തമിഴ് സിനിമാ ലോകത്തെ ഞെട്ടിച്ച് കൊണ്ടാണ് നടൻ ഡാനിയൽ ബാലാജിയുടെ മരണ വാർത്ത എത്തിയത്. ഹൃദയാഘാതത്തെ തുടർന്ന് വെള്ളിയാഴ്ച രാത്രിയായിരുന്നു അന്ത്യം. നെഞ്ചുവേദനയെ തുുടർന്ന് ചെന്നൈ കൊട്ടിവാകത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ഇപ്പോൾ താരത്തിന്റെ കണ്ണുകൾ ദാനം ചെയ്തുവെന്നുള്ള വാർത്തയാണ് എത്തുന്നത്. മരണശേഷം തന്റെ കണ്ണുകള്‍ ദാനം ചെയ്യുന്നതിന് നടന്‍ നേരത്തെ സമ്മതം നല്‍കിയിരുന്നു.
ചിത്തി എന്ന രാധിക ശരത്കുമാര്‍ പ്രധാന വേഷത്തില്‍ എത്തിയ സീരിയലിലെ റോളിലൂടെയാണ് ഡാനിയല്‍ ബാലാജി വരവറിയിച്ചത്. 2003 ഏപ്രില്‍ മാസത്തിലായിരുന്നു അരങ്ങേറ്റം. ബാലാജി എന്ന ഇദ്ദേഹത്തിന്‍റെ പേരിനൊപ്പം ചിത്തി സീരിയലിലെ അദ്ദേഹത്തിന്‍റെ ക്യാരക്ടറിന്‍റെ പേര് നല്‍കിയത് സംവിധായകന്‍ സുന്ദര്‍ സി ആയിരുന്നു. അലൈകള്‍ എന്ന സീരിയലിലെ ഇദ്ദേഹത്തിന്‍റെ റോളും അക്കാലത്ത് ഏറെ ശ്രദ്ധേയമായി. ശരിക്കും നടനായി ആയിരുന്നില്ല ഡാനിയല്‍ ബാലാജി സിനിമ രംഗത്തേക്ക് എത്തിയത്. കമല്‍ഹാസന്‍റെ നടക്കാതെപോയ ഡ്രീം പ്രൊജക്ട് മരുതനായകം സിനിമയുടെ മനേജറായാണ് സിനിമ രംഗത്തേക്ക് അദ്ദേഹം എത്തിയത്.
തമിഴ് ടെലിവിഷന്‍ സീരിയലിലൂടെ അഭിനയ രംഗത്തേക്ക് കടന്ന നടന്റെ വേട്ടയാട് വിളയാട് (2006), വട ചെന്നൈ (2018), മായവന്‍ (2017) തുടങ്ങിയ ചിത്രങ്ങളിലെ ഗംഭീര പ്രകടനത്തിന് പ്രശംസകള്‍ നേടിയിട്ടുണ്ട്. ‘ബ്ലാക്ക്’ എന്ന ചിത്രത്തിലാണ് മലയാള സിനിമയില്‍ ആദ്യമായി ഡാനിയല്‍ ബാലാജി അഭിനയിച്ചത്











