ഓർമ്മകളിലെ പ്രണയം …

കുട്ടിക്കാലം മുതലേ ഓർമ്മകളിലെന്നും നീയെന്റെ കളിക്കൂട്ടുകാരനായിരുന്നു… വളരുംതോറും എന്നിലത് പ്രണയമായ് മാറിയതെന്നാണെന്നെനിക്കറിയില്ല… നീയെനിക്കെന്നുമൊരു ഹരമായിരുന്നു.. എത്ര കണ്ടാലും അനുഭവിച്ചാലും മതിവരാത്തത്രയും… നിന്നെക്കുറിച്ച് ഞാനെപ്പോഴും വാചാലയാകുന്നു… വാക്കുകളാൽ വിവരിക്കുവാനാകാതെ സമ്മർദ്ദത്തിനടിമപ്പെടുന്നു. നിന്നോർമകളിൽ സിരകളിലൊരു മിന്നൽ പ്രവാഹം…

കുട്ടിക്കാലം മുതലേ ഓർമ്മകളിലെന്നും നീയെന്റെ കളിക്കൂട്ടുകാരനായിരുന്നു… വളരുംതോറും എന്നിലത് പ്രണയമായ് മാറിയതെന്നാണെന്നെനിക്കറിയില്ല…
നീയെനിക്കെന്നുമൊരു ഹരമായിരുന്നു..
എത്ര കണ്ടാലും അനുഭവിച്ചാലും മതിവരാത്തത്രയും… നിന്നെക്കുറിച്ച് ഞാനെപ്പോഴും വാചാലയാകുന്നു… വാക്കുകളാൽ വിവരിക്കുവാനാകാതെ സമ്മർദ്ദത്തിനടിമപ്പെടുന്നു. നിന്നോർമകളിൽ സിരകളിലൊരു മിന്നൽ പ്രവാഹം ഞാനറിയുന്നു…

എനിക്കറിയില്ല ഞാനെന്തിനാണ് നിന്നെയിങ്ങനെ പ്രണയിക്കുന്നതെന്ന്… നിന്റെ വരവിൽ ഞാനെത്ര ആഹ്ളാദവതിയാണെന്ന് നിനക്കറിയാമോ? നിന്നെ വരവേൽക്കാൻ പുറത്തേക്കോടിയെത്തുമ്പോഴെന്നെ തഴുകുന്ന നിന്റെ കൈകൾക്കെന്തൊരു തണുപ്പാണ്.
ഓർമകൾ പങ്കുവെക്കപ്പെടുമ്പോൾ നിന്നോടൊപ്പമുള്ള നിമിഷങ്ങളെ മാറ്റി നിർത്താനെനിക്കാകില്ല. നിന്റെ ശക്തമായവരവിൽ പാടത്തെ തോടുകളും, പുഴകളും, കുളങ്ങളുമെല്ലാം നിറഞ്ഞൊഴുകുമ്പോൾ എല്ലാവർക്കും പേടിയാണ്, കുട്ടികളെയെല്ലാം പുറത്തു വിടാൻ… എങ്കിലും ഞാനതെല്ലാം ആസ്വദിക്കുമായിരുന്നു… കാരണം എനിക്ക് നിന്നെ യാതൊരുഭയവുമില്ല..

സ്കൂൾ വിട്ട് വീട്ടിലേക്ക് വരും സമയം വീശിയടിക്കുന്ന കാറ്റിൽ എന്റെകുട മുകളിലേക്കുയർന്നു പൊങ്ങുമ്പോൾ നീയെന്നെ ആലിംഗനം ചെയ്യും… ആ നനവിൽ ഞാൻ വിറക്കുമെങ്കിലും അതിന്റെ തണുപ്പും ഒരനുഭവമായി ഞാനാസ്വദിക്കും. പാടത്തെ ചെറുതോട്ടിലെ വെള്ളത്തിനപ്പോൾ ഇളം ചൂടായിരിക്കും. അതിൽ മുങ്ങിക്കിടക്കുവാൻ തോന്നുമെങ്കിലും തോടരികിലിരുന്ന് തലനീട്ടുന്ന നീർക്കോലിക്കുഞ്ഞുങ്ങൾ ആ ഉദ്യമത്തിൽ നിന്നെന്നെ പിന്തിരിപ്പിക്കും..

നിന്റെ കൂട്ടുകാരായ ഇടിയും മിന്നലും വരുന്നതു കാണാനും എനിക്കെന്തിഷ്ടമാണന്നോ? ഞാനതിനേയും ഭയപ്പെടാറില്ല… രാത്രിയിൽ മിന്നൽ വരുമ്പോൾ പകൽ പോലെ വെളിച്ചം വരുന്നത് കാണനെന്ത് രസമാണ്.. ശേഷം ദിഗന്തം പൊട്ടുമാറുച്ചത്തിൽ വരുന്ന ഇടിവെട്ടും…

ഞാനതെല്ലാം കാണാൻ ജനലഴിക്കടുത്ത് നിൽക്കുമ്പോഴായിരിക്കും കുസൃതിയോടെ നീയെന്റെ മുഖത്തേക്ക് വെള്ളത്തുള്ളികൾ തെറിപ്പിക്കുക… ശ്ശോ എന്ന് പറഞ്ഞ് പരിഭവം കാണിക്കുമെങ്കിലും നിന്റെയാ വികൃതിയും എനിക്കിഷ്ടമാണ് കേട്ടോ….
രാത്രിയിൽ പാടത്തു നിന്നുയരുന്ന മാക്രോം വിളികളും, ചിവീടിന്റെ ശബ്ദവും നിന്റെ വരവിനെ വിളിച്ചോതുന്നതോടൊപ്പം താളാത്മകമായ സംഗീതം പോലെയത് തുടർന്നു കൊണ്ടേയിരിക്കും… ആ സമയം പെട്രോമാക്സുമായി ഒരു കൂട്ടർ തവളപിടുത്തത്തിനിറങ്ങും… ഇരുട്ടിലും മിന്നാമിനുങ്ങുപോൽ ആ വെളിച്ചം പലയിടത്തും ചുറ്റിക്കറങ്ങുന്നത് കാണാം.. മനപ്പറമ്പിലെ ചരിഞ്ഞു കിടക്കുന്ന പുൽപ്പരപ്പിലൂടെ നീ മന്ദമായൊഴുകുമ്പോൾ അതിൽ തുള്ളിക്കളിച്ച് ‘ചിൽ ചിൽ’ ശബ്ദമുണ്ടാക്കുന്നത് എന്ത് രസമാണ്…

തെങ്ങിൻ തടങ്ങളിൽ നിറഞ്ഞു കിടക്കുന്ന വെള്ളത്തെ, മുറിച്ചെടുത്ത കപ്പത്തണ്ട് കൊണ്ട് കുത്തിവക്കുമ്പോൾ അതിലൂടെ പുറത്തേക്കൊഴുകുന്ന ചെറിയ വെള്ളച്ചാട്ടത്തെ നോക്കി നിൽക്കുന്നതും എന്ത് രസമായിരുന്നു… വീട്ടിലേക്കുവരുന്നതിനിടയിൽ റോഡിൽ കെട്ടിക്കിടക്കുന്ന വെള്ളത്തിൽ തട്ടിക്കളിക്കുമ്പോൾ കൊലുസ്സിട്ട കാലുകൾക്ക് പതിവിലുമധികം നിറവും ഭംഗിയും തോന്നും… ആരും കാണുന്നില്ലെന്ന ധാരണയാൽ ഞാനും കൂട്ടുകാരും പാവാടയൽപം ഉയർത്തിപ്പിടിച്ച് വെള്ളം ചവിട്ടി തെറിപ്പിച്ച് പാട്ടും പാടി ഡാൻസ് ചെയ്തതും, ദൂരെ മതിലിൽ ഇരുന്ന പയ്യൻമാർ അത് കണ്ട് ‘ഡാൻസ് കൊള്ളാം കേട്ടോ’ എന്ന് പറഞ്ഞപ്പോഴുണ്ടായ ചമ്മിയമുഖവും നാണക്കേടും നീയും കണ്ടതല്ലേ? ഇതൊന്നും നീ മറന്നിട്ടില്ലല്ലോ?

ഇളം വെയിലിൽ നീയെത്തുമ്പോൾ സ്വർണ്ണനിറമുള്ള നിന്നെ കാണാനെന്തു ചന്തമാണ്… ആ പൊൻവെയിലും ചാറ്റലും ഒത്തുചേരുമ്പോൾ അനുഭവിക്കുന്ന സന്തോഷം പറഞ്ഞറിയിക്കാൻ കഴിയില്ല. മുറ്റത്തേക്കോടി ചെന്ന് കുറുക്കന്റെ കല്യാണം എന്നു പറഞ്ഞ് തുള്ളുവാനും ഉറക്കെ കൂകുവാനും തോന്നുന്ന നിമിഷങ്ങൾ. ബൈക്ക് യാത്രയിലും നിയുള്ളതൊരു രസം തന്നെയാണ് കേട്ടോ. നന്നായി ആസ്വദിച്ചു കൊണ്ടൊരു യാത്ര… നിന്നെക്കണ്ടാൽ അകത്തു കയറാതെ നിൽക്കുന്ന എന്നെ നോക്കി എന്റെ മാതാവ് പറയും. കയറി വാ മോളെ വല്ല പനിയും പിടിക്കുമെന്ന്… എന്നാൽ നിന്നോടൊപ്പം നിന്നുവെന്ന കാരണത്താൽ എനിക്കൊരസുഖവും വരാൻ നീ അനുവദിച്ചിട്ടില്ലല്ലോ?

ചിലസമയം നിന്നെ കുറ്റം പറയുന്ന വീട്ടമ്മമാരെ പറ്റിക്കുന്ന നിന്റെ കുറുമ്പുണ്ടല്ലോ.. അത് കാണുമ്പോൾ എനിക്ക് ചിരിവരും… ഒരു വെയിൽ കാണുമ്പോഴേക്കും തുണികളും വിറകുകളും ഉണക്കുന്ന അവർക്കിടയിലേക്ക് ഒരു മുന്നറിയിപ്പുമില്ലാതെ നീ പെയ്തിറങ്ങുമ്പോൾ അവരുടെ ഓട്ടം ഒന്ന് കാണേണ്ടത് തന്നെയാണ്. എന്നാലും പാവങ്ങളല്ലെ… കുടുംബത്തിനു വേണ്ടി കഷ്ടപ്പെടുന്നവർ… അവരെ പറ്റിക്കേണ്ട കേട്ടോ…
ഒരു വിഷമം കൂടി എനിക്ക് പറയുവാനുണ്ട്. ചില സമയം നിന്നിലൊരു ക്രൂരസ്വഭാവം തലപൊക്കാറുണ്ട്. ആ രൗദ്രഭാവത്തിൽ പ്രളയമായ് സംഹാര താണ്ഡവമാടി എത്രയോ കുടുംബങ്ങളെയും, കുഞ്ഞുങ്ങളേയും നീ അനാഥമാക്കുന്നു… ഇതെല്ലാം എന്നിൽ വലിയ വിഷമമുണ്ടാക്കും… അതൊന്നും വേണ്ട കേട്ടോ… ?

ചില സമയം ഞാൻ നിന്നെ ഭയപ്പെട്ടിട്ടുണ്ട് നിനക്കത് ഓർമയുണ്ടോ എന്നറിയില്ല… ശക്തമായ നിന്റെ വരവിലും ശബ്ദത്തിലും പടർന്നിറങ്ങുന്ന വെള്ളത്തുള്ളികൾക്കൊപ്പം കുളിക്കുവാനായി നിറഞ്ഞു കിടക്കുന്ന കുളത്തിൽ ഒറ്റക്കിറങ്ങി മുങ്ങുമ്പോൾ ശരിക്കും ഭയം തോന്നിയിട്ടുണ്ട്. ആരോ മുക്കിത്താഴ്ത്താൻ വരുന്ന പോലൊരു തോന്നൽ… അതെന്നിൽ വല്ലാത്ത ഭീതിജനിപ്പിക്കും. എങ്കിലും പെരുമഴയിൽ കുളത്തിലെ വെള്ളത്തിന് ഇളം ചൂടായിരിക്കും. അതിലിറങ്ങുന്നതും ഒരനുഭവം തന്നെയാണ്.

അതുകൊണ്ട് ആ ഭയത്തെ ഞാൻ വകവെക്കാറില്ല.
കടൽത്തീരത്ത് ശക്തമായ കാറ്റിലും അലറി വിളിച്ച് പാഞ്ഞടുക്കുന്ന തിരമാലകളുടെ സിൽക്കാരത്തിനുമൊപ്പം നിന്റെ ശക്തമായവരവിൽ ഭീതിതമായൊരു അന്തരീക്ഷം സൃഷ്ടിക്കുമ്പോൾ ഞാൻ ഭയന്നു വിറക്കുമായിരുന്നു… എങ്കിലും ഇതൊന്നും കൈവിട്ടുകളയുവാൻ എന്നേക്കൊണ്ടാവില്ല. ഭയമുള്ള ആ നെഞ്ചിടിപ്പിലും അൽപം ഉൾഭയത്തോടെ വിറക്കുന്ന ശരീരത്തെ നിയന്ത്രിച്ച് ഞാൻ നിന്നെ ആസ്വദിക്കും….

ഇതെല്ലാം കേട്ടാൽ മറ്റുള്ളവർ പറയുമായിരിക്കും എനിക്ക് ഭ്രാന്താണെന്ന്.. അതെ എനിക്ക് ഭ്രാന്താണ്.. എല്ലാം അനുഭവിച്ചറിയുവാനുള്ള ഭ്രാന്ത്… എന്നാൽ ഞാനൊന്നു പറയട്ടെ… ഇതൊന്നും അനുഭവിച്ചറിയാൻ കഴിയാത്തവരാണെങ്കിൽ അവരെത്ര നിർഭാഗ്യവാൻമാരാണ്?എത്രമാത്രം വിഡ്ഢികളാണ്… കാരണം അവർ ജീവിതം ആസ്വദിച്ചിട്ടില്ല…

അനുഭവിച്ചറിഞ്ഞിട്ടില്ല… മഴ വരുമ്പോൾ അകത്തേക്കോടുകയല്ല വേണ്ടത്… പുറത്തേക്കിറങ്ങണം… മുകളിലേക്കുയർത്തിപ്പിടിച്ച മുഖത്ത് നിൻകരവിരുതിൽ കവിളിണകളെ തഴുകുന്ന നനുനനുത്ത സ്പർശകണങ്ങൾ പതിയെ താഴേക്കിറങ്ങുമ്പോൾ ആ പ്രണയം നെഞ്ചിലേറ്റി അനുഭവിച്ചറിയണം…
ഇതെല്ലാം ഞാനാരോടാണ്പറയുക…
നിന്നോടല്ലാതെ…

നീയകന്നു പോകുമ്പോൾ ഇലത്തുമ്പുകളിൽ നിന്നിറ്റിറ്റുവീഴുന്ന കണ്ണുനീർ തുള്ളികൾ ഞാനെന്റെ കൈക്കുമ്പിളിൽ ചേർത്തു പിടിച്ച് അതെന്റെ മുഖത്തോട് ചേർത്തു വക്കും… ആ തണുപ്പിൽ ഞാൻ നിന്നെയറിയും… നിന്നെ വിട്ടുപിരിയാൻ എനിക്കാകില്ല…
ആരെല്ലാം നിന്നെ കുറ്റപ്പെടുത്തിയാലും… എത്രതന്നെ ആക്ഷേപിച്ചാലും… നിന്നോടൊപ്പമുണ്ട് എന്നും എക്കാലവും ഞാനും എന്റെ പ്രണയവും…
നിന്റെയീ ഓർമകൾ മാത്രം മതിയാകും എന്റെ ജീവിതാവസാനം വരെ നിന്നെ പ്രണയിക്കാൻ…