Categories: Film News

777 ചാര്‍ളിയുടെ ലാഭവിഹിതം മൃഗക്ഷേമത്തിന്; പ്രഖ്യാപനവുമായി അണിയറ പ്രവര്‍ത്തകര്‍

നായയും മനുഷ്യനും തമ്മിലുള്ള സ്‌നേഹത്തിന്റെ കഥ പറയുന്ന ചിത്രമായിരുന്നു 777ചാര്‍ളി. ചിത്രത്തിന് മികച്ച പ്രേക്ഷക പിന്തുണയായിരുന്നു ലഭിച്ചത്. കാഴ്ചക്കാരുടെ ഉള്ളുലയ്ക്കുന്ന സിനിമ എന്നാണ് 777 ചാര്‍ളിയെക്കുറിച്ചുയര്‍ന്ന അഭിപ്രായം. മലയാളിയായ കിരണ്‍ രാജ്.കെ ആണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തത്. ധര്‍മ എന്ന യുവാവിന്റെയും ചാര്‍ലി എന്ന നായയുടേയും ആത്മബന്ധത്തിന്റെ കഥയാണ് സിനിമയിലൂടെ പങ്കുവെച്ചത്. എന്നാല്‍ ചിത്രത്തെ സംബന്ധിച്ച് പുതിയൊരു പ്രഖ്യാപനം നടത്തിയിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.

ചിത്രത്തിന്റെ ലാഭവിഹിതത്തിന്റെ അഞ്ച് ശതമാനം രാജ്യത്തെ നായ്ക്കളുടേയും മൃഗങ്ങളുടേയും ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഒകള്‍ക്ക് നല്‍കുമെന്നാണ് 777 ചാര്‍ലി ടീമിന്റെ പ്രഖ്യാപനം. ലാഭത്തിന്റെ 10 ശതമാനം ചി്ത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് നല്‍കാനും തീരുമാനമുണ്ട്. ചിത്രത്തിന്റെ നിര്‍മാതാവും കേന്ദ്രകഥാപാത്രമായ ധര്‍മയെ അവതരിപ്പിക്കുകയും ചെയ്ത രക്ഷിത് ഷെട്ടി കഴിഞ്ഞ ദിവസം വാര്‍ത്താക്കുറിപ്പിലൂടെയാണ് ഇക്കാര്യം പറഞ്ഞത്. ചാര്‍ലിയുടെ പേരിലായിരിക്കും ഈ തുക നല്‍കുക എന്നും അദ്ദേഹം വ്യക്തമാക്കി.

‘ഈ സിനിമ ആഘോഷിക്കുക എന്നതില്‍ ഏറ്റവും നല്ല മാര്‍ഗം ഈ ചിത്രം നിങ്ങളുടെ മുന്നില്‍ എത്തിക്കാന്‍ ഇതിന് പിന്നില്‍ നിന്ന് എല്ലാവരുടെയും പ്രയത്‌നത്തെയും ആഘോഷിക്കുക എന്നതാണ്. അതിനാല്‍ ‘777 ചാര്‍ലി’ എന്ന ചിത്രത്തിന് ലഭിക്കുന്ന ലാഭത്തിന്റെ 10 ശതമാനം ഈ സിനിമ സാധ്യമാക്കാന്‍ ഒപ്പം നിന്ന ഓരോ വ്യക്തിക്കും നല്‍കാന്‍ ഞങ്ങള്‍ തീരുമാനിച്ചു.’ എന്നും രക്ഷിത് പറഞ്ഞു. ചാര്‍ളിയ്ക്ക് നിങ്ങള്‍ നല്‍കിയ അതിരില്ലാത്ത സ്‌നേഹത്തിന് നന്ദി. ചാര്‍ളി നിങ്ങളിലേക്ക് എത്തിയിട്ട് 25 ദിവസമായി. നിങ്ങള്‍ നല്‍കിയ അംഗീകാരം വളരെ വലുതാണെന്നും രക്ഷിത് പറഞ്ഞു.

 

Aswathy