യാത്രക്കാരുടെ ശ്രദ്ധയ്ക്ക്…! സഹയാത്രികര്‍ ഒരുമിച്ചു, ട്രെയിനിലെ ലേഡീസ് കംപാർട്ട്മെന്റിൽ യുവതിക്ക് സുഖപ്രസവം

വിമാനത്തിൽ പ്രസവിച്ച തൊടുപുഴ സ്വദേശിനിയായ യുവതിയുടെ കഥ അടുത്തിടെ ‘വനിത’ പ്രസിദ്ധീകരിച്ചിരുന്നു. ഇപ്പോഴിതാ സമാനമായ ഒരു കഥ മുംബൈയിൽ നിന്നു വരുന്നു. പ്രസവിച്ചത് വിമാനത്തിൽ അല്ല, ട്രെയിനിലാണെന്നു മാത്രം. മുംബൈ കല്യാണില്‍ നിന്നും ഛത്രപതി…

വിമാനത്തിൽ പ്രസവിച്ച തൊടുപുഴ സ്വദേശിനിയായ യുവതിയുടെ കഥ അടുത്തിടെ ‘വനിത’ പ്രസിദ്ധീകരിച്ചിരുന്നു. ഇപ്പോഴിതാ സമാനമായ ഒരു കഥ മുംബൈയിൽ നിന്നു വരുന്നു. പ്രസവിച്ചത് വിമാനത്തിൽ അല്ല, ട്രെയിനിലാണെന്നു മാത്രം. മുംബൈ കല്യാണില്‍ നിന്നും ഛത്രപതി ശിവജി ടെര്‍മിനസിലേക്ക് ട്രെയിന്‍ കയറിയ സല്‍മ ഷെയ്ക്കാണ് യാത്രയ്ക്കൊടുവിൽ അമ്മയായി ട്രെയിനു പുറത്തേക്ക് ഇറങ്ങിയത്.

ട്രെയിന്‍ ദാദര്‍ എത്തിയതും സല്‍മയ്ക്ക് പ്രസവ വേദന അനുഭവപ്പെട്ട് തുടങ്ങി. എന്ത് ചെയ്യുമെന്ന് അറിയാതെ പകച്ച് നില്‍ക്കുമ്പോളാണ് സഹയാത്രികര്‍ സഹായഹസ്തവുമായി എത്തുന്നത്. ഉടന്‍ തന്നെ റെയില്‍വേ പൊലീസിനെ വിവരം അറിയിച്ചു. ഇതിനെ തുടര്‍ന്ന് ദാദര്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ഒരു രൂപ ക്ലിനിക്കിലെ ഡോക്ടറുമായി റെയില്‍വേ ഉദ്യോഗസ്ഥര്‍ ട്രെയിന്‍ കമ്പാര്‍ട്‌മെന്റില്‍ എത്തുകയായിരുന്നു.

സല്‍മയെ സമീപത്തുള്ള ആശുപത്രിയിലേക്ക് മാറ്റുന്നതിന് സമയമില്ലാത്തതിനാല്‍ ട്രെയിനിനുള്ളില്‍ തന്നെ പ്രവസമെടുക്കാന്‍ ഡോക്ടര്‍ പ്രജ്‌വാളിത് കമ്പളി നിര്‍ദ്ദേശിച്ചു. ശേഷം ട്രെയിനിന്റെ ലേഡീസ് കമ്പാര്‍ട്ട്‌മെന്റ് പ്രസവ വാര്‍ഡായി മാറുകയായിരുന്നു. ജിആര്‍പി വനിത കോണ്‍സ്റ്റബള്‍ നിതാ മാഞ്ചി, നഴ്‌സായ സഞ്ജീവനി പട്വാളും ചേര്‍ന്ന് പ്രസവ ശുശ്രൂഷ നടത്തി. 10.17ന് സല്‍മ പ്രസവിക്കുകയും, തുടര്‍ന്ന് അമ്മയെയും കുഞ്ഞിനെയും കെഇഎം ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.