‘ഇവിടെയാണേൽ ടെല​ഗ്രാമിൽ വന്തിച്ചാ എന്ന് ചോദിക്കും’; മഞ്ഞുമ്മൽ വിജയിക്കാനുള്ള കാരണം പറഞ്ഞ് തമിഴ് നി‍ർമാതാവ്

തമിഴ്നാട്ടിൽ അമ്പരിപ്പിക്കുന്ന വിജയമാണ് മലയാള ചിത്രം മഞ്ഞുമ്മൽ ബോയ്സ് നേടിക്കൊണ്ടിരിക്കുന്നത്. തമിഴ്നാട്ടിൽ ചിത്രം വൻ വിജയം നേടാനുള്ള കാരണമെന്തെന്ന് തുറന്നു പറയുകയാണ് തമിഴ് നിർമാതാവ് ധനഞ്ജയൻ. ചിത്രത്തിൽ തമിഴും സംസാരിക്കുന്നുണ്ടെന്നും അതുകൊണ്ട് പൂർണമായും ഒരു മലയാള സിനിമയാണ് മഞ്ഞുമ്മല്‍ ബോയ്സ് എന്ന് പറയാനാവില്ലെന്നാണ് ധനഞ്ജയൻ പറയുന്നത്. ഇത്രയും ആളുകളെ തിയറ്ററിലേക്ക് കൊണ്ടുവരാനുള്ള സിനിമയുടെ മാജിക് എന്നത് കണ്ടന്റ് ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

“മലയാളത്തിലാണ് തമിഴ്നാട്ടിൽ ചിത്രം റിലീസ് ചെയ്തത്. സബ്ടൈറ്റിൽ ഉണ്ടായിരുന്നു. പക്ഷേ പ്രധാനപ്പെട്ട വിഷയം എന്നത് മിക്ക അഭിനേതാക്കളും തമിഴാണ് സംസാരിക്കുന്നത്. മലയാളം പടത്തിൽ തമിഴ് സംസാരിക്കുന്നു. ഐക്കോണിക് ആയിട്ടുള്ള കാരണം ​ഗുണ സിനിമ അതിലുണ്ട്. കമൽഹാസൻ സാർ ഉണ്ട്. ​ഗുണ സിനിമ റിലീസ് ചെയ്തപ്പോൾ ഹിറ്റായിരുന്നില്ല. പക്ഷേ ഐക്കോണിക് പടമായി ഇപ്പോഴും ചർച്ചകളിൽ ഇടം നേടാറുണ്ട്. അതിലെ പാട്ടും ഡയലോ​ഗും ഇന്നും ഐക്കോണിക് തന്നെയാണ്. അക്കാര്യത്തിൽ ഒരു സിനിമയിൽ വളരെ സ്മാർട്ടായി ഉൾപ്പെടുത്തിയിരിക്കുന്നു. അതേ കേവിൽ പോയി പടം എടുത്തു. അതിൽ എല്ലാവരും തമിഴും സംസാരിക്കുന്നു. ഇതുകൊണ്ട് പൂർണമായും മഞ്ഞുമ്മൽ ബോയ്സ് മലയാള പടം അല്ല. ചില അഭിനേതാക്കൾ മാത്രമാണ് മലയാളം സംസാരിക്കുന്നത്. ഇവിടെ വിഷയം എന്തെന്നാൽ ഈ സിനിമ കാണുന്നവർക്ക് മഞ്ഞുമ്മൽ ബോയ്സ് മലയാള സിനിമ അല്ല. തമിഴിൽ വന്ന പടം എന്ന് തമിഴ്നാട്ടുകാർ ചിന്തിക്കുന്നു” ധനഞ്ജയൻ പറഞ്ഞു.

‘എന്തുകൊണ്ട് ഇത്രയും ആളുകൾ തിയറ്ററിൽ വരുന്നു എന്ന് ചോദിച്ചാൽ, അതിന്റെ കണ്ടന്റ് ആണ്. കഴിഞ്ഞ നാല് മാസമായി തമിഴ് സിനിമയിൽ നല്ല കണ്ടന്റ് ഉള്ള സിനിമ വന്നിട്ടില്ല. ഏറ്റവും ഒടുവിൽ വന്നത് ജി​ഗർതണ്ട ഡബിൾ എക്സ് മാത്രമാണ്. പിന്നീട് വന്നവയ്ക്ക് സെൻസേഷണൽ ആയിട്ടുള്ള സംസാരം വന്നില്ല. നാല് മാസം കൊണ്ട് പ്രേക്ഷകരെ തിയറ്ററിൽ എത്തിക്കാനുള്ള കണ്ടന്റ് ഉണ്ടായിട്ടില്ല. വേറൊരു കാര്യം തമിഴ് സിനിമ റിലീസ് ചെയ്യുന്ന ദിവസം തന്നെ ടെല​ഗ്രാമിൽ വരുന്നുണ്ട്. പക്ഷേ പ്രേമലുവോ മഞ്ഞുമ്മൽ ബോയ്സോ ഇതുവരെ ടെല​ഗ്രാമിൽ വന്നിട്ടില്ല. തമിഴ്നാട്ടിൽ വന്ന ശേഷം ചിലപ്പോൾ വന്നായിരിക്കാം. കേരളത്തിൽ അങ്ങനെ സംഭവിക്കാത്തത് അവർ ആരും തന്നെ മൊബൈലിൽ സിനിമ കണ്ടില്ല എന്നതാണ്. ഇവിടെ പുതിയ സിനിമ ഇറങ്ങിയാൽ ചോദിക്കുന്നത് ടെല​ഗ്രാമിൽ വന്തിച്ചാ എന്നാണ് കേൾക്കുന്നത്”, ധനഞ്ജയൻ കൂട്ടിച്ചേര്‍ത്തു.