ഇൻസ്റ്റയിലെ യുവാവിന്റെ വീഡിയോ സങ്കടത്തിലാക്കി; പമ്പ് ജീവനക്കാരന് ബൈക്ക് സമ്മാനിച്ച് നടൻ, കയ്യടിച്ച് ആരാധകർ

ബൈക്കില്ലാതെ വർഷങ്ങളായി ബുദ്ധിമുട്ടിയ പെട്രോൾ പമ്പ് ജീവനക്കാരന് സർപ്രൈസ് സമ്മാനവുമായി നടൻ. തമിഴ് നടൻ കെപിവൈ ബാലയാണ് സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന യുവാവിന് ബൈക്ക് സമ്മാനിച്ചത്. ബൈക്ക് സമ്മാനിക്കുന്ന വീഡിയോ നടൻ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. യാദൃച്ഛികമായാണ് ഇൻസ്റ്റഗ്രാമിൽ യുവാവിന്റെ വിഡിയോ കണ്ടതെന്നാണ് ബാല പറയുന്നത്.

ബൈക്ക് ഇല്ലാത്തതിന്റെ ബുദ്ധിമുട്ട് യുവാവ് പറഞ്ഞതുകേട്ടപ്പോൾ സങ്കടമടക്കാനായില്ല. അയാൾക്ക് ബൈക്ക് വാങ്ങാൻ കഴിയില്ലെങ്കിലും തനിക്ക് ഒരു ബൈക്ക് അയാൾക്ക് സമ്മാനമായി നൽകാൻ കഴിയുമല്ലോയെന്ന് ആലോചിച്ചു. തുടർന്നാണ് യുവാവിന് സമ്മാനമായി ബൈക്ക് സമ്മാനിച്ചതെന്ന് ബാല പറഞ്ഞു.

പുത്തൻ ബൈക്കുമായി നടൻ ഇന്ധനം നിറയ്ക്കാനായി പെട്രോൾ പമ്പിലെത്തുകയായിരുന്നു. പെട്രോൾ അടിച്ചതിന് പിന്നാലെ നടൻ വണ്ടിയുടെ കീ യുവാവിന് നൽകി. യുവാവിനൊപ്പം ബാല കുറച്ച് ദൂരം ബൈക്കിൽ യാത്ര ചെയ്യുകും ചെയ്തു. യുവാവിനെ കെട്ടിപ്പിടിച്ച് സെൽഫിയും എടുത്ത ശേഷമാണ് ബാല മടങ്ങിയത്.