ഫ്രാന്‍സില്‍ നിന്ന് ഇരുപത്തിയഞ്ച് പേര്‍, മോഹന്‍ലാലിന്റെ ഭാരം കുറയ്ക്കാന്‍

ബ്രഹ്മാണ്ഡ ചിത്രമെന്ന് വിശേഷിപ്പിക്കാവുന്ന ഒന്നാണ് മോഹന്‍ലാല്‍ – ശ്രീകുമാര്‍ മേനോന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ഒടിയന്‍. മലയാളത്തിലെ ഏറ്റവും മുതല്‍മുടക്കുള്ള ചിത്രം എന്ന ഖ്യാതി സ്വന്തമാക്കാനൊരുങ്ങുന്ന ഒടിയന്റെ ചിത്രീകരണം കേരളത്തിലും ബനാറസിലുമായാണ് പുരോഗമിക്കുന്നത്. ചിത്രത്തിലെ ഒടിയന്‍…

ബ്രഹ്മാണ്ഡ ചിത്രമെന്ന് വിശേഷിപ്പിക്കാവുന്ന ഒന്നാണ് മോഹന്‍ലാല്‍ – ശ്രീകുമാര്‍ മേനോന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ഒടിയന്‍. മലയാളത്തിലെ ഏറ്റവും മുതല്‍മുടക്കുള്ള ചിത്രം എന്ന ഖ്യാതി സ്വന്തമാക്കാനൊരുങ്ങുന്ന ഒടിയന്റെ ചിത്രീകരണം കേരളത്തിലും ബനാറസിലുമായാണ് പുരോഗമിക്കുന്നത്. ചിത്രത്തിലെ ഒടിയന്‍ മാണിക്യനായി എത്തുന്ന മോഹന്‍ലാലിന്റെ ഗെറ്റപ് ഏറെ ജനശ്രദ്ധ നേടിയിരുന്നു.

ശരീര ഭാരം വല്ലാതെ കുറച്ച് ക്‌ളീന്‍ ഷേവ് ചെയ്ത് ഏറെ വ്യത്യസ്തമായാണ് മോഹന്‍ലാല്‍ ഒടിയനിലെത്തുന്നത്. മുപ്പത് വയസ്സുകാരനായ മാണിക്യനായി മോഹന്‍ലാലിനെ ഒരുക്കാന്‍ ഗ്രാഫിക്‌സ് വേണ്ടെന്നാണ് അണിയറപ്രവര്‍ത്തകര്‍ തീരുമാനിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. മോഹന്‍ലാലിന്റെ ശരീരഭാരം പതിനഞ്ച് കിലോയോളം കുറയ്ക്കാന്‍ ഫ്രാന്‍സില്‍ നിന്നുമുള്ള വിദഗ്ധരുടെ സഹായം തേടാനാണ് ചിത്രത്തിന്റെ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ തീരുമാനിച്ചിരിക്കുന്നത്.
‘ഹോളിവുഡ് താരങ്ങളെ മേക്കോവറിന് സഹായിക്കുന്ന വിദഗ്ധ സംഘത്തെയാണ് ഞങ്ങള്‍ ഒടിയന് വേണ്ടി സമീപിച്ചിട്ടുള്ളത്. ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ കായികതാരങ്ങള്‍ക്ക് നല്‍കുന്ന അതേ പരിശീലനമുറകളാണ് മോഹന്‍ലാലിന് നല്കാന്‍ പോകുന്നത്. കഠിനമായതും എന്നാല്‍ ഇടവേളകള്‍ ഉള്ളതുമാണ് ട്രെയിനിങ്’- ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു.

‘മോഹന്‍ലാലിന്റെ ഫിറ്റ്‌നസ് ലെവല്‍ പരിശോധിച്ച സംഘം ആവശ്യമായ രൂപത്തിലെത്താന്‍ 35- 40 ദിവസങ്ങള്‍ വേണ്ടിവരുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇരുപത്തിയഞ്ച് പേരടങ്ങുന്ന സംഘത്തില്‍ ഉഴിച്ചിലുകാര്‍, ആയുര്‍വേദ വിദഗ്ധര്‍ , ത്വക്‌രോഗ വിദഗ്ധര്‍, ഫിറ്റ്‌നെസ്സ് ട്രെയിനര്‍മാര്‍ തുടങ്ങിയവരുണ്ട്. മലയാള സിനിമയില്‍ ആദ്യമായാണ് ഒരു നടന്റെ മേക്കോവറിനായി ഇങ്ങനെയൊരു സംഘത്തെ നിയോഗിക്കുന്നത്. കുറച്ച് കൂടി ചെറുപ്പമായ പുതിയൊരു ലാലേട്ടനെയാകും ഇനി നമുക്ക് കാണാന്‍ സാധിക്കുക.’ ശ്രീകുമാര്‍ മേനോന്‍ കൂട്ടിച്ചേര്‍ത്തു.

ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂള്‍ പൂര്‍ത്തിയായി. അറുപത്തിയഞ്ചുകാരനായി മോഹന്‍ലാല്‍ എത്തുന്ന ഭാഗങ്ങളുടെ ചിത്രീകരണമാണ് കഴിഞ്ഞത്. ബാക്കി ചിത്രീകരണം മേക്കോവറിന് ശേഷമാണെന്നും ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു. മഞ്ജുവാര്യരാണ് ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായി എത്തുന്നത്. ദേശീയ പുരസ്‌കാര ജേതാവായ ഹരികൃഷ്ണനാണ് ചിത്രത്തിന്റെ തിരക്കഥ. സാബു സിറില്‍ കലാസംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ നിര്‍മാണം ആന്റണി പെരുമ്പാവൂരാണ്.