
ഏപ്രിൽ 28ന് പ്രദർശനത്തിനെത്തിയ ‘ഏജന്റ്’ എന്ന സിനിമ മമ്മൂട്ടിയുടെയും അഖിൽ അക്കിനേനിയുടെയും കരിയറിലെ ഏറ്റവും വലിയ പരാജയങ്ങളിൽ ഒന്നായി മാറിയിരുന്നു ബിഗ് ബജറ്റിൽ മാസ് ആക്ഷൻ സീനുകളുമായി എത്തിയ ഏജന്റ് എന്ന ചിത്രം ബോക്സോഫീസിൽ ഫ്ളോപ്പ് ആവുകയായിരുന്നു. തന്റെ സിനിമയായ ഏജന്റിന്റെ പരാജയത്തെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് അഖിൽ ഇപ്പോൾ.

താൻ പരമാവധി ശ്രമിച്ചിട്ടും സിനിമയ്ക്ക് പ്രതീക്ഷിച്ചത് പോലെ പ്രേക്ഷകരോട് സംവദിക്കാനായില്ല, ഇനി ശക്തമായി തിരിച്ചു വരും എന്നാണ് അഖിൽ അക്കിനേനി പറയുന്നത്. ”നമ്മുടെ സിനിമയ്ക്ക് ജീവൻ നൽകാനായി ആത്മാർത്ഥതയോടെ പ്രവർത്തിച്ച ഏജന്റിന്റെ കാസ്റ്റ് ആൻഡ് ക്രൂവിനോട് നന്ദി പറയുന്നു.ഞങ്ങൾ കഴിവിന്റെ പരമാവധി പരിശ്രമിച്ചിട്ടും സ്‌ക്രീനിൽ സിനിമക്ക് പ്രതീക്ഷിച്ചത് പോലെ പ്രേക്ഷകരോട് സംവദിക്കാനായില്ല.

ഞങ്ങൾക്ക് ഒരു നല്ല സിനിമ നൽകാനായില്ല. എനിക്ക് ഏറ്റവും വലിയ പിന്തുണ നൽകിയ നിർമാതാവ് അനിലിന് നന്ദി. ഞങ്ങളുടെ സിനിമയിൽ വിശ്വാസമർപ്പിച്ച ഡിസ്ട്രിബ്യൂട്ടേഴ്‌സിന് നന്ദി പറയുന്നു ഒപ്പം വലിയ പിന്തുണ നൽകിയ മാധ്യമങ്ങൾക്ക് നന്ദി. നിങ്ങൾ നൽകിയ സ്‌നേഹവും എനർജിയും കാരണമാണ് ഞാൻ വർക്ക് ചെയ്തത്. അതിന് എന്റെ ഹൃദയത്തിൽ നിന്നുമുള്ള നന്ദി. എന്നിൽ വിശ്വാസമർപ്പിച്ച എല്ലാവർക്കും വേണ്ടി ഞാൻ ശക്തമായി തിരിച്ചുവരും” എന്നാണ്‌സോഷ്യൽ മീഡിയയിൽ അഖിൽ കുറിച്ചിരിക്കുന്നത്.

റോ ചീഫ് കേണൽ മഹാദേവനായി മമ്മൂട്ടി വേഷമിട്ട സിനിമ സുരേന്ദർ റെഡ്ഡിയാണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്തത്. 65 കോടി ബജറ്റിൽ ഒരുക്കിയ ചിത്രത്തിന് ആകെ നേടാനായത് 13 കോടി കളക്ഷൻ മാത്രമാണ്. അതേ സമയം ഏജന്റ് മെയ് 19ന് ഒടിടിയിൽ എത്തും. സോണി ലിവിലാണ് ചിത്രം സ്ട്രീം ചെയ്യുക.











