ഇന്ധനവില വർദ്ധന: ജനങ്ങളെ സംരക്ഷിക്കാൻ ഒരു ലക്ഷം കോടിയുടെ നികുതിനഷ്ടം കേന്ദ്രം സഹിച്ചെന്ന് ധനമന്ത്രി

മുംബൈ: ആഗോളതലത്തിൽ ഇന്ധനവില വർദ്ധിച്ച സാഹചര്യത്തിൽ, ജനങ്ങൾക്ക് ആശ്വാസം നൽകാൻ കേന്ദ്ര സർക്കാർ നികുതിഭാരം സ്വയം ഏറ്റെടുത്തതായി ധനമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കി. പശ്ചിമേഷ്യൻ പ്രതിസന്ധിയെ തുടർന്നുണ്ടായ ആഗോള അസ്ഥിരതയ്ക്കിടയിലും ആഭ്യന്തര വിപണിയിൽ വിലക്കയറ്റം തടയാൻ പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ സർക്കാർ വെട്ടിക്കുറച്ചിരുന്നു. ഈ നികുതി ഇളവിലൂടെ പ്രതിവർഷം ഒരു ലക്ഷം കോടി രൂപയിലധികം വരുമാന നഷ്ടമാണ് കേന്ദ്ര ബജറ്റിന് ഉണ്ടായതെന്ന് ധനമന്ത്രി ചൂണ്ടിക്കാട്ടി. നിലവിൽ എണ്ണക്കമ്പനികൾ നടത്തുന്ന വിലവർദ്ധനവ് അന്താരാഷ്ട്ര വിപണിയിലെ അസംസ്‌കൃത എണ്ണവിലയ്ക്ക് അനുസൃതമായുള്ളതാണെന്നും, മുൻപ് കേന്ദ്ര സർക്കാർ നികുതി കുറച്ചില്ലായിരുന്നുവെങ്കിൽ ഇന്ധനവില ഇതിലും എത്രയോ ഉയരുമായിരുന്നുവെന്നും മുംബൈയിൽ നടന്ന ഒരു ചടങ്ങിൽ സംസാരിക്കവെ ധനമന്ത്രി കൂട്ടിച്ചേർത്തു.