
അന്ദാസ് എന്ന ചിത്രത്തിന്റെ ഓഡിയോ റിലീസ് ചടങ്ങിനെത്തിയപ്പോൾ നേരിട്ട ദുരനഭവം വെളിപ്പെടുത്തി നടി ലാറ ദത്ത. പരിപാടിയുടെ തിരക്കിനിടയിൽ ഒരാൾ തന്നെ അപമാനിക്കാൻ ശ്രമിച്ചുവെന്നാണ് നടിയുടെ വെളിപ്പെടുത്തൽ. ഡൽഹി ചാന്ദ്‌നി ചൗക്കിലെ റിഥം ഹൗസിൽ വച്ചാണ് അന്ദാസ് എന്ന ചിത്രത്തിന്റെ ഓഡിയോ റിലീസ് ചടങ്ങ് നടന്നത്. സാരിയാണ് അന്ന് ധരിച്ചിരുന്നത്. നായകനായ അക്ഷയ് കുമാർ, മറ്റൊരു നായികയായ പ്രിയങ്കാ ചോപ്ര എന്നിവരും ഒപ്പമുണ്ടായിരുന്നു.
‘റിഥം ഹൗസിലേക്ക് കയറാൻ ശ്രമിക്കുമ്പോൾ വലിയൊരു ജനക്കൂട്ടം വന്നുപൊതിഞ്ഞു. കാരണം മിസ് വേൾഡും മിസ് യൂണിവേഴ്‌സുമാണ് ഒരുമിച്ചെത്തിയിരിക്കുന്നത്. പോരാത്തതിന് അക്ഷയ് കുമാറും ഒപ്പമുണ്ടായതും തിരക്ക് കൂടാൻ കാരണമായി. ഈ തിരക്കിനിടയിൽ മുൻപരിചയമില്ലാത്ത ഒരാൾ വന്ന് എന്നെ നുള്ളി. സൈനിക പരിശീലനം നേടിയിരുന്നതിനാലായിരിക്കും എനിക്ക് അതത്ര നല്ലതായി തോന്നിയില്ല. അയാളെ ഞാൻ തള്ളി നിലത്തിട്ടു, രൂക്ഷമായി ശകാരിച്ചു. ഇതെല്ലാം കണ്ടുനിൽക്കുകയായിരുന്ന അക്ഷയ് കുമാർ ആകെ വിഷമിച്ചുപോയി. അദ്ദേഹമെന്നെ പിടിച്ചുമാറ്റി മറ്റൊരിടത്തേക്ക് കൊണ്ടുപോയി. സിനിമാ നടിയായ ഞാൻ ഇങ്ങനെയൊന്നും ചെയ്തുകൂടെന്ന് പറഞ്ഞ് അക്ഷയ് കുമാർ സമാധാനിപ്പിക്കാൻ ശ്രമിച്ചു’ – ലാറ ദത്ത പറഞ്ഞു.
ഇന്ത്യൻ സിനിമ ലോകം വളരെ പ്രതീക്ഷയോടെയാണ് രാമായണ കഥയുടെ സിനിമാറ്റിക് വേർഷനിലാണ് ലാറ പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. നിതേഷ് തിവാരിയാണ് സംവിധാനം. ദശരഥ പത്നിയായ കൈകേയിയുടെ വേഷമാണ് ലാറ ചെയ്യുന്നതെന്നാണ് റിപ്പോർട്ടുകൾ. അക്ഷയ് കുമാറിനൊപ്പം വെൽക്കം റ്റു ദ ജംഗിൾ എന്ന ചിത്രത്തിൽ ലാറ അഭിനയിക്കുന്നുണ്ട്.











