പഠിക്കുന്നത് എട്ടിൽ, കമ്പനി സ്ഥാപിച്ചു, നിർമിച്ചത് നാല് ആപ്പുകൾ, ഇത് യാൻ ചുമ്മാർ മാത്തൻ!

സ്വന്തം നാടായ കോട്ടയത്തെ സേവനങ്ങളെ ഒരുമിപ്പിക്കുന്ന മൈ കോട്ടയം ആപ്ലിക്കേഷനാണ് കളത്തിൽപ്പടി മരിയൻ സ്കൂൾ വിദ്യാർഥിയായ യാൻ ആദ്യം വികസിപ്പിച്ചെടുത്തത്. ബസ് ടിക്കറ്റ് ബുക്ക് ചെയ്യാനും റസ്റ്ററന്റുകളും പഴം, പച്ചക്കറി, ഇലക്ട്രോണിക്സ് ഷോപ്പുകളും കണ്ടെത്താനും…

സ്വന്തം നാടായ കോട്ടയത്തെ സേവനങ്ങളെ ഒരുമിപ്പിക്കുന്ന മൈ കോട്ടയം ആപ്ലിക്കേഷനാണ് കളത്തിൽപ്പടി മരിയൻ സ്കൂൾ വിദ്യാർഥിയായ യാൻ ആദ്യം വികസിപ്പിച്ചെടുത്തത്. ബസ് ടിക്കറ്റ് ബുക്ക് ചെയ്യാനും റസ്റ്ററന്റുകളും പഴം, പച്ചക്കറി, ഇലക്ട്രോണിക്സ് ഷോപ്പുകളും കണ്ടെത്താനും ഈ ആപ്പ് ഉപയോഗിക്കാം. മനോരമ ഓൺലൈൻ ഉൾപ്പെടെ കേരളത്തിലെ അഞ്ചു പ്രധാന ഓൺലൈൻ മാധ്യമങ്ങളെ ഒരു കുടക്കീഴിൽ കൊണ്ടുവരുന്ന കേരള ടുഡെ, ഏതൊക്കെ ഭക്ഷണം കഴിച്ചാൽ ആരോഗ്യം സൂക്ഷിക്കാമെന്നു വ്യക്തമാക്കുന്ന ഹെൽത്ത് മേക്കർ, ഓൺലൈൻ വഴി അധ്യാപകരെയും ട്യൂഷൻ സെന്ററുകളെയും കണ്ടെത്താവുന്ന ലേണേറ്റ് എന്നീ മൊബൈൽ ആപ്ലിക്കേഷനുകളും യാൻ ഡെവലപ് ചെയ്തിട്ടുണ്ട്.

ചെറുപ്പം മുതലേ ഗാഡ്ജറ്റുകളോടു താൽപര്യമുണ്ടായിരുന്ന യാനിനെ സ്വാധീനിച്ചതു ബന്ധുക്കൾ ചേർന്നുണ്ടാക്കിയ ഒരു വെബ്സൈറ്റാണ്. പിന്നീട് എട്ടാം വയസ്സിൽ ബ്ലോഗർ ടെംപ്ലേറ്റുകളും മറ്റുമുപയോഗിച്ച് ആദ്യ വെബ്സൈറ്റ് നിർമിച്ചു. എങ്ങനെയാണ് ആ വെബ്സൈറ്റിലേക്ക് ആൾക്കാരെ കൊണ്ടുവരുന്നതെന്നുപോലും തിരിച്ചറിയാനാകാത്ത പ്രായമായിരുന്നു അത്. പിന്നീടു ലളിതമായ പെയിന്റ് സോഫ്റ്റ് വെയർ ഉപയോഗിച്ച് ലോഗോ ഡിസൈൻ ചെയ്തു. അങ്ങനെ അത്യാവശ്യം ഡിസൈനിങ് / അനിമേഷൻ പാഠങ്ങൾ. കൃത്യമായ ലക്ഷ്യബോധമില്ലായിരുന്നു. എങ്ങോട്ടു തിരിയണമെന്നോ എന്തു പഠിക്കണമെന്നോ അറിയില്ല. പത്താം വയസ്സിലാണ് പ്രഫഷനൽ വെബ്സൈറ്റ് നിർമാണ ലോകത്തേക്ക് കടന്ന് എച്ച്ടിഎംഎൽ പഠിക്കാൻ തുടങ്ങിയത്. പതിമൂന്നാം വയസ്സിൽ ആൻഡ്രോയ്ഡ് മേഖലയിലേക്കു തിരിഞ്ഞു. ഇതോടെ സാങ്കേതികവിദ്യയുടെ വിശാല ലോകമാണു യാനിനു മുന്നിൽ തെളിഞ്ഞത്.

സുവോ ഡെവലപ്പേഴ്സ് എന്ന കമ്പനി സ്ഥാപിച്ചു പതിയെ ആൻഡ്രോയ്ഡ് ആപ്പ് ഡെവലപ്മെന്‍റ് ആരംഭിച്ചു. മകന്റെ താൽപര്യം കണ്ടറിഞ്ഞ മാതാപിതാക്കളായ സണ്ണി മാത്യുവും സിന്ധുവും ഗൂഗിൾ പ്ലേ ഡെവലപ്പർ കൺസോൾ അക്കൗണ്ട് എടുത്തുകൊടുത്തു. ഓൺലൈൻ വഴി കോഴ്സുകൾ ചെയ്തു. മാതാപിതാക്കൾക്കൊപ്പം സഹോദരി ലിഖിത മരിയ സണ്ണിയും പ്രോൽസാഹനമേകി. പതിയെപ്പതിയെ ഓരോ ആപ്ലിക്കേഷനുകൾ തയാറാക്കി. പഠനം കൂടുതലായും ഓൺലൈൻ ട്യൂട്ടോറിയലുകൾ വഴിയായിരുന്നു.

ഇതുവരെയുള്ള ജീവിതത്തിലെ ഏറ്റവും വലിയ ടേണിങ് പോയിന്റുകളിലൊന്നെന്നു യാൻ വിശേഷിപ്പിക്കുന്നത് ഇക്കഴിഞ്ഞ ഡിസംബറിൽ കൊച്ചി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഗൂഗിൾ ഡെവലപ്പർ ഗ്രൂപ്പിന്റെ ഒരു യോഗത്തിൽ പങ്കെടുക്കാനായതാണ്. യാന്റെ മികവു തിരിച്ചറിഞ്ഞ സംഘാംഗങ്ങൾ വളരെയേറെ പ്രോൽസാഹനം നൽകി. മുന്നോട്ടുള്ള കുതിപ്പിന് ആക്കം കൂട്ടി ടിസെൻ ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിക്കുന്ന സാംസങ് ഡെവലപ്പേഴ്സ് യോഗത്തിനും യാനിനു ക്ഷണം കിട്ടിയിരുന്നു. യാനിന്റെ പ്രവർത്തനങ്ങളെ അംഗീകരിച്ച സംഘം ഒരു ഫോൺ സമ്മാനിച്ചാണ് യാനിനെ തിരിച്ചയച്ചത്.

കുടുംബത്തിലാർക്കും കംപ്യൂട്ടറിനോടോ ഡിജിറ്റൽ സാങ്കേതികവിദ്യയോടോ താൽപര്യമില്ല. എന്നാൽ മകൻ കംപ്യൂട്ടർ വാങ്ങിത്തരാമോ എന്നു ചോദിച്ചപ്പോൾ ഒരു മടിയും കൂടാതെ അവനെ പ്രോൽസാഹിപ്പിച്ച മാതാപിതാക്കൾക്കാണ് ബിഗ് സല്യൂട്ട്; ഈ പ്രതിഭയെ കണ്ടെത്തിയതിന്… !