അന്ന് ഇതുപോലൊരു ദിവസത്തെ മഴയിലാണ്

രചന: അതിഥി അമ്മു അന്ന് ഇതുപോലൊരു ദിവസത്തെ മഴയിലാണ് അവള്‍ ഓടിപ്പോയത്…. പക്ഷേ പിന്നെ ഏഴുനാള്‍ മഴ പെയ്തില്ല…. അവളുടെ കുഴിമാടത്തില്‍ കിടന്ന വാടാമല്ലി പൂക്കളില്‍ നിന്ന് പുതിയ തൈനാമ്പുകള്‍ മുളച്ചുപൊന്തും വരെ പെരുമഴ…

രചന: അതിഥി അമ്മു
അന്ന് ഇതുപോലൊരു ദിവസത്തെ മഴയിലാണ് അവള്‍ ഓടിപ്പോയത്…. പക്ഷേ പിന്നെ ഏഴുനാള്‍ മഴ പെയ്തില്ല…. അവളുടെ കുഴിമാടത്തില്‍ കിടന്ന വാടാമല്ലി പൂക്കളില്‍ നിന്ന് പുതിയ തൈനാമ്പുകള്‍ മുളച്ചുപൊന്തും വരെ പെരുമഴ പോലും മാറിനിന്നു….. അവളുടെ കൈയില്‍ നിന്ന് ചിതറി വീണ ചെമ്പകപ്പൂക്കളുടെ ഇടയിലൂടെ നടന്നകന്നു പോയ അവനെ അവിടെങ്ങും ആരും കണ്ടതുമില്ല….. അവനതിൽ ആശ്വസിച്ചു …. കിഴക്കേ തൊടിയുടെ തെക്കേമൂലയിലെ ചെമ്പകത്തിന് അരികിലായി അതിരു കല്ലിന് അപ്പുറത്താണ് അവളുടെ കുഴിമാടം…

അധികം ദിവസങ്ങള്‍ കഴിഞ്ഞില്ല ആ ചെമ്പകം ആദ്യമായി പൂത്തു…. വായിക്കാൻ മറന്നു പോയ അക്ഷരങ്ങളായും ….. പാതിരായ്ക്ക് വീശുന്ന കാറ്റിലെ ചെമ്പക സുഗന്ധമായും പിന്നീട് പലപ്പോഴും അവള്‍ അവന്റടുത്ത് തന്റെ സാന്നിധ്യം അറിയിച്ചിരുന്നു… ഇപ്പോഴിതാ തെക്കുനിന്നു ഒരു തണുത്ത കാറ്റ് വീശിയെത്തിയതില്‍ പച്ചില മണങ്ങള്‍ക്കു മീതേ അതേ ചെമ്പകപ്പൂമണം…. മുറ്റം കവിഞ്ഞ് ആ മണം അവനൊപ്പം ആദ്യമായി മുറിയിലേക്കു കയറി ചെന്നു…

പുസ്തക കെട്ടുകള്‍ക്കിടയില്‍ നിന്നും പഴക്കം കൊണ്ട് നിറം മാറിയ ഒരു ഡയറി …. വായിച്ച പുസ്തകങ്ങളിലെ ഇഷ്ടപ്പെട്ട വരികള്‍ക്കൊപ്പം അവനായ് മാത്രമിടിച്ച ഹൃദയത്തുടിപ്പും അതില്‍ മഷിപ്പേനകൊണ്ട് അവൾ പകര്‍ത്തി എഴുതിയിരിക്കുന്നു…. ഒന്നും എഴുതാതെ വിട്ട പേജില്‍ ഒരു കുല ചെമ്പകപ്പൂക്കള്‍ ഇരിക്കുന്നുണ്ടാവും …. അവനായി മാത്രം അവൾ കരുതി വച്ച ചെമ്പകപ്പൂക്കൾ …. അവളുടെ അസ്ഥിമാടത്തിലെ ചെമ്പക മരങ്ങളൊക്കെ ഇനിയുള്ളകാലം അവന്റെ ഓര്‍മകളില്‍ എങ്കിലും പൂവിടട്ടെ…. അതിനായ് മാത്രം അവൾ കാത്തിരിപ്പുണ്ടാവും …. അവനു കാണാനാവാത്ത അവനെ കാണുന്ന ഒരു ലോകത്ത് …. അവളെ തേടിയുള്ള അവന്റെ വരവും കാത്ത് … അവനെ മാത്രം കാത്ത് ……