മൃതദേഹങ്ങള്‍ ഒഴുകിനടക്കുന്നു, മത്സ്യങ്ങളുടെ വയറ്റില്‍ നിന്നു നഖവും മുടിയും! നാട്ടില്‍ പ്രചരിക്കുന്ന കഥയുടെ സത്യാവസ്ഥ ഇങ്ങനെ !

മൃതദ്ദേഹങ്ങള്‍ ഒഴുകി നടക്കുന്നു. മത്സ്യങ്ങളുടെ വയറ്റില്‍ നിന്ന് നഖവും മുടിയും ലഭിച്ചു എന്നൊക്കെയാണ് ഇപ്പോള്‍ നാട്ടില്‍ പ്രചരിക്കുന്ന കഥകള്‍. കറിവയ്ക്കാന്‍ വാങ്ങിയ മീനിന്റെ വയറ്റില്‍ സ്വര്‍ണമോതിരം! സുനാമിക്കുശേഷം കേരളത്തില്‍ പ്രചരിച്ച കെട്ടുകഥകളില്‍ ഒന്നാണിത്. കേരളത്തെ…

മൃതദ്ദേഹങ്ങള്‍ ഒഴുകി നടക്കുന്നു. മത്സ്യങ്ങളുടെ വയറ്റില്‍ നിന്ന് നഖവും മുടിയും ലഭിച്ചു എന്നൊക്കെയാണ് ഇപ്പോള്‍ നാട്ടില്‍ പ്രചരിക്കുന്ന കഥകള്‍. കറിവയ്ക്കാന്‍ വാങ്ങിയ മീനിന്റെ വയറ്റില്‍ സ്വര്‍ണമോതിരം! സുനാമിക്കുശേഷം കേരളത്തില്‍ പ്രചരിച്ച കെട്ടുകഥകളില്‍ ഒന്നാണിത്. കേരളത്തെ നടുക്കിയ ഓഖി ദുരന്തത്തിനു പിന്നാലെയും കഥ മെനയുന്നവര്‍ രംഗത്തിറങ്ങിയിരിക്കുകയാണ്.

ഓഖിക്കുശേഷം വാങ്ങുന്ന മത്തിയുടെ വയറ്റില്‍വരെ മനുഷ്യനഖവും തലമുടിയുമുണ്ടെന്നാണു കണ്ണില്‍ചോരയില്ലാത്ത കഥകള്‍. ക്രിസ്മസ് കച്ചവടം പൊടിപൊടിക്കാന്‍ തയാറെടുക്കുന്ന മാംസലോബിയുടെ ഇത്തരം ”തള്ളലുകളില്‍” അന്തംവിട്ടു നില്‍ക്കുകയാണു മത്സ്യവിപണി. മാസങ്ങള്‍ക്കു മുമ്പ് ”ഇറച്ചിക്കോഴിക്ക് അര്‍ബുദം” എന്ന കള്ളപ്രചാരണമുണ്ടായപ്പോള്‍ കൂട്ടുനിന്ന മത്സ്യലോബിയാണ് ഇപ്പോള്‍ ഓഖിയില്‍ വിയര്‍ക്കുന്നത് എന്നതു മറുവശം. ക്രിസ്മസ്, ഈസ്റ്റര്‍ കാലങ്ങളില്‍ പരസ്പരം പാരയും മറുപാരയും പണിയുന്നത് ഇറച്ചി, മത്സ്യ ലോബികളുടെ പതിവാണ്. സുനാമി ദുരന്തത്തില്‍പെട്ടവരുടെ മൃതദേഹങ്ങള്‍ ഭക്ഷിച്ച മീനാണു വില്‍പ്പനയ്ക്ക് എത്തുന്നതെന്നായിരുന്നു അന്നത്തെ പ്രചാരണം

മീനിന്റെ വായില്‍ മോതിരം കണ്ടെത്തി, വയറ്റില്‍ തുണി കണ്ടെത്തി എന്നിങ്ങനെ കഥകള്‍ പ്രചരിച്ചതോടെ നാളുകളോളം മത്സ്യവ്യാപാരം ഇടിഞ്ഞു. സാമൂഹികമാധ്യമങ്ങളുടെ സ്വാധീനമേറിയതോടെ ഇത്തരം കഥകള്‍ കാട്ടുതീപോലെ പ്രചരിക്കുകയാണ്. തമിഴ്‌നാട്ടില്‍നിന്നു കൊണ്ടുവരുന്ന ഇറച്ചിക്കോഴിക്ക് അര്‍ബുദം എന്നമട്ടില്‍ ചിത്രങ്ങള്‍ സഹിതം വാട്‌സ്ആപ്പിലും ഫെയ്‌സ്ബുക്കിലും പ്രചരിച്ചതോടെ വില കൂപ്പുകുത്തി. അന്ന് 110 രൂപയുണ്ടായിരുന്ന ഇറച്ചിക്കോഴിവില 70 രൂപയിലെത്തി. സംസ്ഥാന ആരോഗ്യവകുപ്പ് ഇക്കാര്യം നിഷേധിച്ചെങ്കിലും പ്രചാരണം തുടര്‍ന്നു. മത്സ്യലോബി അതിനു കൂട്ടുനിന്നു.

ഓഖി ദുരന്തത്തില്‍പെട്ടവരുടെ മൃതദേഹങ്ങള്‍ കടലില്‍ ഒഴുകിനടക്കുന്നുവെന്നും അവ ഭക്ഷിച്ച മത്സ്യങ്ങളുടെ വയറ്റില്‍ നഖവും മുടിയും കാണപ്പെട്ടുവെന്നുമാണ് ഇപ്പോഴത്തെ മനഃസാക്ഷിയില്ലാത്ത പ്രചാരണം. ഇതോടെ മത്സ്യവിപണിയില്‍ ഇടിവുണ്ടായി. ഇറച്ചിക്കോഴിവില 84 രൂപയില്‍നിന്നു രണ്ടാഴ്ചകൊണ്ട് 110-120 രൂപയിലെത്തുകയും ചെയ്തു. തമിഴ്‌നാട്ടില്‍ പക്ഷിപ്പനി, കുളമ്പ്‌രോഗം, ആന്ത്രാക്‌സ് എന്നിങ്ങനെ പ്രചരിപ്പിച്ച് ഓരോ സീസണിലും ഇറച്ചി, മത്സ്യ ലോബികള്‍ തമ്മില്‍ യുദ്ധം പതിവാണ്.

കടപ്പാട്: ഈസ്റ്റ് കോസ്ററ് ഡെയിലി