ആമിർ  ഖാന്റെ രണ്ട് ഭാര്യമാരും എത്താറുണ്ട് ; വിവാഹത്തെപ്പറ്റി നടൻ 

ബോളിവുഡിലെ പെർഫെക്ഷനിസ്റ്റ് ആയി അറിയപ്പെടുന്ന ആമിർ ഖാന്റെ കരിയറിലെ മോശം സമയത്തിലൂടെയാണ് ഇപ്പോൾ കടന്നു പോകുന്നത്. നടനെതിരെ ഹേറ്റേഴ്സിന്റെ വലിയൊരു നിരയുമുണ്ട് ഇപ്പോൾ. വിവാഹത്തെക്കുറിച്ച് ആമിർ ഖാൻ  മുമ്പൊരിക്കൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ഏറ്റവും ചെലവ് കുറഞ്ഞ വിവാഹമായിരുന്നു തന്റേതെന്നാണ് ആമിർ ഖാൻ വ്യക്തമാക്കിയത്. ഞാനും റീനയും കോടതിയിൽ വെച്ച് രഹസ്യമായി വിവാഹിതരാവുകയായിരുന്നു. മൂന്ന് സാക്ഷികളാണ്  ഉണ്ടായിരുന്നത്. വളരെ ലാഭകരമായ വിവാഹമായിരുന്നു അത്. 50 പൈസയ്ക്ക് ബസ് ടിക്കറ്റെടുത്തു. ബാന്ദ്ര സ്റ്റേഷൻ വെസ്റ്റിൽ ഇറങ്ങി ഹൈവേ ലക്ഷ്യമാക്കി നടന്നു. ഹൈവേ കടന്ന് വിവാഹ രജിസ്ട്രാർ ഓഫീസിൽ എത്തി. വിവാഹത്തിന് തനിക്ക് പത്ത് രൂപയിൽ താഴെയാണ് ചെലവ് വന്നതെന്നും അന്ന് ആമിർ ഖാൻ പറഞ്ഞു. 1986 ലായിരുന്നു ആമിറിന്റെയും-റീന ദത്തയുടെയും വിവാഹം. വീട്ടുകാർ എതിർത്തത് മൂലം ഒളിച്ചോടി പോയാണ് ഇവർ വിവാഹം ചെയ്തത്. എന്നാൽ 2002 ൽ ആമിറും റീനയും വേർപിരിഞ്ഞു. ആമിറും ആദ്യ ഭാര്യ റീന ദത്തയും ഇപ്പോഴും നല്ല സുഹൃത്തുക്കളാണ്. 21ാം വയസിലാണ് ആമിർ ഖാൻ  വിവാഹിതനാകുന്നത്. അന്ന് റീന ദത്തയുടെ പ്രായം 19 ഉം. പ്രണയ വിവാഹമായിരുന്നു. പരസ്പര സമ്മത പ്രകാരമായിരുന്നു ഇവരുടെ  വേർപിരിയൽ. വിവാഹ മോചനം തന്നെ വലിയ തോതിൽ ബാധിച്ചിരുന്നെന്ന് ആമിർ നേരത്തെ തുറന്ന് പറഞ്ഞിട്ടുണ്ട്. നീണ്ട 16 വർഷം വിവാഹിതരായി ജീവിച്ചതാണ് ഞങ്ങൾ. വേർ പിരിഞ്ഞപ്പോൾ ഞങ്ങൾക്കും കുടുംബത്തിനും ആഘാതമായി. ആ സാഹചര്യം കൈകാര്യം ചെയ്യാൻ ഞങ്ങൾ കഴിയുന്നത്ര ശ്രമിച്ചു. വേർപിരിയലിന് ശേഷവും പരസ്പരം ബഹുമാനവും സ്നേഹവും രണ്ട് പേർക്കും നഷ്ടപ്പെട്ടില്ലെന്നും ആമിർ ഖാൻ വ്യക്തമാക്കി. 2005 ലാണ് സംവിധായിക കിരൺ റാവുവിനെ ആമിർ ഖാൻ വിവാഹം ചെയ്യുന്നത്. ആമിർ നായകനായ ലഗാൻ എന്ന സിനിമയ്ക്കിടെയാണ് കിരൺ റാവുവും നടനും അ‌ടുത്തത്. ഈ സിനിമ നിർമ്മിച്ചത് റീന ദത്തയാണ്.

ലഗാനിലെ സഹ സംവിധായികയായിരുന്നു കിരൺ റാവു. വിവാഹശേഷം 2011 ൽ ആസാദ് എന്ന മകൻ ആമിറിനും കിരൺ റാവുവിനും ജനിച്ചു. എന്നാൽ 2011 ൽ ഇരുവരും വേർ പിരിഞ്ഞു. സുഹൃത്തുക്കളായി തുടരുമെന്ന് ആമിറും കിരണും പുറത്ത് വിട്ട പ്രസ്താവനയിൽ അന്ന് വ്യക്തമാക്കി. കു‌ടുംബത്തിലെ വിശേഷ ദിവസങ്ങളിലെല്ലാം ആമിറിന്റെ രണ്ട് ഭാര്യമാരും എത്താറുണ്ട്. മകൾ ഇറ ഖാന്റെ വിവാഹ നിശ്ചയത്തിന് ഏവരും ഒത്തു ചേർന്നിരുന്നു. ഒ‌ടുവിൽ പുറത്തിറങ്ങിയ ലാൽ സിം​ഗ് ഛദ്ദ എന്ന ചിത്രം ഏറെ പ്രതീക്ഷയോടെ ആമിർ ഖാൻ  നോക്കിക്കണ്ട സിനിമയാണെങ്കിലും ചിത്രം ബോക്സ് ഓഫീസിൽ പരാജയപ്പെടുകയാണുണ്ടായത്. ലാൽ സിം​ഗ് ഛദ്ദയ്ക്കെതിരെ വലിയ ആക്രമണമാണ് സോഷ്യൽ മീഡിയയിൽ ഉണ്ടായത്. നാല് വർഷത്തെ ഇ‌‌ടവേളയ്ക്ക് ശേഷം ആമിർ ഖാൻ ചെയ്ത സിനിമയായിരുന്നു ഇത്. കരിയറലെ മോശം സമയം കണക്കിലെടുത്ത് ഇടവേളയിലേക്ക് പ്രവേശിച്ചിരിക്കുകയാണ് ആമിർ ഖാൻ ഇപ്പോൾ. മക്കൾക്കൊപ്പം സമയം ചെലവഴിക്കാനാണ് ആമിർ ഖാൻ ഇന്ന് താൽപര്യപ്പെടുന്നത്. ആമിറിന്റെ ആദ്യ ഭാര്യ റീന ദത്തയിൽ പിറന്ന മക്കളാണ് ജുനൈദ് ഖാനും ഇറ ഖാനും. ഇവരുടെ കുട്ടിക്കാലത്ത് താനൊപ്പമില്ലായിരുന്നെന്നും അതിനാൽ ഇപ്പോൾ  മക്കൾക്കൊപ്പം സമയം പങ്കി‌ടാൻ ആ​ഗ്രഹിക്കുന്നെന്നും ആമിർ തുറന്ന് പറഞ്ഞു. ആമിറിന്റെ മൂത്ത മകൻ ജുനൈദ് ഖാൻ സിനിമാ രം​ഗത്തേക്ക് കടന്ന് വരാനുള്ള തയ്യാറെടുപ്പിലാണ്. ലൈം ലൈറ്റിൽ ജുനൈദിനെ അധികം കണ്ടിട്ടില്ല. ജുനൈദിന്റെ സിനിമാ അരങ്ങേറ്റത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.