യൂട്യൂബില്‍ നിന്നെങ്ങനെ കാശുണ്ടാക്കാം?

യൂട്യൂബ് വഴി ആരെങ്കിലും പണക്കാരനായ കഥകള്‍ നിങ്ങള്‍ കേട്ടിട്ടുണ്ടോ? ചാര്‍ളിയുടേയും ഹാരിയുടെയും പിതാവ് കോടിപതിയായത് ഇങ്ങനെയാണ്.. ഒരു വയസ്സ് മാത്രം പ്രായമുള്ള തന്‍റെ മകന്‍ ചാര്‍ളി മൂന്ന് വയസ്സുള്ള ഹാരിയുടെ വിരല്‍ കടിക്കുന്ന ഒരു മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോ യൂട്യൂബില്‍ ഇട്ടതാണ് ആ ബ്രിട്ടീഷ്കാരന്‍റെ തലവര തിരുത്തിക്കുറിച്ചത്. ആറു കൊല്ലം കൊണ്ട് അറുപത് കോടിയിലതികം കാഴ്ച്ചക്കാരാണ് ഈ പറഞ്ഞ വീഡിയോ കണ്ടത്.

അതൊന്ന് കണ്ട് നോക്കൂ …!

ഇതുപോലുള്ള ഒരുപാട് വൈറല്‍ വീഡിയോകള്‍ നമുക്കിന്ന് കാണാന്‍ കഴിയും. ഇപ്പൊ ഒരു ഗൂഗിള്‍ അക്കൗണ്ട്‌ ഉണ്ടെങ്കില്‍ നിങ്ങള്‍ക്കും യൂട്യുബില്‍ നിങ്ങളുടെ ചാനല്‍ തുടങ്ങുകയും അത് വഴി കാശുണ്ടാക്കുകയും ചെയ്യാം.

എങ്ങനെ?

പറയുന്നത് പോലെ അത്ര എളുപ്പമല്ല നല്ലൊരു തുക ഇങ്ങനെ സമ്പാധിക്കല്‍. പണ്ട് ‘ലവന്‍’ പറഞ്ഞ പോലെ, ‘സ്റ്റഫ് വേണം സ്റ്റഫ്’.

1. കോപ്പിയടി പറ്റില്ല: നിങ്ങള്‍ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോയിലെ ചിത്രങ്ങളും പാട്ടുകളും എല്ലാം നിങ്ങള്‍ നിര്‍മ്മിച്ചതോ, നിങ്ങളുടെ കയ്യില്‍ ലൈസെന്‍സ് ഉള്ളതോ ആയിരിക്കണം.

2. മുകളില്‍ പറഞ്ഞതു മനസ്സിരുത്തിയാല്‍, നേരെ ഗൂഗിള്‍ ആഡ്‌സെന്‍സ്‌ എന്ന വെബ്‌സൈറ്റില്‍ നിങ്ങളുടെ പേര് രജിസ്റ്റര്‍ ചെയ്യുക. ഈ ഗൂഗിള്‍ ആഡ്‌സെന്‍സില്‍ അക്കൗണ്ട്‌ ആയാല്‍ പിന്നെ നിങ്ങളുടെ ഏത് വെബ്‌സൈറ്റിലും ഗൂഗിള്‍ വഴി വരുന്ന പരസ്യങ്ങള്‍ക്ക് ലാഭത്തിന്‍റെ ഒരു ഓഹരി നിങ്ങള്‍ക്ക് കിട്ടും. ഇതേ രീതിയില്‍, നിങ്ങള്‍ യൂട്യൂബില്‍ ഇടുന്ന വീഡിയോകളിലും പരസ്യം കാണിക്കാന്‍ നിങ്ങള്‍ക്ക് അവസരം ലഭിക്കും. ഇതിനായി, നിങ്ങളുടെ യൂട്യൂബ് അക്കൌണ്ടും ആഡ്‌സെന്‍സ്‌ അക്കൌണ്ടും യോജിപ്പിച്ചാല്‍ മതി. പിന്നീട് നിങ്ങളുടെ വീഡിയോകള്‍ ജനം കാണുമ്പോള്‍ അതില്‍ കാണിക്കുന്ന പരസ്യങ്ങളുടെ ഒരു വിഹിതം നിങ്ങള്‍ക്കും കിട്ടും.

3. ശ്രദ്ധിക്കുക: നിങ്ങളുടെ വീഡിയോയില്‍ പകര്‍പ്പവകാശമില്ലാത്ത ഏതെങ്കിലും ഭാഗങ്ങള്‍ ഉണ്ടെങ്കില്‍ (അത് മറ്റാരെങ്ങിലും ചൂണ്ടിക്കാണിച്ചാലും മതി), യൂട്യൂബ് നിങ്ങള്‍ക്ക് വിലക്ക് കല്‍പ്പിക്കാന്‍ സാധ്യതയുണ്ട്.

ഇനി നിങ്ങളുടെ കൈയില്‍ സ്വന്തമായ വീഡിയോ ഇല്ലെങ്ങില്‍, യൂട്യൂബില്‍ തന്നെ ഉള്ള വീഡിയോ ലൈബ്രറി തിരഞ്ഞാല്‍ ‘എല്ലാവര്‍ക്കും പകര്‍പ്പവകാശം (CC BY)’ കൊടുത്തിട്ടുള്ള വീഡിയോകളും പാട്ടുകളും, യൂട്യൂബിനുള്ളില്‍ തന്നെ മിക്സ്‌ ചെയ്തു പ്രദര്‍ശിപ്പിക്കാനും, അതുവഴി കാശുണ്ടാക്കാനും കഴിയും.

എത്ര കിട്ടും?

ഇത് നിങ്ങളുടെ വീഡിയോ എത്ര പേര്‍ കണ്ടു, അതില്‍ എത്ര തവണ പരസ്യം വന്നു, ആ പരസ്യത്തില്‍ എത്ര പേര്‍ ക്ലിക്ക് ചെയ്തു, … എന്നൊക്കെ ആശ്രയിച്ചിരിക്കും. ഏതെങ്കിലും ഒരു സാധാരണ വീഡിയോ ഇട്ടിട്ട് ഒറ്റ രാത്രി കൊണ്ട് കോടീശ്വരന്‍ ആവാമെന്ന വ്യാമോഹമൊന്നും എന്തായാലും വേണ്ട.

‘ലവന്‍’ പറഞ്ഞ പോലെ… “സ്റ്റഫ് ഉണ്ടെങ്കില്‍ കാശുണ്ടാക്കാം”.

Devika Rahul