പുതിയ ഫേസ്ബുക്ക് അക്കൗണ്ട് തുടങ്ങാൻ ആധാർ വിവരങ്ങൾ നൽകണം; പ്രചരിച്ച വാർത്തയ്ക്കു പിന്നിൽ…

ഇനിമുതല്‍ പുതുതായി ഫെയ്സ്ബുക്ക് അക്കൗണ്ട് തുടങ്ങാൻ ആധാർ വേണമെന്ന വാർത്ത കഴിഞ്ഞ ദിവസങ്ങളിൽ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഈ വാർത്തയിലെ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഫേസ്ബുക്ക് അധികൃതർ. പ്രചരിക്കുന്ന ഈ വാർത്ത തെറ്റാണെന്നാണ് അധികൃതർ പറയുന്നത്.

ഇന്ത്യയിലുള്ള ഫേസ്ബുക്ക് ഉപയോക്താക്കളോടു ആധാര്‍ വിവരങ്ങള്‍ നല്‍കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നു ഫെയ്‌സ്ബുക്ക് അധികൃതർ അറിയിച്ചു. ഫെയ്‌സ്ബുക്ക് ലോഗിൻ ചെയ്യുമ്പോൾ ആധാര്‍കാര്‍ഡിലുള്ള പോലെ പേര് ടൈപ്പ് ചെയ്യാൻ ചില ഉപയോക്താക്കളോടു ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിനെ തെറ്റായി വ്യാഖ്യാനിക്കുകയാണ് ചെയ്തതെന്നാണ് ഫേസ്ബുക്ക് അധികൃതർ പറയുന്നത്.

വളരെ കുറച്ച് ആളുകളോട് മാത്രമാണ് ഇതുപോലെ പേര് നല്‍കാന്‍ ആവശ്യപ്പെട്ടത്. ആധാര്‍കാര്‍ഡിലേതു പോലെയുള്ള ഉപഭോക്താക്കളുടെ പേരു വിവരങ്ങള്‍ വെച്ച് വെറുമൊരു പരീക്ഷണം നടത്തുക മാത്രമാണ് ചെയ്തത്. സമൂഹമാധ്യമങ്ങളില്‍ ഉപഭോക്താക്കളെ ശരിയായ വ്യക്തിവിവരങ്ങള്‍ നല്‍കുന്നതിന് പ്രോത്സാഹിപ്പിക്കുക എന്നൊരു ലക്ഷ്യം മാത്രമാണ് ഇതിനു പിന്നിലുള്ളുവെന്നും കാലിഫോര്‍ണിയയിലുള്ള ഫെയ്‌സ്ബുക്ക് ആസ്ഥാനം വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് നടത്തിയ പരീക്ഷണം ആവസാനിക്കുകയും ചെയ്തു.

ആധാര്‍കാര്‍ഡിലേത് പോലെ പേര് നല്‍കിയാല്‍ അത് ബന്ധുക്കള്‍ക്കും സുഹൃത്തുക്കളും ഉപയോക്താവിനെ എളുപ്പത്തില്‍ തിരിച്ചറിയാന്‍ സാധിക്കും. അതിനുവേണ്ടിയാണ് പരീക്ഷണം നടത്തിയത്. പ്രചരിച്ച വാര്‍ത്തകള്‍ പോലെ ആധാര്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ ഫെയ്‌സ് ബുക്ക് ലക്ഷ്യമിടുന്നില്ലെന്നും ഫേസ്ബുക്ക് അധികൃതർ പറഞ്ഞു.

കടപ്പാട് : മലയാളി വാര്‍ത്ത

Devika Rahul