Categories: Current Affairs

കണ്ണീരണിഞ്ഞു ദൈവ പുത്രന്‍റെ ഉയര്‍ത്തെഴുനേല്‍പ്പ്, മരണസംഖ്യ 215 കടന്നു, ലോകം ശ്രീലങ്കയോടൊപ്പം

ശ്രീലങ്കന്‍ ദ്വീപിനെ ചോരക്കളമാക്കി ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ ഓര്‍മപുതുക്കുന്ന ഈസ്റ്റര്‍ദിനത്തില്‍ സ്‌ഫോടനപരമ്പര.  ആഡംബര ഹോട്ടലുകളിലുമുള്‍പ്പെടെ ക്രിസ്ത്യന്‍ പള്ളികളിലും നടന്ന സ്‌ഫോടനങ്ങളില്‍ 215 പേര്‍ കൊല്ലപ്പെട്ടു.  ശ്രീലങ്കയില്‍ സ്‌ഫോടനങ്ങളെത്തുടര്‍ന്ന്  കര്‍ഫ്യൂ പ്രഖ്യാപിച്ചു.

മൂന്ന് ഇന്ത്യക്കാരും ശ്രീലങ്കന്‍ പൗരത്വമുള്ള ഇന്ത്യക്കാരിയും കൊല്ലപ്പെട്ടവരില്‍പ്പെടുന്നു. നാരായണ്‍ ചന്ദ്രശേഖര്‍, രമേഷ് റസീന ഖാദര്‍, ലക്ഷ്മി എന്നിവരാണ് മരിച്ചത്. മരണസംഖ്യ ഉയരാന്‍ സാധ്യതയുള്ളതായി അധികൃതര്‍ പറഞ്ഞു. സംഭവങ്ങളുമായി ബന്ധപ്പെട്ട് എട്ടുപേര്‍ അറസ്റ്റിലായി. ഇന്ന് നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് റസീന കൊല്ലപ്പെട്ടത്.

2009-ല്‍ ആഭ്യന്തരയുദ്ധം അവസാനിച്ചശേഷം സമാധാനപരമായി മുന്നോട്ടുപോകുകയായിരുന്നു രാജ്യം.  ആഭ്യന്തരയുദ്ധത്തിനുശേഷം ശ്രീലങ്ക സാക്ഷ്യംവഹിക്കുന്ന ഏറ്റവും വലിയ മനുഷ്യക്കുരുതിയാണിത്. പള്ളികളിലും കൊളംബോയിലെ ഇന്ത്യന്‍ ഹൈക്കമ്മിഷനിലും നാഷണല്‍ തൗഹീത്ത് ജമാഅത്ത് എന്ന സംഘടന  ആക്രമണം നടത്താന്‍ പദ്ധതിയിടുന്നുവെന്ന വിദേശ ഇന്റലിജന്‍സ് അറിയിച്ചിരുന്നു.

ശ്രീലങ്കന്‍ പൗരത്വമുള്ള കാസര്‍കോട് സ്വദേശിയും സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു. മൊഗ്രാല്‍ പുത്തൂര്‍ സ്വദേശിനിയായ  റസീന ഖാദറാ(60)ണ് മരിച്ചത്. സഹോദരന്‍ ബഷീറിന്റെ കൊളംബോയിലെ വീട്ടിലേക്ക് പോകാന്‍ ഒരുങ്ങിനില്‍ക്കുകയായിരുന്നു റസീന. സ്‌ഫോടനമുണ്ടായത്  അപ്പോഴാണ്.  ഒരേ സംഘമാണ് ആക്രമണങ്ങള്‍ക്ക് പിന്നിലെന്നും കൂടുതല്‍ സ്ഥലത്തും നടന്നത് ചാവേര്‍ സ്‌ഫോടനമാണെന്നും പ്രതിരോധസഹമന്ത്രി റുവാന്‍ വിജെവര്‍ധനെ വെളിപ്പെടുത്തി.

Sreekumar R