ഭദ്ര ഭാഗം 3

‘ ഉണ്ണ്യേ വിളിക്കുക…… ‘ കവടി നിരത്തി ഗണിച്ചു നോക്കിയ ശേഷം പണിക്കര് സുഭദ്രാമ്മയോടായ് പറഞ്ഞു.വിളിക്കും മുൻപ് തന്നെ വിഷ്ണു കോണിപ്പടികൾ ഇറങ്ങി വന്നു.’ഉണ്ണീടെ ജന്മനക്ഷത്രമേതാ? ‘ അവനെ അടിമുടിയൊന്ന് നോക്കിക്കൊണ്ടയാൾ ചോദിച്ചു.”ഉത്രട്ടാതി ”…

‘ ഉണ്ണ്യേ വിളിക്കുക…… ‘ കവടി നിരത്തി ഗണിച്ചു നോക്കിയ ശേഷം പണിക്കര് സുഭദ്രാമ്മയോടായ് പറഞ്ഞു.വിളിക്കും മുൻപ് തന്നെ വിഷ്ണു കോണിപ്പടികൾ ഇറങ്ങി വന്നു.’ഉണ്ണീടെ ജന്മനക്ഷത്രമേതാ? ‘ അവനെ അടിമുടിയൊന്ന് നോക്കിക്കൊണ്ടയാൾ ചോദിച്ചു.”ഉത്രട്ടാതി ” സുഭദ്രാമ്മ ഭയഭക്തി ബഹുമാനത്തോടെ പറഞ്ഞു.കവടിയിൽ അല്പനേരം കൈവെച്ചു ധ്യാനിച്ചുകൊണ്ട് അദ്ദേഹം തുടർന്നു,
‘മ്മ്മം….. വസുദേവൻ നമ്പൂരിക്ക് ശേഷവും ഉണ്ണിക്ക് മുൻപും ഈ ഇല്ലത്തു ആൺസന്തതികൾ പിറന്നിട്ടില്ല ല്ലേ? ‘
“ഇല്ല്യ ” ഒന്ന് ആലോചിക്കുക പോലും ചെയ്യാതെ സുഭദ്രാമ്മ പറഞ്ഞു

‘ഞാനൊരു കാര്യം അങ്ങട് പറയാം. അവൾടെ ശാപമായിരുന്നു അതെല്ലാം… സുഭദ്രാമ്മക്ക് കഴിഞ്ഞതൊക്കെ നിശ്ശിണ്ടല്ലോ ല്ലേ? ഇപ്പോ ഉണ്ണീടെ ജനനത്തോടെ അവൾ വീണ്ടും പ്രകോപിതയായിരിക്കണു എന്ന് വേണം കരുതാൻ. എവിടെയോ എന്തോ പിഴച്ചിട്ടുണ്ട്.ഉണ്ണീടെ നാശമാണ് അവൾടെ ലക്ഷ്യം അതോണ്ട് ഉണ്ണിയൊന്നു സൂക്ഷിക്കണം ‘ അയാൾ വിഷ്ണുവിനെ നോക്കികൊണ്ട് പറഞ്ഞു.അവൻ അവരുടെ സംസാരങ്ങൾ ഒന്നും ശ്രദ്ധിക്കാതെ അപ്പോഴും ഫോണിൽ നോക്കി ഇരിക്കുകയായിരുന്നു.”പരിഹാരമെന്തെങ്കിലും? ” പരിഭ്രാന്തയായി സുഭദ്രാമ്മ അയാളുടെ മുന്നിൽ കൈകൾ കൂപ്പി.

‘ങും. ഞാൻ പറയാം. അമ്പലത്തിലെ ഉത്സവം ഒന്ന് കൊടിയിറങ്ങട്ടെ അതുവരെ ക്ഷേമിക്യ. ഇപ്പോഴത്തേക്ക് ഞാനൊരു രക്ഷ അങ്ങട് മന്ത്രിച്ചു തരാം, അത് ഉണ്ണീടെ ദേഹത്ത് ഉള്ള കാലം അവൾക്ക്‌ ഉപദ്രവിക്കാൻ പറ്റില്യ ‘ അതും പറഞ്ഞയാൾ തന്റെ സഹായിയുടെ ചെവിയിൽ എന്തോ രഹസ്യം പറഞ്ഞു. സഹായി സഞ്ചിയിൽ നിന്ന് ഒരു പൊതിയെടുത്തു കൊടുത്തു. അത്‌ കയ്യിൽ വെച്ചുകൊണ്ട് എന്തൊക്കെയോ മന്ത്രങ്ങൾ ഉരുവിട്ടുകൊണ്ടിരുന്നു… സുഭദ്രാമ്മ കണ്ണിമചിമ്മാതെ അദ്ദേഹത്തെ നോക്കി ഇരുന്നു… അവസാനം ഒരു ചുവന്ന ചരടെടുത്ത് അവർക്ക്നേരെ നീട്ടി അദ്ദേഹം പറഞ്ഞു,’ദാ ഇത് രക്ഷയാണ്.. ഉണ്ണിയെ ഇത് സംരക്ഷിചോളും’
ഭയഭക്തിബഹുമാനത്തോടെ സുഭദ്രാമ്മ അത് വാങ്ങി ദക്ഷിണ കൊടുത്തു…

വിഷ്ണുവിന്റെ ശ്രദ്ധ അപ്പോഴും തലേന്നാൾ അവനെടുത്ത ഫോട്ടോയിലായിരുന്നു. പണിക്കര് ദക്ഷിണ വാങ്ങി ഇറങ്ങുമ്പോൾ പടിപ്പുര വരെ കൂടെ ചെല്ലാൻ സുഭദ്രാമ്മ വിഷ്ണുവിനോടായി ആംഗ്യം കാണിച്ചു. അവൻ അനുസരണയോടെ അയാളെ പിന്തുടർന്നു. പടിപ്പുര കടന്നു അയാൾ പോകുന്നത് അൽപനേരം നോക്കിനിന്ന് അവൻ തിരിച്ചു നടന്നു. സാധാരണ ഒരു സിനിമയിൽ കാണുന്ന ക്ലിഷേ സീൻ പോലെ അവനു ഇതെക്കെ തോന്നി.
അകത്തേക്ക് കയറിയപ്പോൾ തന്നെ തന്റെ മുത്തശ്ശി തളർന്നിരിക്കുന്ന കാഴ്ചയായിരുന്നു അവൻ കണ്ടത്.
‘എന്താ മുത്തശ്ശി? എന്തുപറ്റി വല്ലായ്മ വല്ലതുമുണ്ടോ? ‘ അവൻ ഓടിച്ചെന്ന് അവരെ എഴുന്നേൽപ്പിച്ചു.
“എനിക്കൊന്നുല്ല ഉണ്ണ്യേ. പക്ഷേ ഞാൻ ഭയന്നത് സംഭവിക്കാൻ പോകുന്നു ” അവരുടെ ശബ്ദമിടറി.
“ഉണ്ണീടെ കൈ ഇങ്ങട് നീട്ടാ” എന്നും പറഞ്ഞുകൊണ്ട് അവർ ആ ചരട് അവന്റെ കയ്യിൽ കെട്ടി…
“ന്റെ തേവരെ… ന്റെ ഉണ്ണിയെ കാത്തോളണേ… ” എന്നു പറഞ്ഞു അവർ അവിടിരുന്നു.

‘ന്ത് സംഭവിക്കുംന്നാ മുത്തശ്ശി ഈ പറേണത്. കവടി നിരത്തി അയാളെന്തൊക്കെയോ പറഞ്ഞൂന്ന് വെച്ച് അതൊക്കെ സത്യമാവണമെന്നുണ്ടോ? നിങ്ങളൊക്കെ ഇത് ഏതു നൂറ്റാണ്ടിലാണ് ഈ ജീവിക്കുന്നത്?? യക്ഷി, പ്രേതം.. മണ്ണാങ്കട്ട ‘ അല്പം പുച്ഛത്തോടെ അവൻ പറഞ്ഞുനിർത്തി
“നീയിത് എന്തറിഞ്ഞിട്ടാ ന്റെ കുട്ടീ…. പണിക്കര് പറേണത് മുഴുവൻ അക്ഷരംപ്രതി സത്യാ. അവളുറപ്പായിട്ടും ന്റെ കുട്ടീനെ ഉപദ്രവിക്കും. ന്റെ ദേവ്യേ….. ഞങ്ങളെ ഇനിയും പരീക്ഷിക്കരുതേ ” അവർ മുകളിലേക്ക് നോക്കി കൈകൂപ്പി.’മുത്തശ്ശി ന്തൊക്കെയാ ഈ പറേണത്. ഏതവളാണ് എന്നെ ഉപദ്രവിക്കാൻ പോണത്. എന്തിനാ അവളെന്നെ ഉപദ്രവിക്കണത്… തെളിച്ചു പറയൂ ‘ വിഷ്ണുവിന് അരിശം വന്നു

“അവളാ…… അവൾക്ക് ഈ ഇല്ലത്തുള്ളോരോട് തീർത്താൽ തീരാത്ത പകയാ ” ഒരു നെടുവീർപ്പോടെ സുഭദ്രാമ്മ പറഞ്ഞു’ആർക്ക് ‘ നെറ്റി ചുളിച്ചു കൊണ്ട് അവരെ നോക്കി വിഷ്ണു ചോദിച്ചു
ചുറ്റും ഒന്ന് നോക്കി ആരുമില്ലെന്ന് ഉറപ്പുവരുത്തി അവർ പറഞ്ഞു,
“ഭദ്ര ” ആ പേര് പറയുമ്പോൾ മുത്തശ്ശിയുടെ ചുണ്ടുകൾ വിറച്ചുകൊണ്ടിരുന്നു…
‘ഭദ്രയോ? അതാരാണ്? ‘ വിഷ്ണുവിന് ആകാംഷ കൂടി
വിദൂരതയിലേക്ക് നോക്കി അവരെന്തൊക്കെയോ ഓർത്തെടുത്തു. ശേഷം പറഞ്ഞു തുടങ്ങി

“പണ്ട് ന്റെ മുത്തശ്ശിടെ കാലത്താണ് അത് സംഭവിച്ചത്. അന്ന് മുത്തശ്ശിക്ക് അഞ്ചു മക്കളായിരുന്നു. അതിൽ ഏക ആൺതരിയായിരുന്നു എന്റെയമ്മാവൻ വാസുദേവൻ നമ്പൂതിരി.അതി പ്രഗത്ഭൻ ആയിരുന്നു അദ്ദേഹം.മാന്ത്രിക ക്രിയകളിൽ അദ്ദേഹത്തെ വെല്ലാൻ ആരുംതന്നെ ഉണ്ടായിരുന്നില്ല ഈ ദേശത്തിൽ.
അന്ന് ഇല്ലത്തു ഒരുപാട് ജോലിക്കാരുണ്ടായിരുന്നു. അതിലൊരു ജോലിക്കാരീടെ മകളായിരുന്നു ഭദ്ര. മുട്ടറ്റം മുടിയും നല്ല ഗോതമ്പിന്റെ നിറവുമുള്ള ഭദ്രയെ ഇല്ലത്തുള്ളോർക്ക് എല്ലാവര്ക്കും വല്യ ഇഷ്ട്ടായിരുന്നു. അത്യാവിശ്യം പുറം പണികൾക്ക് ഭദ്രയും സഹായത്തിനെത്തും.അങ്ങനെയിരിക്കെ എന്റെ അമ്മാവൻ വാസുദേവൻ നമ്പൂരിക്ക് ഭദ്രയോട് അനുരാഗം തോന്നി. അത് ഭദ്രയോട് തുറന്നു പറയാനും മടിച്ചില്ല.

പക്ഷേ ആ അനുരാഗത്തെ ഭദ്ര നിരസിച്ചു. ഇല്ലത്തെ പണിക്കാരി പെണ്ണ് ഇല്ലത്തെ നമ്പൂരിയെ വിവാഹം ചെയ്താലുണ്ടാവുന്ന പ്രശ്നങ്ങൾ അവൾ മുൻകൂട്ടി കണ്ടിരുന്നു.
പക്ഷേ….അയാളുടെ ആത്മാർത്ഥ സ്നേഹത്തിനു മുന്നിൽ അവൾ പരാജയപെട്ടു, ഒരിക്കലും കൈവിടില്ല എന്നയുറപ്പിൻമേൽ അവൾ ആ പ്രണയാഭ്യർത്ഥന സ്വീകരിച്ചു. അവസാനം ഇല്ലത്തുള്ളോരൊക്കെ കാര്യമറിഞ്ഞു. ഇല്ലത്തെ നമ്പൂരി വേലക്കാരി പെണ്ണിനെ പ്രേമിക്കുന്ന കാര്യമറിഞ്ഞു നാട്ടുകാരൊക്കെ മൂക്കത്തു വിരലുവെച്ചു. അമ്മാവൻ പക്ഷേ ഇതൊന്നും കാര്യമാക്കിയില്ല എന്ത് വന്നാലും തനിക്ക് ഭദ്രയെ മതിയെന്ന നിലപാടിൽ അയാൾ ഉറച്ചു നിന്നു. വിവാഹം വരെ എത്തിനിന്നു കാര്യങ്ങൾ…

അന്നത്തെ കാർണോരു വാമദേവൻ നമ്പൂതിരി ഇതിനെ എതിർത്തു …വാസുദേവനേ സമുദായത്തിൽ നിന്ന് തന്നെ ഭ്രഷ്ട് കല്പിക്കണമെന്ന് പലരും പറഞ്ഞു…അങ്ങനെ എല്ലാവരെയും വെല്ലുവിളിച്ചു അവർ വിവാഹം ചെയ്യുമെന്ന് പറഞ്ഞു… വിവാഹത്തലേന്ന് വിഷം തീണ്ടിയ നിലയിൽ, ഉണ്ണി അന്ന് പോയില്യേ ആ കാവിൽ അവളുടെ ശരീരം കിടക്കുന്നതാണ് നാട്ടുകാർ കണ്ടത്… ഭദ്ര… അവളെ ഇല്ലത്തെ എല്ലാരും ചേർന്ന് കൊന്നതാണെന്ന് വരെ പലരും പറഞ്ഞു.. ഇത് സഹിക്കവയ്യാതെ വാസുദേവൻ നാടുവിട്ടു എങ്ങോട്ടോ പോയി… ഇതൊക്കെയാ ഉണ്ണിയെ നടന്നേ… അതിനു ശേഷം ഈ ഇല്ലത്തു പിന്നൊരു ആൺതരി പിറന്നീട്ടില്യ, നീ ഉണ്ടാവും വരെ… ഈശ്വരാ ഇത് എന്തിന്റെയൊക്കെയോ നിമിത്തമാണോ? “മുത്തശ്ശിയുടെ കണ്ണുകളിൽ ഭീതി നിഴലിച്ചു. ഒരു നിമിഷം അവർ മൗനം പാലിച്ചു ശേഷം തുടർന്നു

” അതിന്റെ മൂന്നാം നാൾ അന്നത്തെ ഇല്ലത്തെ കാർന്നോര് വാമദേവൻ നമ്പൂതിരി വിഷം തീണ്ടി മരിക്യണ്ടായി. വാസുദേവൻ നമ്പൂതിരിയും ആത്മഹത്യ ചെയ്തു എന്നാണ് പിന്നീട് കേട്ടത്. യക്ഷിക്കാവിൽ പിന്നീട് പലരും ഭദ്രയെ കണ്ടതായി പറഞ്ഞു. ആ വഴി പോയ പലരും ഒന്നുകിൽ വിഷം തീണ്ടും അല്ലെങ്കിൽ ഭ്രാന്തായി പോവും എന്ന അവസ്ഥയായി. രാത്രി പോയിട്ട് പകല് പോലും ആ വഴി സഞ്ചാരയോഗ്യമല്ലാതായി. ഒടുവിൽ കരിമ്പന ഇല്ലത്തെ മഹാമാന്ത്രികൻ കേശവൻ നമ്പൂതിരി വന്ന്‌ ഒരുപാട് ദിവസത്തെ കർമ്മങ്ങളൊക്കെ ചെയ്ത് അവളെ ആ കാവിൽ ദേവിയായി കുടിയിരുത്തി… ഇപ്പോളും ആർക്കും ആ വഴി നടക്കാൻ പേടിയാ… അവിടെയാ ഉണ്ണി നീ പോയത്…”

കഥ മൊത്തം കേട്ടുകഴിഞ്ഞു വിഷ്ണു മുത്തശ്ശിയുടെ മടിയിൽ തലചായ്ച്ചു, എന്നിട്ട് പറഞ്ഞു,
‘എന്റെ മുത്തശ്ശി… ഈ ആകാശഗംഗ സിനിമ പോലത്തെ കഥയും കൊണ്ടാണോ ഭദ്രയെ പേടിക്കുന്നത്. ഇതൊക്കെ സിനിമാ കഥ പോലെയാ എനിക്ക് തോന്നിയെ…ആ ഭദ്ര ഇപ്പോ എന്തിനാ എന്നെ ഉപദ്രവിക്കുന്നേ? അവളെ ഉപദ്രവിച്ചോരൊക്കെ പണ്ടേ മരിച്ചില്ലേ.. മുത്തശ്ശി ഈ സിനിമകളൊന്നും കാണാത്തതിന്റെ കുഴപ്പമാ… ഹ ഹാ ‘ ഒന്ന് പൊട്ടിച്ചിരിച്ചു കൊണ്ട് അവൻ മുത്തശ്ശിയെ ആശ്വസിക്കാനെന്നോണം പറഞ്ഞു.
“ഉണ്ണി ന്താ ഈ പറേണത്. അവളുടെ പക അങ്ങനൊന്നും തീരണതല്ല. ഉണ്ണിക്കറിയുമോ ആ സംഭവത്തിനി ശേഷം ഈ ഇല്ലത്തു ആൺസന്തതികൾ ജനിച്ചിട്ടില്യ. രണ്ടു തലമുറകൾക്ക് ശേഷമാ ഉണ്ണീടെ ജനനം. ” മുത്തശ്ശി അവന്റെ തലയിൽ തലോടിക്കൊണ്ട് പറഞ്ഞു

‘എന്റെ മുത്തശ്ശി വെറുതെ വേണ്ടാത്തതൊന്നും ചിന്തിക്കേണ്ട. അങ്ങനെ അവൾക്ക് എന്നെ ഇല്ലാതാക്കണമെങ്കിൽ ഞാൻ ജനിച്ചപ്പോളെ ആവായിരുന്നൂലോ. ഇല്ലത്തു തന്നെയല്ലേ ന്റേം ജനനം. ആറേഴു വയസുവരെ ഞാൻ വളർന്നതും ഇവിടെ ആയിരുന്നു ലേ. അപ്പോളൊന്നും സംഭവിക്കാത്തത് ഇപ്പോളും സംഭവിക്കില്ല. മുത്തശ്ശി ചെന്ന് കുറച്ചു നേരം വിശ്രമിക്ക്. വാ ഞാൻ മുറിയിൽ കൊണ്ടുചെന്നാക്കാം… ഓരോരോ മണ്ടൻ കഥയും പറഞ്ഞു വെറുതെ ആധി പിടിപ്പിക്കണ്ട ‘ അവൻ മുത്തശ്ശിയേയും കൂട്ടി മുറിയിലേക്ക് ചെന്നു.”ഉണ്ണ്യേ….. പണിക്കര് തന്ന രക്ഷ ഒരു കാരണവശാലും ഊരരുത്… ” കിടക്കും മുൻപ് മുത്തശ്ശി അവനെ ഓർമിപ്പിച്ചു.

‘ആയിക്കോട്ടെ, ഇനി അത് ഇല്ലാത്തോണ്ട് മുത്തശ്ശിക്ക് ടെൻഷൻ വേണ്ടാ… എന്തായാലും കാണാൻ നല്ല ഭംഗിണ്ട് ഇതിനു ‘ ചരടൊന്നു പൊക്കികാണിച്ചു മുത്തശ്ശിയെ നോക്കി ഒന്ന് പുഞ്ചിരിച്ചു അവൻ പുറത്തേക്കിറങ്ങി.
‘ഇനിയും വൈകരുത്. ഇന്ന് തന്നെ യക്ഷിക്കാവിലേക്ക് ചെല്ലണം. യക്ഷിയും ഭൂതോം ഒന്നുമില്ലെന്ന് എല്ലാവരെയും ബോധ്യപ്പെടുത്തണം. ചുമ്മാ എല്ലാവരെയും പറഞ്ഞു പറ്റിച്ചു ഇത്രെയും നല്ലൊരു സ്ഥലം…. അവിടെ ആരുടെയെങ്കിലും താവളമായിരിക്കും ഒരു പക്ഷെ… അല്ലെങ്കിൽ വേറെ വല്ല… അവൻ ഓരോന്ന് മനസ്സിൽ കണക്ക് കൂട്ടി തന്റെ ക്യാമറയും എടുത്തു നടന്നു…ഭദ്ര ഉറങ്ങുന്ന ആ യക്ഷിക്കാവിലേക്ക്…….!

(തുടരും….)

അപർണ