Categories: Current Affairs

റെക്കാഡുകള്‍ തകര്‍ക്കാനുള്ളതല്ലേ.. പിന്നെന്തിന് പിന്‍മാറണം

496 സ്ട്രോകള്‍ വായ്ക്കകത്ത് തിരുകണം. നടക്കുന്നില്ല, ഉടന്‍ ഡോക്ടറെ കണ്ട് പല്ല് എടുപ്പിച്ചു. റിഷി അങ്ങനെയാണ്. റെക്കാഡുകള്‍ തകര്‍ക്കാന്‍ എന്തും ചെയ്യും. ഡല്‍ഹിയില്‍ നിന്ന് ലണ്ടനിലേക്ക്, ലണ്ടനില്‍ നിന്ന് വാഷിംഗ്ടണിലേക്ക്, അവിടെ നിന്ന് സാന്‍ഫ്രാന്‍സിസ്കോയിലേക്ക് ഒരിക്കല്‍ പിസ ഡെലിവറി വരെ നടത്തി. അതും 27 മണിക്കൂറിനകം. ഇതൊന്നും വെറുതേയല്ല. ഗിന്നസ് ബുക്കില്‍ ഇടം നേടുക ഹര്‍ പ്രകാശ് റിഷി എന്ന ഡല്‍ഹി സ്വദേശിക്ക് ഒരു വിനോദമാണ്.

രാജ്യങ്ങളുടെ പതാകകള്‍, വയറില്‍ ഒരു ലോക ഭൂപടം, മഹാത്മാഗാന്ധി, നരേന്ദ്രമോദി, എലിസബത്ത് രാജ്ഞി മുതല്‍ ഒബാമ വരെയുള്ളവര്‍ തുടങ്ങി നൂറുകണക്കിന് ചിത്രങ്ങളാണ് ശരീരം നിറയെ പച്ചകുത്തിയിരിക്കുന്നത്. ഇതും ഗിന്നസ് ബുക്ക് ലക്ഷ്യമിട്ട് തന്നെ. 1990ലാണ് ആദ്യ റെക്കാഡ് തീര്‍ത്തത്. പിന്നീട് പല തവണ.എന്നിട്ടും 76കാരനായ പ്രകാശ് റിഷിക്ക് ആവേശം ചോരുന്നില്ല, ഇക്കഴിഞ്ഞ ഏപ്രില്‍ 22 മുതല്‍ ജൂണ്‍ മൂന്നുവരെ 1001 മണിക്കൂര്‍ നിറുത്താതെ സ്കൂട്ടര്‍ ഓടിച്ച്‌ പുതിയ റെക്കാഡിനുടമയായി. 30,965 കിലോമീറ്ററാണ് താണ്ടിയത്. 10 വര്‍ഷമായി ഗിന്നസ് റെക്കാഡ്സ് ക്ലബ് ഒഫ് ഇന്ത്യയുടെ പ്രസിഡന്റാണ്. ഇദ്ദേഹത്തിന്റെ 20 ലോക റെക്കാഡുകളില്‍ ഏഴെണ്ണം ഗിന്നസ് ബുക്കിലും ബാക്കി ലിംക ബുക്ക് ഒഫ് റെക്കാഡ്സിലുമാണ്.റെക്കാഡുകള്‍ തീര്‍ക്കുക, സ്വന്തം റെക്കാഡുകള്‍ തകര്‍ക്കുക. ഇതൊരു ഹരമാണ്. എന്നാല്‍ ആളുകള്‍ കരുതുന്നത് എനിക്ക് ഭ്രാന്താണെന്നാണ്. ഒടുവില്‍ പേരും മാറ്റി. ഗിന്നസ് റിഷി എന്നാക്കി.

Devika Rahul