ചില അപൂര്‍വ്വ ക്ഷേത്രഗണിതങ്ങള്‍

“ഇത്ത മഴ കണ്ടു കൊണ്ട് നില്ക്കുന്നത് പോലെയാണ് എനിക്കു തോന്നിയത്.പുറത്തു അപ്പോള്‍ നല്ല മഴ പെയ്യുന്നുണ്ടായിരുന്നു.” അഫ്രീന്‍ ഒരിക്കല്‍,ഒരിക്കല്‍ മാത്രം ചേച്ചി അനീഷയുടെ മരണത്തെ കുറീച്ചു പറഞ്ഞത് അന്‍വര്‍ കാര്‍ ഓടിക്കുന്നതിനിടയില്‍ ഓര്‍മ്മിച്ചു..പുറകിലെ സീറ്റില്‍…

“ഇത്ത മഴ കണ്ടു കൊണ്ട് നില്ക്കുന്നത് പോലെയാണ് എനിക്കു തോന്നിയത്.പുറത്തു അപ്പോള്‍ നല്ല മഴ പെയ്യുന്നുണ്ടായിരുന്നു.”

അഫ്രീന്‍ ഒരിക്കല്‍,ഒരിക്കല്‍ മാത്രം ചേച്ചി അനീഷയുടെ മരണത്തെ കുറീച്ചു പറഞ്ഞത് അന്‍വര്‍ കാര്‍ ഓടിക്കുന്നതിനിടയില്‍ ഓര്‍മ്മിച്ചു..പുറകിലെ സീറ്റില്‍ അഫ്രീന്‍ ശാന്തയായി ഉറങ്ങുന്നു.

അഫ്രീന്‍ ഒരിക്കല്‍ മാത്രമാണു അത് പറഞ്ഞതെങ്കിലും ,അന്‍വറിന്റെ മനസ്സില്‍ ആ രംഗം പിന്നീട് പലപ്പോഴും കയറി വന്നു.അവളുടെ മനസ്സില്‍ ആഴത്തില്‍ പതിയപ്പെട്ട ആ അനുഭവം ,അഫ്രീന്‍ പറഞ്ഞതിന് ശേഷം അത് പോലെ ആഴത്തില്‍ തന്നെ അന്‍വറിന്റെ മനസ്സിലും പതിയപ്പെട്ടിരുന്നു.അഫ്രീനുമായി സൈക്കോളജിസ്റ്റിനെ കാണാന്‍ പോകുമ്പോഴും,അവള്ക്ക് വേണ്ടി മരുന്ന് വാങ്ങാന്‍ മെഡിക്കല്‍ സ്റ്റോറുകളില്‍ കാത്തു നില്ക്കുുമ്പോഴും ആ രംഗം വീണ്ടും വീണ്ടും മനസ്സിലേക്ക് കയറി വന്നു കൊണ്ടിരുന്നു.മനസ്സിന്റെ ജനാലവിരികളുടെ അപ്പുറം ഒരു തണുത്ത മഴ സദാ പെയ്തു കൊണ്ടിരുന്നു.

അന്നത്തെ പോലെ.

ജൂണിലെ ഒരു വൈകുന്നേരമായിരുന്നു അത്.അനീഷയെ വിളിക്കാന്‍ അഫ്രീന്‍ കോണി പടികള്‍ കയറി മുകളിലെ മുറിക്ക് മുന്നില്‍ എത്തി.അവള്‍ വിളി കേട്ടില്ല.വിളിക്കാതെ അവളുടെ മുറിയില്‍ കയറുന്നത് അനീഷയ്ക്ക് ഇഷ്ടമല്ലെന്ന് അറിയാവുന്നത് കൊണ്ട് അഫ്രീന്‍ അല്പ നേരം കൂടി മുറിക്ക് പുറത്തു കാത്തു നിന്നു.

മറുപടിയില്ല..

അല്പം മുന്പ് എന്തോ സംസാരിക്കാന്‍ ഉണ്ടെന്ന് പറഞ്ഞു അനീഷ സ്വീകരണ മുറിയില്‍ ഇരുന്നു ടി.വി കാണുകയായിരുന്ന അഫ്രീനെ മുകളിലേക്കു വിളിച്ചിരുന്നു.

“സിനിമ കണ്ടു കൊണ്ടിരിക്കുമ്പോള്‍ കൃത്യം ക്ലൈമാക്സ് ആകുമ്പോ തന്നെ ഇത്ത ശല്യപ്പെടുത്താന്‍ വരും.”അഫ്രീന്‍ ദേഷ്യത്തില്‍ പറഞ്ഞിട്ടു സിനിമയില്‍ മുഴുകി.
സിനിമ കഴിഞ്ഞപ്പോഴാണ് അഫ്രീന്‍ അനീഷയുടെ കാര്യം ഓര്‍ത്തത്.

അസര്‍ നമസ്ക്കാരത്തിനുള്ള സമയമായിരുന്നു.

അനീഷ വാതില്‍ തുറന്നില്ല.വലിയവീട്ടില്‍ തറവാട്ടിന്റെ രണ്ടാം നിലയില്‍ നിന്നു അഫ്രീന്‍ പുറത്തേക്ക് നോക്കി.മൊസാണ്ടയും ചെമ്പരത്തിയും ചതുരമുല്ലയും തിങ്ങി വളര്‍ന്ന മുറ്റവും. അത് കഴിഞ്ഞു വിശാലമായ കൃഷിയിടവും.പാവലും പടവലും വളര്‍ത്തിയ പച്ചക്കറി തോട്ടം.എല്ലാം മഴയില്‍ മുങ്ങി നില്ക്കുന്നു.

“ഇത്താ…”.ഒന്നു കൂടി വിളിച്ചു.മറുപടിയില്ല.

അവള്‍ വാതില്‍ തള്ളി തുറന്നു അകത്തു കയറി.

വലിയ ചില്ല് ജനാലയുടെ വിരികള്‍ അകന്നു മാറിയിരിക്കുന്നു.നിലത്തു നിന്നു അല്പം ഉയര്‍ന്നു നിന്നു പുറത്തേക്ക് നോക്കി നില്ക്കുന്ന അനീഷ.

ഏന്തി വലിഞ്ഞു നോക്കുന്നത് പോലെ.

അനീഷ മുറിക്കുളിലേക്ക് കാലെടുത്തു വച്ചു.മാര്‍ബിള്‍ തറക്ക് മഴയുടെ തണുപ്പ്.ഒന്നു കൂടി നോക്കിയപ്പോള്‍ അനീഷയുടെ നില്പ്പിന്റെ അസ്വാഭാവികതയുടെ കാരണം അഫ്രീന് മനസ്സിലായി.

ജനാലക്കു മുകളില്‍ നിന്നു നേര്‍ത്ത ചുവന്ന ചുരിദാര്‍ ഷാള്‍ ഒരു നേര്‍ രേഖ പോലെ വന്നു അനീഷയുടെ കഴുത്തില്‍ വന്ന്‍ ഒരു വൃത്തമാകുന്നു.മുറിയുടെ ഇരുട്ടില്‍ ആ നേര്‍ രേഖ അവ്യക്തമായിരുന്നു.നിലത്തു നിന്നു പൊന്തി നില്ക്കു്ന്ന കാലുകളുടെ അരികില്‍ മറിഞ്ഞ് കിടക്കുന്ന ചെറിയ സ്റ്റൂള്‍.

അന്തരീക്ഷത്തിലേക്ക് ഉയര്ന്നു നില്ക്കുന്ന സ്റ്റൂളിന്റെ് നാലു കാലുകള്‍ ചേര്‍ന്ന് അദൃശ്യമായ ഒരു സമചതുരം വരക്കുന്നു.

അനീഷ കണക്കില്‍ മിടുക്കിയായിരുന്നു.ജ്യോമെട്രി ആയിരുന്നു അവളുടെ ഇഷ്ട വിഷയം. അനിയത്തി അഫ്രീനും ഒരു വയസ്സിന് മൂത്ത അന്‍വറിനും കണക്ക് ചെയ്യാന്‍ സഹായിച്ചു കൊണ്ടിരുന്നത് അവളായിരുന്നു.

അഫ്രീന്റെ് കാലുകള്‍ നിലത്തുറച്ചു.ശബ്ദം ഉള്ളില്‍ കുടുങ്ങി.

“ഉമ്മാ.ബാപ്പാ…!”..എന്നു ഉറക്കെ വിളിച്ച് കൂവാന്‍ മനസ്സിന്റെ ഒരു ഭാഗം വെമ്പി പക്ഷേ ,മറ്റൊരു ഭാഗം ശരീരത്തില്‍ നിന്നു ഊര്‍ന്നിറങ്ങി ജാലക വിരികള്‍ തുറന്നു മഴ കാണുന്ന അനീഷയുടെ ശരീരത്തോട് ചേര്ന്ന് നില്ക്കുകയാണ്.

സമാന്തര രേഖകള്‍ പോലെ.

ഇരട്ടകള്‍.

അഫ്രീന്‍ ചേച്ചിക്കൊപ്പം പുറത്തേക്ക് നോക്കി.പുറത്തു മഴ തുടരുകയാണ്.മൊസാണ്ട പൂക്കളില്‍ നിന്നു ഇറ്റ് വീഴുന്ന തുള്ളികളില്‍ നിന്നു തുടങ്ങി ,വളപ്പിലെ വൃക്ഷങ്ങള്ക്കിടയിലൂടെയിലൂടെ കാണാവുന്ന,മഷി പടര്‍ന്ന കടലാസ് താളില്‍ വരച്ചിട്ട വരകള്‍ പോലെ അവ്യകതമായ കുന്നുകളില്‍ വരെ ചെന്നെത്തുന്ന വെളുത്ത മഴ.മാര്‍ബിള്‍ തറയില്‍ നിന്നു പടരുന്ന തണുപ്പ് നടുവിലൂടെ കടന്നു ശിരസ്സില്‍ എത്തി മറയുന്നു.

എത്ര നേരം അങ്ങനെ നിന്നുവെന്നു അറിയില്ല.

രണ്ടു പേരെയും ഏറെ നേരം കാണാതായപ്പോള്‍ വിളിക്കാന്‍ ബാപ്പ എത്തുന്നത് വരെ അഫ്രീന്‍ നിശബ്ദയായി അനീഷയുടെ ജഡത്തിന് അരികില്‍ നിന്നു.

പിന്നീട് ദിവസങ്ങളോളം അവള്‍ സംസാരിച്ചില്ല.

ഇരട്ടകള്‍ ആയിരുന്നെങ്കിലും രണ്ടു പേരുടെയും സ്വഭാവങ്ങള്‍ തമ്മില്‍ വലിയ അന്തരമുണ്ടായിരുന്നു എന്നു അന്‍വര്‍ ഓര്‍മ്മിച്ചു .ഉള്‍വലിയുന്ന ,ഏറെ ചിന്തിക്കുന്ന പ്രകൃതമായിരുന്നു അനീഷയ്ക്ക് എങ്കില്‍,ധൈര്യശാലിയും ഏറെ സംസാരിക്കുന്നവളുമായിരുന്നു അഫ്രീന്‍.

തീരെ ചെറുപ്പത്തില്‍ അവര്‍ മൂവരും കൂടി ഒരിക്കല്‍ തറവാട്ട് വളപ്പില്‍ കളിക്കുകയായിരുന്നു.തങ്ങളില്‍ നിന്നു അകന്നു മാറി ഇരിക്കുന്ന അനീഷ.അവളുടെ ഉള്ളം കയ്യില്‍ ജീവന്‍ നഷ്ടപ്പെട്ട ഒരു ചുവന്ന തുമ്പി.

“ചത്തു കഴിയുമ്പോ ഇതിന്റെ ജീവന്‍ എവിടെ പോകും അന്‍വര്‍ ഇക്കാ …”അനീഷ ചേട്ടനോട് ചോദിക്കുന്നു.
“അള്ളാവിന്റെ അടുത്തേക്ക്….” അന്‍വര്‍ പറയുന്നു.

തങ്ങള്‍ കളികളില്‍ മുഴുകിയപ്പോഴും ആ തുമ്പിയെയും നോക്കി ആലോചിച്ചിരിക്കുന്ന അനീഷയുടെ ചിത്രം അന്വളറിന്റെ മനസ്സില്‍ എപ്പോഴും ഉണ്ടായിരുന്നു.

ഇരട്ടകളായ അനിയത്തിമാരില്‍ അന്‍വറിനു അല്പം ഇഷ്ട കൂടുതല്‍ അനീഷയോട് ഉണ്ടായിരുന്നു എന്നുള്ളതാണ് സത്യം.കാരണം അനീഷ അന്‍വറില്‍ നിന്നും അഫ്രീനില്‍ നിന്നും വ്യത്യസ്ഥയായിരുന്നു.

അസാധാരണമായ ബുദ്ധി ശക്തി.പക്ഷേ ഇടക്കിടെ അനീഷയില്‍ ഒരു ഉള്‍വലിയല്‍ പ്രത്യക്ഷമാകും.ആരും അത് കാര്യമാക്കിയില്ല..

ചില ദിവസങ്ങളില്‍ അവള്‍ മുറിക്ക് പുറത്തിറങ്ങില്ല.മുറിക്കുള്ളില്‍ നിശബ്ദയായി മൂടി പുതച്ച് കിടക്കുകയോ,വായിക്കുകയോ ചെയ്യും.ആ ദിവസങ്ങളില്‍ ആരും സംസാരിക്കാന്‍ വരുന്നത് അവള്ക്കു ഇഷ്ടമാകില്ല.രണ്ടോ മൂന്നോ മാസം കൂടുമ്പോ ഇടക്കിടെ അനീഷ ഇങ്ങനെ മുറിക്കുള്ളില്‍ കഴിഞ്ഞു കൂടും.പിന്നെ പഴയത് പോലെ ആവുകയും ചെയ്യും.വീട്ടുകാര്‍ അത് അവളുടെ സ്വഭാവത്തിന്റെ ഭാഗമായി കരുതി അതിനോടു പൊരുത്തപ്പെട്ടിരുന്നു.

എങ്കിലും പ്രായം കൂടും തോറും അനീഷയില്‍ ദീര്‍ഘ നേരമുള്ള ആലോചനകളും ഉള്‍വലിയലും വര്‍ധിക്കുന്നത് അന്‍വര്‍ മാത്രം അറിയുന്നുണ്ടായിരുന്നു.അത് അകാരണമായ ഒരു ഭയം അവനില്‍ ഉണര്‍ത്തിയിരുന്നു.

സ്കൂള്‍ വിട്ടു വീട്ടിലേക്ക് ഒരുമിച്ച് വീട്ടിലേക്ക് മടങ്ങിയിരുന്ന സഹോദരങ്ങളുടെ ഇടയില്‍ നിന്നു പതുക്കെ പതുക്കെ അകലാന്‍ തുടങ്ങിയിരുന്ന അനീഷയുടെ വൈകുന്നേരങ്ങള്‍.

ഒന്‍പതാം ക്ലാസില്‍ വച്ചാണ് അനീഷ ആത്മഹത്യ ചെയ്തത്.

അവളുടെ ഇഷ്ട വിഷമായ ജ്യോമെട്രി പുസ്തകത്തിന്റ്റെ ആദ്യ താളില്‍ ഒരു ത്രികോണത്തിന്റെ ചിത്രമുണ്ടായിരുന്നു.അതിന്റെ ഓരോ വശത്തിനും ഓരോ പേരുകള്‍ അവള്‍ എഴുതി ചേര്‍ത്തിരുന്നു.അഫ്രീന്‍,അനീഷ,അന്‍വര്‍.

ത്രീകോണത്തിലെ മൂന്നു വരകളില്‍ ഒന്നു കാരണം പറയാതെ മാഞ്ഞു.

അനീഷയുടെ മരണത്തിന് ശേഷം വലിയ വീട്ടില്‍ കുടുംബം ഏറ്റവും വലിയ പ്രതിസന്ധി നേരിട്ടു.കാരണം അഫ്രീന്‍ . .അവള്‍ ഭ്രാന്തിന്റെ വക്കില്‍ എത്തിയിരുന്നു.

അതിനു ശേഷം അവള്‍ സ്കൂളില്‍ പോയില്ല.കാരണം കൂടാതെ ദേഷ്യം വന്നു പൊട്ടിത്തെറിക്കുമ്പോള്‍ കാണുന്ന വസ്തുകള്‍ അവള്‍ എറിഞ്ഞു പൊട്ടിക്കും.ഉള്ളില്‍ ചൂര മാന്തുന്ന തിക്കുമൂട്ടല്‍ പലപ്പോഴും ഒരു സംഹാര താണ്ഡവമായി പുറത്തു വരും.ബാപ്പക്കും ഉമ്മയ്ക്കും അപ്പോള്‍ അടുത്തേക്ക് വരാന്‍ കഴിയില്ല.

അന്‍വര്‍ മാത്രമായിരുന്നു അവളുടെ ആശ്രയം.

ഒരു വര്‍ഷത്തിന് ശേഷം മരുന്നുകളുടെയും കൌണ്‍സലിങ്ങിന്റെയും സഹായത്തോടെ അല്പം മാറ്റം വന്നു.വീട്ടില്‍ ഇരുന്നു പഠിച്ചു അവള്‍ പത്താം ക്ലാസ് പാസായി. ട്രീറ്റ്മെന്റും കൌണ്സീലിങ്ങും മുടക്കാന്‍ പാടില്ല എന്നു സൈക്യാട്രിസ്റ്റ് അന്‍വറിനോട് പറഞ്ഞിരുന്നു.ഒന്നു രണ്ടു വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ അവളുടെ അവസ്ഥക്ക് അല്പം ഭേദം വന്നു.അങ്ങിനെയുള്ള ഒരു ജൂണ്‍ മഴക്കാലത്താണ് അന്ന് സംഭവിച്ച കാര്യം അന്‍വറിനോട് അവള് പറഞ്ഞത്.

“അന്ന് ടി.വിയില്‍ ആ നശിച്ച സിനിമയുടെ ക്ലൈമാക്സ് കാണാതിരുന്നുവെങ്കില്‍…ചേച്ചിയോട് സംസാരിക്കാന്‍ പറ്റിയിരുന്നെങ്കില്‍….ഒരു പക്ഷേ…ഒരു പക്ഷേ…”

പുറത്തു പെയ്തു കൊണ്ടിരുന്ന മഴ നോക്കി പതിഞ്ഞ സ്വരത്തില്‍ അഫ്രീന്‍ അന്ന് പറഞ്ഞു.

അന്‍വര്‍ എഞ്ചിനീയറിങ് കഴിഞ്ഞു.ദൂരെ നഗരത്തില്‍ അവന് ജോലിയായി.
ദീര്‍ഘ നാള്‍ വീട്ടില്‍ കഴിയവെ അഫ്രീന്‍ ധാരാളം വായിച്ചു..രാത്രിയും പകലും .വീട്ടില്‍ തന്നെയിരുന്നു അവള്‍ ബി.എ. വരെ പഠിച്ചു.അവളില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടായി എന്നു അന്‍വറിനു തോന്നി..എങ്കിലും ബാപ്പക്കും ഉമ്മയ്ക്കും ആശങ്ക ഒട്ടും ഒഴിഞ്ഞില്ല..

അന്വപറിനു വിവാഹ ആലോചനകള്‍ വന്നു തുടങ്ങി.ഒരു സഹോദരി ആത്മഹത്യ ചെയ്തു.മറ്റൊരു മാനസിക രോഗിയായ സഹോദരി വീട്ടില്‍ നില്ക്കു ന്നു.അന്‍വറിന്റെ ഭാവിക്ക് അത് തടസ്സം ആകും എന്നു മനസ്സിലാക്കുവാനുള്ള പക്വത അഫ്രീനുണ്ടായിരുന്നു.

അവള്‍ ത്തന്നെയാണ് ആ ജോലിക്കു അപേക്ഷ അയച്ചതും.അതിനുള്ള പരീക്ഷക്കും അഭിമുഖത്തിനും കൊണ്ട് പോയത് അന്‍വര്‍. ആയിരുന്നു.ബാപ്പ ശക്തിയായി അതിനെ എതിര്‍ത്തു.
.
“ഒരു ഐസ് കട്ട പോലെ അനീഷ അവളുടെ ഉളിലുണ്ട് മോനേ…അവളെ പുറത്തു ഒറ്റയ്ക്ക് വിടുന്നത് അപകടമാകുമോ…”അവള്ക്ക് ജോലി ലഭിച്ചുവെന്നു അറിഞ്ഞ രാത്രി അന്‍വര്‍ന്റെ മുറിയില്‍ ചെന്നു ബാപ്പ വ്യാകുലപ്പെട്ടു.പക്ഷേ അന്‍വര്‍ അയാളെ സമാധാനിപ്പിച്ചു.

അഫ്രീന്‍ അവിടെ ജോലിക്കു ചേര്‍ന്നു .മാസങ്ങള്‍ കടന്നു പോയി.കുഴപ്പങ്ങള്‍ ഒന്നും ഉണ്ടായില്ല.

അന്‍വറിനു ഒരു കല്യാണ ആലോചന വന്നു.ആലോചനകള്‍ മുറുകി.ഉറപ്പിക്കുന്നതിന് രണ്ടു ദിവസം മുന്പ് രാത്രി അഫ്രീന്‍ ബന്ധുക്കളായ കുട്ടികള്ക്കൊപ്പം ടി.വിയി കണ്ടു കൊണ്ടിരിക്കെ…

പൊടുന്നനെ ഒരു കുപ്പി ചില്ല് പൊട്ടി ചിതറുന്നത് പോലെ അഫ്രീന്‍ പൊട്ടിത്തെറിച്ചു.ടി.വി തല്ലിപ്പൊട്ടിച്ചു.ഷോ കേസില്‍ ഇരുന്ന വസ്തുക്കള് എറിഞ്ഞുടച്ചു.

“ഞാന്‍ ഒന്നു ചാനല്‍ മാറ്റിയതെ ഉള്ളൂ അന്‍വര്‍ക്കാ…..”കുട്ടികളില്‍ ഒരാള്‍ ഓടി വന്നു അന്‍വറിനെ കെട്ടി പിടിച്ച് കരഞ്ഞു കൊണ്ട് പറഞ്ഞു.

ഇപ്പോള്‍ അന്വറര്‍ അവളെ നഗരത്തിലേക്ക് കൊണ്ട് പോവുകയാണ്.നഗരത്തിലെ ഹോസ്പിറ്റലില്‍ പഴയ സൈക്കോളജിസ്റ്റ് ഇപ്പൊഴും ഉണ്ട്.

“അന്‍വര്‍ക്കാ ഒന്നു നിര്‍ത്ത്…നമ്മുക്ക് ഇവിടെ ഇറങാം.” അഫ്രീന്റെ് സ്വരം അയാളെ ഉണര്‍ത്തി.

നഗരത്തിന്റെ ഏറ്റവും അറ്റത്ത് റെയില്‍വേ ഓവര്‍ബ്രിഡ്ജ് ഉണ്ട്.അവിടെ നിന്നു നോക്കിയാല്‍ നഗരം മുഴുവന്‍ കാണാം.ഏറ്റവും ആകര്‍ഷകമായ കാഴ്ച നഗരത്തിന്റെ അങ്ങേയറ്റത്ത് വെള്ള മേഘങ്ങളെ ഉരുമ്മി നില്ക്കു ന്ന സഫ മസ്ജിദിന്റെ വെളുത്ത താഴികകുടങ്ങളാണ്.

ഇവിടെ വരുമ്പോഴേല്ലാം അന്‍വറും അഫ്രീനും അവിടെ ഇറങ്ങി നില്ക്കാറുണ്ട്.ഇവിടെ നിന്നു നോക്കിയാല്‍ മുല്ല മൊട്ടുകള്‍ പോലെ തോന്നും ആ താഴികക്കുടങ്ങള് കണ്ടാല്‍…അഫ്രീന്‍ പറയും.

രണ്ടു പേരും ഓവര്ബ്രി ഡ്ജിന്റെ് കൈവരിയുടെ അരികില്‍ പോയി നിന്നു.അഫ്രീന്റെ മുഖം ശാന്തമായിരുന്നു.

“അന്‍വര്‍ക്കാ പേടിക്കണ്ട..എനിക്കു ഒന്നുമില്ല..എല്ലാം ശരിയാകും..

.”അന്‍വറിന്റെ വിവര്‍ണ്ണമായ മുഖം കണ്ടു അഫ്രീന്‍ പറഞ്ഞു.അവള്‍ അന്‍വറിന്റെ കൈ ചേര്ത്ത്ി പിടിച്ചു.

അസര്‍ നമസ്ക്കാരത്തിന്റെ സമയമായിരുന്നു.ദൂരെ മുല്ല മൊട്ട് പോലെയുള്ള വെളുത്ത താഴികക്കുടങ്ങളുടെ പിറകില്‍ മഴ മേഘങ്ങളുടെ ഇരുളിമ.

ബാങ്ക് വിളി മുഴങ്ങി.

“അല്ലാഹു അക്ബര്‍..അല്ലാഹു അക്ബര്‍…”സഫാ മസ്ജിദില്‍ നിന്നും നഗരം നീന്തിയെത്തുന്ന കാറ്റില്‍ ആ ബാങ്ക് വിളി കലര്‍ന്നു.

അഫ്രീന്റെ വിരലുകള്‍ തന്റെ വിരലുകള്‍ കൊണ്ട് അന്‍വര്‍ ശക്തിയായി കൊരുത്തു.

അയാള്‍ കണ്ണുകളടച്ചു.പരമ കാരുണികാ…..

താഴെ നിന്നു അല്പം അകലെ ട്രെയിനിന്റെ ചൂളം വിളി മുഴങ്ങി.അത് അടുത്തു വരികയാണ്. അതിന്റെ ശബ്ദത്തില്‍ ബാങ്ക് വിളി മുങ്ങി.

അഫ്രീന്റെ് വിരലുകള്‍ ഊര്‍ന്ന് പോകുന്നത് അന്‍വര്‍ അറിഞ്ഞു.ഒരു പൂവിന്റെ ഇതള്‍ കൊഴിയുന്നത് പോലെ.

അയാള്‍ കണ്ണു തുറന്നു.അരികില്‍ അഫ്രീന്‍ ഇല്ല.

ട്രെയിന്‍ കടന്നു പോവുകയാണ്.

“അശ്ഹദു അല്ലാഹിലാഹ ഇല്ലല്ലാഹ്…..”

അവളുടെ ചുവന്ന ഷാള്‍ ഒരു ചെമ്പരത്തി ഇതള്‍ പോലെ ട്രെയിന് മുകളില്‍ പറന്നു പൊങ്ങുന്നത് അയാള്‍ കണ്ടു.

അപ്പോള്‍ ദൂരെ ഒരു പള്ളിക്കാട്ടില്‍ പറങ്കിമാവിന്‍ ഇലകള്‍ കൊണ്ട് മൂടപ്പെട്ട ഒരു ഖബറിനരികില്‍ കാറ്റ് വീശി.എവിടെ നിന്നോ ഒരു ചുവന്ന തുമ്പി അവിടെക്കു പറന്നു വന്നു.അല്പം വട്ടം ചുറ്റിയ ശേഷം അത് ആ മീസാന്‍ കല്ലില്‍ പറന്നു ചെന്നിരുന്നു.

(അവസാനിച്ചു)

Anish Francis