കടുവാകുന്നേല്‍ കുറുവാച്ചനെ ആരാധകര്‍ക്ക് കാണാനാവില്ല!!! നായകന്റെ പേര് മാറ്റണമെന്ന് സെന്‍സര്‍ ബോര്‍ഡ്

ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പൃഥ്വിരാജിന്റെ ‘കടുവ’. കടുവാകുന്നേല്‍ കുറുവാച്ചന്‍ ആയിട്ടാണ് പൃഥ്വിരാജ് എത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ നായകന്റെ പേര് മാറ്റണമെന്ന് നിര്‍ദേശിച്ചിരിക്കുകയാണ് സെന്‍സര്‍ ബോര്‍ഡ്. ജോസ് കുരുവിനാക്കുന്നില്‍ നല്‍കിയ പരാതിയിലാണ് വിധി.

കഴിഞ്ഞ ദിവസം സിനിമയുടെ അണിയറ പ്രവര്‍ത്തകകരുടെയും ജോസ് കുരുവിനാക്കുന്നലിന്റെ അഭിഭാഷകരുടെയും വാദം സെന്‍സര്‍ ബോര്‍ഡ് കേട്ടിരുന്നു.
കടുവാകുന്നേല്‍ കുറുവാച്ചന്‍ എന്നതാണ് ചിത്രത്തില്‍ പൃഥ്വിരാജിന്റെ കഥാപാത്രത്തിന്റെ പേര്.

കുറുവച്ചന്‍ എന്ന പേരിന് പകരം മറ്റൊരു പേര് ഉപയോഗിക്കാനാണ് സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടത്. യഥാര്‍ഥ ജോസ് കുരുവിനാക്കുന്നല്‍ അറിയപ്പെടുന്നത് കുരുവിനാല്‍ക്കുന്നേല്‍ കുറുവച്ചന്‍ എന്ന പേരിലാണ്. കഥാപാത്രത്തിന്റെ പേരും ചിത്രത്തിന്റെ തിരക്കഥയും ഇദ്ദേഹത്തിന്റെ കഥയുമായി സാമ്യമുണ്ടെന്നായിരുന്നു പരാതി.

പരാതിക്കാരന്റെ ജീവിതത്തിന്റെ യഥാര്‍ഥ ആവിഷ്‌കാരമാണിതെന്ന് പറയാനാകില്ലെന്നും അദ്ദേഹത്തെ മോശമായി ചിത്രീകരിക്കുന്നത് ഒന്നും ഇല്ലെന്നും സെന്‍സര്‍ ബോര്‍ഡ് ഉത്തരവില്‍ പറയുന്നു.

ചിത്രം വെള്ളിയാഴ്ചയാണ് റിലീസിനെത്തുന്നത്. ചിത്രത്തിലെ പ്രോമോ ഗാനം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണമായും പാലിച്ചാണ് റിലീസ്. ടിക്കറ്റിന്റെ ഓണ്‍ലൈന്‍ ബുക്കിങ്ങും ആരംഭിച്ചിട്ടുണ്ട്. അതേസമയം, പ്രേക്ഷകരെ കാത്തിരിപ്പിച്ചതിനും ബുക്കിംഗ് തുറക്കാന്‍ വൈകിയതിനും പൃഥ്വിരാജ് ആരാധകരോട് ക്ഷമ ചോദിക്കുന്നതായും പറഞ്ഞു.

Anu B