Categories: Film News

സിനിമയുടെ തുടക്കത്തിൽ അജിത്ത് അപമാനിക്കപ്പെട്ടത് നിരവധി തവണ; ആദ്യം മീന, പിന്നീട് ഐശ്വര്യ റായി… ആ നിമിഷത്തിൽ രക്ഷകനായെത്തിയത് സാക്ഷാൽ മമ്മൂക്ക!!

സൗത്ത് ഇന്ത്യയിലെ തന്നെ സൂപ്പര്‍ താരങ്ങളിലൊരാളായി മാറിയ അജിത്ത് ചെയ്യുന്ന സിനിമകളിലും കാര്യങ്ങളിലും തന്റേതായ നിലപാട് പ്രകടിപ്പിച്ചാണ് മുന്നേറുന്നത്. മുന്‍നിര താരങ്ങളിലൊരാളായി മാറിയപ്പോഴും പഴയ വിനയം അദ്ദേഹം ഇപ്പോഴും നില നിര്‍ത്തുന്നുണ്ടെന്നുള്ളതാണ് മറ്റൊരു കാര്യം. എന്നാൽ പലപ്പോഴും ഒരു തുടക്കകാരനെന്ന നിലയിൽ സിനിമ മേഖലയിൽ നിന്ന് “തല” അജിത്തിന് പല അപമാനങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്.

മികച്ച പുതുമുഖ താരത്തിനുള്ള അവാര്‍ഡ് അജിത്തിന് നല്‍കാന്‍ നടി മീന സ്റ്റേജിലേക്ക് വന്നപ്പോള്‍ അജിത്തിനൊപ്പം രണ്ട് ചുവട് ഡാന്‍സ് കളിക്കാന്‍ അവതാരകന്‍ ക്ഷണിച്ചു. എന്നാല്‍ പെട്ടെന്ന് വേദിയിലേക്ക് കയറിയ മീനയുടെ അമ്മ വലിയ താരങ്ങള്‍ക്കൊപ്പം മാത്രമാണ് മീന ഡാന്‍സ് ചെയ്യുക എന്നു പറഞ്ഞ് മീനയെ കൂട്ടികൊണ്ടു പോയതാണ് ആദ്യ സംഭവം.

ഈ മീന പിന്നീട് പല സിനിമകളിലും അജിത്തിന്റെ നായികയായിരുന്നു എന്നതും ചരിത്രം. ‘കണ്ടു കൊണ്ടേന്‍ കണ്ടു കൊണ്ടേന്‍’ എന്ന സിനിമയില്‍ ഐശ്വര്യ റായ് ആദ്യം അജിത്തിന്റെ നായികയായാണ് അഭിനയിക്കേണ്ടിയിരുന്നതെങ്കിലും ഐശ്വര്യ റായ് കടുത്ത എതിര്‍പ്പ് അറിയിച്ചത് സിനിമാ ചിത്രീകരണത്തിന് വലിയ പ്രതിസന്ധിയുണ്ടാക്കി.

തുടര്‍ന്ന് അജിത്തിനെ മാറ്റി വേറെ ആരെയെങ്കിലും അഭിനയിപ്പിക്കാം എന്ന് സംവിധായകന്‍ തീരുമാനവുമെടുത്തു. എന്നാല്‍ ഈ വിവരമറിഞ്ഞ മമ്മുട്ടി വളര്‍ന്നു വരുന്ന ഒരു നടനെ ഇങ്ങനെ മാറ്റി നിര്‍ത്തുന്നതില്‍ സംവിധായകനോട് രോഷാകുലനായത് അജിത്തിന് രക്ഷയായി. ഇതേ തുടര്‍ന്ന് കഥയില്‍ ചില മാറ്റങ്ങള്‍ വരുത്തി അജിത്തിന് തബുവിനെ ജോഡിയാക്കി അഭിനയിപ്പിക്കാന്‍ സംവിധായകന് തയ്യാറാകേണ്ടി വന്നു.

സിനിമയില്‍ നിന്നും നായിക നടിയുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഒഴിവാകേണ്ടി വരുമായിരുന്ന മാനക്കേടില്‍ നിന്നും അജിത്തിന് രക്ഷയായത് മമ്മുട്ടിയുടെ അന്നത്തെ സന്ദര്‍ഭോചിതമായ ഇടപെടല്‍ കൊണ്ടായിരുന്നുവെന്ന് മാധ്യമ റിപ്പോര്‍ട്ടില്‍ പറയുന്നു.

source: malayali vartha

Devika Rahul