കൂട്ടുകാര്‍ ഇടപെട്ടു; കോച്ചായി വീണ്ടും രാഹുല്‍ ദ്രാവിഡ്

ഇന്ത്യന്‍ അണ്ടര്‍ 19 ടീമിന്റെയും ഇന്ത്യ എ ടീമിന്റേയും കോച്ചായി രാഹുല്‍ ദ്രാവിഡ് തുടരും. ബിസിസിഐ രാഹുല്‍ ദ്രാവിഡുമായുളള കരാര്‍ രണ്ട് വര്‍ഷത്തേയ്ക്ക് കൂടി പുതുക്കി. ബിസിസിഐ ഉപദേശക സമിതി അംഗങ്ങളായ സൗരവ് ഗാംഗുലി,…

ഇന്ത്യന്‍ അണ്ടര്‍ 19 ടീമിന്റെയും ഇന്ത്യ എ ടീമിന്റേയും കോച്ചായി രാഹുല്‍ ദ്രാവിഡ് തുടരും. ബിസിസിഐ രാഹുല്‍ ദ്രാവിഡുമായുളള കരാര്‍ രണ്ട് വര്‍ഷത്തേയ്ക്ക് കൂടി പുതുക്കി. ബിസിസിഐ ഉപദേശക സമിതി അംഗങ്ങളായ സൗരവ് ഗാംഗുലി, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, വിവിഎസ് ലക്ഷ്മണ്‍ എന്നിവരുടെ നിര്‍ദേശ പ്രകാരമാണ് ദ്രാവിഡുമായുളള കരാര്‍ പുതുക്കാന്‍ ബിസിസിഐ തീരുമാനിച്ചിരിക്കുന്നത്.

ഇന്ത്യന്‍ ടീം പരിശീലകന്‍ അനില്‍ കുംബ്ലെയുടെ കാര്യത്തില്‍ എടുത്ത തീരുമാനങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് ദ്രാവിഡിനോടുളള ബിസിസിഐയുടെ സമീപനം. അനില്‍ കുംബ്ലെയുടെ കാലാവധി തീര്‍ന്ന മുറയ്ക്ക് പുതിയ കോച്ചിനെ തേടി ബിസിസിഐ അപേക്ഷ ക്ഷണിച്ചിരുന്നു. കുംബ്ലെയും സെവാഗും അടക്കം ആറോളം പേര്‍ ടീം ഇന്ത്യയുടെ കോച്ചാകാന്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുമുണ്ട്.

എന്നാല്‍ ദ്രാവിഡിന്റെ കാര്യത്തില്‍ ഇതേനടപടികള്‍ കൈകൊള്ളാന്‍ ബിസിസിഐയ്ക്ക് കഴിഞ്ഞില്ല. കുംബ്ലെയെ പോലെ തന്നെ ഇന്ത്യ എ ടീമിന്റേയും കോച്ചിനായി അപേക്ഷ ക്ഷണിക്കണമെന്ന് ബിസിസിഐ തീരുമാനിച്ചെങ്കിലും ദ്രാവിഡിന്റെ സഹപ്രവര്‍ത്തകര്‍ കൂടിയായ ഉപദേശക സമിതി ദ്രാവിഡിന് കാലാവധി നീട്ടികൊടുക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതോടെ ദ്രാവിഡിന് രണ്ട് വര്‍ഷത്തേയ്ക്ക് കൂടി കോച്ചായി തുടരാനുളള അനുമതി ബിസിസിഐ നല്‍കിയത്.

നാല് കോടിയോളം രൂപയാണ് ബിസിസിഐ ദ്രാവിഡിന് പരിശീലകനെന്ന നിലയില്‍ ഇതുവരെ നല്‍കിയത്. പുതിയ കരാര്‍ പ്രകാരം ഈ തുക ഇനിയും വര്‍ധിക്കുമെന്ന് ബിസിസിഐ വൃത്തങ്ങള്‍ അറിയിച്ചു.