“വ്യാപം“ – ദ കില്ലർ സ്കാം.

“വ്യാപം“ = വ്യാവസായിക പരീക്ഷാ മണ്ഡൽ- (മദ്ധ്യപ്രദേശ്). ( M.P. PUBLIC EXAMINATION BOARD).
സർക്കാർ സർവീസിലേക്കും പ്രൊഫഷണൽ കോഴ്സുകളിലേയ്ക്കുമുള്ള പ്രവേശന പരീക്ഷകൾ നടത്താൻ ചുമതലപ്പെട്ട സമിതി.
(ഒന്ന്) 2012 ജനുവരി-7. രാത്രി നേരം. മധ്യപ്രദേശിലെ ഉജ്ജൈനിൽ നിന്നൂം ഏകദേശം 20 കിലോമീറ്റർ അകലലെയുള്ള ചെറിയൊരു റെയിൽ വേ സ്റ്റേഷനായ “മസ്കി“യിലെ തന്റെ ഓഫീസീൽ ഉറക്കച്ചടവോടെ ജോലിയിൽ വ്യാപൃതനാണു സ്റ്റേഷൻ മാസ്റ്റർ. അപ്പോഴാണു ഒരു ഗാർഡ് അങ്ങോട്ട് തിരക്കിട്ടു കയറിവന്നത്, അയാൾ പരിഭ്രാന്തനായിരുന്നു.
“പ്ലാറ്റ്ഫോമിനപ്പുറം പാളത്തിൽ ഒരു ബോഡി കിടക്കുന്നു സർ“.

സ്റ്റേഷൻമാസ്റ്റർ ഒരു ഞെട്ടലോടെ എഴുനേറ്റു. വളരെ ചെറിയ സ്റ്റേഷനാണു. യാത്രക്കാരും കുറവാണു. ഇതു വരെ ഇങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ലല്ലോ. ടോർച്ചുമായി അയാളും ഗാർഡുംകൂടി നടന്നു.
സ്റ്റേഷനിൽ നിന്നും അൽപ്പം അകലത്തായി പാളത്തിനരുകിൽ ഒരു ശരീരം കിടക്കുന്നത് അയാൾ ടോർച്ച് വെളിച്ചത്തിൽ കണ്ടു. അടുത്തു പോകാൻ ധൈര്യമുണ്ടായില്ല. അയാൾ വേഗം ഓഫീലെത്തി ഉജ്ജയിൻ പൊലീസ് സ്റ്റേഷനിൽ വിവരമറിയിച്ചു.

പ്രഭാതമായി പൊലീസെത്താൻ. ജനുവരിയിലെ കൊടും തണുപ്പത്ത്, മഞ്ഞിന്റെ മരവിപ്പിൽ നിശ്ചേഷ്ടയായ ഒരു യുവതിയുടെ ജഡമായിരുന്നു അവിടെ കിടന്നിരുന്നത്. ചുവന്ന കുർത്തയും കോട്ടും ധരിച്ചിട്ടുണ്ട്.
പരിക്കേറ്റ് തകർന്നിരുന്നു. ആരോ നിലത്തു കൂടി വലിച്ചുകൊണ്ടു പോയതു പോലെ തോന്നിക്കുന്ന അടയാളങ്ങളുണ്ട്. ആളെ ത്തിരിച്ചറിയാവുന്ന യാതൊന്നും ആ ബോഡിയിൽ നിന്നും ലഭിച്ചില്ല.

പൊലീസ് ഉടനെ തന്നെ ആ ബോഡി തൊട്ടടുത്ത സർക്കാർ ആശുപത്രിയിലേയ്ക്കു മാറ്റി. ഫോറെൻസിക് വിദഗ്ധൻ ഡോ. ബി. ബി. പുരോഹിതിന്റെ നേതൃത്വത്തിൽ മൂന്നു ഡോക്ടർ മാരുടെ (ഡോ. ഓ.പി. ഗുപ്ത- മെഡിക്കൽ ഓഫീസർ, ഡോ. അനിതാ ജോഷി – ഗൈനക്കോളജിസ്റ്റ്) ഒരു ടീം പോസ്റ്റ് മോർട്ടം നടത്തി. അവരുടെ കണ്ടെത്തലുകൾ ഇപ്രകാരമായിരുന്നു:

21- 25 വയസ്സു പ്രായം. മൂക്കിൽ രക്തം കട്ടപിടിച്ചതായി കാണപ്പെട്ടു. നാവു കടിച്ചുപിടിച്ച സ്ഥിതിയിലായിരുന്നു. ചുണ്ട് ചതഞ്ഞിരുന്നു. നഖം കൊണ്ടു കീറിയതു പോലുള്ള പാടുകൾമുഖത്തു കാണാനുണ്ട്. ശ്വാസം മുട്ടിയാണു മരണം സംഭവിച്ചിരിയ്ക്കുന്നത്. ഒരു കൊലപാതകമാകാനുള്ള എല്ലാ സാധ്യതയുമുണ്ട്.
ദിവസങ്ങൾ കഴിഞ്ഞിട്ടും ആളെ തിരിച്ചറിയാൻ കഴിഞ്ഞില്ല. ക്രൈം സീനിൽ നിന്നുമുള്ള് ജഡത്തിന്റെ ചിത്രവുമായി പൊലീസ് ഒരു നോട്ടീസ് പലയിടത്തും ഒട്ടിച്ചു. ആരും അന്വേഷിച്ചു വരാത്തതിനെ തുടർന്ന് ബോഡി സംസ്കരിച്ചു.
മധ്യപ്രദേശിന്റെ ഉൾഭാഗത്തുള്ള ഒരു ചെറു നഗരമാണു മേഘ്നഗർ, റിട്ടയേർഡ് അധ്യാപകനായ മേഹ്താബ് സിംഗ് ദാമോർ അവിടെയാണു താമസം. അദ്ദേഹത്തിന്റെ പുത്രി 19 കാരിയായ നമ്രത ദാമോർ, ഇൻഡോറിലുള്ള മഹാത്മാ ഗാന്ധി മെഡിക്കൽ കോളേജിലാണു പഠിയ്ക്കുന്നത്.

അവളെ കാണാനും വിശേഷങ്ങൾ അറിയാനുമായി അദ്ദേഹം മകൻ ഓം പ്രകാശിനെ ഇൻഡോറിലെക്കയച്ചു. കോളേജിലെത്തിയ അവനു പക്ഷേ സഹോദരിയെ കാണാനില്ല എന്ന വിവരമാണു ലഭിച്ചത്. സുഹൃത്തുക്കളൊടും മറ്റും നടത്തിയ അന്വേഷനവും ഫലവത്താകാതായില്ല.
ജനുവരി 12 നു, ഇൻഡോർ പൊലീസിൽ ഒരു “മിസ്സിംഗ് പേർസൻ“ പരാതി സമർപ്പിയ്ക്കപ്പെട്ടു. അപ്പോഴാണു ഉജ്ജൈയിൻ പൊലീസിൻ നിന്നും, ഒരു അജ്ഞാത യുവതിയുടെ ബോഡി കണ്ടെത്തിയ വിവരം അറിയുന്നത്. വിവരമറിഞ്ഞ് നമ്രതയുടെ ഓം പ്രകാശും അങ്ങോട്ട് തിരിച്ചു. ഉജ്ജയിൻ തെരുവിലൂടെ നടക്കുമ്പോൾ വഴിയരുകിൽ ഒട്ടിച്ചിരുന്ന ചില നോട്ടീസുകൾ അവന്റെ ശ്രദ്ധയിൽ പെട്ടു. അതു തന്റെ സഹോദരിയാണെന്നു മനസ്സിലാക്കാൻ ഒട്ടും ബുദ്ധിമുട്ടേണ്ടി വന്നില്ല. നമ്രതയുടെ ബോഡി പുറത്തെടുത്തു. ഓം പ്രകാശ് സഹോദരിയെ തിരിച്ചറിഞ്ഞു.
അധികം വൈകാതെ പൊലീസ് അന്വേഷണമാരംഭിച്ചു.

റെയിൽ വേയുമായി ബന്ധപ്പെട്ടു നടത്തിയ അന്വേഷണത്തിൽ, ജനുവരി 7നു നമ്രത ഉജ്ജൈയിനിലേയ്ക്കു ഒരു ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു എന്നു മനസ്സിലായി. അവളുടെ കോൾ ലിസ്റ്റ് പരിശോധിച്ചതിൽ നിന്നും, അന്നേ ദിവസം നിരവധി തവണ കോൾ ചെയ്ത നാലു പേരെ പൊലീസ് കണ്ടെത്തി. ദേവ് സിസോദിയ, യാഷ് ദേശ് വാല,ഡോ. വിഷാൽ വർമ്മ, അലേക് എന്നിവരായിരുന്നു അത്. കൂടാതെ, അന്നേ ദിവസം നമ്രതയുടെ കമ്പാർട്ട്മെന്റിൽ തന്നെ യാത്ര ചെയ്തിരുന്ന ശ്രദ്ധ കേശർവാണി എന്ന സ്ത്രീയെയും കണ്ടെത്തി. നമ്രതയുടെ മൊബൈൽ ആ സ്ത്രീയുടെ പക്കൽ നിന്നു കണ്ടെടുത്തു.പൊലീസ് അവരെ ചോദ്യം ചെയ്തു.
അന്ന് ആ കമ്പാർട്ട്മെന്റിൽ ആളുകൾവളരെ കുറവായിരുന്നു എന്നു അവർ പറഞ്ഞു. നമ്രതയെ അവർ ശ്രദ്ധിച്ചിരുന്നു. അവരുടെ അടുത്തു തന്നെ ആയിരുന്നു അവളും ഇരുന്നത്. ആരോടൊ അവൾ ഇടയ്ക്കിടെ ഫോണിൽ സംസാരിക്കുന്നുണ്ടായിരുന്നു. ആ രാത്രിയിൽ ഉജ്ജൈയിൻ സ്റ്റേഷനിൽ അവൾ ഇറങ്ങി. പിന്നീടാണു അവളുടെ മൊബൈൽ മറന്നു വെച്ചിരിയ്ക്കുന്നത് കാണുന്നത്. അങ്ങനെയാണത് തന്റെ കൈവശം എത്തിയതെന്നായിരുന്നു ശ്രദ്ധ കേശർവാണിയുടെ മൊഴി.
കോൾ ലിസ്റ്റിൽ കണ്ടപ്രകാരം സംശയിയ്ക്കപ്പെടാവുന്ന നാലു പേരെയും പൊലീസ് ചോദ്യം ചെയ്തു. അതിൽ നിന്നും ഒരു കാര്യം മനസ്സിലായി, ഡോ. വിഷാൽ വർമ്മയുമായി നമ്രതയ്ക്കു വളരെ അടുത്ത ബന്ധം ഉണ്ടായിരുന്നു. അവൾ ആദ്യം പഠിച്ചു കൊണ്ടിരുന്ന ഗ്വാളിയോർ മെഡിക്കൽ കോളേജിൽ നിന്നും ഇൻഡോർ മഹാത്മ ഗാന്ധി മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റം വാങ്ങിക്കൊടുത്തതും അയാളായിരുന്നു.

ഇത്രയും എത്തിയതോടെ അന്വേഷണത്തിന്റെ വേഗത കുറഞ്ഞു. കേസ് ഇഴയാൻ തുടങ്ങി. അതോടെ, തന്റെ മകളുടെ മരണത്തെപ്പറ്റി വിശദമായി അന്വേഷിയ്ക്കണമെന്നാവശ്യപ്പെട്ട് മേഹ്താബ് സിംഗ് ദാമോർ ജില്ല പൊലീസ് സൂപ്രണ്ടിനു പരാതി നൽകി. പൊലീസിന്റെ നിർദ്ദേശപ്രകാരം, മധ്യപ്രദെശ് മെഡിക്കോ ലീഗൽ ഇൻസ്റ്റിറ്റ്യൂട്ട് നമ്രതയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പരിശോധിച്ച ശേഷം പുതിയൊരു റിപ്പോർട്ട് നൽകി. അതിന്റെ തലവനായിരുന്ന ഡോ.ബി.എസ്.ബഡ്‌കൂർ ആണു റിപ്പോർട്ട് സമർപ്പിച്ചത്. അതിൽ പറയുന്നത് മറ്റൊരു കണ്ടെത്തലായിരുന്നു.

നമ്രതയുടെ ബോഡി കണ്ടെത്തിയ സ്ഥലം ഡോ. ബഡ്കൂർ സന്ദർശിച്ചിരുന്നു. അദ്ദേഹത്തിന്റെ നിഗമനത്തിൽ അവൾ ട്രെയിനിൽ നിന്നും ചാടിയതായിരിയ്ക്കാം. അവളുടെ ശരീരത്തിലെ പരിക്കുകൾ പ്രകാരം അങ്ങനെയാണു കരുതാനാവുക. തന്റെ പ്രണയബന്ധത്തെ, അവളുടെ പിതാവ് എതിർത്തിരുന്നുവത്ര. അതിൽ മനം നൊന്ത് അവൾ ആത്മഹത്യ ചെയ്തതായിരിയ്ക്കാം.
ഈ റിപ്പോർട്ടിനെക്കുറിച്ച് അറിഞ്ഞ ഡോ. പുരോഹിത് (ആദ്യം പോസ്റ്റ്മോർട്ടം നടത്തിയ സംഘത്തലവൻ) പറഞ്ഞത്, ഞങ്ങൾ മൂന്നു പേർക്കും 25 വർഷത്തിലധികം സർവീസുണ്ട്, അതിൻ പ്രകാരം ഉറപ്പിച്ചു പറയാനാകും, ഇതൊരു സാധാരണ മരണമാകുവാനുള്ള സാധ്യത 1% പോലുമില്ല. ഇത് തികഞ്ഞ ഒരു നരഹത്യ കേസാണ്.
എന്തായാലും ഡോ. ബഡ്കൂറിന്റെ റിപ്പോർട്ട് പ്രകാരം, പൊലീസ് നമ്രതയുടെ മരണം ആത്മഹത്യ കേസായി രജിസ്റ്റർ ചെയ്തു. ഫയൽ ക്ലോസ് ചെയ്തു.

(രണ്ട്) 2013 ലെ ഒരു പ്രഭാതം. മധ്യപ്രദേശിലെ എറ്റവും വലിയ നഗരമായ ഇൻഡോറിന്റെ പ്രാന്തപ്രദേശത്തുള്ള
ചെറിയൊരു ടൂറിസ്റ്റ് ഹോമാണ് ഹോട്ടെൽ പഥിക്. അന്നു ഹോട്ടലിലെ റൂമുകൾ ഹൗസ് ഫുള്ളായിരുന്നു. മധ്യപ്രദേശിലെ മെഡിക്കൽ കോളേജുകളിലേയ്കുള്ള പ്രവേശനപരീക്ഷയാണ് ഇൻഡോറിൽ. അതിൽ പങ്കെടുക്കാനായി ധാരാളം വിദ്യാർത്ഥികളാണു എത്തിയിരിയ്ക്കുന്നത്. എല്ലാവരും രാവിലെ തന്നെ പുറപ്പെടാനുള്ള തയ്യാറെടുപ്പിൽ.
അപ്പോൾ മധ്യപ്രദേശ് പൊലീസ് ക്രൈം ബ്രാഞ്ചിന്റെ ഒരു വാഹനം അവിടെ വന്നു നിന്നു. അതിൽ നിന്നും ഇറങ്ങിയ പൊലീസ് നേരെ ഹോട്ടലിലെ റൂം നമ്പർ 13 ലേയ്ക്കാണു പോയത്. അതിലെ താമസക്കാരാനായ യുവാവ് പരീക്ഷയ്ക്കു പോകാനുള്ള ഒരുക്കത്തിലായിരുന്നു.

“ഐഡന്റിറ്റി കാർഡ്“. പൊലീസ് ആവശ്യപ്പെട്ടു.
അയാൾ വേഗം തന്റെ ഐഡി കാർഡും ഹാൾ ടിക്കറ്റും പൊലീസിനെ ഏൽപ്പിച്ചു. “ഞാൻ ഋഷികേശ് ത്യാഗി.“. അയാൾ പറഞ്ഞു. കാർഡും ആളെയും ഉദ്യോഗസ്ഥർ ഒത്തു നോക്കി.
“അച്ഛന്റെ പേര്? ജനന തീയതി?“
ആ ചോദ്യത്തിൽ അയാൾ പതറി. “ ഓർമ്മയില്ല“.
തുടർന്നുള്ള ചോദ്യങ്ങളിൽ സത്യം വെളിയിൽ വന്നു. അയാളുടെ യഥാർത്ഥ പേരു രമാശങ്കർ എന്നാണ്. പൊലീസ് അയാളെ കസ്റ്റഡിയിലെടുത്തു. അതേ ഹോട്ടലിൽ നിന്നും വേറേ 19 പേരെ കൂടി ഇതേ പോലെ പൊലീസ് അറസ്റ്റു ചെയ്തു.

അവരെ ചോദ്യം ചെയ്തതിൽ നിന്നും അമ്പരപ്പിയ്ക്കുന്ന വിവരങ്ങളാണു ലഭിച്ചത്. രമാശങ്കർ ഉൾപ്പെടെ 18 പേർ ഉത്തർ പ്രദേശുകാരായ മെഡിസിൻ വിദ്യാർത്ഥികളാണ്! ഇന്നേ ദിവസം മധ്യപ്രദേശിൽ നടക്കുന്ന മെഡിയ്ക്കൽ എൻട്രൻസ് പരീക്ഷയിൽ ഋഷികേശ് ത്യാഗി എന്നയാൾക്കു വേണ്ടി പരീക്ഷ എഴുതാനാണു രമാശങ്കർ വന്നത്. ബാക്കി 17 പേരും അതേ പോലെ മറ്റുള്ളവർക്കു വേണ്ടി ആൾമാറാട്ടം നടത്താൻ എത്തിയതാണ്. യഥാർത്ഥത്തിൽ തങ്ങൾ ആർക്കു വേണ്ടിയാണോ പരീക്ഷ എഴുതുന്നത് അവരുമായി യാതൊരു പരിചയവും ഇവർക്കുണ്ടായിരുന്നില്ല..!
ഋഷികേശ് ത്യഗിയുടെ പേരിൽ പരീക്ഷ എഴുതുന്നതിനു 50,000 രൂപയാണു തനിയ്ക്ക് ലഭിയ്ക്കുന്നതെന്ന് രമാശങ്കർ പൊലീസിനോടു പറഞ്ഞു.

തുടർന്നുള്ള ചോദ്യം ചെയ്യലിൽ, അവരിൽ നിന്നും ഒരാളുടെ പേരു ഉയർന്നു വന്നു. ഡോ. ജഗദീഷ് സാഗർ…
ആൾമാറാട്ടക്കാരുടെ അറസ്റ്റ് മാധ്യമങ്ങളിൽ വലിയ വാർത്തയായി. വിദ്യാർത്ഥികളും പ്രതിപക്ഷവും തെരുവിലിറങ്ങി. തുടർന്ന് പൊലീസിന്റെ ഒരു സ്പെഷ്യൽ ടാസ്ക് ഫോഴ്സ് രൂപീകരിച്ചു കൊണ്ട് മുഖ്യമന്ത്രി ശിവ് രാജ് സിംഗ് ചൗഹാൻ ഉത്തരവിട്ടു.

(മൂന്ന്)
എല്ലായിടത്തുമെന്നപോലെ മധ്യപ്രദേശിലും ഏറ്റവും ആകർഷകമായ തൊഴിൽ സർക്കാർ ജോലി തന്നെയാണ്. അധികാരം, ജോലി സുരക്ഷിതത്വം, പെൻഷൻ, വിവാഹ കമ്പോളത്തിൽ ഉയർന്ന മൂല്യം ഇവയൊക്കെ സർക്കാർ ജോലിയുള്ള ഒരാൾക്ക് സുനിശ്ചിതം. എന്നാൽ ഒരു സർക്കാർ ജോലി കിട്ടുക എന്നതത്ര എളുപ്പമല്ല. മധ്യപ്രദേശിലെ സർക്കാർ ജോലികളും പ്രൊഫഷണൽ കോളേജ് പ്രവേശനവും “ വ്യാവസായിക പരീക്ഷാ മണ്ഡൽ“അഥവാ “വ്യാപം“ എന്ന സർക്കാർ എജൻസി നടത്തുന്ന പരീക്ഷകളിൽ കൂടി മാത്രമേ ലഭിയ്ക്കൂ. പൊതുവെ കർശനമായ സുരക്ഷയോടെയാണു പരീക്ഷകൾ നടത്തപ്പെടുന്നത്. ആയതിനാൽ തന്നെ മികവു പുലർത്താത്തവർക്കു പ്രവേശനം ലഭിയ്ക്കുക അത്ര എളുപ്പമല്ലായിരുന്നു.

ഈ സാഹചര്യത്തിൽ, എമ്പാടും ട്യൂഷൻ സെന്ററുകൾ കൂണുപോലെ മുളച്ചു പൊന്തി. കടുത്ത മൽസരമാണു അവ തമ്മിൽ ഉണ്ടായിരുന്നത്. ചില സെന്ററുകൾ കുട്ടികളുടെ കഴിവ് പരിശോധിയ്ക്കാൻ ആഴ്ച തോറും ടെസ്റ്റുകൾ നടത്താൻ തുടങ്ങി. എന്നിട്ട് അതിന്റെ റിസൾട്ടുകൾ നോട്ടീസ്ബോർഡിലിട്ടു. എങ്ങനെയും പ്രവേശന പരീക്ഷയിൽ കുട്ടികളെ വിജയിപ്പിച്ചെടുക്കുക എന്നതാണു അവരുടെ ലക്ഷ്യം. തുടർച്ചയായ മൂല്യനിർണയത്തിലൂടെ കുട്ടികളുടെ മൽസരമികവ് അവർ വർധിപ്പിച്ചെടുത്തു.

ധാരാളം പണമുള്ള പലരും മെഡിക്കൽ പ്രവേശനവും ഉയർന്ന സർക്കാർ ജോലികളും ആഗ്രഹിച്ചിരുന്നു. തങ്ങളുടെ കാര്യ സാധ്യത്തിനായി വലിയ തുകകൾമുടക്കാൻ അവർ സന്നദ്ധരുമായിരുന്നു. ഈയൊരു സാഹചര്യം മുതലെടുക്കുവാൻ ചില കുശാഗ്ര ബുദ്ധികൾ പ്ലാനിട്ടു. കർശന വ്യവസ്ഥകളിൽ, കമ്പ്യൂട്ടർ അധിഷ്ഠിതമായി നടത്തുന്ന പരീക്ഷകൾ അട്ടിമറിയ്ക്കുക പക്ഷേ അത്ര എളുപ്പമായിരുന്നില്ല.

1986ലാണു നിതിൻ മൊഹീന്ദ്ര, വ്യാപം ഓഫീസിൽ ഒരു ഡാറ്റാ എന്റ്രി ഓപറേറ്റർ ആയി ചേരുന്നത്. അന്നു കേവലം 21 വയസ്സുമാത്രമായിരുന്നു മൊഹീന്ദ്രയുടെ പ്രായം. ചെറിയ ശമ്പളമുള്ള ജോലിയിൽ അയാൾ തൃപ്തനായിരുന്നില്ല. ജീവിതത്തിൽ കുറച്ച് ഉയർച്ചയൊക്കെ അയാൾ ആഗ്രഹിച്ചിരുന്നെങ്കിലും സർക്കാർ എണ്ണി ത്തരുന്ന തുച്ഛമായ തുകയിൽ ജീവിതം തള്ളി നീക്കാനായിരുന്നു അയാളുടെ യോഗം. ജോലിയിൽ ക്രമേണ ഉയർന്ന് 2009 ആകുമ്പോഴേയ്ക്കും സിസ്റ്റം അനലിസ്റ്റ് തസ്തികയിൽ എത്തിയിരുന്നു അയാൾ. വ്യാപം ഓഫീസിലെ 24 കമ്പ്യൂട്ടറുകളിലും അയാൾക്ക് പ്രവേശനമുണ്ട്. അവയെ നിയന്ത്രിയ്ക്കാനുള്ള അഡ്മിനിസ്റ്റ്രാറ്റർ അധികാരം മൊഹീന്ദ്രയ്ക്കാണ്.

2009 ലെ ഒരു വൈകുന്നേരം ജോലികഴിഞ്ഞ് തെരുവിലൂടെ നടന്നു പോകുമ്പോൾ ഒരു കാർ അയാളുടെ സമീപം വന്നു നിന്നു.
“നിതിൻ മൊഹീന്ദ്രയല്ലേ…. ഒരല്പ നേരം എന്നോടൊത്തു ചിലവഴിയ്ക്കാമോ.. വിരോധമില്ലെങ്കിൽ കാറിൽ കയറാം.. താങ്കൾക്കു ഗുണമുള്ള ഒരു കാര്യമാണ്.“ അതിലിരുന്നയാൾ പറഞ്ഞു. ആദ്യമൊന്നു മടിച്ചെങ്കിലും അയാൾ കാറിൽ കയറി.
“ഞാൻ ഡോക്ടർ ജഗദീഷ് സാഗർ. ഞാൻ ഏല്പിയ്ക്കുന്ന ചെറിയൊരു ജോലി ചെയ്യാൻ തയാറായാൽ എനിയ്ക്കും താങ്കൾക്കും അതു ഗുണപ്രദമാണ്.. നല്ലൊരു തുക നേടാനുള്ള അവസരം..“

“എന്തു ജോലി?“ മൊഹീന്ദ്രയ്ക്ക് ആകാംക്ഷയായി.
“വരുന്ന മെഡിക്കൽ എൻട്രൻസ് പരീക്ഷയുടെ കുറച്ചു ആപ്ലിക്കേഷൻ ഫോമുകളുടെ കോപ്പി ഞാൻ തരും. പരീക്ഷയ്ക്കുള്ള റോൾ നമ്പരുകൾ ഇടുമ്പോൾ ഇവർക്ക് അടുത്തത്തായി സീറ്റ് അലോട്ട് ചെയ്യണം. അത്രയേ ഉള്ളു.. ഓരോ റോൾ നമ്പരിനും 25,000 രൂപ വീതം തരും..“
അയാൾക്കു തള്ളിക്കളയാവുന്നതായിരുന്നില്ല ആ ഓഫർ. മൊഹീന്ദ്ര സമ്മതിച്ചു.
ഡോ. ജഗദീഷ് സാഗറിന്റെ ടെക്നിക് വളരെ ബുദ്ധി പൂർവകമായിരുന്നു.“എഞ്ചിൻ-ബോഗി സിസ്റ്റം“ എന്നാണ് അതിനെ വിളിച്ചത്.

നഗരത്തിലെ പ്രമുഖങ്ങളായ ട്യൂഷൻ സെന്ററുകൾ സന്ദർശിച്ച്, ഡോക്ടറുടെ ആൾക്കാർ അവിടെ നോട്ടീസ് ബോർഡുകളിൽ കാണുന്ന മിടുക്കരായ കുട്ടികളുടെ വിവരങ്ങൾ ശേഖരിച്ചു. തുടർന്ന് ഇടനിലക്കാർ വഴി അവരെ സമീപിച്ചു. പരീക്ഷാ ചോദ്യങ്ങളുടെ ഉത്തരം തന്റെ അടുത്തുള്ള കുട്ടികൾക്കു കൂടി ചോർത്തിക്കൊടുക്കുക എന്നതാണു അവർ ചെയ്യേണ്ട ജോലി. അതിനായി 50,000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെ അവർക്കു കിട്ടും..!
ഇങ്ങനെ ഉത്തരം ചോർത്തിക്കൊടുക്കുന്നതിനായി 5 ലക്ഷം മുതൽ പത്തു ലക്ഷം വരെയാണു വിദ്യാർത്ഥികളിൽ നിന്നും ജഗദീഷ് സാഗർ ഈടാക്കുന്നത്. എന്നാൽ 25-30 ലക്ഷം രൂപ കൊടുക്കാൻ തയ്യാറുള്ളവർക്കായി കുറച്ചുകൂടി കടന്ന ഒരു ടെക്നിക്കാണു അയാൾ സ്വീകരിച്ചത്.

മുൻ വർഷങ്ങളിൽ എൻട്രൻസ് പരീക്ഷ ജയിച്ചവർ, പ്രാക്ടീസ് ചെയ്യുന്ന യുവ ഡോക്ടർമാർ ഇവരെക്കൊണ്ട് യഥാർത്ഥ പരീക്ഷാർത്ഥിയ്ക്കു പകരം പരീക്ഷ എഴുതിയ്ക്കും. എഞ്ചിൻ ബോഗി സിസ്റ്റം പ്രകാരം, കുറഞ്ഞ തുകകൾ നൽകിയവർക്ക് അതിനനുസരിച്ചുള്ള ഉത്തരം ചോർത്തി നൽകും.
നിതിൻ മൊഹീന്ദ്ര കാര്യങ്ങൾ വൃത്തിയായി നടത്തിക്കൊടുത്തു. ആപ്ലിക്കേഷനുകൾ തന്റെ വീട്ടിൽ കൊണ്ടു പോയി, സ്വന്തം കമ്പ്യൂട്ടറിൽ ലിസ്റ്റുണ്ടാക്കി. ഒരു പെൻ ഡ്രൈവിൽ അതു ഓഫീസിലെത്തിച്ച്, ഔദ്യോഗിക കമ്പ്യൂട്ടറിൽ കയറ്റി. മറ്റാർക്കും അയാളുടെ കമ്പ്യൂട്ടറിൽ പ്രവേശനമില്ലാത്തതിനാൽ ആരും ഒന്നും അറിഞ്ഞതേയില്ല..

പുതിയ ഡസ്റ്റർ കാറിൽ ഒരു ദിവസം വന്നിറങ്ങിയ മൊഹീന്ദ്രയെ കണ്ട് സഹപ്രവർത്തകർ അത്ഭുതം കൂറി. മാത്രമല്ല, അവരേക്കാളൊക്കെ വിലകൂടിയ വസ്ത്രങ്ങളാണു അയാൾ ധരിച്ചിരുന്നത്. അയാളുടെ സൗഭാഗ്യങ്ങളിൽ അല്പം അസൂയപ്പെടാതിരിയ്ക്കാൻ അവർക്കാകുമായിരുന്നില്ല.
2011-ലാണു പങ്കജ് ത്രിവേദി, വ്യാപം പരീക്ഷാ കണ്ട്രോളർ ആയി നിയമിയ്ക്കപ്പെടുന്നത്. ഇൻഡോറിലുള്ള ഒരു കോളേജിൽ ലക്ചറർ ആയിരുന്നു അയാൾ. സംസ്ഥാന സർക്കാരിലും ഭരണ കക്ഷിയിലുമുള്ള സ്വാധീനമ ഉപയോഗിച്ചാണു അയാൾ വ്യാപം പരീക്ഷാ കണ്ട്രോളർ പദവി നേടിയത്. പുതിയ പദവിയിൽ എത്തിയ ഉടൻ തന്നെ അയാളിൽ വലിയ സമ്മർദ്ദമാണൂണ്ടായത്. തങ്ങൾക്ക് വേണ്ടപ്പെട്ടവർക്ക് സീറ്റ്/നിയമനം ഉറപ്പിയ്ക്കണം എന്ന രാഷ്ട്രീയ മേധാവികളുടെയും സുഹൃത്തുക്കളൂടെയും ബന്ധുക്കളുടെയും ആവശ്യങ്ങളായിരുന്നു അത്.

വളരെ കർശനമായ പരീക്ഷകളിൽ കൂടി നടക്കുന്ന പ്രവേശനത്തിനിടയിൽ എങ്ങനെയാണു ഇവരുടെ ആവശ്യം സാധിച്ചു കൊടുക്കുക എന്ന് അയാൾക്ക് എത്തും പിടിയും കിട്ടിയില്ല. തന്റെ ഈ പ്രയാസം അയാൾ നിതിൻ മൊഹീന്ദ്രയുമായി പങ്കു വെച്ചു.
ജഗദീഷ് സാഗറിനു വേണ്ടി ഒന്നാന്തരം തിരിമറികൾ നടത്തിക്കൊണ്ടിരുന്ന മൊഹീന്ദ്രയ്ക്ക്, പങ്കജ് ത്രിവേദിയുടെ ഈ ചോദ്യം വലിയ ആവേശം നൽകി. കാര്യങ്ങൾ കുറച്ചുകൂടി ഫലപ്രദമാക്കാൻ മൊഹീന്ദ്ര തീരുമാനിച്ചു. ത്രിവേദിയുടെ സഹായത്തോടെ അതു നടപ്പാക്കിത്തുടങ്ങി.

പണം മുൻകൂട്ടി അടച്ച വിദ്യാർത്ഥികൾ, പരീക്ഷാപേപ്പറിൽ തങ്ങൾക്ക് അറിയുന്ന ഉത്തരം മാത്രം അടയാളപ്പെടുത്തിയാൽ മതിയാകും. (കമ്പ്യൂട്ടർ സ്കാനിങ്ങിനായി ഉത്തരത്തിനു നേരെയുള്ള ഭാഗം പെൻസിൽ കൊണ്ട് കറുപ്പിക്കുക ആണു പരീക്ഷാ രീതി ). ബാക്കിയുള്ള ഭാഗം വെറുതെ വിടുക.
പരീക്ഷയ്ക്കു ശേഷം ഈ പേപ്പറുകൾ വ്യാപം ഓഫീസിലെത്തും. സ്കാൻ ചെയ്ത ഉത്തര ഷീറ്റുകൾ നിതിൻ മൊഹീന്ദ്രയുടെ കമ്പ്യൂട്ടറിലുമെത്തും. തുടർന്ന് മൊഹീന്ദ്ര, ഉത്തരക്കടലാസുകൾ സൂക്ഷിക്കുന്ന വിഭാഗത്തിൽ ചെന്ന്, പണം നൽകിയ വിദ്യാർത്ഥികളുടെ ഷീറ്റുകൾ വാങ്ങും. വിവരാവകാശപ്രകാരം വിദ്യാർത്ഥി ആവശ്യപ്പെട്ടതിനാൽ കോപ്പി എടുക്കാനാണു എന്നാണു പറയുക. ഇങ്ങനെ കൈവശപ്പെടുത്തിയ ഷീറ്റുകളുമായി പരീക്ഷാ കണ്ട്രോളറുടെ ഓഫീസിലേയ്ക്കാണു പോകുക.

അവിടെ ഇരുന്ന്, ഷീറ്റിൽ ആവശ്യാമായ അത്രയും ഉത്തരങ്ങൾ കറുപ്പിച്ച ശേഷം സ്കാൻ ചെയ്യും. ഉടനെ തന്നെ ഷീറ്റുകൾ തിരികെ നൽകുകയും ചെയ്യും. ഉത്തരങ്ങളിൽ വന്ന മാറ്റമൊന്നും അവിടെ ഉള്ളവർ അറിയില്ല. പിന്നീട്, ഈ സ്കാൻ ചെയ്ത കോപ്പികൾ മൊഹീന്ദ്ര തന്റെ കമ്പ്യൂട്ടർ വഴി അപ്ലോഡ് ചെയ്യും, ആദ്യം ഉണ്ടായിരുന്നവ ഡിലീറ്റു ചെയ്യുകയും ചെയ്യും. ചുരുക്കത്തിൽ ആരുമറിയാതെ, തങ്ങൾക്കു വേണ്ടപ്പെട്ടവരെ ജയിപ്പിച്ചെടുക്കാൻ അവർക്കു കഴിഞ്ഞു.
ജഗദീഷ് സാഗറിനെ ക്കൂടാതെ വേറെയും വമ്പൻ റാക്കറ്റുകൾ ഉണ്ടായിരുന്നു. ഇവരെല്ലാം നിതിൻ മൊഹീന്ദ്രയുടെ സഹായത്തോടെയാണു തട്ടിപ്പുകൾ നടത്തിയിരുന്നത്.

2013-ൽ 20 വിദ്യാർത്ഥികളെ അറസ്റ്റു ചെയ്തതോടെയാണു ജഗദീഷ് സാഗറിനെ പറ്റിയും അയാളുടെ റാക്കറ്റിനെപറ്റിയും പുറം ലോകം അറിഞ്ഞത്. സ്പെഷൽ ടാസ്ക് ഫോഴ്സിന്റെ അന്വേഷണം മുറുകിയതോടെ കാര്യങ്ങൾ മാറി.
നൂറുകണക്കിനു രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥരും ഇടനിലക്കാരും തട്ടിപ്പിലൂടെ പ്രവേശനം നേടിയവരും സർക്കാർ ജോലി നേടിയവരും അറസ്റ്റു ചെയ്യപ്പെട്ടു. കേസുകളുടെ എണ്ണം കുതിച്ചുയർന്നു. സംസ്ഥാന വിദ്യാഭ്യാസ മന്ത്രിയും അറസ്റ്റു ചെയ്യപ്പെട്ടു. അടുത്തതായി കുന്തമുന നീണ്ടത് സംസ്ഥാന ഗവർണർക്കെതിരെയാണ്. ഗവർണറുടെ മകൻ ചില നിയമനങ്ങൾക്ക് ഇടനിലക്കാരനായതായി തെളിഞ്ഞു. ഭരണഘടനാ പരിരക്ഷയുള്ളതിനാൽ മാത്രം ഗവർണർ അറസ്റ്റിൽ നിന്നും രക്ഷപെട്ടു.

ഇൻഡോറിലുള്ള ഒരു കമ്പ്യൂട്ടർ വിദഗ്ധനാണു പ്രശാന്ത് പാണ്ഡെ. ഇൻഡോർ പൊലീസിന്റെ സൈബർ സെൽ വിഭാഗം പല കേസുകളും അഴിയ്ക്കാൻ പാണ്ഡെയുടെ സഹായം തേടാറുണ്ട്. 2013 -ൽ നിതിൻ മൊഹീന്ദ്രയുടെ അറസ്റ്റിനു ശേഷം രണ്ടു ദിവസങ്ങൾ കഴിഞ്ഞ്, ഒരു പൊലീസുകാരൻ പാണ്ഡെയുടെ സ്ഥാപനത്തിലെത്തി. അയാളുടെ കൈയിൽ ഒരു ഹാർഡ് ഡിസ്ക് ഉണ്ടായിരുന്നു. നിതിൻ മൊഹീന്ദ്രയുടെ സ്വകാര്യ കമ്പ്യൂട്ടറിന്റെ ഹാർഡ് ഡിസ്കായിരുന്നു അത്.
പൊലീസ് സ്റ്റേഷനിൽ, ഹാർഡ് ഡിസ്കിൽ ബന്ധിയ്ക്കാനുള്ള SATA കേബിൾ ഇല്ലാത്തതിനാൽ ഒരെണ്ണം വാങ്ങുന്നതിനാണു അയാൾ വന്നത്. അത് ഹാർഡ് ഡിസ്ക്കിനു പാകമാണു എന്നുറപ്പുവരുത്താനാണു ഡിസ്കും കൂടി അയാൾ കൂടെ കരുതിയത്.

പാണ്ഡെ പുതിയ കേബിൾ ഫിറ്റ് ചെയ്തിട്ട് തന്റെ കമ്പ്യൂട്ടറിൽ കണക്ടു ചെയ്ത് ഉറപ്പു വരുതിയ ശേഷം പൊലീസുകാരനു തിരികെ നൽകി.
പിന്നീട് തന്റെ കമ്പ്യൂട്ടർ പരിശോധിച്ച പാണ്ഡേ, ഒരു ഇമേജ് ഫയൽ കോപ്പി ചെയ്യപ്പെട്ടത് ശ്രദ്ധിച്ചു. അയാളുടെ കമ്പ്യൂട്ടറിൽ ഒരു ഡിസ്ക് കണക്ട് ചെയ്താൽ, അതിന്റെ ഒരു പ്രതിബിംബം തനിയെ കോപ്പിചെയ്യപ്പെടുന്ന സെറ്റിംഗ് ഉണ്ടായിരുന്നു. കൗതുകം കൊണ്ട് പാണ്ഡെ ആ ഫയൽ തുറന്നു പരിശോധിച്ചു.

അതിൽ ഒരു എക്സൽ സ്പ്രെഡ് ഷീറ്റ് ഉണ്ടായിരുന്നു. താൻ തിരിമറി നടത്തിയ കക്ഷികളുടെ പേരുവിവരങ്ങളും ഫോൺ നമ്പരുകളുമാണു അതിൽ നിതിൻ മൊഹീന്ദ്ര ചേർത്തിരുന്നത്.
ഏതാണ്ടു ആറുമാസങ്ങൾക്കു ശേഷം പ്രതിപക്ഷ നേതാവ് ദിഗ്‌വിജയ സിംഗ് ഒരു പത്ര സമ്മേളനം നടത്തി. അതിൽ അദ്ദേഹം ഒരു ടെലഫോൺ കാൾ ലിസ്റ്റ് ഉയർത്തിക്കാട്ടി. സാധനാ സിംഗ് എന്ന സ്ത്രീയുടെ കോൾ ലിസ്റ്റായിരുന്നു അത്. അവരുടെ ഫോണിൽ നിന്നും 139 കോളുകൾ നിതിൻ മൊഹീന്ദ്രയുടെയും പങ്കജ് ത്രിവേദിയുടെയും ഫോണുകളിലേയ്ക്ക് പോയിട്ടുണ്ടായിരുന്നു. ഈ സാധനാ സിംഗ് മറ്റാരുമായിരുന്നില്ല, മുഖ്യമന്ത്രി ശിവരാജ് സിംഗിന്റെ ഭാര്യ ആയിരുന്നു..!

സംസ്ഥാനം ഇളകി മറിഞ്ഞു. എന്നാൽ മുഖ്യ മന്ത്രി ആരോപണം നിഷേധിച്ചു. കൃത്രിമ രേഖകളാണു അതെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.
അടുത്ത ദിവസം പ്രശാന്ത് പാണ്ഡെയുടെ TechN7 എന്ന സ്ഥാപനത്തിനു മുന്നിൽ പൊലീസ് വാഹനം എത്തി. അയാളെ തൂക്കിയെടുത്ത് അകത്തിട്ട് വണ്ടി പാഞ്ഞു പോയി. പൊലീസ് തെളിവു മുതൽ അനധികൃതമായി കോപ്പി ചെയ്തു എന്നതായിരുന്നു അയാളുടെ പേരിലുള്ള കുറ്റം. നിതിൻ മൊഹീന്ദ്രയുടെ ഹാർഡ് ഡിസ്കിലുണ്ടായിരുന്ന സ്പ്രെഡ് ഷീറ്റ് പ്രതിപക്ഷത്തിനു നൽകിയത് പാണ്ഡെ ആയിരുന്നു എന്നാണു പൊലീസ് ആരോപണം. പ്രതിപക്ഷം അതു തിരുത്തി മുഖ്യമന്ത്രിയുടെ ഭാര്യയുടെ പേർ എഴുതി ചേർത്തതാണത്രെ. പാണ്ഡെ ഈ ആരോപണങ്ങൾ എല്ലാം നിഷേധിച്ചു.

മൂന്നാഴ്ചയ്ക്കു ശേഷം അയാൾ ജയിലിൽ നിന്നും ഇറങ്ങി. കാര്യങ്ങൾ ഇത്രത്തോളമായ സ്ഥിതിയ്ക്ക് തിരിച്ചടിയ്ക്കാൻ അയാൾ തീരുമാനിച്ചു. നിതിൻ മൊഹീന്ദ്രയുടെ ലിസ്റ്റ് പൂർണമായും ദിഗ്‌വിജയ് സിംഗിനെ ഏൽപ്പിച്ചു. അദ്ദേഹം അതു പ്രസിദ്ധപ്പെടുത്തി. അന്തരീക്ഷം കലുഷിതമായി.
ഇതോടെ, തങ്ങളുടെ പക്കൽ ഒറിജിനൽ ലിസ്റ്റ് ഉണ്ടെന്നും അതു സംസ്ഥാനത്തിനു പുറത്തുള്ള ഫോറെൻസിക് ലാബിൽ പരിശോധനയ്ക്ക് അയയ്ക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. സർക്കാരിന്റെ കൈയിലുള്ള ഹാർഡ് ഡിസ്ക് ഗുജറാത്തിലെ ഗവണ്മെന്റ് ഫോറെൻസിക് ലാബിലേയ്ക്കയച്ചു.

മധ്യപ്രദേശ് പൊലീസിന്റെ കൈയിലുള്ളത് ഒറിജിനൽ ലിസ്റ്റാണെന്നായിരുന്നു ലാബിന്റെ റിപ്പോർട്ട്. (മധ്യപ്രദേശും ഗുജറാത്തും ഒരേ കക്ഷികളാണു ഭരിയ്ക്കുന്നത്).
ഇതിനെ തുടർന്ന് പ്രശാന്ത് പാണ്ഡെ തന്റെ കൈയിലുള്ള സ്പ്രെഡ് ഷീറ്റ് ബാംഗ്ലൂരിലെ ഒരു സ്വകാര്യ ഫോറെൻസിക് ലാബ്ബിൽ പരീശോധനയ്ക്കയച്ചു. ആ ലിസ്റ്റ് ആണു ഒറിജിനൽ എന്നായിരുന്നു അവരുടെ റിപ്പോർട്ട്..!
ഇതിനിടയിലാണു ചില മരണങ്ങൾ മാധ്യമ ശ്രദ്ധയിൽ വരുന്നത്. വ്യാപം കേസുകളുമായി ബന്ധപ്പെട്ട ചില സാക്ഷികളും പ്രതികൾ തന്നെയും ദുരൂഹ സാഹചര്യങ്ങളിൽ മരണപ്പെടാൻ തുടങ്ങി.

ആത്മഹത്യ, റോഡപകടം, മുങ്ങിമരണം അങ്ങനെ പ്രത്യക്ഷത്തിൽ പരസ്പര ബന്ധമില്ലാത്തവയായിരുന്നു അവ..
മെഡിക്കൽ വിദ്യാർത്ഥിയായിരുന്ന അനൂജ് ഉയികെയും രണ്ടു സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന കാറിൽ ഒരു ട്രക്ക് വന്നിടിച്ച് മൂന്നു പേരും കൊല്ലപ്പെട്ടു. വ്യാപം റാക്കറ്റുകൾക്കു വേണ്ടി കക്ഷികളെ കണ്ടെത്തിക്കൊടുക്കുന്ന ആളായിരുന്നു അനൂജ്.
ഡോ. രാമേന്ദ്ര സിംഗ് ബാദൂരിയയുടെ ജഡം വീട്ടിൽ തൂങ്ങി നിൽക്കുന്നതായി കാണപ്പെട്ടു. ചില മെഡിക്കൽ സീറ്റുകൾ തട്ടിപ്പിലൂടെ സംഘടിപ്പിച്ചതായി അദ്ദേഹത്തിനെതിരെ ആരോപണമുണ്ടായിരുന്നു. അൻഹു ദിവസത്തിനു ശേഷം അദ്ദേഹത്തിന്റെ മാതാവ് ആസിഡ് ഉള്ളിൽ ചെന്ന് മരണപ്പെട്ടു.

29 വയസ്സുള്ള അരോഗ ദൃഡഗാത്രനായ ഒരു വെറ്ററിനറി ഡോക്ടറായിരുന്നു നരേന്ദ്ര തോമാർ. വ്യാപം റാക്കറ്റുകൾക്കു വേണ്ടി ആളുകളെ കണ്ടെത്തുന്ന ഇടനിലക്കാരനായിരുന്നു തോമാർ. അയാളെ പൊലീസ് അറസ്റ്റു ചെയ്ത് ജയിലിലാക്കി. അന്നു രാത്രി പെട്ടെന്ന് അയാൾക്ക് ഹൃദയാഘാതം വരുകയും മരണപ്പെടുകയും ചെയ്തു.
ജബൽ പൂർ മെഡിക്കൽ കോളേജ് ഡീനായിരുന്നു ഡോ. SK സാകല്ലെ. അദ്ദേഹത്തിനു വ്യാപം കുംഭകോണത്തിൽ പങ്കൊന്നുമില്ലയിരുന്നു. പക്ഷേ കേസുമായി ബന്ധപ്പെട്ട് പഴയ പ്രവേശനങ്ങളെ പറ്റിയും മറ്റും അദ്ദേഹം അന്വേഷണ സംഘത്തെ സഹായിച്ചിരുന്നു.

അതു പോലെ ചില ക്രമക്കേടുകൾ തടയുകയും ചെയ്തു. 2014 ജൂലായിൽ അദ്ദേഹത്തിന്റെ കത്തിക്കരിഞ്ഞ ജഡം, സ്വന്തംവീടിന്റെ മുറ്റത്ത് കാണപ്പെട്ടു. മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യ ചെയ്തു എന്നായിരുന്നു പൊലീസ് ഭാഷ്യം. എന്നാൽ ഒരു ഡോക്ടർ, ആത്മഹത്യ ചെയ്യണമെങ്കിൽ വേദന അറിയാത്ത എത്രയോ രാസവസ്തുക്കളെ പറ്റി അറിയുന്ന ഒരാൾ,മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുമോ എന്ന ചോദ്യത്തിനു ഉത്തരമുണ്ടായില്ല.
ഡോ.സാകല്ലെയുടെ സഹപ്രവർത്തകനും സുഹൃത്തുമായിരുന്ന അരുൺ ശർമ്മയാണു അടുത്ത ഡീനായി ചുമതലയേറ്റത്. കൃത്യം ഒരു വർഷത്തിനു ശേഷം, ഡെൽഹിയിലെ ഒരു ഹോട്ടലിൽ അദ്ദേഹം മരിച്ചു കിടക്കുന്നതായി കാണപ്പെട്ടു. പാതിയൊഴിഞ്ഞ ഒരു വിസ്കിക്കുപ്പിയും ഏതാനും ആന്റി ഡിപ്രസ്സീവ് ഗുളികകളും സമീപത്തുണ്ടായിരുന്നു.

മധ്യപ്രദേശ് ഗവർണറുടെ മകനായിരുന്നു അടുത്ത ഇര. 50 കാരനായ ശൈലേഷ് യാദവ് ഉത്തർ പ്രദേശിലെ അച്ഛന്റെ വീട്ടിൽ മരണപ്പെട്ട നിലയിൽ കാണപ്പെട്ടു. ബ്രയിൻ ഹെമറേജാണു മരണകാരണമെന്ന് പൊലീസ് അറിയിച്ചു.
ഡോ. രാമേന്ദ്ര സിംഗ് (ഗ്വാളിയോർ), ബണ്ടി സികർവാർ (വ്യാപം റാക്കറ്റ്, ഗ്വാളിയോർ), പുരുഷോത്തം ശർമ്മ (വ്യാപം റാക്കറ്റ്, അംബാ), രവീന്ദ്ര പ്രതാപ് സിംഗ് (ക്രമക്കേടിലൂടെ അഡ്മിഷൻ നേടിയ വിദ്യാർത്ഥി), അമിത് സാഗർ (വ്യാപം റാക്കറ്റ്, ഷ്യോപ്പൂർ), ലളിത് ഗൊലാരിയ (വ്യാപം റാക്കറ്റ്, ഗ്വാളിയോർ), അംബിക കുശ്വാഹ, (ക്രമക്കേടിലൂടെ പൊലീസ് ഇൻസ്പെക്ടറായി), രമാകാന്ത് ശർമ്മ (വ്യാപം റാക്കറ്റ്)….. ലിസ്റ്റ് നീളുന്നു.
ഇവരെല്ലാം ആത്മഹത്യ ചെയ്ത നിലയിലാണു കണ്ടെത്തിയത്. ഇവരെ തമ്മിൽ ബന്ധിപ്പിയ്ക്കുന്ന ഏക കണ്ണി “വ്യാപം“ മാത്രമായിരുന്നു.

വ്യാപം – (3) 2015 ആയപ്പോഴേയ്ക്കും വ്യാപവുമായി ബന്ധപ്പെട്ട മരണങ്ങൾ 40 കടന്നിരുന്നു. ഈ വിഷയം ദേശീയ ശ്രദ്ധ ആകർഷിച്ചു. അങ്ങനെയാണു ആജ് തക് ചാനൽ ഇതുമായിബന്ധപ്പെട്ട് ഒരു റിപ്പോർട്ട് തയ്യാറാക്കാൻ തീരുമാനിച്ചത്. തങ്ങളുടെ യുവ ഇൻവെസ്റ്റിഗേറ്റീവ് ജേർണലിസ്റ്റ് 38 കാരനായ അക്ഷയ് സിംഗിനെ ആണു റിപ്പോർട്ട് തയ്യാറാക്കാൻ ചാനൽ ഏൽപ്പിച്ചത്. മധ്യപ്രദേശിലെത്തിയ സിംഗും ടീമും വ്യാപവുമായി ബന്ധപ്പെട്ടു മരണപ്പെട്ടവരുടെ ബന്ധുക്കളിൽ നിന്നും മറ്റും വിവരം ശേഖരിച്ചു തുടങ്ങി.

35 ഓളം മരണങ്ങളുടെ റിപ്പോർട്ട് അക്ഷയ് സിംഗ് തയ്യാറാക്കി. ഈ ഘട്ടത്തിലാണു, 2012-ൽ ഉജ്ജയിനിൽ റെയിൽവേ ട്രാക്കിൽ കണ്ടെത്തിയ നമ്രതാ ദാമോറിന്റെ കേസ് അയാളുടെ ശ്രദ്ധ ആകർഷിച്ചത്. പ്രണയ നൈരാശ്യത്തെ തുടർന്ന് ആത്മഹത്യ ചെയ്തു എന്ന റിപ്പോർട്ടോടെ പൊലീസ് ആ കേസ് ക്ലോസ് ചെയ്തിരുന്നു.
എന്നാൽ ആ മരണത്തിൽ ചില ദുരൂഹതകളുള്ളതായി അക്ഷയ് സിംഗിനു തോന്നി. കാരണം, നമ്രതയുടെ ഏറ്റവും അടുത്ത സുഹൃത്ത് / കാമുകൻ ആയിരുന്ന ഡോ. വിശാൽ വർമ്മയുടെ പേരിൽ, വ്യാപം കേസുമായി ബന്ധപ്പെട്ട് പൊലീസ് കേസെടുത്തിരുന്നു.

ഡോ. ജഗദീഷ് സാഗറിന്റെ റാക്കറ്റുമായി ബന്ധപ്പെട്ട് ആൾമാറാട്ടം നടത്തി പരീക്ഷ എഴുതി എന്നതായിരുന്നു അയാളുടെ ചാർജ്. 2011 ലായിരുന്നു ആൾമാറാട്ടം.
നമ്രതയുടെ മാതാപിതാക്കളെ സന്ദർശിയ്ക്കാൻ അക്ഷയ് സിംഗ് തീരുമാനിച്ചു.
2015 ജൂലായ് നാല്. അക്ഷയ് സിംഗും ക്യാമറാമാനും ഒരു ലോക്കൽ ചാനൽ റിപ്പോർട്ടറുമടങ്ങുന്ന സംഘം, ജാബുവയിലുള്ള നമ്രതയുടെ വീട്ടിലേയ്ക്ക് പുറപ്പെട്ടു. ഉച്ചതിരിഞ്ഞാണു അവർ എത്തിയത്. നമ്രതയുടെ അച്ഛൻ അവരെ സ്വീകരിച്ചിരുത്തി. അക്ഷയ് സിംഗ് കാര്യങ്ങൾ പറഞ്ഞു.

ആ പിതാവ് അലമാര തുറന്ന് ഒരു ഫയൽ അദ്ദേഹത്തെ ഏൽപ്പിച്ചു. നമ്രതയുടെ ചിത്രങ്ങൾ, പോസ്റ്റ് മോർട്ടം റിപ്പോർട്ട്, പലയിടത്തായി നൽകിയ പരാതികളും നിവേദനങ്ങളും, അങ്ങനെ പലതും അതിൽ ഉണ്ടായിരുന്നു.
അക്ഷയ് സിംഗ് അവയുടെ എല്ലാം ഒരു കോപ്പി എടുക്കാൻ അനുമതി ചോദിച്ചു. അദ്ദേഹം സമ്മതിച്ചു. തന്റെ ഡ്രൈവറെ, അവയുടെ ഫോട്ടോകോപ്പി എടുക്കാനായി ടൗണിലേയ്ക്കു പറഞ്ഞു വിട്ടു.
അപ്പോഴേയ്ക്കും ചായ എത്തി. ചായ കുടിച്ചുകൊണ്ടു തന്നെ അക്ഷയ് സിംഗ് നമ്രതയുടെ മരണത്തെ പറ്റി ചോദിച്ചു കൊണ്ടിരുന്നു.

പെട്ടെന്ന്, അക്ഷയ് സിംഗ് ഒന്നു ഞെട്ടി. അയാളുടെ തല ഒരു വശത്തേയ്ക്കു തിരിഞ്ഞു പോയി. വായിൽ നിന്നും നുര വന്നു. വെട്ടിയിട്ട പോലെ അയാൾ നിലം പതിച്ചു. എന്താണു സംഭവിച്ചതെന്ന് ആർക്കും മനസ്സിലായില്ല. ഉടൻ തന്നെ അയാളെ ജാബുവയിലെ ആശുപത്രിയിലെത്തിച്ചു. അവർ മറ്റേതെങ്കിലും ആശുപത്രിയിലെത്തിക്കാൻ ആവശ്യപ്പെട്ടു. തുടർന്ന് അല്പമകലെ ഗുജറാത്തിലെ ദാഹോദ് ആശുപത്രിയിലെത്തിച്ചു. അപ്പോഴേയ്ക്കും അയാൾ മരിച്ചിരുന്നു. ഹൃദ്രോഗമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.

അക്ഷയ് സിംഗിന്റെ പെട്ടെന്നുള്ള മരണം ദേശീയ ശ്രദ്ധ ആകർഷിച്ചു, അതോടൊപ്പം നമ്രതയുടെ മരണവും.
ആത്മഹത്യയെന്നു പൊലീസ് എഴുതിത്തള്ളിയ കേസ് ഉയിർത്തെഴുനേറ്റു.
പ്രശസ്ത മാധ്യമ പ്രവർത്തകൻ അർണാബ് ഗോസ്വാമി തന്റെ ന്യൂസ് അവർ പരിപാടിയിൽ രാജ്യത്തോട് ഇങ്ങനെ വിളിച്ചു പറഞ്ഞു: “എന്റെ കൈയിലുള്ളത് ഒരു പോസ്റ്റ് മോർട്ടം റിപ്പോർട്ടാണ്. ഇതിൽ പറയുന്നു നമ്രത ദാമോർ എന്ന പെൺകുട്ടി മരിച്ചത് പ്രേമ നൈരാശ്യം മൂലമുള്ള ആത്മഹത്യയാലാണെന്ന്.

ഈ രാജ്യത്തെ ഓരോ ആളും ചോദിയ്ക്കുക, ഒരാൾക്ക് പ്രേം നൈരാശ്യം സംഭവിച്ചു എന്ന് എങ്ങനെയാണു ഒരു പോസ്റ്റ് മോർട്ടത്തിൽ കൂടി മനസ്സിലാക്കാൻ കഴിയുക?“
അക്ഷയ് സിംഗിന്റെ മരണശേഷം, പ്രശസ്ത ബ്രിട്ടീഷ് മാഗസിനായ “ദ. ഗാർഡിയന്റെ ലേഖകൻ അമൻ സേത്തി ജാബുവയിലെത്തി നമ്രതയുടെ പിതാവിനെ കണ്ടു സംസാരിച്ചു. ഒപ്പം ചില പ്രാദേശിക പത്ര പ്രവർത്തകരെയും സന്ദർശിച്ചു. അവരിൽ ഒരാളായ രാഹുൽ കരാരിയ അദ്ദേഹത്തെ ഒരു വീഡിയോ ക്ലിപ്പ് കാണിച്ചു. 2011 -ൽ നമ്രതയുടെ മരണത്തിനു ഒരു വർഷം മുൻപ്) ഒരു സ്റ്റിംഗ് ഓപ്പറേഷനിലൂടെ രഹസ്യമായി ചിത്രീകരിച്ചതായിരുന്നു അത്.

ഗൗരവ് പാട്നി എന്ന നാലാം വർഷ മെഡിക്കൽ വിദ്യാർത്ഥിയുടെ സംഭാഷണമായിരുന്നു വീഡിയോയിൽ ഉണ്ടായിരുന്നത്. വ്യാപം റാക്കറ്റുകൾക്ക് കക്ഷികളെ സംഘടിപ്പിച്ചു കൊടുക്കലായിരുന്നു അയാളുടെ പരിപാടി. താൻ ഈ ബിസിനസ് ഉപേക്ഷിയ്ക്കാൻ പോകുന്നു എന്നാണു വീഡിയോയിൽ പറയുന്നത്.
“ആളുകൾക്ക് സീറ്റ് കിട്ടിക്കഴിഞ്ഞാൽ പണം തരുവാൻ വലിയ മടിയാണ്. സ്റ്റുഡൻസിനെ കിട്ടാൻ തന്നെ ബുദ്ധിമുട്ടാണു. കഴിഞ്ഞ വർഷം ആകെ രണ്ടു പേരെയാണു കിട്ടിയത്, അവരാകട്ടെ പറഞ്ഞ കാശ് തന്നുമില്ല. അവരുടെ പേരുകൾ പറയാൻ പോലും എനിയ്ക്കു മടിയില്ല. അതിലൊരാൾ ഇൻഡോറിൽ നിന്നൊരു പെൺകുട്ടിയായിരുന്നു, നമ്രതാ ദാമോർ..! “

എന്തിനായിരുന്നു ആ രാത്രി നമ്രത ഉജ്ജൈനിൽ ട്രെയിൻ ഇറങ്ങിയത്? അവിടെ നിന്നും 20 കിലോമീറ്റർ അകലെ റെയിൽവേ ട്രാക്കിൽ അവളുടെ മൃതശരീരം എങ്ങനെ വന്നു? മെഡിക്കൽ സീറ്റിനായി പറഞ്ഞ തുക മുഴുവൻ നൽകാത്തതിനാൽ അവൾ വധിയ്ക്കപ്പെട്ടതാണോ? ആരാണവളെ കൊലപ്പെടുത്തിയത്?
ഈ ചോദ്യങ്ങൾക്ക് ഇന്നും ഉത്തരമില്ല.
വ്യാപം അന്വേഷണം ഇപ്പോൾ സി.ബി.ഐ ആണു നടത്തുന്നത്. അതിനോടനുബന്ധിച്ചുള്ള ദുരൂഹമരണങ്ങളും അവർ അന്വേഷിയ്ക്കുന്നു, ഒപ്പം നമ്രതയുടെ മരണവും.
ഇവയ്ക്കെല്ലാം എന്നെങ്കിലും ഉത്തരം കണ്ടെത്താനാവുമെന്ന പ്രതീക്ഷ വളരെ അകലെയാണ്.
(അവസാനിച്ചു)

Devika Rahul