വെളിപാടിന്റെ പുസ്തകം 32 ദിവസം കൊണ്ട് നേടിയ കളക്ഷന്‍!

ഓണക്കാലം മലയാള സിനിമയ്ക്ക് എപ്പോഴും ആഘോഷത്തിന്റേതാണ്. ഇക്കുറി ഓണക്കാലം തിയറ്ററുകളെ ആവേശത്തിലാക്കിയത് മോഹന്‍ലാല്‍ മമ്മൂട്ടി ചിത്രങ്ങള്‍ ഒന്നിച്ച് തിയറ്ററില്‍ എത്തുന്നു എന്ന പ്രത്യേകത കൊണ്ടാണ്. പുള്ളിക്കാരന്‍ സ്റ്റാറാ, ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, ആദം ജോണ്‍…

ഓണക്കാലം മലയാള സിനിമയ്ക്ക് എപ്പോഴും ആഘോഷത്തിന്റേതാണ്. ഇക്കുറി ഓണക്കാലം തിയറ്ററുകളെ ആവേശത്തിലാക്കിയത് മോഹന്‍ലാല്‍ മമ്മൂട്ടി ചിത്രങ്ങള്‍ ഒന്നിച്ച് തിയറ്ററില്‍ എത്തുന്നു എന്ന പ്രത്യേകത കൊണ്ടാണ്. പുള്ളിക്കാരന്‍ സ്റ്റാറാ, ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, ആദം ജോണ്‍ എന്നിവ തിയറ്ററില്‍ എത്തുന്നതിനും ഒരു ദിവസം മുന്നേ മോഹന്‍ലാല്‍ ചിത്രം വെളിപാടിന്റെ പുസ്തകം തിയറ്ററിലെത്തി.മോഹന്‍ലാലും ലാല്‍ ജോസും ഒന്നിക്കുന്നു എന്ന പ്രത്യേകതയുമായി എത്തിയ ചിത്രം പക്ഷെ പ്രേക്ഷക പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ല. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് തിയറ്ററുകളില്‍ നിന്നും ലഭിച്ചത്.

മോഹന്‍ലാല്‍ ലാല്‍ ജോസ് മാജിക്

കരിയറില്‍ ആദ്യമായി ലാല്‍ ജോസ് മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ ചിത്രമായിരുന്നു വെളിപാടിന്റെ പുസ്തകം. നിരവധി ഹിറ്റ് ചിത്രങ്ങള്‍ സ്വന്തം പേരിലാക്കിയ ലാല്‍ ജോസ് ചിത്രത്തിലൂടെ ഒരു ലാല്‍ മാജിക് പ്രതീക്ഷ പ്രേക്ഷകര്‍ നിരാശരായി. എന്നാല്‍ ആദ്യ ദിനങ്ങളില്‍ ചിത്രം മികച്ച കളക്ഷന്‍ നേടി.

32 ദിവസത്തെ കളക്ഷന്‍

വെളിപാടിന്റെ പുസ്തകം തിയറ്ററിലെത്തി 32 ദിവസം പിന്നിടുമ്പോള്‍ ചിത്രത്തിന്റെ കളക്ഷന്‍ വിവരങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്. കേരള ബോക്‌സ് ഓഫീസില്‍ നിന്ന് മാത്രം ചിത്രം നേടിയത് 17 കോടി രൂപയാണ്. ചിത്രത്തേക്കുറിച്ചുള്ള സമ്മിശ്ര പ്രതികരണമാണ് ചിത്രത്തെ പിന്നോട്ടടിച്ചത്.

കസറിയ തുടക്കം

ആഘോഷ പൂര്‍വ്വം 200 തിയറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രം ആദ്യ ദിനം മൂന്നര കോടിയോളം തിയറ്ററില്‍ നിന്നും കളക്ട് ചെയ്തു. ആറ് ദിവസം കൊണ്ട് 11.48 കോടിയോളം ചിത്രം ആകെ കളക്ഷന്‍ നേടടുകയും ചെയ്തിരുന്നു. നിര്‍മാതാവ് ആന്റണി പെരുമ്പാവൂരാണ് ആറ് ദിവസത്തെ കളക്ഷന്‍ വെളിപ്പെടുത്തിയത്.

കിതപ്പ് തുടങ്ങി

തിയറ്ററില്‍ ഒരാഴ്ച പിന്നിട്ടതോടെ ചിത്രത്തിന്റെ കളക്ഷനില്‍ കാര്യമായ ഇടിവ് നേരിട്ട് തുടങ്ങി. രണ്ടാം വാരം ചിത്രം പത്ത് കോടി പിന്നിട്ടെങ്കിലും. പുതിയ റിലീസുകള്‍ എത്തിയതോടെ ചിത്രത്തിന് തിയറ്ററുകളും ഷോകളും കുറഞ്ഞു. പൂജ റിലീസുകള്‍ എത്തിയതോടെ ചിത്രം തിയറ്ററുകളില്‍ നിന്നും പിന്‍വാങ്ങിത്തുടങ്ങി.

പുതുമയില്ലാത്ത തിരക്കഥ

മോഹന്‍ലാലും ലാല്‍ ജോസും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയത് ബെന്നി പി നായരമ്പലമാണ്. നിരവധി ഹിറ്റ് ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയ ബെന്നി പി നായരമ്പലത്തിന് വെളിപാടിന്റെ പുസ്തകത്തില്‍ ആ വിജയ ഫോര്‍മുല ആവര്‍ത്തിക്കാന്‍ സാധിച്ചില്ല. പുതുമയില്ലാത്ത തിരക്കഥയായിരുന്നു ചിത്രത്തിന്റേതെന്നായിരുന്നു പ്രേക്ഷകരുടെ അഭിപ്രായം.

മൈക്കിള്‍ ഇടിക്കുള

കോളേജ് വൈസ് പ്രിന്‍സിപ്പളായ മൈക്കിള്‍ ഇടിക്കുള എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ചിത്രത്തിലെത്തുന്നത്. രണ്ട് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. മോഹന്‍ലാല്‍ മീശ പിരിച്ചെത്തുന്ന രണ്ടാമത്തെ ഗെറ്റപ്പ് പ്രേക്ഷകര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കിയതായിരുന്നു.

ഞെട്ടിച്ച് ജിമ്മിക്കി കമ്മല്‍

സിനിമയ്ക്ക് പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ സാധിച്ചില്ലെങ്കിലും എന്റമ്മേടെ ജിമ്മിക്കി കമ്മല്‍ എന്ന ഗാനം അമ്പരപ്പിക്കുന്ന വിജയമാണ് നേടിയത്. യൂടൂബില്‍ ഏറ്റവും അധികം ആളുകള്‍ കണ്ട മലയാള ഗാനം എന്ന റെക്കോര്‍ഡ് സ്വന്തമാക്കിയ ഗാനത്തിന് നിരവധി പതിപ്പുകളാണ് ഇറങ്ങിയത്. ഷാന്‍ റഹ്മാനാണ് ഗാനത്തിന് ഈണം നല്‍കിയത്.