Categories: Current Affairs

പിഞ്ചു പ്രായത്തിൽ അമ്മയുടെ മരണത്തിനു സാക്ഷിയായി. ആളുകൾ വാരിയെടുത്തു ആശുപത്രിയിലേക്ക് ഓടിയപ്പോൾ ഒരിക്കലും കരുതിയില്ല അവൻ ജീവിതത്തിലേക്ക് പിച്ച വെക്കുമെന്ന്…

പയ്യന്നൂർ റയില്‍വേ ട്രാക്കിൽ ഇരുകാലുകളും അറ്റ് കിടന്ന് നിലവിളിക്കുന്ന രണ്ടര വയസ്സുകാരൻ സാലിഹിനെ ഒരു മനുഷ്യ സ്നേഹി വാരിയെടുത്ത് പയ്യന്നൂരിലെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് ഓടുമ്പോൾ ഇരു കാലും നഷ്ടപ്പെട്ട പൊന്നുമോൻ ഇനി ജീവിതത്തിലേക്ക് പിച്ചവെക്കുമെന്ന് ആരും കരുതിയതല്ല. ദൈവവും ഡോക്ടർമാരും ശാസ്ത്രവും ഒരുമിച്ചപ്പോൾ തുന്നിപ്പിടിച്ച അവന്റെ പിഞ്ചു കാലുകളിൽ രണ്ടര വയസ്സുകാരൻ സാലിഹ് പിച്ചവെച്ച് തുടങ്ങി.

മംഗളൂരു എജെ ഹോസ്പിറ്റലിൽ ഏഴ് മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ തുന്നിപ്പിടിച്ച കാലുകളിൽ നടക്കാൻ തുടങ്ങിയതോടെയാണ് പ്രതീക്ഷകൾക്ക് ചിറക് മുളച്ചത്. കഴിഞ്ഞ ഏപ്രിൽ 29 ന് പയ്യന്നൂർ റെയിൽവെ ട്രാക്കിൽ ഉമ്മയും മകനും അപകടത്തിൽ പെടുകയായിരുന്നു. ഉമ്മ പിലാത്തറ സ്വദേശിനി പീരക്കാം തടത്തിൽ സഹീദ (29) സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടിരുന്നു. ഒരാൾ നിലവിളിക്കുന്ന സാലിഹിനെയും മറ്റൊരാൾ അറ്റ്കിടന്ന കാലുകൾ പ്ലസ്റ്റിക്ക് കവറിലുമാക്കി പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ഉടനെ പയ്യന്നൂർ പോലീസിന്റെ സഹായത്തോടെ സിഐ എംപി ആസാദിന്റെ നേതൃത്വത്തിൽ അറ്റ കാലുകൾ പ്ലാസ്റ്റിക്ക് ബോക്സിൽ ഐസിട്ട് മംഗളൂരു എജെ ഹോസ്പിറ്റലിൽ എത്തിച്ചു. സാമ്പത്തിക സഹായവും പോലീസ് തന്നെ തരപ്പെടുത്തി മുൻകൂട്ടി വിവരം നല്‍കിയതിനാൽ ശസ്ത്രക്രിയക്ക് വേണ്ട ഒരുക്കങ്ങൾ നടത്തിയിരുന്നു.

അതിനിടയിൽ സാലിഹിന്റെ ശരീരത്തിൽ നിന്ന് ഒരു ലിറ്ററിലധികം രക്തം വാർന്നു പോയിരുന്നെങ്കിലും ബോധം നഷ്ടപ്പെട്ടിരുന്നില്ല. തിരിച്ചറിയാതിരുന്ന കുഞ്ഞിന് പോലീസിന്റെ സമ്മതത്തോടെ ശസ്ത്രക്രിയ തുടങ്ങി. ഏഴ് മണിക്കൂർ നീണ്ട ശസ്ത്രക്രിയ വിജയകരമായി നടത്തി. അപ്പോഴേക്കും നീലേശ്വരം തൈക്കടപ്പുറത്തെ സമീറിന്റെ ഭാര്യയയും മകനുമാണ് അപകടത്തിൽ പെട്ടത് എന്ന് തിരിച്ചറിഞ്ഞു. ശേഷം ആറ് മാസം നിതാന്ത ജാഗ്രതയോടെ കുഞ്ഞിനെ അണുബാധയൊന്നും ഏൽക്കാതെ സംരക്ഷിച്ചു. ഇളം പ്രായമായതിനാൽ ഞരമ്പുകളുടെ പുനർ നിർമിതിയും വളര്‍ച്ചയുമെല്ലാം വേഗതയിലായി. തൊലികൾ വെച്ച് പിടിപ്പിച്ചതുൾപ്പടെ നാല് ശസ്ത്രക്രിയകൾക്ക് സാലിഹ് വിധേയനായി. ഇപ്പോൾ പരസഹായമില്ലാതെ കുഞ്ഞ് കാലുകൾ നടന്നു തുടങ്ങി. എജെ ഹോസ്പിറ്റലെ മൈക്രോ വാസ്കുലാർ സർജൻ ഡോ. ദിനേശ് കദമിന്റെ നേത്രത്വത്തിലാണ് ഏറെ ശ്രമകരമായ ശസ്ത്രക്രിയ വിജയകരമായി നടത്തിയത്.

കടപ്പാട്: Nazarudeen Nazarudeen

Devika Rahul