മരണത്തിന്റെ ബെല്‍ മുഴങ്ങിയപ്പോഴും വരാന്‍ മനസ്സില്ലെന്ന് പറഞ്ഞ അതുല്യനടന്‍

രംഗം :1കാലഘട്ടം 1950 കളുടെ മദ്ധ്യം. ദേശം ഓച്ചിറ. രാജമാണിക്യം എന്ന തമിഴ് നാടക കമ്പനി ഓച്ചിറയില്‍ തമ്പടിച്ച് നാടകം കളിക്കാനെത്തുന്നു. നാടകത്തിലെ രാജപ്പാട്ട് വേഷങ്ങളിലും , നാടകത്തിലെ പാട്ടുകളിലും കമ്പം കയറിയ ഒരു…

രംഗം :1കാലഘട്ടം 1950 കളുടെ മദ്ധ്യം. ദേശം ഓച്ചിറ. രാജമാണിക്യം എന്ന തമിഴ് നാടക കമ്പനി ഓച്ചിറയില്‍ തമ്പടിച്ച് നാടകം കളിക്കാനെത്തുന്നു. നാടകത്തിലെ രാജപ്പാട്ട് വേഷങ്ങളിലും , നാടകത്തിലെ പാട്ടുകളിലും കമ്പം കയറിയ ഒരു ബാലന്‍ സ്റ്റേജിന് ചുറ്റിനും നടന്നു. ഈത്തപ്പഴ കച്ചവടവും ബീഡിതെറുപ്പുമായി മാര്‍ക്കറ്റിന്റെ മൂലയിലിരുന്ന പിതാവ് ഈ കാഴ്ചകണ്ടു. കാലം പിന്നെ ഒരുപാട് പോയി.

സ്‌കൂളില്‍ മാര്‍ത്താണ്ഡവര്‍മ്മയുടെയും വേലിത്തമ്പി ദളവയുടെയുമൊക്കെ ചരിത്രപാഠങ്ങള്‍ പഠിപ്പിക്കുമ്പോള്‍ ഓരോ വിദ്യാര്‍ത്ഥിയേയും ഓരോ കഥാപാത്രമാക്കി അധ്യാപകന്‍ മാറ്റി. അങ്ങനെ ആദ്യമായി ഒരു കഥാപാത്രമായി ആ ബാലന്‍ മാറി. എസ്.എസ്.എല്‍.സി കഴിഞ്ഞ് തിരുവല്ല മാര്‍ത്തോമ്മാ കോളേജില്‍ പ്രീയൂണിവേഴ്‌സിറ്റിയ്ക്ക് പഠിക്കുമ്പോള്‍ എസ്.എല്‍.പുരത്തിന്റെ അരക്കില്ലം നാടകം കൂട്ടുകാരോടൊപ്പം ചേര്‍ന്ന് അമേച്വര്‍ നാടകമായി അവതരിപ്പിച്ചു.

ആ പതിനേഴുകാരനെ പിന്നീട് നാടക ചരിത്രം വിളിച്ച പേരാണ് ഗീഥാസലാം. ഓച്ചിറ റെയില്‍വേ സ്റ്റേഷന് സമീപമുള്ള വീട്ടിലിരുന്ന് ഗീഥാസലാം ജീവിതത്തിലെ ഓരോ രംഗങ്ങളും ഓര്‍ത്തെടുക്കുകയാണ്.

രംഗം : 2 എംജി.സോമനുമൊക്കെയായി ചേര്‍ന്ന് ശരം എന്ന നാടകത്തിലും ഗീതാസലാം വേഷമിട്ടു. ശരം നാടകത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുമ്പോഴാണ് എം.ജി.സോമനെ മലയാറ്റൂര്‍ രാമകൃഷ്ണന്റെ കെയറോഫില്‍ സിനിമയില്‍ എടുക്കുന്നത്. 1968 ല്‍ തിരുവനന്തപുരത്ത് സംഘടിപ്പിച്ച അമേച്വര്‍ നാടകമത്സരത്തില്‍ ഗീഥാസലാമും എം.ജി.സോമനും വിശ്വകലാ തിയേറ്റേഴ്‌സിന്റെ ബാനറില്‍ അഭിനയിച്ച തീരം നാടകത്തിന് ഒന്നാം സമ്മാനം ലഭിച്ചിരുന്നു.

സര്‍ക്കാര്‍ ജോലിക്കുള്ള പരീക്ഷയെഴുതി പി.ഡബ്ലിയൂ.ഡി വകുപ്പില്‍ ക്ലാര്‍ക്കായി പന്ത്രണ്ട് വര്‍ഷം ജോലി ചെയ്ത ചരിത്രവും ഗീഥാസലാമിനുണ്ട്. നാടകം വേണോ ജോലി തുടരണോ എന്നുള്ള മനസ്സിലെ ചോദ്യത്തിന് നാടകത്തെ വരിക്കുകയായിരുന്നു ഗീഥാസലാം. അങ്ങനെ ജോലി കളഞ്ഞിട്ട് നാടകം കളിച്ചുനടക്കുന്നവനെന്ന ‘പേരുദോഷ’വും ഗീഥാസലാമിന് വീണു. പ്രൊഫഷണല്‍ നാടകരംഗത്തേക്ക് വന്നത് കോട്ടയം നാഷണല്‍ തിയേറ്റേഴ്‌സിലൂടെയാണ്. അതിലെ അഭിനയം കണ്ടിട്ടാണ് ചങ്ങനാശ്ശേരി ഗീഥയിലേക്ക് ചാച്ചപ്പന്‍ വിളിച്ചുകൊണ്ടുപോയത്.

രംഗം : 3 ഗീഥാ കാലം പേരിനോടൊപ്പം നാടക സമിതിയുടെ പേര് ചേര്‍ത്ത് കെട്ടുന്ന കാലഘട്ടത്തിലാണ് ഗീഥാസലാമും ജീവിച്ചത്. അതുകൊണ്ടാണ് പേരിനോടൊപ്പം ഗീഥയും വന്നത്. അഞ്ച് വര്‍ഷം അമ്പത് വര്‍ഷത്തെ അനുഭവങ്ങള്‍ ഗീഥയില്‍ നിന്നും നേടിയെന്ന് ഗീഥാസലാം സാക്ഷ്യം പറഞ്ഞു. ജ്യോതി, ദീപം, ജ്വാല, സാക്ഷി, മോഹം തുടങ്ങിയ നാടകങ്ങളില്‍ മിന്നുന്ന വേഷം അഭിനയിച്ച് പ്രേക്ഷകരുടെ ഹൃദയം കീഴടക്കാന്‍ ഗീഥാസലാമിന് കഴിഞ്ഞു. ആല്‍ബ്രട്ട് ഡഗ്ലസ് കണ്‍സ്യൂസ് എന്ന വ്യത്യസ്തമായ ഒരു കഥാപാത്രം മോഹം നാടകത്തില്‍ ചെയ്തു.

ജന്മം കൊണ്ട് എമ്പ്രാന്തിരിയായ പയ്യന്‍ കര്‍മ്മം കൊണ്ട് വിവിധ വേഷങ്ങളില്‍ എത്തുന്നു എന്നതായിരുന്നു ആ കഥാപാത്രത്തിന്റെ പ്രത്യേകത. ചങ്ങനാശ്ശേരി ഗീഥയില്‍ കളിക്കുമ്പോഴാണ് പുറപ്പാട് (പഴയസിനിമ), കാലചക്രം, മാണികോയാ കുറിപ്പ് തുടങ്ങിയ സിനിമകളില്‍ അഭിനയിക്കാന്‍ ക്ഷണം വന്നത്. ആദ്യം അഭിനയിച്ച രണ്ട് സിനിമകളും പുറത്തുവന്നില്ല. അത് ഒരു ദുഃഖമായി ഇപ്പോഴും ഗീഥാസലാമിനുണ്ട്.

രംഗം : 4 ഓച്ചിറ നാടക രംഗത്തിലൂടെ 1980 ല്‍ ഓച്ചിറ കേന്ദ്രീകരിച്ച് സ്വന്തമായി ഓച്ചിറ നാടകംരംഗം തുടങ്ങി. ആദ്യനാടകം സിന്ദൂരസന്ധ്യ സ്വന്തമായി എഴുതി സംവിധാനം ചെയ്തു. പിന്നീട് 2000 വരെ സ്വന്തം സമിതിയായ നാടകരംഗത്തിലെ പ്രധാന നടനും സംവിധായകനുമായി ഗീഥാസലാം മാറി. 1990 ല്‍ ഗീഥാസലാം ആദിനാട് ശശി കൂട്ടുകെട്ടിലൂടെ പുറത്തുവന്ന മാണിക്യകൊട്ടാരം ഒരു വര്‍ഷം 432 സ്റ്റേജില്‍ അവതരിപ്പിച്ചു. തുമ്പിയും തമ്പുരാനും, തുമ്പപ്പൂകൊണ്ട് തുലാഭാരം, മനയ്ക്കലെ തത്ത, കാര്‍ഗിലും ക്രിക്കറ്റും അമ്മയുടെ സ്വന്തം നിഷേധി തുടങ്ങിയവയൊക്കെ നാടകരംഗത്തിന്റെ ഹിറ്റ് നാടകങ്ങളായിരുന്നു.

ഇതിനിടയില്‍ ആരാധനയുടെ അമ്മവീട് നാടകത്തിലെ ചന്ദുനായര്‍ എന്ന കഥാപാത്രം ചെയ്യാനും ഗീഥാസലാമിന് ക്ഷണം ഉണ്ടായി. 2000 വരെ നാടകരംഗത്തില്‍ അഭിനയിച്ചു. പിന്നീട് അതിന്റെ സംഘാടകനായി മാറി നിന്നു.
രംഗം : 5 അംഗീകാരത്തിന്റെ തിളക്കം 1987 ല്‍ ആരാധനയുടെ അഭിമാനം നാടകത്തില്‍ ഉസ്മാന്‍കുട്ടി ഉസ്താദ് എന്ന കഥാപാത്രത്തിലൂടെ കേരള സംഗീതനാടക അക്കാദമി സംഘടിപ്പിച്ച പ്രൊഫഷണല്‍ നാടകമത്സരത്തില്‍ മികച്ച രണ്ടാമത്തെ നടനായി തിരഞ്ഞെടുത്തു. 2010 ല്‍ കേരള സംഗീത നാടക അക്കാദമി ഗുരുശ്രേഷ്ഠ പുരസ്‌ക്കാരം നല്‍കി ഈ കലാകാരനെ ആദരിച്ചു. ഡയലോഗ് പെട്ടെന്ന് പഠിക്കുന്ന കഴിവുള്ളതിനാല്‍ കെ.പി.എ.സി യുടെ നാടകത്തില്‍ ആര്‍ക്ക് അസുഖം വന്നാലും പകരത്തിന് വിളിവരുന്നത് ഗീഥാസലാമിനെയായിരുന്നു.

രംഗം : 6 സിനിമയിലേക്ക് അരങ്ങിലെ അനുഭവജീവിതത്തില്‍ നിന്നും അഭ്രപാളികളിലേക്ക് ഗീഥാസലാം കാല്‍വെയ്പ്പു നടത്തി. മദിരാശി, പറക്കുംതളിക, കുഞ്ഞിക്കൂനന്‍, എന്റെ വീട് അപ്പൂന്റേം, കനകസിംഹാസനം തുടങ്ങി എണ്‍പത്തിരണ്ടോളം സിനിമകളിലും ജ്വാലയായി, ഏഴിലംപാല, വാവ, ധന്യം, അമ്മത്തൊട്ടില്‍ ഗ്രാന്റ് കേരള സര്‍ക്കസ്, തുടങ്ങി മുപ്പതോളം സീരിയലുകളിലും ഗീഥാസലാം വേഷമിട്ടു. 2015 ആഗസ്റ്റ് 15 ന് ഗ്രാന്റ് കേരള സര്‍ക്കസ് എന്ന സീരിയലില്‍ അഭനയിച്ചുകൊണ്ടിരിക്കുമ്പോള്‍ ശ്വാസകോശ സംബന്ധമായ അസുഖം വന്ന് വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചതിനാല്‍ അഭിനയരംഗത്തുനിന്നും താല്ക്കാലികമായി അവധി പറഞ്ഞു.

രംഗം : 7 കുടുംബ പുസ്തകം ഓച്ചിറ പാറയില്‍ പടീറ്റതില്‍ വീട്ടില്‍ അബ്ദുല്‍ഖാദര്‍ കുഞ്ഞിന്റെയും മറിയംബീവിയുടെയും മൂത്തമകനായിരുന്നു ഗീഥാസലാം. നാടകം കളിച്ച് മൂത്തമകന്‍ നാടുനീളെ നടക്കുന്നത് നാട്ടുകാര്‍ ഇഷ്ടപ്പെട്ടില്ലെങ്കിലും ബാപ്പയും ഉമ്മയും ഏറെ പ്രോത്സാഹിപ്പിച്ചു. ഉമ്മ മറിയംബീവി നല്ലയൊരു തമാശക്കാരി കൂടിയായിരുന്നു. കുടുംബ വര്‍ത്തമാനങ്ങളില്‍ ഉരുളയ്ക്കുപ്പേരി പോലെ ഉമ്മ പൊട്ടിച്ച തമാശകളൊക്കെയും ഗീഥാസലാമിന് അഭിനയജിവിതത്തിലെ പാഠപുസ്തകങ്ങളായിരുന്നു.

ബാപ്പയാകട്ടെ ബീഡി തെറുത്തുകൊണ്ടും നാടകം കാണാന്‍ പ്രോത്സാഹനത്തിന്റെ തിരിവെട്ടവും തെളിച്ചു. അഭിനയ ജീവിതത്തില്‍ ഗുരുവായി ഗീഥാസലാം കാണുന്നത് നാടക സിനിമാനടന്‍ അബൂബക്കറിനെയാണ്. നാടകം കൊണ്ട് എന്ത് നേടിയെന്ന ചോദ്യത്തിന് 24 സെന്റ് വസ്തുവാങ്ങി, വീട് വെച്ചു. മകന്‍ ആദ്യമായി ഗള്‍ഫില്‍ പോയപ്പോള്‍ വിസയുടെയും ടിക്കറ്റ് ചാര്‍ജ്ജിന്റെയും തുകയായ അമ്പതിനായിരം കൊടുക്കാന്‍ കഴിഞ്ഞത് നാടകത്തിലൂടെ സമ്പാദിച്ചതുകൊണ്ടാണ്. ഭാര്യ- റഹ്മത്ത്, മക്കളായ ഷെഹീറും ഷാനും ഗീഥാസലാമിന്റെ അഭിനയ ജീവിതത്തില്‍ പ്രോത്സാഹനത്തിന്റെ അരങ്ങുണര്‍ത്തി.

രണ്ടു മണിക്കൂറോളം ദീര്‍ഘമായ തന്റെ ജീവിതാനുഭവങ്ങളിലൂടെ കടന്നുപോയ ഗീഥാസലാം താന്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് അഭിനയിച്ച കഥാപാത്രങ്ങളുടെ ഡയലോഗുകള്‍ ഇപ്പോഴും മറക്കാതെ ഉരുവിടുന്നത് നാടകം ഈ മനുഷ്യന്റെ ജീനില്‍ അലിഞ്ഞു ചേര്‍ന്നതുകൊണ്ടാണ്. രണ്ടുതവണ ബോധരഹിതനായി വെന്റിലേറ്ററില്‍ കിടന്നിട്ടും മരണം വന്ന് ഫസ്റ്റ് ബെല്ല് മുഴക്കിയപ്പോഴും നാടകം സമരമാക്കിയ എഴുപതുകള്‍ പിന്നിട്ട ഈ പോരാളി അരങ്ങിലെ അടുത്ത ബെല്‍ മുഴക്കത്തിനായി കാത്തിരിക്കുന്നു.