സിഗരറ്റും കൈയ്യിൽ പിടിച്ചിരിയ്ക്കുമ്പോൾ എന്റെ മനസ്സിലേക്ക് വന്നത് അന്നവൾ എന്നോട് ചോദിച്ച ആ ചോദ്യവും പറഞ്ഞ കഥയുമായിരുന്നു

രചന :വിഷ്ണു കൊമ്പേറ്റിമല “ഞാനൊരു കഥ പറയട്ടെ നിന്നോട് ” അവൾ ചെറുചിരിയോടെ എന്നോടു ചോദിച്ചു .ഏറെക്കാലത്തിനു ശേഷം എഴുതുവാൻ പേനയും പേപ്പറും എടുത്ത് മേശയുടെ അരികിൽ കസേര നീക്കിയിട്ട് എരിഞ്ഞ് തുടങ്ങിയ സിഗരറ്റും…

രചന :വിഷ്ണു കൊമ്പേറ്റിമല
“ഞാനൊരു കഥ പറയട്ടെ നിന്നോട് ” അവൾ ചെറുചിരിയോടെ എന്നോടു ചോദിച്ചു .ഏറെക്കാലത്തിനു ശേഷം എഴുതുവാൻ പേനയും പേപ്പറും എടുത്ത് മേശയുടെ അരികിൽ കസേര നീക്കിയിട്ട് എരിഞ്ഞ് തുടങ്ങിയ സിഗരറ്റും കൈയ്യിൽ പിടിച്ചിരിയ്ക്കുമ്പോൾ എന്റെ മനസ്സിലേക്ക് വന്നത് അന്നവൾ എന്നോട് ചോദിച്ച ആ ചോദ്യവും പറഞ്ഞ കഥയുമായിരുന്നു. എങ്ങോട്ടെന്നില്ലാതെ പൊയ്ക്കൊണ്ടിരുന്ന എന്റെ ജീവതത്തെ വഴിതിരിച്ചു വിട്ടത് അവളുടെ കഥയാണ് .വേർപിരിയലിന്റെ വക്കിൽ നിൽക്കുകയായിരുന്നു എന്റെ കുടുംബ ജീവിതം .എന്റെ തെറ്റാണ് ,അതെ എന്റെ തെറ്റു തന്നെയാണ് .വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി സ്നേഹിച്ച പെണ്ണിനെ വേണ്ടാന്നു വെച്ച് മറ്റൊരു പെണ്ണിനെ വിവാഹം കഴിച്ചു .പക്ഷേ മനസ്സിലപ്പോഴും സ്നേഹിച്ച പെണ്ണു തന്നെയായിരുന്നു. താലികെട്ടിയ പെണ്ണിനെ സ്നേഹിയ്ക്കാനോ അവളുടെ കാര്യങ്ങൾ ശ്രദ്ധിയ്ക്കാനോ എനിയ്ക്ക് കഴിയുമായിരുന്നില്ല.

എങ്ങനൊക്കെയോ ദിനങ്ങൾ കഴിച്ചു കൂട്ടുകയായിയിരുന്നു അവളെ കാണുന്നത് വരെ. വളരെക്കാലത്തിന് ശേഷമായിരുന്നു ആ കൂടിക്കാഴ്ച്ച .വിവാഹത്തിന് ശേഷം എല്ലാ സുഹൃദ്ബന്ധങ്ങളിൽ നിന്നും ഞാൻ അകന്നിരുന്നു. ആരെയും ഫോൺ വിളിയ്ക്കുവാനോ നേരിൽ കാണുവാനോ സമയം കണ്ടെത്തിയിരുന്നില്ല. എന്നും ഓഫീസിൽ നിന്നിറങ്ങി നേരെ ബീച്ചിലേക്ക് പോകും അവിടെ ആളൊഴിഞ്ഞ കോണിൽ ഇരിപ്പുറപ്പിയ്ക്കും .സിഗരറ്റും വലിച്ച് കടൽക്കാറ്റേറ്റ് അസ്തമയ സൂര്യനെ നോക്കി അങ്ങനെ ഇരിയ്ക്കുമ്പോ എന്തോ ഒരാശ്വാസം കിട്ടിയിരുന്നു എനിയ്ക്ക് .അന്ന് അവളെ കണ്ടതും അവിടെ വച്ചായിരുന്നു .ഒഴിഞ്ഞു മാറിപ്പോകണമെന്നുണ്ടായിരുന്നു,പക്ഷേ കഴിഞ്ഞില്ല. കുറേ പരിഭവങ്ങൾ പരാതികൾ, ഒന്നിനും എനിയ്ക്ക് മറുപടി ഉണ്ടായിരുന്നില്ല. പിന്നെ വിശേഷങ്ങൾ പറഞ്ഞൊരുപാട് നേരം കടൽത്തീരത്തു കൂടി നടന്നു .സംസാരിച്ചതു മുഴുവൻ അവളായിരുന്നു.എന്റെ മൗനമായിരിയ്ക്കാം അവൾ സംസാരം നിർത്താൻ കാരണം. കുറച്ചു നേരം ഞങ്ങളുടെ ഇടയിൽ മൗനമായിരുന്നു. തണുത്ത കാറ്റ് വീശുന്നുണ്ട് .ആകാശത്ത് മഴക്കാറ് തിങ്ങി നിറയുന്നു ,ഒരു പക്ഷേ പെയ്തേക്കാം.”നി രേവൂനെ ഇപ്പോഴും മറന്നിട്ടില്ല അല്ലേ?” അവൾ എന്റെ മുഖത്തേക്ക് നോക്കി .ഞാൻ ചിരിച്ചു “നീ ആ തിരമാലകൾ കണ്ടോ? ഓർമ്മകൾ ആ തിരകൾ പോലെയാണ് എത്ര അകറ്റാൻ ശ്രമിച്ചാലും മുട്ടി വിളിച്ചു കൊണ്ടേയിരിയ്ക്കും ” അവൾ കുറച്ചു നേരം ഒന്നും മിണ്ടിയില്ല.”

വന്നേ നമുക്ക് ആ പാർക്കിൽ പോയിരിയ്ക്കാം ” അതും പറഞ്ഞ് അവൾ എന്റെ കൈയ്യിൽ പിടിച്ചു നടന്നു .ഒരുമിച്ചു പഠിയ്ക്കുന്ന കാലത്ത് ഒഴിവു ദിവസങ്ങളിലെ സായാഹ്നങ്ങൾ ഞങ്ങൾ സുഹൃത്തുക്കൾ ഈ ബീച്ചിലും പാർക്കിലുമൊക്കെ ചുറ്റി നടക്കുക പതിവായിരുന്നു. ഞാനും അവളും പാർക്കിലെ ഒരു സിമിന്റ് ബെഞ്ചിൽ ഇരിപ്പുറപ്പിച്ചു.കുറച്ചു നേരം കടലിലേക്ക് നോക്കി ഇരുന്നു.”ഞാനൊരു കഥ പറയട്ടെ നിന്നോട് ” അവൾ ഒരു ചെറുചിരിയോടെ എന്നോട് ചോദിച്ചു .” കഥയോ? അത്ര ബോറല്ലെങ്കി പറഞ്ഞോ കേൾക്കാം” ” എയ് അത്ര ബോറല്ലാന്നു തോന്നുന്നു ,ഇത് ഒരു പാവം പെണ്ണിന്റെ കഥയാണ് ,അതെ ഇത് അവളുടെ കഥയാണ് .ഞാൻ പറയാം, നീയോന്ന് കേട്ട് നോക്ക് .”യാത്ര പറഞ്ഞു കാറിൽ കയറുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു, താൻ ഇന്നുമുതൽ അച്ഛനമ്മമാരുടെ കുസൃതികുട്ടിയായ പെൺകുട്ടിയല്ല. ഭാര്യയും മരുമകളും ഏടത്തിയും അമ്മായിയും ഒക്കെയായി പല വേഷങ്ങളാണ് തനിയ്ക്കു ഇനിയങ്ങോട്ട്‌.പുതിയ വീട്, പുതിയ ആൾക്കാർ, പുതിയ രീതികൾ,എല്ലാം പുതിയതാണ്, ശെരിക്കും തന്നെ താൻതന്നെ ഉടച്ചുവാർക്കുന്നു പുതിയൊരു സ്ത്രീ ആയി. അതൊക്കെ ഓർത്ത് അവൾ വല്ലാതെ പരിഭ്രമിച്ചിരുന്നു. അവൾ ഒരു സാദാരണ കുടുംബത്തിലെ രണ്ടു പെൺകുട്ടികളിൽ മൂത്തവൾ, അന്ന് അവളുടെ വിവാഹമായിരുന്നു,വിവാഹ നീശ്ചയ ശേഷം ആറു മാസങ്ങളുടെ ഇടവേള ഉണ്ടായിരുന്നു പക്ഷെ ആ ഇടവേള ഇടവേളയായി തന്നെ ഒതുങ്ങി.

ഒരിക്കൽ പോലും അവളുടെ ഫോണിലേക്ക് അയാളുടെ വിളികൾ വന്നീല്ല, എന്നാൽ ഇടയ്ക്കിടെ അച്ഛനെ വിളിച്ചു വിശേഷങ്ങൾ അറിയും, അല്ലാതെ ഒന്നുമറിയില്ല ആളിനെക്കുറിച്ചും വീട്ടുകാരെ ക്കുറിച്ചും. അയാളുടെ പേരും ഗൾഫിൽ ജോലിയാണെന്നും മാത്രമറിയാം. കാറിൽ ഇരിക്കുമ്പോളും എല്ലാവരും മൗനമായിരുന്നു, ആരും പരസ്പരം സംസാരിക്കുന്നില്ല, എല്ലാവരും ഫോണിൽ തോണ്ടുകയാണ്, ഇവരൊക്കെ എന്തൊരു മനുഷ്യർ എന്ന് തോന്നിപ്പോയി. പരസ്പരം സംസാരിയ്ക്കാതെ, പുറംലോകത്തെ കാണാതെ ഇവരൊക്കെ എങ്ങനെ ജീവിയ്ക്കുന്നു, സങ്കടം വരുന്നു ആൾക്കൂട്ടത്തിൽ ഒറ്റപ്പെട്ടുപോയൊരു പിഞ്ചു പൈതലിന്റെ അവസ്ഥ.കാറിന്റെ ഗ്ലാസ്സിലൂടെ പുറത്തേക്ക് നോക്കി ഇരുന്നു, വീടും വീട്ടുകാരുമൊക്കെ മനസ്സിൽ മിന്നി മറഞ്ഞുകൊണ്ടിരുന്നു, ചിന്തകൾക്കൊക്കെ ഭംഗം വരുത്തിക്കൊണ്ട് അയാളുടെ കൈ അവളുടെ ചുമലിൽ വീണു “ഇറങ്ങുന്നില്ലേ വീടെത്തി ” അവൾ ചുറ്റിനും നോക്കി പതിയെ ഇറങ്ങി.

നീലവിളക്കു തന്നു സ്വീകരിക്കുമ്പോൾപോലും അമ്മയുടെ മുഖത്തു പുഞ്ചിരിയോ സന്തോഷമോ കാണാൻ കഴിഞ്ഞില്ല, സൗന്ദര്യം കൊണ്ടും സാമ്പത്തികം കൊണ്ടും തങ്ങൾ അയാളുടെ വീട്ടുകാരേക്കാൾ താഴെയാണ്, അതിന്റെ ആയിരിക്കും എന്നാശ്വസിച്ചു.രാത്രി ആയിട്ടും ആരും തന്റെ അടുത്തൊന്നും വരികയോ എന്തെങ്കിലും സംസാരിയ്ക്കുകയോ ഉണ്ടായില്ല, ഒറ്റപ്പെടലിന്റെ വേദന എന്താണെന്നു അറിയുകയായിരുന്നു, എത്ര ശ്രമിച്ചിട്ടും കണ്ണുനീർ നീയന്ത്രിക്കാൻ കഴിഞ്ഞില്ല, കണ്ണുകൾ രണ്ടു നീർച്ചാലുകൾ പോലെ ഒഴുകിക്കൊണ്ടിരുന്നു.ഭക്ഷണം കഴിക്കാൻ അയാളാണ് വന്നു വിളിച്ചത്, കഴിച്ചുകൊണ്ടിരിക്കുമ്പോൾ ആദ്യമായി അമ്മ സംസാരിച്ചു, “ഭക്ഷണം കഴിയ്ക്കാൻ പിന്നാലെ നടന്നു വിളിയ്ക്കാൻ ഇവിടെ ആരുമില്ല ആവശ്യമുള്ളവർ വന്നെടുത്ത് കഴിച്ചോണം”. കഴിച്ചുകൊണ്ടിരുന്നത് പെട്ടെന്ന് തൊണ്ടയിൽ കുടുങ്ങിയപോലെ അങ്ങോട്ടുമില്ല ഇങ്ങോട്ടുമില്ല, അയാളുടെ മുഖത്തു യാതൊരു ഭാവഭേദവുമില്ല, അവൾ കഴിച്ചെന്നുവരുത്തി എഴുന്നേറ്റു കൈകഴുകി റൂമിൽ എത്തുമ്പോൾ അയാൾ അവളെ കാത്തിരിപ്പുണ്ടായിരുന്നു,അവളെ കണ്ടപ്പോൾ അയാൾ ഒന്ന് പുഞ്ചിരിച്ചു ആ വീട്ടിൽ ചെന്നിട്ട് ആദ്യമായി ഒരാളിൽ നീന്നും ഒരു പുഞ്ചിരി, അതുകണ്ടപ്പോൾ എന്തോ ഒരാശ്വാസം, അയാൾ അവളെ വിളിച്ച് അരികിൽ ഇരുത്തി, “സങ്കടമായോ അമ്മ പറയുന്നത് കെട്ടിട്ട് ” അവൾ മറുപടി പറഞ്ഞില്ല “ഇതാണ് അവരുടെ രീതി നമ്മൾ അതിനു അനുസരിച്ചു അഡ്ജസ്റ്റ് ചെയ്യണം, തന്നോട് നേരത്തെ ഇതൊക്കെ പറയേണ്ടതായിരുന്നു ” അവൾക്കൊന്നും മനസിലാകുന്നുണ്ടായിരുന്നില്ല അവന്റെ മുഖത്തു നിന്നും കണ്ണെടുക്കാതെ നോക്കിയിരുന്നു, അയാൾ തുടർന്നു “ഇവിടെ ആർക്കും ഇഷ്ടമായിരുന്നില്ല ഈ വിവാഹം,

അതുകൊണ്ടുതന്നെയാണ് ഞാൻ ഇതുതന്നെ മതി എന്ന് പറഞ്ഞതും, എനിയ്ക്കൊരു പ്രണയമുണ്ടായിരുന്നു, പ്ലസ്ടു മുതൽ ഇപ്പോൾ അവൾ വിവാഹിതയാണ്, ഒൻപതു വർഷങ്ങൾ മനസ്സിൽ കൊണ്ടുനടന്നതാ, പക്ഷെ നടന്നില്ല “അയാൾ ഒന്ന് നീർത്തി. ഭൂമി പിളർന്നു താൻ അതിലേക്കു പോയിരുന്നെങ്കിൽ എന്ന് അവൾ ആഗ്രഹിച്ചു, ദയനീയമായൊരു നോട്ടം മാത്രമായിരുന്നു അയാൾക്കുനേരെ അതിൽ സങ്കടവും ഒരായിരം ചോദ്യങ്ങളും ഉണ്ടായിരുന്നു, അതു മനസിലാക്കിയിട്ടെന്നപോലെ അയാൾ തുടർന്നു “എനിയ്ക്കറിയാം താൻ ഒരുപാട്‌ പ്രതീക്ഷകളുമായിട്ടാ എന്റൊപ്പം വന്നതെന്ന്, നമുക്കിടയിൽ രഹസ്യങ്ങളൊന്നും വേണ്ട, ഞാനല്ലെങ്കിൽ വേറൊരാൾ പറഞ്ഞു താൻ അറിയും, അതിലും നല്ലതല്ലേ . അവൾക് എന്റെമനസിൽ ഒരു സ്ഥാനമുണ്ട് അത് കഴിഞ്ഞേ മറ്റൊരാൾ ഉള്ളു, അതൊരിക്കലും തെറ്റായ ഒരു അർത്ഥത്തിൽ താൻ എടുക്കരുത്, ഞാൻ താലികെട്ടിയ എന്റെ പെണ്ണാ നീ, ന്‍റെ ഭാര്യ, എന്നെ സംബന്ധിക്കുന്നതെല്ലാം നീ അറിഞ്ഞിരിക്കണം, ഞാൻ കാരണം നിനക്കു ഒരിക്കലും കരയേണ്ടിവരില്ല “അയാൾ അവളെ ചേർത്തുപിടിച്ചപ്പോൾ അവളുടെ കണ്ണുനീർവീണു അയാളുടെ നെഞ്ചുപൊള്ളുന്നുണ്ടായിരുന്നു. ദിവസങ്ങൾ പൊയ്ക്കൊണ്ടിരുന്നു അവൾ ആഹ്രഹിച്ചതിനും മേലെ ആയിരുന്നു അയാൾക്കു അവളോടുള്ള സ്നേഹം, എന്നാൽ മറ്റുള്ളവരിൽ നിന്നൊന്നും അവൾക്കത് കിട്ടിയില്ല. രണ്ടുമാസങ്ങൾ വളരെപ്പെട്ടന്ന് കടന്നുപോയി, തിരിച്ചുപോകാൻ ദിവസങ്ങൾ മാത്രമുള്ളപ്പോളാണ് അയാൾ അറിയുന്നത് താൻ ഒരു അച്ഛനാകാൻ പോകുന്നു, കുഞ്ഞുണ്ടാകുന്നതിന്റെ സന്തോഷത്തേക്കാൾ ഭാര്യയെ വിട്ടുപോകുന്ന സങ്കടമായിരുന്നു അയാൾക്ക്, എന്നാൽ വിശേഷമറിഞ്ഞപ്പോൾ മുതൽ അയാളുടെ അമ്മയ്ക്ക് ചെറിയ ഇഷ്ടമൊക്കെ തോന്നിത്തുടങ്ങി മരുമകളോട്, അയാൾക്കതൊരു ആശ്വാസം തന്നെ ആയിരുന്നു, അവൾക്കും .

ഗർഭിണിയായ ഏതൊരു ഭാര്യയും ആഗ്രഹിക്കുന്നത് തന്റെ ഭർത്താവ് കൂടെവേണമെന്നാണ് പക്ഷെ പ്രവാസികളുടെ ഭാര്യമാർ അത് ആഗ്രഹിക്കാൻ പാടില്ല, അത് അത്യാഗ്രഹമാകും. അവർക്കു സന്തോഷം പകരാനും ദുഃഖങ്ങൾ പങ്കുവെക്കാനും ചുട്ടുപൊള്ളുന്ന വെയിലിൽ ഒരു ഇളം തെന്നൽപോലെ നാട്ടിലേക്കുള്ള ഓരോ ഫോൺ വിളികൾ മാത്രമാണ്. പ്രസവത്തിനു വരാമെന്നു പറഞ്ഞു അയാൾ വീണ്ടും സ്വപ്നങ്ങളുടെ ഭാണ്ഡക്കെട്ടുമായി കടൽ കടന്നുപോയി. ദിവസങ്ങൾ, ആഴ്ചകൾ, മാസങ്ങൾ അങ്ങനെ കടന്നുപോയ്ക്കൊണ്ടിരുന്നു, അവളെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു പക്ഷെ അയാൾക്ക് ലീവ് കിട്ടിയില്ല, അത് അങ്ങനെയാണല്ലോ ബന്ധുക്കൾ മരിച്ചാലും ഭാര്യ പ്രസവിച്ചാലും ഇനി നാടുമൊത്തത്തിൽ വെള്ളപ്പൊക്കത്തിൽ ഒലിച്ചുപോയെന്നുപറഞ്ഞാലും അറബിയുടെ ദയക്കുവേണ്ടി കാത്തിരിക്കണം. അവൾ പ്രസവിച്ചു, അവളുടെ ആഗ്രഹം പോലെ ഒരു ആൺകുട്ടി. അയാൾ എന്നും അഞ്ചും ആറും തവണ വിളിക്കും ഇടക്കെപ്പോളേലും കുഞ്ഞിന്റെ കരച്ചിലെങ്കിലും കേൾക്കാമല്ലോ.ഒരിക്കൽ വിളിച്ചപ്പോൾ അവൾ ചോദിച്ചു “ഏട്ടാ, ഞാൻ ഒരു കാര്യം ചോദിച്ചാൽ സങ്കടവുമോ ?” “നീ ചോദിയ്ക്ക് അല്ലാത ഞാനെങ്ങാനറിയും “”എന്നോട് ദേഷ്യപ്പെടുമോ ” അവൾ വീണ്ടും ചോദിച്ചു “അപ്പോൾ ദേഷ്യം വരുന്ന കാര്യമാണെന്നുറപ്പായി, ശെരി നീ പറ.” “ഏട്ടാ ഏട്ടൻ അന്നുപറഞ്ഞില്ലേ എനിയ്ക്ക് ഏട്ടന്റെ മനസ്സിൽ രണ്ടാം സ്ഥാനമാണെന്നു,..,ഇപ്പോഴും അതിനു മാറ്റമൊന്നുമില്ലെ? ” മറുതലക്കൽ മൗനം”ഏട്ടന് സങ്കടമായോ” “ഇല്ല, ഞാൻ പറയുമ്പോൾ നിനക്കു സങ്കടമാകുമോന്നു ആലോചിയ്ക്കുവാരുന്നു” ഒരുനിമിഷത്തെ മൗനത്തിനുശേഷം അയാൾ തുടർന്നു ” നീ എന്റെ ഭാര്യയാ, ഇപ്പോൾ എന്റെ കുഞ്ഞിന്റെ അമ്മ, എല്ലാം ശെരിതന്നെ, ന്‍റെ മനസ്സിൽ നിന്നോടുള്ള സ്നേഹത്തിനു കുറവോ കൂടുതലോ ഉണ്ടായിട്ടില്ല, നിനക്കിപ്പോളും രണ്ടാം സ്ഥാനം തന്നെയാ, അതിനി അങ്ങോട്ടും അങ്ങനെ തന്നെ, പക്ഷെ ഇപ്പോൾ ഒരു വ്യത്യാസമുണ്ട് എന്‍റെ മനസിൽ പ്രഥമ സ്ഥാനം നമ്മുടെ മോനാ ”

“ഏട്ടാ…. ” അവൾക്ക് മറുപടിയൊന്നും പറയാനുണ്ടായിരുന്നില്ല പക്ഷെ ആ വിളിയിൽ എല്ലാം ഉണ്ടായിരുന്നു “അതേടി പൊട്ടികാളി, നീയും മോനും കഴിഞ്ഞേ ഉള്ളു ഈ ലോകത്തിൽ ഇപ്പോ എനിയ്ക്കാരും, എന്തും ” സന്തോഷംകൊണ്ട് അവളുടെ കണ്ണുകൾ നിറഞ്ഞു അവൾ ആ ഫോണിൽ തെരുതെരെ ഉമ്മ വെച്ചു.അത്രയും പറഞ്ഞു നിർത്തി അവൾ എന്നെ നോക്കി “കഴിഞ്ഞോ? കഥയ്ക്കൊരു പൂർണ്ണതയില്ലല്ലോ” ” ‘അതിന് പൂർണ്ണത വരില്ല അവളുടെ ജീവിതം ഇപ്പോഴും തുടർന്നു കൊണ്ടേയിരിയ്ക്കുകയല്ലേ ” അതും പറഞ്ഞ് അവൾ ചിരിച്ചു ,ഞാനും. കടലിൽ നിന്നുള്ള കാറ്റിന്റെ ശക്തി കൂടി വരുന്നുണ്ട് ,തിരമാലകളുടെയും .തിരയിലേക്കിറങ്ങി കളിയ്ക്കുന്നവരെ സെക്യൂരിറ്റി ഗാർഡുകൾ കരയിലേക്ക് വിളിച്ച് കയറ്റുന്നുണ്ട്. “എടാ നിനക്കറിയുമോ? ലോകത്തിലെ ഒരു ഭാര്യയും തന്റെ ഭർത്താവിന്റെ സ്നേഹം മറ്റൊരാൾ പങ്കുവയ്ക്കുന്നത് സഹിയ്ക്കാൻ പറ്റില്ല .ആ സ്നേഹത്തിന് പകരം വയ്ക്കാൻ മറ്റൊന്നിനും ആവുകയുമില്ല” ചെറിയ ചിരിയോടെയാണത് പറഞ്ഞതെങ്കിലും അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു. ” അച്ഛാ ഉറങ്ങുന്നില്ലേ? അമ്മ വിളിയ്ക്കുന്നു” മോൻ വന്നു വിളിച്ചപ്പോഴാണ് ഞാൻ ചിന്തകളിൽ നിന്നുണർന്നത് .

കൈയ്യിലിരുന്ന സിഗരറ്റ് എരിഞ്ഞ് തീരാറായിരിയ്ക്കുന്നു .ഞാനത് അഷ്ട്രേയിലേക്കിട്ടു ” കിടന്നോളൂ ഞാൻ വന്നേക്കാം” .അവൻ അകത്തേക്ക് പോയി. അന്ന് അവൾ യാത്ര പറഞ്ഞു പോയതിന് ശേഷം ഞാൻ കുറച്ചു നേരം അവിടെ ഇരിപ്പ് തുടർന്നു .മഴ ചാറി തുടങ്ങിയപ്പോഴാണ് ഞാൻ അവിടെ നിന്നെഴുന്നേറ്റ് കാറിനടുത്തേക്ക് നടന്നത്. എന്റെ മനസ്സിലും മഴ പെയ്യുവാൻ തുടങ്ങിയിരുന്നു, മാറ്റത്തിന്റെ മഴ,മനസ്സിൽ മൂടിക്കെട്ടി നിന്നിരുന്ന കാർമേഘങ്ങളൊക്കെ പെയ്തൊഴിയുകയായിരുന്നു.അവൾ പറഞ്ഞ കഥയും അവസാനം പറഞ്ഞ വാക്കുകളും എന്റെ മനസ്സിനെ വല്ലാതെ സ്വാധീനിച്ചു എന്നു വേണം പറയാൻ. ഒരു പക്ഷേ അതവളുടെ കഥ തന്നെയായിരിയ്ക്കണം. പിന്നീടൊരിയ്ക്കലും ഞാനവളോട് അതിനെക്കുറിച്ച് ചോദിച്ചിട്ടുമില്ല. ഞാനെഴുതിത്തുടങ്ങി അവളുടെ കഥ….