നിന്നും ഉറക്കം ലക്ഷ്മി അമ്മയുടെ വീട്ടിലും ഒരു കാവല്‍കാരനെ പോലെ റേഷന്‍ കടയില്‍ പോയി അരി വാങ്ങി കൊടുക്കലും കടയില്‍ പോയി സാധങ്ങള്‍ വാങ്ങി കൊടുക്കലും എല്ലാം ഞാന്‍ എനിക്ക് അതില്‍ ഒരു വിഷമമോ ദേഷ്യമോ തോന്നിയിട്ടില്ല ഒരിക്കലും ,

കലണ്ടറിലെ മാസങ്ങള്‍ മറിഞ്ഞു കൊണ്ടേ ഇരുന്നു ലക്ഷ്മി അമ്മയ്ക്ക് ഇന്ന് പ്രായം അമ്പതു കഴിഞ്ഞിരിക്കും എന്‍റെ ഒരു ഊഹം ആണ്
കേട്ടോ
ഒരു ഞായര്‍ ആണ് എന്ന് തോന്നുന്നു ഞാന്‍ അമ്മയുടെ വീട്ടില്‍ പോയി ഒരു പത്തു മണി സമയം ആയികാണും വീടിന്‍റെ അടുത്ത് എത്തിയപ്പോള്‍ വീട് അടച്ചിട്ടിരിക്കുന്നു ഞാന്‍ ഒരു വിളി വിളിച്ചു ലക്ഷ്മി അമ്മെ ,,പിന്നെ ഞാന്‍ ഉമ്മയോടായി റോഡിന്റെ സൈഡില്‍ നിന്നും കുറച്ചു മാറി ഉമ്മയോട് വിളിച്ചു ചോദിച്ചു ഉമ്മാ ..ഉമ്മാ അമ്മേനെ ഇവിടെ കാണാന്‍ ഇല്ലല്ലോ അവിടെ ഉണ്ടോ ,,ഇങ്ങോട്ട് വന്നിട്ടില്ല എന്നായിരുന്നു ഉമ്മയുടെ മറുപടി .ഞാന്‍ വീടിനു ചുറ്റും നടന്നു അടുക്കള ഭാഗം എത്തിയപ്പോള്‍ ഞാന്‍ ഒന്ന് നിന്നു ചെരിപ്പ് അവിടെ കാണുന്നു എവിടെ പോകാന്‍ ഞാന്‍ പറമ്പിലേക്ക് നോക്കി ഉച്ചത്തില്‍ വിളിച്ചു ലക്ഷ്മി അമ്മെ ഇത് എവിടെയാ പോയി കിടക്കുന്നത്
എന്നിട്ടും ആ പരിസരം മുഴുവന്‍ അരിച്ചു പെറുക്കി കണ്ടില്ല ….ചുറ്റി കറങ്ങി ഞാന്‍ വീടിന്‍റെ സൈഡില്‍ മരത്തിന്റെ ജനാല ഒന്ന് തുറന്നെതെ ഉള്ളൂ ,,,എന്‍റെ തല പെരുത്ത്‌ പോയി ..ഒരു മുഴം കയറില്‍ തൂങ്ങിയാടുന്ന ലക്ഷ്മി അമ്മയെ ആണ് ഞാന്‍ കണ്ടത് എന്‍റെ നിലവിളി ആ ഗ്രാമം മുഴുവന്‍ കേട്ട് .ഉപ്പ ഓടി വന്നു അയല്‍ക്കാരെല്ലാരും ഓടി വന്നു ,,ആരൊക്കെയോ കൂടി വാതില്‍ ചവിട്ടി പൊളിച്ചു അകത്തു കയറി,,അപോഴെക്കും എന്‍റെ ബോധം പോയി …
അകത്തെ മുറിയിലെ കരച്ചില്‍ കേട്ട് കൊണ്ടാണ് എനിക്ക് സ്ഥലകാല ബോധം ഉണ്ടായത് അപ്പോള്‍ ഞാന്‍ കാണുന്ന കാഴ്ച മുറിയില്‍ ഞാന്‍ ഏറ്റവും സ്നേഹിച്ച എന്‍റെ ലക്ഷ്മി അമ്മയെ ഒരു വെള്ള തുണിയില്‍ പൊതിഞ്ഞു കൊണ്ട് കിടത്തിയിരിക്കുന്നു ഒരു ഓലപായയില്‍ ഒന്ന് ശക്തമായി നിലവിളിക്കാന്‍ പോലും ആകാതെ ഞാന്‍ കുറച്ചു മാറി നിന്നു എല്ലാം മനസ്സില്‍ ഒളിപ്പിച്ചു കൊണ്ട്
മയ്യത് കാണാന്‍ ആളുകള്‍ ഓരോന്നായി വന്നും പോയും ഇരിക്കുന്നു അകത്തു നിന്നും മക്കളുടെ നിലവിളി (ജീവിച്ചിരിക്കുമ്പോള്‍ ഒരിറ്റു സ്നേഹം കൊടുക്കാത്ത ശവങ്ങള്‍ ആണ് ഇപ്പോള്‍ നിലവിളിക്കുന്നത് ,ഫൂ )ആളുകളുടെ വരവ് കുറഞ്ഞിരിക്കുന്നു മയ്യത്ത് എടുക്കണം ദഹിപ്പിക്കണം ഇതൊക്കെയാണ് അടുത്ത പരിപാടി …ഇളയ മകളുടെ ഭര്‍ത്താവ് എന്‍റെ അടുത്ത് നിന്നു കൊണ്ട് പറഞ്ഞു നാച്ചി വണ്ടി എടുത്തു വാ കുറച്ചു ചിരട്ടയും ചേരിയും നീ കല്ലൂരില്‍ പോയി എടുക്കണം പിന്നെ കുറച്ചു രാമച്ചവും ഒരു ചന്ദന മുട്ടിയും അങ്ങനെ അങ്ങനെ കുറച്ചു സാധനങ്ങള്‍ ആദ്യം ഞാന്‍ ഒന്ന് മടിച്ചു പിന്നെ എന്‍റെ മനസ് പറഞ്ഞു പോകണം എന്‍റെ ലക്ഷ്മി അമ്മയ്ക്ക് ചെയ്യാന്‍ പറ്റുന്ന അവസാന സഹായം അത് ചെയ്തേ മതിയാകൂ
ജീപ്പ് എടുത്തു കൊണ്ട് ഞാന്‍ കല്ലൂരെക്ക് ഓടിച്ചു പോയി ഡ്രൈവ് ചെയ്യുമ്പോഴും ആ മുഖം മനസ്സില്‍ ഒരുപാട് ഓര്‍മ്മകള്‍ തന്നു
പനിയായി കിടന്നപ്പോള്‍ എനിക്ക് ആശുപത്രിയില്‍ ഒരൂ അമ്മയുടെ സ്ഥാനത് നിന്ന് കൊണ്ട് ചെയ്ത സഹായം ..കഞ്ഞി സ്പൂണില്‍ ആക്കി വായിലേക്ക് നല്‍കുകയും വറ്റുകള്‍ സാരി തലപ്പ്‌ കൊണ്ട് തുടച്ചതും, ചെറുപ്രായത്തില്‍ എന്‍റെ ശരീരത്തില്‍ നിറയെ ചൊറി വന്നപ്പോള്‍ മരുന്ന് പുരട്ടി നല്കിയതും എങ്ങനെ ഒരുപാട് ഓര്‍മ്മകള്‍ ഒരു കിലോമീറ്റര്‍ ഡ്രൈവ് ചെയ്തപ്പോഴേക്കും എന്‍റെ മനസില്‍ ഒരു തിരമാല കണക്കെ അടിച്ചു കയറി കണ്ണുനീര്‍ കൊണ്ട് എന്‍റെ മുഖം അകെ നിറഞ്ഞിരുന്നു ആ സമയം ..
ചേരിയും ചിരട്ടയും കൊണ്ട് തിരിച്ചു വന്നു ഇറക്കി വക്കുന്നതിനു മുന്പ് ,അനിയത്തിയുടെ ഭര്‍ത്താവുമായി സംസാരിച്ചു.എവിടെയാ അടക്കം ചെയ്യുന്നത് ? എന്തെങ്കിലും തീരുമാനിച്ചോ?ആ തീരുമാനിച്ചു അടുക്കള വശം കുറച്ചു മാറി അദ്ദേഹം വാക്കുകള്‍ മുഴപ്പിച്ചില്ല..
ഉപ്പ എന്ത് പറഞ്ഞു? വീണ്ടും ചോദിച്ചു .”അങ്ങനെ തന്നെ ചെയ്യാന്‍ പറഞ്ഞു ”

ലക്ഷ്മി അമ്മയ്ക്കുള്ള കിടപ്പറ ഉരുങ്ങി കൊണ്ടിരിക്കുന്നു ജീവിതത്തില്‍ നേരിട്ട സഹിഷ്ണുതയും യാതനയും കൂടെ ആ ശരീരവും ഈ ഭൂമിയില്‍ നിദ്രപൂകും ആത്മാവോ ?അലയുമോ അതോ ശാന്തി എന്നൊരു സാധനം കിട്ടുമോ മനസ്സ് വീണ്ടും ഉലഞ്ഞു കൊണ്ടേയിരുന്നു ജീവിതത്തില്‍ അങ്ങനെ ആയിരുന്നല്ലോ ശാന്തി അത് ഒരു കിട്ടാകനിയായിരുന്നല്ലോ ,
മണ്ണ് ഒരുങ്ങി ഇരിക്കുന്നു മയ്യത് എടുക്കുമ്പോള്‍ ഏതാണ്ട് ഏഴു മണി എട്ടു മണി ആയിക്കാണും അവസാന യാത്രക്കുള്ള ഒരുക്കം നടത്തുമ്പോള്‍ ആ വീട്ടില്‍ കൂട്ട കരച്ചില്‍ വീണ്ടും ഉയര്‍ന്നു,ചിത ഒരുങ്ങി ഇനി ഞാനും കൂടെ മറ്റുള്ളവരും കൂടി മയ്യത് എടുത്തു കൊണ്ട് വന്നു ചിതയില്‍ വച്ചു മനസില്‍ നിറയെ സങ്കട കടല്‍ ഒഴുകി കൊണ്ടേ ഇരുന്നു തീ ആളി കത്തുകയാണ്‌ പുക പടലങ്ങള്‍ മുകളിലേക്ക് മറഞ്ഞു കൊണ്ടിരുന്നു.ആളുകള്‍ അവിടെ നിന്നും ഒഴിഞ്ഞു കൊണ്ട് ഇരിക്കുന്നു,വീട് ശോക മൂകമായിരിക്കുന്നു അവിടെയും ഇവിടെയുമായി ഒന്ന് രണ്ട ആളുകള്‍ സംസാരിക്കുന്നു മക്കള്‍ അകത്താണ് ഇളയ മകളുടെ ഭര്‍ത്താവും ഞാനും റോഡിനു മുന്‍പില്‍ ഉള്ള ബസ്‌ സ്റ്റോപ്പില്‍ ഇരുന്നു കൂടുതല്‍ ഒന്നും സംസാരിച്ചില്ല സംസാരിക്കാന്‍ തോന്നിയില്ല എന്നതാണ് സത്യം .സമയം ഇഴഞ്ഞു കൊണ്ടേ ഇരുന്നു ഇതിനിടയില്‍ ഉപ്പ വിളിക്കാന്‍ വന്നു എന്താ ഇവിടെ വന്നു കിടക്കൂ ..ഞാന്‍ വരാം എന്ന് പറഞ്ഞു കൊണ്ട് ഉപ്പയെ തിരിച്ചയച്ചു സമയം നീങ്ങി കൊണ്ടിരുന്നു ഒരു രണ്ട്‌ മണി ആയിക്കാണും ,ഞാന്‍ മകളുടെ ഭര്‍താവിനോടായി നമുക്ക് ഒന്ന് പോയി നോക്കിയാലോ അവിടെ വരെ .എവിടെ വരെ .അല്ല ലക്ഷ്മി അമ്മയെ അടക്കിയില്ലേ അവിടെ വരെ
വേണ്ട ചിത കത്തി തീര്‍ന്നു കാണും മറുപടി ആ വാക്കില്‍ ഒതുങ്ങി ,വാ ഒന്ന് നോക്കിയിട്ടുവരാം വെറുതെ ,അത് അദ്ദേഹം അന്ഗീകരിക്കുകയും ചെയ്തു , ഞങ്ങള്‍ രണ്ടു പേരും കൂടി ബസ്‌ സ്റ്റോപ്പില്‍ നിന്നും എഴുന്നേറ്റു മെല്ലെ അവിടേക്ക് സാവധാനം നടന്നു
ദൂരെ നിന്നും കാണാം കത്തിയ ചിതയുടെ കനല്‍കൂടുകള്‍ എന്തോ അവിടെയെത്താന്‍ വല്ലാത്ത ഒരു ആര്‍ത്തി തോന്നി എനിക്ക് നടത്തത്തിനു വേഗതകൂടുകയും ചെയ്തു കത്തിയ ശരീരത്തിന്‍റെ ഇറച്ചികള്‍ വെന്ത ഒരു മണം എന്‍റെ നാസിക വലിച്ചെടുത്തു , അടുത്ത് വരുന്ന കനലുകള്‍
ഞാന്‍ ആ ചിതയുടെ അടുത്തെത്തി ഒരു നിശ്വാസം എന്നില്‍ നിന്നും അടര്‍ന്നു വീണു വലിയ ഒരു വേദനയുടെ അന്ത്യം അതാണ് ആദ്യം എനിക്ക് മനസിലേക്ക് വന്നത് ആ ചിതയില്‍ നിന്നും ഒരു തേങ്ങല്‍ കേള്‍ക്കുന്നപോലെ ഒരു തോന്നലും ,ഞങ്ങള്‍ രണ്ടുപേരും കൂടി ചിതക്ക്‌ ചുറ്റും ഒന്ന് നടന്നു .അപ്പോഴാണ് ഞാന്‍ ആ രംഗം കാണുന്നത്
തലയുടെ ഒരു ഭാഗത്ത്‌ കൂടി നെയ്‌ പോലുള്ള ഒരു ദ്രാവകം തലയോട്ടി കാണാം കത്തിയ തലയുടെ അര ശരിക്ക് കത്തിയില്ല ,,പടച്ചോനെ എന്തായിത് ഇങ്ങനെ സംഭവിക്കാന്‍ പാടില്ലല്ലോ ..ഞാന്‍ ഇത്തിരി വെപ്രാളത്തോടെ മകളുടെ ഭര്‍ത്താവിനോട് കാര്യം പറഞ്ഞു അദ്ദേഹവും നോക്കിയിട്ട് പറഞ്ഞു എടാ നാച്ചി തലഭാഗം കത്തിയില്ല ഇനി എന്ത് ചെയ്യും ഇത് ഇവടെ ഇങ്ങനെ ഇട്ട് പോയാല്‍ വല്ല കുറുക്കനോ പട്ടിയോ കടിച്ചു കൊണ്ട് പോകും എന്താ ചെയ്ക അദേഹത്തിന്റെ ആ വാക്കുകളില്‍ വല്ലാത്ത ഒരു വിളര്‍ച്ച തോന്നി ,ഞാന്‍ ചുറ്റുപാടും നോക്കിയിട്ട് പറഞ്ഞു ഒരു കാര്യം ചെയ് നിങ്ങള്‍ ആ കാണുന്ന ശ്രീധരന്‍ ചേട്ടന്‍റെ കടയില്‍ നിന്നും കുറച്ചു വിറകു എടുതുവാ ,ദൂരെ കാണുന്ന ആ ചായകട ചൂണ്ടി ഞാന്‍ പറഞ്ഞു ,ശരി ഞാന്‍ വേഗം എടുത്തിട്ട് വരാം നീ ഇവിടെ നില്ല് അങനെ ഞാന്‍ ആ ചിതക്ക്‌ കാവലായി.ചിതകുഴിയുടെ പുറത്തു തള്ളി കിടന്ന തലഭാഗം ഞാന്‍ അടുത്തുള്ള ഒരു കപ്പ കൊള്ളിയുടെ സഹായത്തോടെ മെല്ലെ കുഴിയിലേക്ക് തന്നെ ഒതുക്കി വച്ച് കനലുകള്‍ എല്ലാം താഴെ കിടന്നിരുന്ന മുറത്തില്‍ രണ്ടു ചിരട്ട കഷ്ണത്തില്‍ വാരി തലഭാഗത്ത്‌ കൊണ്ടിട്ടു അപ്പുറവും ഇപ്പുറവും കിടന്നിരുന്ന ചേരിയും ചിരട്ടയും തലഭാഗത്ത് ഒരു ചിത പോലെയാക്കി ഭാക്കി ഭാഗമെല്ലാം വെണീര്‍ ആയിരിക്കുന്നു,ചിലപ്പോള്‍ ഈശ്വരനിശ്ചയം ആയിരിക്കും ഇങ്ങനെ ഒരു ചിത ഒരുക്കാന്‍ അത് കത്തിക്കാന്‍ ഉള്ള ഭാഗ്യം തന്നത് ,ഒരു മകന്റെ സ്ഥാനമായിരുന്നില്ലേ എനിക്ക് ആ അമ്മയുടെ മനസ്സില്‍.ഞാന്‍ കൈകള്‍ കൂപ്പി ആ ദേഹത്തോട് പറഞ്ഞു തെറ്റാണെങ്കില്‍ ക്ഷമിക്കുക ഒരിക്കലും ആത്മാവ് വേദനിക്കില്ല എന്ന് അറിയാം എന്നാലും ഇങ്ങനെ ചെയ്യാന്‍ പാടുണ്ടോ എന്ന് അറിയില്ല .ക്ഷമിക്കുക ഈ മകനോട്‌ ക്ഷമിക്കുക ..കണ്ണില്‍ നിന്നും ഒരു കണീര്‍പ്പുഴ തന്നെ ഒഴുകി ,ആ മനസ് എനിക്ക് അറിയാം എന്നേ ശപിക്കരുത്
പിന്നെ ഞാന്‍ കുറച്ചു കമ്പും മറ്റും കൂടി കൂട്ടി രണ്ടാമതും ഞാന്‍ ആ ചിതക്ക്‌ തീ കൊളുത്തി തൊട്ടടുത് കിടന്ന ഒരു ഉണക്ക പാളയെടുത്തു ആഞ്ഞു വീശി തീ പടര്‍ന്നു അഗ്നി നാളമായി പിരിഞ്ഞു ചൂട് കൂടി ഞാന്‍ മാറി നിന്നു അപ്പോഴേക്കും മകളുടെ ഭര്‍ത്താവ് വിറകും കൊണ്ട് എത്തിയിരുന്നു ഞാന്‍ പറഞ്ഞു അവിടെയും ഇവിടെയും കൂടി കിടന്ന ചിരട്ടയും കമ്പും കൊണ്ട് ഞാന്‍ കൊടുത്തു തീ അദ്ദേഹം തന്നെ കൊണ്ട് വന്ന വിറകുകള്‍ അഗ്നിയുടെ മുകളില്‍ വച്ച് കൊടുത്തു തീ ഒന്ന് കൂടി ശക്തമായി ,ചിത കത്തി തീരുന്ന വരെ ഞങ്ങള്‍ അവിടെ തന്നെ നിന്നു കത്തിയമര്‍ന്ന ചാരകൂടില്‍ നിന്നും പുകച്ചുരുളുകള്‍ മുകളിലേക്ക് വായുവില്‍ അമര്‍ന്നപ്പോള്‍ ദൂരെ ഒരു കോഴിയുടെ കൂവല്‍ കേള്‍ക്കാമായിരുന്നു. അപ്പോള്‍ എന്‍റെ മനസ് എന്‍റെ ലക്ഷിയമ്മയുടെ ആത്മാവിനു നിത്യശാന്തി നേരുകയായിരുന്നു (ശുഭം )

Leave a Reply