16 തീവ്രവാദികളെ വധിച്ചു, 64 പേരെ കൈയാമം വച്ചു! പരിചയപ്പെടാം സ‍ഞ്ജുക്ത ഐപിഎസ് എന്ന പെൺപുലിയെ

അസമിലെ സഞ്ജുക്ത പരാഷർ എന്ന ഐപിഎസുകാരിക്ക് ഒരു ചെല്ലപ്പേരുണ്ട്, അസമിലെ ഉരുക്കു വനിത…! ഈ ലേഡി ഐപിഎസ് ഓഫീസറെ കണ്ടാൽ ആരും ഒന്നു നോക്കും. സിനിമാ നടിയെപ്പോലെ സുന്ദരിയാണവർ. മെലിഞ്ഞു കൊലുന്നനേയുള്ള ഒരു സുന്ദരി. ഇവരെയാണോ ‘ഉരുക്കു വനിത’ എന്നാെക്കെ വിളിക്കുന്നത് എന്ന് ആരും സംശയിച്ചു പോകും. വെറുതേ ഒരു ഭംഗിക്കു വിളിക്കുന്ന പേരല്ല അതെന്ന് സർവീസ് റെക്കോഡ‍് പരിശോധിച്ചാൽ മനസിലാകും. കഴിഞ്ഞ 15 മാസത്തിനുള്ളിൽ 16 തീവ്രവാദികളെ വധിച്ചു, 64 പേരെ അറസ്റ്റ് ചെയ്തു…!

തീവ്രവാദികൾക്കെതിരേ സന്ധിയില്ലാ സമരം പ്രഖ്യാപിച്ച അപൂർവം പേരിൽ ഒരാളാണ് സഞ്ജുക്ത. അസമിൽ നിയമിതയാകുന്ന ആദ്യത്തെ വനിത ഐപിഎസ് ഓഫീസർ കൂടിയാണ് അവർ. അസം സ്വദേശിനിയായ അവർ ഇന്ദ്രപ്രസ്ഥ സർവകലാശാലയിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ ബിരുദം നേടി. തുടർന്ന് ജെഎൻയുവിൽ നിന്ന് പിഎച്ച്ഡിയും കരസ്ഥമാക്കി. കുട്ടിക്കാലം മുതൽക്കേ സ്പോർട്സിൽ ഏറെ താൽപ്പര്യം ഉണ്ടായിരുന്നു. അസമിൽ വളർന്നു വരുന്ന തീവ്രവാദത്തിലും അഴിമതിയും മനംനൊന്ത് സംസ്ഥാനത്തിനു വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹവുമായാണ് അവർ കാക്കി അണിയുന്നത്.

2008 ൽ മകൂമിലായിരുന്നു ആദ്യ നിയമനം. അസിസ്റ്റന്റ് കമാൻ‍ഡന്റായിട്ടായിരുന്നു പോസ്റ്റിങ്. അധികം വൈകും മുൻപേ ബോഡോകളും അനധികൃത ബംഗ്ലാദേശികളും തമ്മിൽ പോരാട്ടം രൂക്ഷമായ ഉദൽഗുരിയിലേക്ക് സ്ഥലം മാറ്റി. വർഗീയ ലഹളയുടെ നടുവിലേക്കായിരുന്നു സഞ്ജുക്ത ചുവടുവച്ചത്. ആദ്യ വെല്ലുവിളി തന്നെ വിജയകരമായി പൂർത്തിയാക്കിയതോടെ അവർ വാർത്തകളിൽ നിറഞ്ഞു.

നാലു വയസുള്ള കുഞ്ഞിന്റെ അമ്മ കൂടിയായ ഈ പെൺപുലി ഏകെ47 റൈഫിളുമായി ആക്രമണങ്ങളുടെ നടുവിലേക്ക് ഇറങ്ങാൻ ഒട്ടും മടി കാട്ടില്ല. അതുതന്നെയാണ് ഇവരെ വ്യത്യസ്തയാക്കുന്നതും. രണ്ടു മാസത്തിലൊരിക്കൽ കുടുംബത്തിനു വേണ്ടി മാറ്റി വയ്ക്കും. ബാക്കി സമയം മുഴുവനും ഔദ്യോഗിക കൃത്യനിർവണത്തിന്. കമാൻഡോ ഓപ്പറേഷനും തോക്കും വെടിയുമെല്ലാം പുരുഷന്റെ കുത്തകയല്ലെന്ന് ലോകത്തെ ഓർമിപ്പിക്കുകയാണ് സഞ്ജുക്ത എന്ന ലേഡി ഐപിഎസ് ഓഫീസർ.

Devika Rahul