3 ഇഡിയറ്റ്സ് തീയറ്ററിൽ കാണാം; റീ റിലീസിനൊരുങ്ങുന്നത് പത്ത് ചിത്രങ്ങൾ

റീ റിലീസ് എന്നത് ഇന്ന് സാധാരണമാണ്. പണ്ട് ഫിലിമില്‍ എത്തിയ കള്‍ട്ട് സിനിമകളുടെ ഡിജിറ്റല്‍ റീമാസ്റ്റേര്‍ഡ് പതിപ്പുകള്‍ മുതല്‍ താരാരാധകര്‍ നടത്തുന്ന സ്പെഷല്‍ ഷോകള്‍ വരെ അക്കൂട്ടത്തിലുണ്ട്. ഇപ്പോഴിതാ ഹിന്ദിയില്‍ നിന്ന് അപൂര്‍വ്വമായൊരു റീ റിലീസിംഗ് പ്രഖ്യാപിച്ചിരിക്കുകയാണ്. ഒന്നല്ല, പത്ത് ജനപ്രിയ ചിത്രങ്ങളാണ് അതിന്‍റെ ഭാഗമായി വീണ്ടും തിയറ്ററുകളിലേക്ക് എത്താനൊരുങ്ങുന്നത്. അതെ ബോളിവുഡിൽ നിന്ന് 10 ചിത്രങ്ങൾ ആണ്  റീ റിലീസിന് ഒരുങ്ങുന്നത്. സംവിധായകന്‍, തിരക്കഥാകൃത്ത്, നിര്‍മ്മാതാവ് എന്നീ നിലകളിലെല്ലാം പ്രേക്ഷകസമ്മതി നേടിയ വിധു വിനോദ് ചോപ്രയുടെ ചലച്ചിത്ര ജീവിതം 45 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന്‍റെ ഭാഗമായാണ് റീ റിലീസ്. അദ്ദേഹത്തിന് പങ്കാളിത്തമുള്ള പത്ത് ചിത്രങ്ങളാണ് ഇതിന്‍റെ ഭാഗമായി വീണ്ടും തിയേറ്ററുകളിൽ എത്താൻ ഒരുങ്ങുന്നത് . ഫിലിം ഹെറിറ്റേഡ് ഫൌണ്ടേഷനും പിവിആര്‍ ഐനോക്സും സംയുക്തമായാണ് മുന്‍കാല ചിത്രങ്ങളുടെ പുന:പ്രദര്‍ശനം നടത്തുക. വിധു വിനോദ് ചോപ്ര രചനയും സംവിധാനവും നിര്‍മ്മാണവും നിര്‍വ്വഹിച്ച ഖാമോഷ്, 1942 എ ലവ് സ്റ്റോറി, പരീന്ദ, മിഷന്‍ കശ്മീര്‍, എകലവ്യ ദി റോയല്‍ ഗാര്‍ഡ്, രചനയും സംവിധാനവും നിര്‍വ്വഹിച്ച സസായേ മൌത്ത്, രചനയും നിര്‍മ്മാണവും നിര്‍വ്വഹിച്ച മുന്നാ ഭായ് എംബിബിഎസ്, രചനയും നിര്‍മ്മാണവും എഡിറ്റിംഗും  നിര്‍വ്വഹിച്ച പരിണീത, രചനയും നിര്‍മ്മാണവും ഗാനരചനയും നിര്‍വ്വഹിച്ച ലഗേ രഹോ മുന്നാഭായ്, നിര്‍മ്മാണവും രചനയും നിര്‍വ്വഹിച്ച 3 ഇഡിയറ്റ്സ് എന്നീ ചിത്രങ്ങളാണ് പുന:പ്രദര്‍ശനത്തിന് ഒരുങ്ങുന്നത്. ഒക്ടോബര്‍ 13 മുതല്‍ 19 വരെയുള്ള ഒരാഴ്ച ഈ ചിത്രങ്ങള്‍ തിയറ്ററുകളില്‍ കാണാം.അതേസമയം വെറും 99 രൂപയ്ക്ക് സിനിമ കാണാൻ അവസരം ഒരുങ്ങുന്നു. ദേശീയ സിനിമാ ദിനമായ ഒക്ടോബർ 13നു അതായത് നാളെ ആണ്  ഈ തുകയിൽ സിനിമ കാണാൻ സാധിക്കുക.

ഇതിനായുള്ള ബുക്കിംങ്ങുകൾ ആരംഭിച്ചു. ബുക്ക്‌മൈഷോ, പേടിഎം തുടങ്ങിയ സിനിമ ബുക്കിങ് ആപ്പുകളിൽ ഓഫർ തുകയ്ക്ക് ടിക്കറ്റ് ലഭ്യമായി തുടങ്ങി. രാജ്യമൊട്ടാകെ നാലായിരത്തോളം സ്‌ക്രീനുകളാണ് ഒരുങ്ങുന്നത്. ഒക്ടോബർ 13ന് ഏത് സമയത്താണെങ്കിലും ഓഫർ ലഭിക്കും. ബുക്കിങ് അപ്പുകളിൽ 99 രൂപയ്ക്ക് പുറമെ അധിക ചാർജും ഈടാക്കും. എന്നാൽ തീയറ്ററുകളിലെ കൗണ്ടറുകളിൽ 99 രൂപയ്ക്ക് ടിക്കറ്റ് എടുക്കാവുന്നതാണ്. എന്നാൽ ഐമാക്‌സ്, 4ഡിഎക്‌സ്, റിക്ലൈനർ തുടങ്ങിയ പ്രീമിയം വിഭാഗങ്ങൾക്ക് ഓഫർ ലഭ്യമല്ല. തമിഴ്‌നാട്, തെലങ്കാന, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ ഓഫർ ലഭ്യമല്ലെന്നും വിവരങ്ങളുണ്ട്. മൾട്ടിപ്ലക്‌സ് അസ്സോസിയേഷന് കീഴിലുള്ള പി. വി. ആർ ഐനോക്‌സ്, സിനി പൊളിസ്, മിറാഷ് സിറ്റിപ്രൈഡ്, ഏഷ്യൻ, മുക്ത എ2, മൂവി ടൈം. വേവ്, എം2 കെ, ഡിലൈറ്റ്, തുടങ്ങീ മൾട്ടിപ്ലക്‌സ് ശൃംഖലകളിലാണ് 99 രൂപയുടെ  ഓഫർ ലഭ്യമാവുന്നത്. സിനിമാ വ്യവസായത്തിന് ഉണർവ് പകരുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്നത്. കഴിഞ്ഞ വർഷം ഒറ്റദിവസം കൊണ്ട് 65 ലക്ഷം ടിക്കറ്റുകളാണ് വിറ്റ് പോയത്. ഈ വർഷം അതിലും കൂടുതൽ വിറ്റുവരവ് പ്രതീക്ഷിക്കുന്നുണ്ട്. എന്തായാലും ഒക്ടോബർ 13 ന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് സിനിമാപ്രേമികൾ.