പുതുമുഖ സംവിധായകനായി മോഹന്‍ലാല്‍!! ഫെഫ്കയില്‍ അംഗമായി താരം

മലയാള സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയില്‍ അംഗമായി താരരാജാവ് മോഹന്‍ലാല്‍. സംഘടനയിലെ തന്റെ ഐഡന്റിറ്റി കാര്‍ഡ് പങ്കുവച്ചുകൊണ്ട് മോഹന്‍ലാല്‍ തന്നെയാണ് പുതിയ സന്തോഷം പങ്കുവച്ചത്. ഊഷ്മളമായ ഈ സ്വീകരണത്തിനും സ്വാഗതത്തിനും നന്ദി. ഈ ?ഗംഭീര കുടുംബത്തിന്റെ ഭാഗമാവുന്നത് ഒരു അംഗീകാരമാണ്, മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

എറണാകുളം കടവന്ത്ര- രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ചലച്ചിത്ര തൊഴിലാളി സംഗമ വേദിയില്‍ തൊഴിലാളി സംഗമത്തില്‍ വച്ച് സംവിധായകരായ ബി.ഉണ്ണികൃഷ്ണനും സിബി മലയിലും ചേര്‍ന്ന് മോഹന്‍ലാലിനെ സംഘടനയിലേക്ക് സ്വീകരിച്ചു.

ബറോസ് എന്ന ചിത്രത്തിലൂടെയാണ് മോഹന്‍ലാല്‍ ആദ്യമായി സംവിധായക കുപ്പായമണിയുന്നത്. 2021 മാര്‍ച്ച് 24ന് ആയിരുന്നു ചിത്രത്തിന്റെ ഒഫിഷ്യല്‍ ലോഞ്ച്. 2019 ഏപ്രിലിലാണ് ചിത്രം പ്രഖ്യാപിച്ചത്. 170 ദിവസത്തോളം ചിത്രീകരണം നടന്ന സിനിമയാണിത്.

ചിത്രത്തില്‍ ബറോസ് എന്ന ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നതും മോഹന്‍ലാല്‍ ആണ്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ തന്നെയാണ് ‘ബറോസ്’ നിര്‍മ്മിക്കുന്നത്. റാഫേല്‍ അര്‍മാഗോ, പാസ് വേഗ, സെസാര്‍ ലോറെന്റോ തുടങ്ങിയ വിദേശതാരങ്ങളും ചിത്രത്തിലെത്തുന്നുണ്ട്. സിനിമ ഈ വര്‍ഷം തിയറ്ററുകളിലേക്കെത്തും.